600 കുട്ടികളുടെ അമ്മ; മക്കള്‍ക്കായി നേടിയത് 10 ഗിന്നസ് റെക്കോഡുകള്‍.. അസാധാരണമായ ഒരു അമ്മജീവിതം

മക്കള്‍ പട്ടിണികിടക്കാതിരിക്കാന്‍, അവര്‍ക്ക് പഠിക്കാന്‍, അവര്‍ക്ക് വെളിച്ചമേകാന്‍ ഒരമ്മ താണ്ടിയത് സമുദ്രവും കൊടുമുടികളും. റെക്കോര്‍ഡുകള്‍ വഴിമാറിയ കഠിനാധ്വാനം. തന്റെ 600 മക്കള്‍ക്കുവേണ്ടി മരിയ കോണ്‍സെക്കാവോ എന്ന യുവതി അതിമാനുഷികയായി മാറിയത് ലോകത്തെ അതിശയിപ്പിക്കുംവിധമാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂവായി വളര്‍ന്ന്, ഒടുവില്‍ ഒരു രാജ്യത്തെ ജനതയ്ക്ക് താങ്ങായി മാറിയ വനിത. എമിറേറ്റ്‌സില്‍ പറന്നുതുടങ്ങിയ മറിയയുടെ സ്‌നേഹത്തിന്റെ ചിറകുകള്‍ ഇപ്പോള്‍ തണലേകുന്നത് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണുപോയ നിരവധി കുരുന്നുകള്‍ക്കാണ്. ആ കഥ വീഡിയോകളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്നു. മരിയയിലേക്ക് പടര്‍ന്നെത്തുന്ന സ്‌നേഹവും ആദരവും നിരവധി കുരുന്നുചുണ്ടുകളില്‍ പുഞ്ചിരിപടര്‍ത്തുന്നു. മരിയയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നവര്‍ ഇന്ന് അവരുടെ കഠിനാധ്വാനത്തിന്റെ വീഡിയോകള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുന്നു.
അമ്മ എന്ന വാക്ക് മരിയയിയിലൂടെ പ്രതിധ്വനിക്കുമ്പോള്‍ അതിന് മഹത്വമേറുന്നു. കാരണം, പ്രസവിക്കാതെ തന്നെ അമ്മയായിത്തീര്‍ന്ന അതിമനോഹരമായ അനുഭവമാണ് അവര്‍ മനുഷ്യരാശിക്കുമുന്നില്‍ തുറന്നുവെക്കുന്നത്. താന്‍ പ്രസവിക്കാത്ത മക്കളുടെ വിദ്യാഭ്യാസത്തിനും സുരക്ഷയ്ക്കുമായി മരിയയ്ക്ക് എടുത്തണിയേണ്ടിവന്ന വേഷങ്ങള്‍ പലതാണ്. തണുത്തുറഞ്ഞുകിടക്കുന്ന ഗിരിശൃംഖങ്ങളും ഭൂഖണ്ഡങ്ങളിലെ കടലും കരയും താണ്ടി ആ അമ്മ കിതച്ചോടുകയും നീന്തുകയും ശരീരത്തിന് ഞെട്ടിപ്പിക്കുന്ന വെല്ലുവിളികൾ നല്‍കുകയും ചെയ്തു. ഇന്നിപ്പോള്‍ മരിയയുടെ പേരിലുള്ളത് 10 ഗിന്നസ് റെക്കോഡുകള്‍. ഇന്ന് ലോകത്തിനുമുന്നില്‍ കറകളഞ്ഞ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമായിരിക്കുന്നു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ മരിയ. അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങള്‍ കുരുന്നുചിരികള്‍ക്കായി കീഴടക്കുന്ന അമ്മ!
മരിയയുടെ ജീവിതം
പോര്‍ച്ചുഗലിലെ അവാങ്ക ഗ്രാമത്തിലാണ് മരിയ ജനിച്ചത്. അവരുടെ മാതാപിതാക്കളെക്കുറിച്ച് വ്യക്തമായ അറിവില്ല. രണ്ടാംവയസ്സില്‍ത്തന്നെ അവരെ മരിയ ക്രിസ്റ്റീന എന്ന അംഗോളന്‍ വംശജ ദത്തെടുക്കുകയായിരുന്നു. പോര്‍ച്ചുഗലില്‍ അഭയാര്‍ത്ഥിയായി എത്തിയ, ആറുമക്കളുടെ അമ്മയായ ക്രിസ്റ്റീനയ്ക്ക് മരിയ തന്റെ ഏഴാമത്തെ മകളായി. കൊടിയ ദാരിദ്ര്യത്തിലും ക്രിസ്റ്റീന മരിയയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി. വീട്ടുവേലകള്‍ ചെയ്ത് അവര്‍ മക്കളെ വളര്‍ത്തി.
എന്നാല്‍ മരിയയുടെ ഒമ്പതാമത്തെ വയസ്സില്‍ ക്രിസ്റ്റീന മരിച്ചു. പന്ത്രണ്ടുവയസ്സുവരെ മാത്രമാണ് മരിയയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നേടാനായത്. വീട്ടിലെ പട്ടിണിയും ദാരിദ്ര്യവും അവളെ ചെറുപ്രായത്തില്‍ തെരുവിലെ കക്കൂസുകള്‍ വൃത്തിയാക്കുന്ന ജോലിയിലെത്തിച്ചു. എന്നാല്‍ ഒരു മടിയും കൂടാതെ അവള്‍ ആ ജോലി ചെയ്തു. താന്‍ ചെയ്യുന്ന ജോലി ഏതായാലും അതില്‍ മികച്ചവളായി മാറണമെന്ന് മാത്രമാണ് മരിയ ആഗ്രഹിച്ചിരുന്നത്.
യാത്രചെയ്യാനും സ്വന്തം കാലില്‍നില്‍ക്കാനും മരിയ ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു. തന്റെ യാത്രാസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 18 വയസ്സുള്ളപ്പോള്‍ കോണ്‍സെക്കാവോ പോര്‍ച്ചുഗല്‍ വിട്ടു. പോര്‍ച്ചുഗലില്‍ വൃത്തിയാക്കുന്ന ജോലിക്ക് ശമ്പളം വളരെ കുറവായിരുന്നു എന്നതായിരുന്നു കാരണം. ജീവിക്കാനായി പിന്നീട് അവള്‍ നിരവധി ജോലികള്‍ ചെയ്തു. താമസിയാതെ ഫ്രഞ്ചും ഇംഗ്ലീഷും പഠിച്ചു, റെസ്റ്റോറന്റുകളിലും കഫേകളിലും കുറച്ചുകൂടി മികച്ച ജോലികള്‍ തേടാന്‍ അത് മരിയയെ സഹായിച്ചു.
ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂ അംഗമായി ജോലി ഒഴിവുള്ളത് അറിഞ്ഞത്. അഭിമുഖത്തിനായി കടമെടുത്ത വസ്ത്രമണിഞ്ഞാണ് മരിയ പോയത്. വിദ്യാഭ്യാസ നിലവാരം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അല്ലായിരുന്നെങ്കിലും മരിയയുടെ വ്യക്തിത്വം അംഗീകരിച്ച മാനേജ്മെന്റ് അവര്‍ക്ക് ജോലി നല്‍കി.
ബംഗ്ലാദേശിലെ കാഴ്ചകളിലേക്ക്
എമിറേറ്റ്സില്‍ ക്യാബിന്‍ ക്രൂവായി ജോലി ലഭിച്ചതോടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പോകാന്‍ മരിയയ്ക്ക് ഭാഗ്യം ലഭിച്ചു. ദാരിദ്ര്യത്തിന്റെ ആഴങ്ങളില്‍നിന്ന് സമ്പന്നതയിലേക്ക് മരിയ പതിയെ വന്നുതുടങ്ങി. അതിനിടയിലാണ് 2005 ഏപ്രിലില്‍ ജോലിയുടെ ഭാഗമായി മരിയ ബംഗ്ലാദേശിലെത്തുന്നത്. ധാക്ക ഒന്നു കാണുന്നതിനായി പുറത്തിറങ്ങിയ അവര്‍ ശരിക്കു ഞെട്ടി. യൂറോപ്പില്‍ താന്‍ കണ്ട ദാരിദ്ര്യം ദാരിദ്ര്യമേ ആയിരുന്നില്ല എന്നവര്‍ മനസ്സിലാക്കി. 50000 ചേരികള്‍ ഉള്ള നഗരമാണ് ധാക്ക. അവിടത്തെ ജീവിതം മരിയയിലെ മനുഷ്യത്വത്തെ ഉണര്‍ത്തി.
തനിക്കുവേണ്ടി ഒരിക്കല്‍ ക്രിസ്റ്റീന എന്ന അമ്മ ചെയ്തുപോലെ, സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും മറ്റ് അടിസ്ഥാന അവകാശങ്ങള്‍ക്കുമായി എന്തുചെയ്യാനാവുമെന്ന് അവര്‍ ആലോചിച്ചു. ഫണ്ട് സ്വരൂപിക്കുന്നതിനായി അമ്മയുടെ പേരില്‍ ''മരിയ ക്രിസ്റ്റീന ഫൗണ്ടേഷന്‍''സ്ഥാപിച്ചു. ചേരികളിലെ ഈ കുട്ടികള്‍ ഒരു ദിവസം, ലോകമെമ്പാടുമുള്ള ഹൈസ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും നിന്ന് ബിരുദം നേടുന്നത് കാണുമെന്നും ദാരിദ്ര്യം അകറ്റുമെന്നുമുള്ള വിശ്വാസത്തിലാണ് 2005-ല്‍ അവര്‍ സന്നദ്ധ സംഘടന രൂപീകരിച്ചത്. പലയിടത്തുനിന്നുമുള്ള സഹായങ്ങള്‍ സ്വീകരിച്ചായിരുന്നു തുടക്കം.
അവിടെയുള്ള നാട്ടുകാരുമായി പല ചര്‍ച്ചകളും നടത്തി. ഒടുവില്‍ 101 കുടുംബങ്ങള്‍ മരിയയില്‍ വിശ്വാസമര്‍പ്പിച്ചു. കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്‌കൂള്‍ തുടങ്ങിയതിനൊപ്പം അവരുടെ മാതാപിതാക്കള്‍ക്ക് ജോലിക്കുള്ള പരിശീലനം, കടകള്‍, കുട്ടികള്‍ക്കുള്ള ഡേകെയര്‍ തുടങ്ങിയ സേവനങ്ങള്‍ മരിയ തുടങ്ങി. പലയിടത്തുനിന്നും അതിനായി പണം ശേഖരിക്കാനുള്ള മാര്‍ഗങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും മരിയ ഇതിനായി കണ്ടെത്തി.
2010-ല്‍, ഒരു കൂട്ടം കുട്ടികള്‍ക്ക് യു.എ.ഇയിലെ സ്‌കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തി. അവിടെ അന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ വലിയ കമ്പനികളിലും മറ്റും ജോലി ചെയ്തുവരുന്നു.
എന്നാല്‍, പതിയെ വന്ന ആഗോള മാന്ദ്യം മരിയയ്ക്ക് വലിയ തിരിച്ചടിയായി. ബംഗ്ലാദേശ് സര്‍ക്കാരും വലിയ വിലങ്ങുതടിയായിരുന്നു. മരിയയുടെ ഉദ്ദേശ്യശുദ്ധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്തു. അതിനെ മറികടക്കാനും ഏറെ പ്രതിബന്ധങ്ങള്‍ മരിയയ്ക്ക് നേരിടേണ്ടി വന്നു. എങ്കിലും മരിയ ക്രിസ്റ്റീന ഫൗണ്ടേഷന്‍ 18 വര്‍ഷമായി മുടങ്ങാതെ പ്രവര്‍ത്തിക്കുന്നു. 600-ലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്തുവരുന്നു.
റെക്കോഡുകളിലേക്കുള്ള പറക്കല്‍
സഹായം കിട്ടുന്നത് തുടരണമെങ്കില്‍ തന്നെക്കൊണ്ട് ആവുന്നത് താന്‍ ചെയ്യണമെന്ന് മരിയ തിരിച്ചറിഞ്ഞു. തന്നെ ലോകം അറിയണമെന്നും വരുമാനമുണ്ടാക്കണമെന്നും മനസ്സിലാക്കിയ മരിയ പല മാര്‍ഗ്ഗങ്ങളുമാലോചിച്ചു. കായികപരമായി ഒരു മുന്‍പരിചയവുമില്ലാത്ത അവര്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുകയെന്ന ലക്ഷ്യത്തോടെ നീന്തല്‍ പഠിച്ചു. മാരത്തോണുകളില്‍ പങ്കെടുക്കാനായി ശാരീരിക ക്ഷമതയുണ്ടാക്കി.
അപ്പോഴാണ് ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്ന ആശയം ഉടലെടുത്തത്. ''ഞാന്‍ ലോക റെക്കോര്‍ഡുകളെ കുറിച്ച് ശരിക്കും ചിന്തിച്ചിരുന്നില്ല, എന്നാല്‍ ഈ ലക്ഷ്യത്തിന് കൂടുതല്‍ ആഗോള അംഗീകാരം ലഭിക്കുന്നതിന് ഏഴ് ഭൂഖണ്ഡങ്ങളിലും മാരത്തണ്‍ ഓടണമെന്ന് ആരോ നിര്‍ദ്ദേശിച്ചപ്പോള്‍ ഓടാന്‍ തുടങ്ങി. ഇത് ആസൂത്രണം ചെയ്യാന്‍ തുടങ്ങിയതിന് ശേഷമാണ് ഇത്തരത്തിലുള്ള വെല്ലുവിളിക്ക് ലോക റെക്കോര്‍ഡിന് അപേക്ഷിക്കാമെന്ന് ഞാന്‍ മനസ്സിലാക്കിയത്.'' - മരിയ സ്വന്തം ജീവചരിത്രിത്തില്‍ എഴുതിയ വാചകങ്ങളാണിത്.
നിശ്ചയ ദാര്‍ഢ്യവും ആത്മവിശ്വാസവുംകൊണ്ട് റെക്കോര്‍ഡ് പെരുമഴ തീര്‍ത്തു മരിയ. എന്‍ഡുറന്‍സ് സ്‌പോര്‍ട്‌സിനായി അവര്‍ ഇതുവരെ നേടിയത് പത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളാണ്. ആദ്യപടിയായി 2010-ല്‍ മരിയ കിളിമഞ്ചാരോ പര്‍വതം കീഴടക്കി. 2011-ല്‍ അവള്‍ ഉത്തരധ്രുവത്തിലേക്ക് വിജയകരമായ ട്രെക്കിങ് നടത്തി. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളില്‍ ഏഴു ദിവസം കൊണ്ട് നടന്ന മാരത്തണുകളില്‍ ഓരോന്നിലും അവര്‍ പങ്കെടുത്തു.
2013-ല്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യത്തെ പോര്‍ച്ചുഗീസ് വനിതയായി അവര്‍ മാറി. അതിനുശേഷം ആറ് ആഴ്ചയ്ക്കുള്ളില്‍ ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് അള്‍ട്രാ മാരത്തണുകളും ഏഴ് ദിവസങ്ങളില്‍ ഏഴ് അള്‍ട്രാ മാരത്തണുകളും 11 ദിവസത്തിനുള്ളില്‍ ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് മാരത്തണുകളും ഓടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ ഓരോന്നായി അവര്‍ സ്വന്തം പേരിലാക്കി. എല്ലാത്തില്‍നിന്നും ലഭിക്കുന്ന തുക അവര്‍ ഫൗണ്ടേഷനായി നീക്കിവെച്ചു.
യൂറോപ്യന്‍ യൂണിയന്‍ വുമണ്‍ ഇന്നൊവേറ്റേഴ്‌സ് അവാര്‍ഡ്, എമിറേറ്റ്സ് ഹ്യുമാനിറ്റേറിയന്‍ വുമണ്‍ ഓഫ് ദ ഇയര്‍ 2009, എമിറേറ്റ്സ് വുമണ്‍ ഓഫ് ദി ഇയര്‍ 2009, മോസ്റ്റ് ഇന്‍സ്പയറിംഗ് വുമണ്‍ ഓഫ് ജിസിസി 2010, സസ്‌റ്റൈനബിള്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2013, ഇന്‍സ്പയറിംഗ് ചേഞ്ച് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ആ ശേഖരത്തിലുണ്ട്. ജി ക്യു മെന്‍ ഓഫ് ദി ഇയര്‍ എന്ന അവാര്‍ഡ് 2016-യില്‍ ആദ്യമായി വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ആക്കി മാറിയതും മരിയയ്ക്ക് അത് ലഭിച്ചതോടെയായിരുന്നു.
വളരെക്കാലമായി നിലനിന്നുപോന്ന ഒരു സാമൂഹിക ജീവിതരീതി തകര്‍ത്ത് അവരെ മുന്നോട്ടുകൊണ്ടുവരിക എന്ന ദൗത്യമാണ് ഒറ്റയ്ക്ക് നിന്ന് മരിയ നേടിയെടുത്തത്. ആദ്യകാലത്ത് ഒരു വിദേശിയായി മാത്രം കണ്ടിരുന്ന ബംഗ്ലാദേശികള്‍ക്കുമുമ്പില്‍ ഇന്നവള്‍ ദൈവതുല്യയാണ്. 600 കുട്ടികളുടെ 'അമ്മ'.
Content Highlights: Maria conceicao, inspiring life, charity, world records