ഒളിമ്പിക്‌സില്‍ ആകെ 28 മെഡലുകള്‍, 23 സ്വര്‍ണം, 39 ലോകറെക്കോഡുകള്‍; റെക്കോഡ് കൈവിടാതെ അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ്

മൈക്കല്‍ ഫെല്‍പ്‌സ്(Getty Images)
മൈക്കല്‍ ഫെല്‍പ്‌സ്(Getty Images)

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുക എന്നതുതന്നെ ഓരോ അത്‌ലറ്റിന്റെയും സ്വപ്നമാണ്. ഏതെങ്കിലും മെഡല്‍ നേടാനായാല്‍ അത് മഹാഭാഗ്യം. അപ്പോള്‍ പങ്കെടുത്ത 5 ഒളിമ്പിക്‌സുകളില്‍ നിന്നായി 28 മെഡലുകള്‍ നേടാനായാലോ... ചരിത്രത്തിലെ ആ പരമഭാഗ്യവാനാണ് അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സ്. ഫെല്‍പ്‌സ് നീന്തിയെടുത്തത് 23 സ്വര്‍ണമെഡലുകളും 3 വെള്ളിയും 2 വെങ്കലമെഡലുകളുമാണ്.

2000-ലാണ് ഫെല്‍പ്‌സ് ആദ്യമായി ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്നത്. അതും വെറും പതിനഞ്ചാം വയസ്സില്‍. 68 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ചെറുപ്രായത്തില്‍ ഒരാള്‍ അമേരിക്കന്‍ നീന്തല്‍ ടീമിലിടം പിടിക്കുന്നത്. ഫൈനലിലെത്തി അഞ്ചാമനായാണ് അന്ന് ഫെല്‍പ്‌സ് മടങ്ങിയത്.

2004 ഏതന്‍സ് ഒളിമ്പിക്‌സിന്റെ തുടക്കം തന്നെ ഫെല്‍പ്‌സ് ഗംഭീരമാക്കി. 400 മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം. ആകെ 6 സ്വര്‍ണവും 2 വെങ്കലവുമായാണ് പത്തൊന്‍പതുകാരന്‍ അമേരിക്കയിലേക്ക് പറന്നത്. മാര്‍ക്ക് സ്പിറ്റ്‌സ് എന്ന അസാമാന്യപ്രതിഭയുമായി എല്ലാവരും ഫെല്‍പ്‌സിനെ താരതമ്യം ചെയ്തു. മുന്‍ അമേരിക്കന്‍ നീന്തല്‍ താരമായിരുന്ന സ്പിറ്റ്‌സ് 1972 മ്യൂണിച്ച് ഒളിമ്പിക്‌സില്‍ 7 സ്വര്‍ണം നേടിയിരുന്നു. ഒരു ഒളിമ്പിക്‌സില്‍ നീന്തലിലെ സിംഗിള്‍ ഇനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ മെഡല്‍ വാങ്ങിയെന്ന റെക്കോഡും സ്പിറ്റ്‌സിന് ഉണ്ടായിരുന്നു. നാല് സിംഗിള്‍ മെഡലുകളെന്ന ആ റെക്കോഡിനൊപ്പവും എത്താന്‍ ഫെല്‍പ്സിന് സാധിച്ചു.

2008-ലെ ബീജിംഗ് ഒളിമ്പിക്‌സ് സ്വന്തം പേരിലാക്കുകയായിരുന്നു ഫെല്‍പ്‌സ്. എട്ട് സ്വര്‍ണം. അതോടെ സ്പിറ്റ്‌സിന്റെ റെക്കോഡ് തകര്‍ന്നു. ഒരു ഒളിമ്പ്കസില്‍ ഏറ്റവുമധികം സ്വര്‍ണം നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. അതില്‍ ഏഴിനത്തിലും ലോക റെക്കോഡ് കുറിക്കാനും ഫെല്‍പ്‌സിനു സാധിച്ചു.

2012-ലെ ലണ്ടന്‍ ഒളിമ്പ്കസില്‍ 4 സ്വര്‍ണവും 2 വെള്ളിയുമായിരുന്നു ഫെല്‍പ്‌സിന്റെ സമ്പാദ്യം. ഇതോടെ ഫെല്‍പ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ''എനിക്ക് മതിയായി. എനിക്കിനി വയ്യ. ഞാന്‍ വിരമിക്കുകയാണ്. ഇനി പറ്റില്ല... നീന്തല്‍ മതിയായി, ഇനി നീന്തലുമായി ഒരു ബന്ധവും വേണ്ട'', ഫെല്‍പ്‌സ് പറഞ്ഞു.

2014 ആയപ്പോഴേക്കും ഫെല്‍പ്‌സ് നീന്തല്‍ക്കുളത്തിലേക്ക് മടങ്ങിയെത്തി. വിരമിക്കാനുള്ള തീരുമാനം എടുത്തുചാട്ടമായി പോയെന്ന് തുറന്ന് സമ്മതിച്ചു. അങ്ങനെ കരിയറിലെ അവസാന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അമേരിക്കയുടെ പതാകവാഹകനായി 2016-ൽ  ബ്രസീലിലെത്തി.

31 വയസുകാരനായ ഫെല്‍പ്‌സിന് നീന്തലിലിനിയൊന്നും നേടാനാകില്ലെന്ന് കരുതിയവരൊക്കെ ഞെട്ടി. അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഫെല്‍പ്‌സ് കാഴ്ചവെച്ചത്. 5 സ്വര്‍ണവും 1 വെള്ളിയും വാരിക്കൂട്ടി വിമര്‍ശകരെ അദ്ദേഹം ഞെട്ടിച്ചു. സുവര്‍ണത്തിളക്കമുള്ള കരിയറില്‍ 39 ലോക റെക്കോഡുകള്‍ കൂടി സൃഷ്ടിച്ചിട്ടാണ് ഫെല്‍പ്‌സ് വിരമിച്ചത്. അതില്‍ 29 വ്യക്തിഗത റെക്കോഡുകളാണ്. 10 എണ്ണം ടീം റെക്കോഡുകളും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Michael Phelps` incredible Olympic career: 28 medals (23 gold!), 39 world records. A swimming legend!