കുഞ്ഞിന് പേരിടാൻ 27 ലക്ഷം രൂപ; ഇതുവരെ പേരിട്ടത് 500-ലേറെ കുഞ്ഞുങ്ങൾക്ക്

ടെയ്‌ലർ ഹംഫ്രി / Instagram
ടെയ്‌ലർ ഹംഫ്രി / Instagram

ഒരു പേരിലെന്തിരിക്കുന്നുവെന്ന് സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. ടെയ്‌ലർ ഹംഫ്രിയോടാണ് (Taylor Humphrey) ഈ ചോദ്യമെങ്കിൽ, ലക്ഷങ്ങളുടെ വിലയുണ്ടെന്നായിരിക്കും ഉത്തരം. പേരിടൽ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുകയാണവർ. 'ബേബി നെയിം കൺസൾട്ടന്റ്' (Baby Name Consultant) എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.

അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോ സ്വദേശിയാണ് ടെയ്‌ലർ. കുഞ്ഞുങ്ങളുടെ പേരുകളോടുള്ള അഭിനിവേശമാണ് അവരൊരു തൊഴിലായി മാറ്റിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു പേരിടാൻ സഹായിക്കുന്നതിന് അവർക്ക് ലഭിക്കുന്ന പ്രതിഫലം 27 ലക്ഷം രൂപയാണ്. തുടക്കത്തിൽ ഒന്നര ലക്ഷം രൂപയായിരുന്നു പേര് കണ്ടുപിടിക്കുന്നതിനായി അവർ വാങ്ങിയിരുന്നത്. പിന്നീട് ക്ലൈന്റുകൾ കൂടിയപ്പോൾ, അത് 27 ലക്ഷത്തിലെത്തുകയായിരുന്നു.

മാതാപിതാക്കളുടെ വ്യക്തിത്വം, താത്പര്യങ്ങൾ, പേരുകളുടെ കാര്യത്തിലുള്ള ഇഷ്ടാനിഷ്ടങ്ങൾ എന്നിവയെക്കുറിച്ച് അറിയുന്നതിനായി ഒരു ചോദ്യാവലി നിർമിക്കും ടെയ്‌ലർ ആദ്യം. അതാണ് പേരിടലിന്റെ ആദ്യഘട്ടം. ഓരോ പേരിന്റെയും അർത്ഥങ്ങൾ, ഉത്ഭവം, ജനപ്രീതി, ചരിത്രം എന്നിവയ്ക്കൊപ്പം ചില പേരുകളുടെ ശുപാർശകളും ടെയ്‌ലർ നൽകും. അതിന് 20,000 രൂപയാണ് തുക. വി.ഐ.പി സർവീസിനാണ് 27 ലക്ഷം വരുന്നത്.

2020-ൽ മാത്രം 100-ഓളം കുഞ്ഞുങ്ങൾക്ക് പേരിടാൻ സഹായിച്ചതായി ടെയ്‌ലർ അവകാശപ്പെടുന്നു. ഇതുവരെയായി 500-ലധികം കുട്ടികൾക്ക് പേരിട്ടുകഴിഞ്ഞു.

പേരുകൾ തിരഞ്ഞെടുക്കുന്നത് മാത്രമല്ല ഈ ജോലിയിൽ ഉൾപ്പെടുന്നതെന്നും ടെയ്‌ലർ പറയുന്നു. സമ്പന്നർ മുതൽ ഹൈ പ്രൊഫൈൽ സെലിബ്രിറ്റികൾ വരെ തന്റെ ക്ലൈന്റുകളാണെന്നും അവർ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Taylor Humphrey operates as a professional baby name consultant with a global client base. Service fees range from basic consultations to VIP packages costing up to 27 lakh rupees