ഞങ്ങള്‍ തമ്മില്‍ 13 വയസ്സ് പ്രായവ്യത്യാസമുണ്ട്, എന്റെ ഇഷ്ടം അദ്ദേഹത്തോട് പറയുകയായിരുന്നു

നീണ്ട പതിന്നാലുവര്‍ഷം. അഭിനയിച്ച ആദ്യത്തെ മൂന്ന് സീരിയലും വമ്പന്‍ പരാജയങ്ങള്‍. ആത്മവിശ്വാസം നഷ്ടപ്പെട്ട് അഭിനയമവസാനിപ്പിക്കാം എന്നുവരെ ചിന്തിച്ചിട്ടുണ്ട് റബേക്ക സന്തോഷ്. പക്ഷേ, അഞ്ചാമതായി വീണുകിട്ടിയ അവസരം. അത് ആഘോഷമായി. 'കസ്തൂരിമാന്‍' എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ നായികാവേഷം പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചു.
2017-ലാണ് റബേക്കയെ തേടി 'കസ്തൂരിമാനെ'ത്തുന്നത്. ഇന്നും പ്രേക്ഷകര്‍ക്ക് റബേക്ക കാവ്യയാണ്. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റിലെ നമ്പര്‍ വണ്‍ പരമ്പരയായ 'ചെമ്പനീര്‍ പൂവി'ലെ രേവതിയായി വീണ്ടുമെത്തിയിരിക്കുകയാണ് അവര്‍. എന്നാല്‍, ആദ്യനായികയ്ക്ക് പകരക്കാരിയായിവന്ന റബേക്കയെ എതിരേറ്റത് എതിര്‍പ്പുകളായിരുന്നു. പുതിയ സീരിയല്‍വിശേഷങ്ങള്‍ക്കൊപ്പം ഹേറ്റേഴ്സിനോടും റബേക്കയ്ക്ക് ചിലത് പറയാനുണ്ട്.
അപ്രതീക്ഷിതമായി കിട്ടിയ 'ചെമ്പനീര്‍ പൂവ്'
''കസ്തൂരിമാനിനുശേഷം അഭിനയിച്ച സീരിയലായിരുന്നു സൂര്യ ടി.വി.യിലെ 'കളിവീട്'. ആയിരം എപ്പിസോഡ് പിന്നിട്ടപ്പോള്‍ സീരിയല്‍ നിര്‍ത്താമെന്ന ആലോചന വന്നു. ആ സമയത്താണ് ഏഷ്യാനെറ്റില്‍നിന്ന് 'ചെമ്പനീര്‍ പൂവി'ന്റെ ഓഫര്‍ വരുന്നത്. ചാനലിലെ ഇപ്പോഴത്തെ നമ്പര്‍ വണ്‍ സീരിയലിലെ നായികാവേഷമെന്നത് നല്ലൊരവസരമായിത്തോന്നി. നായികയുടെ പകരക്കാരിയാവുന്നതിനെപ്പറ്റി കുറെ ചിന്തിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ടാവും. സീരിയലിലെ സച്ചി-രേവതി കോമ്പോ ആളുകള്‍ക്കത്രയും പ്രിയപ്പെട്ടതാണ്. ഇരുനൂറ് എപ്പിസോഡ് കഴിഞ്ഞിട്ടാണ് ഞാന്‍ ഈ സീരിയലിന്റെ ഭാഗമാവുന്നത്. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ടെന്‍ഷനുണ്ടായിരുന്നു. ബോള്‍ഡായ നായികാവേഷത്തിലേ അവരെന്നെ കണ്ടിട്ടുള്ളൂ. രേവതി എന്ന കഥാപാത്രത്തെ മനസ്സിലാക്കിക്കഴിഞ്ഞാല്‍ എനിക്കത് ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഞാനിതേറ്റെടുക്കുന്നത്.''
കമന്റുകളുടെ പെരുമഴ
''പതിനെട്ടാം വയസ്സിലാണ് ഞാന്‍ ഇരുപത്തെട്ടുകാരിയായ വക്കീല്‍ കാവ്യയെ അവതരിപ്പിച്ചത്. ഞാന്‍ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം അതായിരുന്നു. 'ചെമ്പനീര്‍ പൂവ്' ചെയ്യുമ്പോള്‍ ആദ്യനായിക ചെയ്തതു പോലെ ചെയ്യണമെന്ന് പറഞ്ഞാല്‍, അത് പറ്റില്ലല്ലോ. ആ കുട്ടി തമിഴിലും തെലുഗുവിലും മലയാളത്തിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചു. സീരിയലിന്റെ നട്ടെല്ലായ ആദ്യത്തെ നൂറ് എപ്പിസോഡ് കഴിഞ്ഞ് കഥയുടെ രണ്ടാംഘട്ടത്തിലാണ് ഞാനെത്തുന്നത്. രൂപവും ശരീരഭാഷയും എല്ലാം ശ്രദ്ധിക്കണം. സംവിധായകനോടും നിര്‍മാതാവിനോടുമെല്ലാം കൃത്യമായി അഭിപ്രായങ്ങള്‍ ചോദിച്ചാണ് ഞാന്‍ ഞാന്‍ തയ്യാറെടുത്തത്. എന്നിട്ടും ജീവിതത്തില്‍ ഇന്നുവരെ കേള്‍ക്കാത്ത നെഗറ്റീവ് കമന്റുകളാണ് ഞാനിപ്പോള്‍ കേള്‍ക്കുന്നത്. സാധാരണ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ പ്രതികരണങ്ങളറിയുക. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. പിന്നെ, കാര്യമാക്കാതായി.''
രേവതിയായി തുടരും
''എന്നാല്‍, കാര്യങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. സംഭവം വ്യക്തിഹത്യയിലേക്ക് മാറിയിട്ടുണ്ട്. എനിക്ക് ഈ വേഷം വേണ്ടെന്നുപറഞ്ഞ് ഇറങ്ങിപ്പോകാനുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. ഫേക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് മാനസികമായി തളര്‍ത്താന്‍ ആരോ ശ്രമിക്കുന്നതായി തോന്നി. 'സാര്‍, ഞാനില്ല, ആ കുട്ടിയെത്തന്നെ വെച്ചോളൂ' എന്ന് എന്നെക്കൊണ്ടുതന്നെ പറയിക്കുന്ന വിധത്തിലുള്ള ഹരാസ്മെന്റിലേക്ക് അത് മാറി. 'എനിക്ക് ഏഷ്യാനെറ്റില്‍ പിടിപാടുണ്ട് എന്നൊക്കെത്തരത്തിലുള്ള റൂമേഴ്സും കേള്‍ക്കുന്നുണ്ട്. 'നിനക്ക് ഇറങ്ങിപ്പൊയ്ക്കൂടെ ജന്തൂ' എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. എന്റെ ജോലിയാണ് ചെയ്യുന്നത്.
സീരിയല്‍ ടീം എന്റടുത്ത് വന്നുചോദിച്ചു. ഓഫര്‍ നിരസിക്കാനുള്ള കാരണങ്ങളൊന്നും തോന്നിയതുമില്ല. അത്രയും മോശം അഭിനേതാവല്ല ഞാന്‍. അങ്ങനെയാണെങ്കില്‍, അവരെന്നെ വിളിക്കില്ലല്ലോ. അഭിനയം നിര്‍ത്തണം എന്ന് തോന്നുമ്പോള്‍ ഞാന്‍ നിര്‍ത്തും. അല്ലെങ്കില്‍ എന്നെ പിടിച്ച് പുറത്താക്കണം. എന്നെക്കാള്‍ നല്ലൊരു ആര്‍ട്ടിസ്റ്റിനെ വേണമെന്ന് നിര്‍മാതാവിനോ ചാനലിനോ തോന്നിയാല്‍ അവരങ്ങനെ ചെയ്‌തോട്ടെ. പറയുകയാണെങ്കില്‍മാത്രമേ, ഞാന്‍ പോവുകയുള്ളൂ. അല്ലാതെ ഒരു ഭീഷണിയെയും ഭയന്ന് ഞാന്‍ പിന്മാറില്ല.''
കസ്തൂരിമാനിലെ സര്‍പ്രൈസ്
റബേക്കയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ പൂജയും റാണിയും രേവതിയുമൊക്കെ ഉണ്ടെങ്കിലും കാവ്യയോടാണ് അല്പം ഇഷ്ടക്കൂടുതല്‍.
''കസ്തൂരിമാനില്‍ അനിയത്തിക്കഥാപാത്രമായ കീര്‍ത്തിയെ അവതരിപ്പിക്കാനെത്തിയതായിരുന്നു ഞാന്‍. അവിടന്ന് പ്രൊമോഷന്‍ കിട്ടിയിട്ടാണ് കാവ്യയായത്. അനിയത്തിയെക്കാളും താഴെയുള്ള കഥാപാത്രമാണെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് വക്കീലാണെന്നും ഹീറോയിനാണെന്നും മനസ്സിലായത്. പിറ്റേദിവസംതന്നെ ഷൂട്ടും തുടങ്ങി. ആയിരം എപ്പിസോഡാണ് ചെയ്തത്. ഇപ്പോള്‍ അഭിനയം മോശമാണെന്ന കുറ്റപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍ എന്റെകൂടെ ഇത്രയുംനാള്‍ അഭിനയിച്ചവരോടൊക്കെ ചോദിക്കും, എടോ എന്തെങ്കിലും കുഴപ്പമുണ്ടോ... എന്ന്.
റബേക്കയ്ക്ക് ഇതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ല, ബോള്‍ഡായ മറ്റ് കഥാപാത്രങ്ങളാണ് ചെയ്യേണ്ടത് എന്നാണ് പ്രേക്ഷകര്‍ വിചാരിക്കുന്നത്. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യേണ്ടേ... 'കളിവീടി'ല്‍ ഡബിള്‍റോളില്‍ നെഗറ്റീവും പോസിറ്റീവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.''
സ്വാധീനിച്ചത് കാവ്യ
''കാവ്യ എന്ന കഥാപാത്രം ഓരോ പ്രശ്‌നത്തോട് പ്രതികരിക്കുന്നതും എന്നെ വ്യക്തിപരമായി സ്വാധീനിച്ചിട്ടുണ്ട്. നാലുവര്‍ഷം തുടര്‍ച്ചയായി ഒരേ കഥാപാത്രം ചെയ്തപ്പോള്‍ ആ ബോള്‍ഡ്നെസ് എനിക്ക് വന്നു. കുറേനാളുകളായി ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കാറില്ല. സുരഭിച്ചേച്ചിയുടെ കൂടെ 'മിന്നാമിനുങ്ങ്' എന്ന സിനിമ ചെയ്തിരുന്നു. അപ്പോള്‍ ചേച്ചിയാണ് ഗ്ലിസറിന്‍ ഉപയോഗിക്കാതെ കരയാനുള്ള വഴി പറഞ്ഞുതന്നത്. ആ ടെക്നിക് ഞാന്‍ ഉപയോഗിക്കാറുണ്ട്. ഗ്ലിസറിന്‍ ഉപയോഗിച്ചാല്‍ അഡിക്ടാവും. ഗ്ലിസറിനില്ലാതെ കരയുമ്പോള്‍ കിട്ടുന്ന സ്വാഭാവികതയും ആഴവും സ്‌ക്രീനില്‍ കണ്ടാല്‍ മനസ്സിലാവും. 'കളിവീടി'ല്‍ അനാഥാലയത്തിലെ ഒരു കൊച്ചിന് പാലുകൊടുക്കാന്‍ പോവുന്ന സീന്‍ ചെയ്തപ്പോള്‍ എനിക്ക് വലിയ സങ്കടംതോന്നി. എന്റെ ചേച്ചിയുടെ കുഞ്ഞിന്റെ മുഖമാണ് മനസ്സില്‍ വന്നത്. ഞാനൊരു അമ്മയല്ല. എന്നിട്ടും ആ സീനില്‍ കരഞ്ഞുപോയി.''
പരാജയങ്ങള്‍ വിജയത്തിന്റെ തുടക്കം
''എട്ട് വര്‍ഷത്തിലേറെയായി സീരിയല്‍ രംഗത്തുണ്ട്. തുടക്കകാലത്ത് ജനാര്‍ദനന്‍നായരുടെ സീരിയലില്‍ അഭിനയിച്ചിരുന്നു. അദ്ദേഹമാണ് ശരിക്കും അഭിനയം പഠിപ്പിച്ചത്. ആത്മധൈര്യം നല്‍കിയതും അദ്ദേഹമാണ്. എന്നാല്‍ ആ സീരിയല്‍ 50 എപ്പിസോഡേ പോയുള്ളൂ. അതിനുശേഷം 'മിഴിരണ്ടിലും' ചെയ്തു, അതും 50 എപ്പിസോഡേ പോയിട്ടുള്ളൂ. അങ്ങനെ കുറെ തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടാണ് കാവ്യയിലേക്കെത്തുന്നത്.
അന്ന് ചെറിയ പ്രായമല്ലേ. 'മിഴിരണ്ടിലും' ചെയ്യുമ്പോള്‍ സീനിയേഴ്സ് ആരുംതന്നെ ഇങ്ങനെ ചെയ്തുനോക്കൂ, അല്ലെങ്കില്‍ ചെയ്യുന്നത് തെറ്റാണ് എന്നൊന്നും പറഞ്ഞുതന്നില്ല. പിന്നീട് ഞാന്‍ സീനിയറായി. പുതിയ കുട്ടികള്‍ക്ക് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അവര്‍ക്കൊക്കെ മനസ്സിരുത്തി പറഞ്ഞുകൊടുക്കാന്‍ ഇപ്പോള്‍ ആളുകളുണ്ട്. ഇംപ്രൂവ് ചെയ്യാനുള്ള സമയമുണ്ട്. അവസരങ്ങളുണ്ട്. പക്ഷേ, ചില കുട്ടികള്‍ക്ക് പാഷനുണ്ടെങ്കിലും പ്രശസ്തി കിട്ടിക്കഴിയുമ്പോള്‍ തലക്കനം കാണിക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ കരിയര്‍ എവിടെയും എത്താതെ അവസാനിച്ചുപോകും.''
സംവിധാനമോഹം
''ഇനിയെന്റെ സ്വപ്‌നം സംവിധാനമാണ്. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ്. ഭര്‍ത്താവ് ശ്രീജിത്ത് വിജയന്‍ തിരക്കഥ എഴുതും. അദ്ദേഹം കഥപറയുമ്പോഴൊക്കെ എന്റെ മനസ്സില്‍ അതെങ്ങനെ സംവിധാനം ചെയ്യും എന്നാണ് ചിന്ത. അദ്ദേഹത്തിന്റെ കൂടെ അസോസിയേറ്റായി ഒരു സിനിമ ചെയ്തു, 'ഷീറോ'. സണ്ണിലിയോണിന്റെ പടം. അത് റിലീസായിട്ടില്ല.''
പ്രണയം, വിവാഹം
''അഞ്ചാറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരായത്. സൂര്യയിലെ 'മിഴിരണ്ടിലും' പ്രൊമോഷൂട്ടിനുവേണ്ടി വന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്റെ ഇഷ്ടം അദ്ദേഹത്തോട് പറയുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ 13 വയസ്സ് പ്രായവ്യത്യാസമുണ്ട്. പരസ്പരം മനസ്സിലാക്കുന്നിടത്താണ് ബന്ധം മനോഹരമാകുന്നത്. മാസത്തില്‍ പതിനഞ്ച് ദിവസവും എനിക്ക് ഷൂട്ടുണ്ടാവും. അതിനിടയില്‍ സംരംഭവും തുടങ്ങി. അദ്ദേഹം സിനിമാറ്റോഗ്രഫറായിരുന്നു, ഡയറക്ടറാണ്. എഴുതുന്നുമുണ്ട്. നല്ല ക്ഷമയുള്ളയാളാണ്. എപ്പോഴും കഥയെക്കുറിച്ചുള്ള ചിന്തയാവും. എന്റെ സംവിധാന മോഹത്തെ അദ്ദേഹം എപ്പോഴും പിന്തുണയ്ക്കും. സീരിയല്‍ ഇന്‍ഡസ്ട്രിയില്‍നിന്ന് ഒരു പെണ്‍കുട്ടി ഈ മേഖലയിലേക്ക് വരുമ്പോള്‍ ഇനി വരുന്നവര്‍ക്കും പ്രചോദനമാകുമല്ലോ. ഒരു ചെറിയ കഥയുണ്ട്, അത് തുടങ്ങണം.''
സിനിമാനടി/സീരിയല്‍നടി
''കുഞ്ഞിലേ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. സിനിമയെന്നോ സീരിയലെന്നോ ഇല്ല. ഏതായാലും ഞാന്‍ ചെയ്യുന്ന തൊഴില്‍ ഒന്നാണ്, അഭിനയം. തുടക്കകാലത്ത് സീരിയലില്‍നിന്ന് വന്നൊരാളാണ് എന്ന പേര് വന്നു. എനിക്ക് റബേക്കാ സന്തോഷ് എന്ന ലേബല്‍ തന്നത് സീരിയലാണ്. ആ ചോറിനെ തള്ളിപ്പറയാന്‍ എനിക്ക് തോന്നിയില്ല. 'പൂമര' ത്തിന്റെ ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടു. കുറേ കാത്തിരുന്നിട്ടും വിളിക്കാതായപ്പോള്‍ പിന്മാറി. സീരിയലായാലും ഞാന്‍ ഹാപ്പിയാണ്. ഇപ്പോള്‍ മൊത്തത്തില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും സിനിമാനടി, സീരിയല്‍നടി എന്നല്ലാതെ ആര്‍ട്ടിസ്റ്റ് എന്ന് വിളിക്കാന്‍ ആരും മുതിരുന്നില്ല.''
സംരംഭക
അഭിനയം പാഷനാണെങ്കില്‍ റബേക്കയുടെ പ്രൊഫഷന്‍ ബിസിനസാണ്. ''ബിസിനസ് അനലിസ്റ്റാണ് ഞാന്‍. തൊടുപുഴയില്‍ 'ചമക്' എന്ന ബൊട്ടീക് ഉണ്ട്. അതിനെ വിപുലമാക്കണം. അഭിനയം പാഷനായതുകൊണ്ട് ചെയ്യുന്നു. എന്നാല്‍ പുതിയ ആളുകള്‍ വരുന്നതുവരെയേ അതുള്ളൂ. സംരംഭത്തിന്റെ നടത്തിപ്പില്‍ കഷ്ടപ്പാടുണ്ട്. ഓടാന്‍പറ്റുന്ന കാലത്തോളം മാക്‌സിമം ഓടുക. ഭാവിയിലേക്ക് വേണ്ടിയാണ് ഞാന്‍ സംരംഭത്തെ കാണുന്നത്. ആ കാര്യത്തില്‍ അപ്പന്റെ സ്വാധീനമുണ്ട്. അപ്പന്‍ അങ്ങനെ കഷ്ടപ്പെട്ടൊരാളാണ്.
ബൊട്ടീക്ക് തുടങ്ങിയപ്പോള്‍ വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. ഞാനിങ്ങനെ ഓടിനടക്കേണ്ടേ എന്നായിരുന്നു അമ്മയ്ക്ക് സങ്കടം. 'അവള്‍ക്ക് ഇപ്പോഴാണ് നല്ലകാലം. ചെയ്യാന്‍ പറ്റുന്നിടത്തോളംകാലം ചെയ്യട്ടെ' എന്ന് അപ്പന്‍ പറഞ്ഞു. പല കാര്യത്തിലും ഞാന്‍ അപ്പനെ പോലെയാണ്. ഷൂട്ടിനായുള്ള യാത്രകളൊക്കെ തനിച്ചാണ്. ശ്രീജിത്തേട്ടനും എന്തിനും കൂടെയുണ്ട്.''
Content Highlights: malayalam television actress rebecca santhosh interview