'അഭിനയം എന്നെ പോലീസ് സ്റ്റേഷനില്‍ കയറ്റിയിട്ടുണ്ട്; ഹെലനുശേഷമാണ് സിനിമാക്കാരനായെന്ന് തോന്നിയത്'

കോഴിക്കോട്ടുകാരന്‍ ജയരാജ് സിനിമയില്‍ എത്തിയിട്ട് വര്‍ഷം മുപ്പത് കഴിയാറായി. അക്കാലത്തിനിടെ സിനിമയില്‍ നൂറുകണക്കിന് ആളുകള്‍ വന്നുംപോയുമിരുന്നു. ആ ആള്‍ക്കൂട്ടത്തിനിടയില്‍ ജയരാജും ഉണ്ടായിരുന്നു. അയാളുടെ കഥാപാത്രങ്ങള്‍ അധികമൊന്നും മിണ്ടിയിട്ടില്ല. പക്ഷേ, ചായക്കടക്കാരനും കണ്ടക്ടറും കള്ളനും ദുര്‍ഗുണ പരിഹാരപാഠശാലയിലെ ജീവനക്കാരനായുമൊക്കെ അയാള്‍ പല കഥാപാത്രങ്ങള്‍ക്ക് വഴി പറഞ്ഞുകൊടുത്തും അടുപ്പൂതിയും സാക്ഷിപറഞ്ഞുമൊക്കെ കഥ ചലിപ്പിച്ചു. എങ്കിലും ജയരാജ് സിനിമാപ്രേമികള്‍ക്ക് കൂടുതല്‍ പരിചിതനായത് ഒരൊറ്റ വേഷത്തോടെയാണ്. ഹെലന്‍ എന്ന സിനിമയിലെ വാച്ച്മാനായിരുന്നു അത്. 'ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോള്‍ അവരുടെ മുഖമൊരിക്കലും നമ്മള്‍ മറക്കരുത് സര്‍...' എന്ന ഡയലോഗ് പറഞ്ഞ് സിനിമയുടെ അവസാന ഫ്രെയിമില്‍ നിറഞ്ഞുനിന്ന വാച്ച്മാന്‍. അധികമാരും ശ്രദ്ധിക്കാതെ പോയ അനവധി വേഷങ്ങള്‍ക്കൊടുവില്‍ എഴുപത്തിരണ്ടുകാരനായ ജയരാജിനെ മലയാളികള്‍ക്ക് പരിചിതനാക്കിയ വേഷം.
നാടകത്തട്ടില്‍നിന്ന് ജയരാജ് അഭിനയജീവിതം തുടങ്ങിയ കാലം പതിറ്റാണ്ടുകള്‍ക്കപ്പുറത്താണ്. 'പ്രണയം തുടരുന്നു' എന്ന സിനിമയിലൂടെ എഴുപതാം വയസ്സില്‍ ജയരാജ് നായകനുമായി. മുംബൈയില്‍ നടന്ന ജാഗ്രണ്‍ ചലച്ചിത്രമേളയില്‍ കോഴിക്കോട്ടുകാരനായ ഈ നടന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച നടിയായി റാണി മുഖര്‍ജിയും സമഗ്ര സംഭാവനയ്ക്ക് സുഭാഷ് ഗായിയും പുരസ്‌കാരം സ്വന്തമാക്കിയ മേളയില്‍ അഭിനയജീവിതത്തിന്റെ അഞ്ചാം പതിറ്റാണ്ടില്‍ മലയാളി സാന്നിധ്യമായി ജയരാജ്. നടനാകാനായി മാത്രം സംഗീതം പഠിച്ച, കാബറേ വേദികളില്‍ ഡ്രം മുഴക്കിയ, മാജിക് പരിശീലിച്ച ആളാണ് ജയരാജ്... കോഴിക്കോടിന്റെ സമ്പന്നമായ കലാചരിത്രത്തിലെ ആഴമുള്ള അധ്യായം കൂടിയാണ് അദ്ദേഹം... ജീവിതം പകര്‍ന്ന പാഠങ്ങള്‍ അതീവ ലളിതമായി വിവരിക്കുന്നു കോഴിക്കോട് ജയരാജ്....
തിരുവാതിരത്തുടക്കം
അനുഭവങ്ങള്‍ ഒരുപാടുള്ളതുകൊണ്ടാകാം ഓര്‍മക്കുറവുള്ള ആളാണ് ഞാന്‍. മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം പലയിടത്തും പോയി അവര്‍ ഒപ്പമുള്ള കാര്യം മറന്ന് ഒറ്റയ്ക്ക് മടങ്ങിപ്പോയതടക്കമുള്ള ഓര്‍മക്കേടുകള്‍. എന്നാലും ഓര്‍മയുടെ വഴിയിലൂടെ പിന്നിലേക്ക് നടക്കുമ്പോള്‍ വഴിതെറ്റാതെ കുട്ടിക്കാലത്തേക്കെത്തും. ധനുമാസത്തിലെ തിരുവാതിര രാത്രികള്‍ ഓര്‍മവരും. പുതിയറയിലെ പുളിക്കല്‍ പറമ്പ് തറവാട്ടില്‍ അമ്മയും ഞാനടക്കം ഏഴുമക്കളും. ഇളയവനാണ് ഞാന്‍. എനിക്ക് രണ്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ ജീവിതം അമ്മയുടെയും എന്റെ സഹോദരങ്ങളുടെയും ചുമലിലായി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആളുകളെ രസിപ്പിക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്ന് നാട്ടിന്‍പുറത്തെ വീടുകളില്‍ സ്ത്രീകള്‍ ധനുവില്‍ തിരുവാതിര നോല്‍ക്കും. ഉറങ്ങാതെ രാത്രി പുലര്‍ന്നാലേ അവര്‍ക്ക് നൊയമ്പ് പൂര്‍ത്തിയാകൂ. വ്രതം നോല്‍ക്കുന്ന സ്ത്രീകളെ രസിപ്പിക്കാനായി വീടുകളില്‍ ചില്ലറ കലാപരിപാടികളൊക്കെ കാണും. വെള്ളരിനാടകവും മറ്റും. മുഖത്ത് കരി വാരിത്തേച്ചും പാട്ട കൊട്ടിയുമൊക്കെ ഞങ്ങള്‍ കുട്ടികളുടെ സംഘവും ഇറങ്ങിത്തിരിക്കും. തിരുവാതിര രാത്രികളില്‍ നാടിനെ ഉറക്കത്തില്‍നിന്ന് അകറ്റി നിര്‍ത്തും. വീടുകളില്‍നിന്ന് നാണയത്തുട്ടുകള്‍ വല്ലതും പ്രതിഫലം കിട്ടും. അത് കൂട്ടിവയ്ക്കും. സമ്പാദ്യമല്ല. ഒരു രസം. വര്‍ഷത്തിലെ ബാക്കി എല്ലാ ദിവസങ്ങളും ആ തിരുവാതിര നാളിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എനിക്ക്.
അരങ്ങില്‍ ആദ്യം
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ പെണ്‍വേഷം കെട്ടി. അതായിരുന്നു അരങ്ങിലെ തുടക്കം. വീടിനടുത്തുള്ള സെന്‍ഗുപ്ത വായനശാലയില്‍ എല്ലാ വര്‍ഷവും നാടകങ്ങളുണ്ടാവാറുണ്ട്. അതിലും വേഷമിട്ടുതുടങ്ങി. എഴുപതുകളുടെ തുടക്കകാലമാണ് അത്. ഏകാംഗനാടകങ്ങളുടെ കാലം. നാടകം എവിടെയുണ്ടെങ്കിലും പോകും. റിഹേഴ്സല്‍ ക്യാമ്പിലൊക്കെ പോകും. അക്കാലത്ത് കോഴിക്കോട്ടെ വലിയ ക്ലബ്ബാണ് യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി. മാമുക്കോയയും നെല്ലിക്കോട് ഭാസ്‌കരേട്ടനും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ അംഗങ്ങളായ ക്ലബ്ബ്. തിക്കോടിയന്‍ മാസ്റ്ററാണ് നാടകങ്ങള്‍ എഴുതുന്നത്. ദേശപോഷിണിയുടെ നാടകസംഘത്തിലും ഞാന്‍ ഉള്‍പ്പെട്ടു.
അക്കാലത്തിനിടെ സഹോദരങ്ങളൊക്കെ മുതിര്‍ന്നു. അവര്‍ക്കൊക്കെ ജോലിയായി. ഐ.ടി.ഐ. കഴിഞ്ഞ് ഞാനും ഇന്‍ഡസ്ട്രിയല്‍ വര്‍ക്കൊക്കെ ചെയ്തുതുടങ്ങി. കോഴിക്കോട്ടെ ഒട്ടുമിക്ക നാടകസംഘങ്ങളുടെയും ഭാഗമായിരുന്നു അന്ന് ഞാന്‍. അതിനിടെയാണ് അണിയറ എന്ന നാടക ട്രൂപ്പില്‍ ചേരുന്നത്. അണിയറയുടെ എല്ലാമായിരുന്ന കെ.ആര്‍.മോഹന്‍ദാസിനെ മറക്കാനാവില്ല. അവിടെവെച്ചാണ് നാടകത്തെ ആഴത്തില്‍ അറിയുന്നത്. നാടകം നേരമ്പോക്കല്ല കലയാണ് എന്ന് തിരിച്ചറിയുന്നതും. അതൊരു ഗുരുകുലം ആയിരുന്നു. അങ്ങനെയാണ് നാടകത്തെ ഗൗരവമായി കാണുന്നത്. ശങ്കരപ്പിള്ളസാര്‍, രാമചന്ദ്രന്‍ സാര്‍, ഗോപിസാര്‍... നാടകാചാര്യന്മാരില്‍നിന്ന് നാടകത്തെ അടുത്തറിയാനായി. പി.എം. താജിന്റെ 'കനലാട്ടം' എന്ന നാടകത്തിലൂടെ അണിയറയുടെ നടനായി. അതുവരെ ഉണ്ടായിരുന്ന നാടകസങ്കല്പത്തെ മുഴുവനായും മാറ്റിമറിച്ച നാടകമായിരുന്നു അത്.
പിന്നെ വണ്‍മാന്‍ ഷോകള്‍ ചെയ്തുതുടങ്ങി. ജയപ്രകാശ് കുളൂര്‍, സുധാകരേട്ടന്‍(നടന്‍ സുധീഷിന്റെ അച്ഛന്‍), ജോയ് മാത്യു... ഇവരെല്ലാവരും ഒപ്പം ഉണ്ട്. ജയപ്രകാശ് കുളൂര്‍ തീം ഉണ്ടാക്കും. ഞങ്ങള്‍ അവതരിപ്പിക്കും. കുറെ വേദികളില്‍ മൈം അവതരിപ്പിച്ചു. സ്വീറ്റ് ഓണ്‍ ഓര്‍ക്കസ്ട്ര, സിയൂസ് മ്യൂസിക് ക്ലബ്ബ് തുടങ്ങിയവയിലും അംഗമായി.
സമരകാലത്തെ അഭിനയം
നാടകവും ഓര്‍ക്കസ്ട്ര പരിപാടികളും ഒക്കെയായി അത്യാവശ്യം വരുമാനം കിട്ടിത്തുടങ്ങി. വെസ്റ്റ് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനിയില്‍ വെല്‍ഡറായി ജോലിയും കിട്ടി. കമ്പനിയില്‍ അന്നൊക്കെ തൊഴിലാളി സമരം പതിവാണ്. സമരത്തെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. പക്ഷേ, പങ്കെടുക്കില്ല. സമരകാലത്ത് ഞാന്‍ നാടകത്തിനും സംഗീത പരിപാടികള്‍ക്കും പോകും. ജോലിയുള്ള ദിവസം ഷിഫ്റ്റ് അനുസരിച്ച് പരിപാടികള്‍ക്ക് പോകും. നാടകവണ്ടിയിലായിരുന്നു ഉറക്കം.
കാബറേ വേദിയിലെ താളം
നല്ല നടനാകണമെങ്കില്‍ താളബോധം ഉണ്ടായിരിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. നടനാകാനാണ് സംഗീതം പഠിച്ചത്. നാടകജീവിതത്തിനിടയില്‍ തബലയും ഗിത്താറും കീ ബോര്‍ഡും ഒക്കെ പഠിച്ചെടുത്തു. അതിനിടെ ഡ്രംസ് പഠിക്കണമെന്ന് തോന്നി. അന്ന് കോഴിക്കോട് നഗരത്തില്‍ കാബറെ എത്തിത്തുടങ്ങിയിട്ടുണ്ട്. മഞ്ചേരിയില്‍ ഒരു കാബറെ ട്രൂപ്പ് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിരിച്ചുവിട്ടു. അവരുടെ സംഗീതോപകരണങ്ങള്‍ വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് അറിഞ്ഞു. അന്നെനിക്ക് ഒരു സ്‌കൂട്ടറുണ്ട്. ഞാന്‍ അത് വിറ്റ് പൈസയുമായി മഞ്ചേരിക്ക് വിട്ടു. ഡ്രംസുമായാണ് മടങ്ങിവന്നത്. ഇനി ഇത് പരിശീലിക്കണമല്ലോ. വീട്ടില്‍ നടക്കില്ല. ഡ്രംസിന്റെ ശബ്ദം നാട്ടുകാര്‍ക്ക് ഉപദ്രവമാകും.
മിഠായിത്തെരുവിലെ ക്വീന്‍സ് ഹോട്ടല്‍ ഉടമകള്‍ക്ക് കാബറെ ലൈസന്‍സ് കിട്ടി എന്നറിഞ്ഞ് അവരെ ചെന്നുകണ്ടു. മദ്രാസില്‍നിന്നുള്ള ഓര്‍ക്കസ്ട്ര സംഘം. അക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും നാട്ടിലേക്ക് പോകേണ്ടിവരുമ്പോള്‍ പകരക്കാരനായി ഞാന്‍ കയറിത്തുടങ്ങി. എനിക്ക് ഡ്രംസ് വായിക്കാന്‍ അറിയില്ല സത്യത്തില്‍. പക്ഷേ, കാഴ്ചക്കാരുടെ ശ്രദ്ധ മുഴുവനും നര്‍ത്തകരിലായിരിക്കും. ആ ആശ്വാസത്തില്‍ ധൈര്യത്തോടെ ഡ്രംസില്‍ താളമിട്ടു. താളം പിഴച്ചതൊന്നും ആരും ചോദ്യം ചെയ്തില്ല. എന്തായാലും വൈകാതെ ഡ്രംസ് എനിക്ക് വഴങ്ങി. കുറെക്കാലം കാബറയ്ക്ക് ഡ്രംസ് വായിച്ചു. ബെല്‍ബോട്ടം പാന്റ്സും വലിയ കോളറുള്ള പുള്ളി ഷര്‍ട്ടും നീളന്‍ കൃതാവും പിന്നില്‍ കെട്ടിയ മുടിയുമൊക്കെയായി അക്കാലത്തിന് യോജിച്ച കോലത്തിലായിരുന്നു അന്ന് ഞാന്‍.
സിനിമയിലേക്ക്
ഒരു മായാജാലസംഘത്തിലും അംഗമായി. ബേപ്പൂരുകാരനായ മാന്ത്രികന്‍ പ്രദീപ് ഹുഡിനോയുടെ ട്രൂപ്പിന്റെ ഓര്‍ക്കസ്ട്രയില്‍. മാജിക്സംഘത്തിനൊപ്പം നിരന്തരം യാത്രകള്‍. രാത്രിയിലാണ് മാജിക്. പകല്‍ പണിയൊന്നുമില്ല. ചെന്നെത്തുന്ന നാട്ടില്‍ സിനിമാക്കാര്‍ ആരെങ്കിലും ഉണ്ടോ ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടോ എന്നൊക്കെയന്വേഷിച്ച് ചുറ്റിത്തിരിഞ്ഞ പകലുകള്‍. മഹാറാണി ഹോട്ടലില്‍ ഏത് സംവിധായകന്‍ വന്നാലും ചെന്നുകണ്ട് റോള്‍ ചോദിക്കും. എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും ചെല്ലും. കോഴിക്കോട് മെയിന്‍ ഫ്രെയിം സ്റ്റുഡിയോയില്‍ നിന്നാണ് സിനിമയെപ്പറ്റി കൂടുതല്‍ അറിയുന്നത്. മെയിന്‍ ഫ്രെയിമിന്റെ ഷോര്‍ട് ഫിലിമുകളിലൂടെയാണ് സ്‌ക്രീനില്‍ എത്തുന്നതും.
അതിനിടയില്‍ ജയപ്രകാശ് കുളൂര്‍ എന്നെയും സുധാകരേട്ടനെയും കഥാപാത്രങ്ങളാക്കി ഒരു നാടകം ഒരുക്കി. കോഴിക്കോട് ആ നാടകം കാണാന്‍ ശ്രീനിവാസന്‍ വന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളത് ഒരു സംവിധായകനാണെന്ന് ആരോ പറഞ്ഞു. 'എന്നും നന്മകള്‍' എന്ന അവരുടെ സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് നടക്കുന്നുണ്ട്. നാടകം തീര്‍ന്നപ്പോള്‍ അവര്‍ രണ്ടുപേരും വന്ന് എന്നെ അഭിനന്ദിച്ചു.
പിറ്റേന്ന് ശ്രീനിയേട്ടനെ തേടി ഞാന്‍ മഹാറാണിയില്‍ ചെന്നു. റോള്‍ വല്ലതും ഉണ്ടോ എന്ന് അന്വേഷിച്ചു. സംവിധായകനോട് ചോദിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. തലേന്ന് അദ്ദേഹത്തിനൊപ്പം നാടകം കാണാന്‍ വന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടാണെന്ന് ഞാന്‍ അപ്പോഴാണ് മനസ്സിലാക്കുന്നത്. സത്യേട്ടന്‍ എനിക്കൊരു വേഷം തന്നു. കണ്ടക്ടറുടെ വേഷത്തില്‍ ഞാന്‍ സിനിമയില്‍ അന്നാദ്യമായി മുഖം കാണിച്ചു. പിന്നെ കെ. മധുവിന്റെ 'അഭിഭാഷകന്റെ കേസ്ഡയറി' എന്ന സിനിമയിലും വേഷം കിട്ടി. കള്ളസാക്ഷി പറയുന്ന കഥാപാത്രമായി. ആ വേഷം കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടു. പിന്നെയങ്ങോട്ട് കുറെയേറെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. പലതവണ ശ്രമിച്ചിട്ടാണ് അദ്ദേഹത്തെ ഒന്ന് കാണാനായത്. 'കഥാപുരുഷന്‍', 'പിന്നെയും' എന്നീ സിനിമകളില്‍ അദ്ദേഹം എനിക്ക് വേഷം തന്നു. അതിനിടയ്ക്ക് മദ്രാസില്‍ പോയി സൗണ്ട് എഫക്ട് പഠിച്ചു. കുറച്ചു സിനിമകള്‍ക്കും കുറെയേറെ ഷോര്‍ട്ഫിലിമുകള്‍ക്കും സീരിയലുകള്‍ക്കും സൗണ്ട് എഫക്ട് ചെയ്തു.
പൂമ്പാറ്റയുടെ പിന്നാലേ
നല്ല വേഷം കിട്ടുക എന്നതാണ് നടനെ സംബന്ധിച്ച് വലിയ ഭാഗ്യം. ഞാന്‍ അത് ആഗ്രഹിച്ചു. നിരാശ തോന്നിയിട്ടുണ്ട്. ഏറെക്കാലം മുന്‍പ് എന്റെ അടുത്ത സുഹൃത്ത് സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. തിരക്കഥ ഒരുക്കാന്‍ ഞാനും ഒപ്പം ചേര്‍ന്നു. ഒരു പോലീസുകാരന്റെ വേഷം എനിക്കായി മാറ്റിവെച്ചിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങി. ഞാന്‍ പോലീസ് യൂണിഫോം സംഘടിപ്പിച്ച് തയ്യാറായിരുന്നു... ലൊക്കേഷനിലേക്ക് വേഗം വരണം എന്നുപറഞ്ഞ് വിളിവരുമ്പോള്‍ ഞാന്‍ കമ്പനിയിലാണ്. ലീവ് എഴുതിക്കൊടുത്ത് വേഗം ഇറങ്ങി. ലൊക്കേഷനില്‍ ചെന്ന് യൂണിഫോം ഇട്ട് മേയ്ക്കപ്പ് ചെയ്ത് റെഡിയായി നിന്നു. സിനിമയില്‍ എസ്.ഐ.യുടെ റോള്‍ ഒരു വലിയ നടന്‍ ചെയ്യുന്നുണ്ട്. അയാള്‍ വന്ന് സ്‌ക്രിപ്റ്റ് വായിച്ചുനോക്കി. എന്റെ കഥാപാത്രത്തിന്റെ ആവശ്യമില്ലെന്നും അത് ഒഴിവാക്കിയേക്കെന്നും പറഞ്ഞു. നിരാശയോടെ മടങ്ങേണ്ടിവന്നു. കുറേദിവസം ആകെ വിഷമമായിരുന്നു.
പൂമ്പാറ്റയുടെ പിന്നാലെ പാഞ്ഞാല്‍ അത് പിടി തരില്ല. പിന്നാലെ പായാതിരുന്നാല്‍ ചിലപ്പോള്‍ പൂമ്പാറ്റ നമ്മുടെ ശരീരത്തില്‍ വന്നിരുന്നേക്കാം. സിനിമയുടെ കാര്യവും അങ്ങനെയാണ്. മടുത്തിട്ട് വിട്ടുപോവുകയോ പിന്നാലെ ഓടി ക്ഷീണിക്കുകയോ ചെയ്തിട്ട് കാര്യമില്ല. മനസ്സിന് ബലം ഉണ്ടാകണം. അതുണ്ടായാല്‍ രക്ഷപ്പെടും. നാടകവും സിനിമയും ചെയ്തശേഷം ആ വിയര്‍പ്പോടെ നില്‍ക്കുമ്പോ കിട്ടുന്ന ആത്മവിശ്വാസം. അതിലും വലുതൊന്നുമില്ല.
കാത്തിരുന്ന ഭാഗ്യം
സിബി മലയില്‍, രഞ്ജിത്, കെ.മധു, ജയരാജ്, കമല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ സംവിധായകര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ്ഗോപി, ഉര്‍വശി, ശോഭന, നയന്‍താര, മീരാ ജാസ്മിന്‍, എന്നിങ്ങനെയുള്ള അഭിനേതാക്കള്‍. ഇവര്‍ക്കൊപ്പമെല്ലാം ജോലിചെയ്തു. ഒരോ സിനിമ വരുമ്പോഴും ഓര്‍ത്തുവിളിച്ച് വേഷം തന്നിട്ടുള്ളത് സത്യേട്ടനാണ്. സത്യേട്ടന്‍ മറന്നാല്‍ ഞാന്‍ ഓര്‍മിപ്പിക്കും.
'മനോഹരം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വിനീത് ശ്രീനിവാസനെ കാണാന്‍ ഞാന്‍ ചെന്നു. അച്ഛന്റെ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. റോള്‍ എന്തെങ്കിലും വന്നാല്‍ തരണം എന്ന് പറയാന്‍. അങ്ങനെ വിനീത് പറഞ്ഞിട്ടാണ് 'ഹെലന്റെ' സംവിധായകന്‍ വിളിക്കുന്നത്. തീരെ ചെറിയ വേഷം ആണെന്നാണ് പറഞ്ഞത്. അഭിനയിക്കണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. റോള്‍ വലുതോ ചെറുതോ എന്നൊന്നും നോക്കിയില്ല. വാച്ച്മാന്റെ കഥാപാത്രം. ഞാനത് ചെയ്തു. ആ കഥാപാത്രം എനിക്ക് ഭാഗ്യം തന്നു.
കഥ മാറുന്നു
സിനിമാമോഹത്തിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്. 'ഇതിന് പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് എത്രകാലമായെടാ' എന്ന് സ്‌നേഹിതന്മാര്‍പോലും ചോദിച്ചിട്ടുണ്ട്. കുറെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. എന്നിട്ടും ഞാന്‍ ആര്‍ക്കും സിനിമാക്കാരന്‍ ആയിരുന്നില്ല. സിനിമാക്കാരുടെ പിന്നാലെ നടക്കുന്ന ആളായിരുന്നു. നാടകങ്ങളില്‍ വേഷമിട്ട് സ്റ്റേജില്‍നിന്ന് ഇറങ്ങുമ്പോള്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞ് ഓടിവന്ന് കെട്ടിപ്പിടിക്കുകയും കൈതരുകയും ഒക്കെ ചെയ്തിട്ടുണ്ട് പലരും. പക്ഷേ, സിനിമയില്‍ ഒന്നും ആവാതെയായപ്പോള്‍ ആ അഭിനന്ദിച്ചവരൊക്കെ എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഇതൊന്നും നിനക്ക് പറഞ്ഞിട്ടുള്ളതല്ല. മറ്റെന്തെങ്കിലും പണിക്ക് പോ എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ട്.
ആ അവസ്ഥ മാറിയത് 'ഹെലനു'ശേഷമാണ്. അതിനുശേഷമാണ് സിനിമാക്കാരനായി എന്ന് എനിക്ക് തോന്നിയത്. സിനിമ ഇറങ്ങിയശേഷം ഒരുദിവസം കോഴിക്കോട് നഗരത്തിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയുംകൂടി റോഡ് മുറിച്ച് അടുത്തേക്കുവന്നു. 'ഹെലനി'ലെ വേഷം നന്നായിരുന്നു എന്ന് പറഞ്ഞു. ''ആരെക്കണ്ടാലും ഒന്ന് ചിരിക്കണം എന്ന് സിനിമ കണ്ടതില്‍പ്പിന്നെ ഞാനെന്റെ മോളോട് പറയും''എന്ന് ആ സ്ത്രീ പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. അങ്ങനൊരു നല്ല വാക്കിനുവേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. പിന്നെയാണ് 'പ്രണയം തുടരുന്നു' എന്ന സിനിമയില്‍ നര്‍ത്തകി ലീലാ സാംസണൊപ്പം മുഖ്യവേഷം ചെയ്യുന്നത്. ഒരുപാട് ചലച്ചിത്ര മേളകളില്‍ ആ സിനിമ നല്ല അഭിപ്രായങ്ങളും പുരസ്‌കാരങ്ങളും നേടി. അതും സന്തോഷം.
പറ്റിയ അബദ്ധങ്ങള്‍
സിനിമയില്‍ അവസരം തേടിയുള്ള യാത്രകള്‍ എന്നെ ഒട്ടും മടുപ്പിച്ചില്ല. മഴയത്തും വെയിലത്തും ഞാനത് തുടര്‍ന്നു. അങ്ങനെ ഒരിക്കല്‍ 'രാപ്പകലി' ന്റെ ലൊക്കേഷനില്‍ ചെന്നു. സിനിമ ഷൂട്ട്‌ചെയ്യുന്ന വീടിന്റെ വരാന്തയില്‍ മമ്മൂക്ക ഇരിപ്പുണ്ട്. എന്നെ കണ്ടതും അദ്ദേഹം ചിരിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ''കോഴിക്കോട്ട് ചിലരുണ്ട്. എല്ലാവരും ഭക്ഷണംകഴിച്ച് പാത്രമെല്ലാം കഴുകിവെച്ചുകഴിയുമ്പോള്‍ എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് ചോദിച്ച് കയറിവരും.'' മമ്മൂക്ക കളിയായി പറഞ്ഞതാണെങ്കിലും അതില്‍ കാര്യമുണ്ട്. റോള്‍ അന്വേഷിച്ച് എല്ലായിടത്തും പോകും. പക്ഷേ, ഏറെ വൈകിയാവും ഞാന്‍ ചെല്ലുന്നത്. അപ്പോഴേക്കും എനിക്ക് തരാന്‍ റോളൊന്നും ഇല്ലാതെയാകും.
അഭിനയം എന്നെ പോലീസ് സ്റ്റേഷനില്‍ കയറ്റിയിട്ടുമുണ്ട്. ഒരു ഷോര്‍ട്ട് ഫിലിമില്‍ ഭിക്ഷക്കാരന്റെ വേഷംചെയ്തു. ഒരു ലൊക്കേഷനില്‍നിന്ന് മറ്റൊന്നിലേക്ക് ആ വേഷത്തില്‍ പോകണം. വണ്ടിയില്ല. ആ വഴിവന്ന ഓട്ടോയില്‍ ലൊക്കേഷനിലെ പയ്യനും ഞാനും കൂടി കയറി. ഓട്ടോക്കാരന്‍ നേരേ ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഭിക്ഷക്കാരനായ ഞാന്‍ പയ്യനെ പിടിച്ചുകൊണ്ടുപോകുകയാണെന്നാണ് റിക്ഷാക്കാരന്‍ കരുതിയത്. അങ്ങനെ കുറേ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
സിനിമയും നാടകവും
സിനിമയില്‍ വേഷങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ നാടകത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നു. വല്ലാത്ത ധര്‍മസങ്കടമായിരുന്നു. നാടകം ഏറ്റുകഴിഞ്ഞാല്‍ ഇടയില്‍ ഇട്ടിട്ടുപോകാന്‍ കഴിയില്ല. നാടകത്തിനിടയിലായിരിക്കും സിനിമയിലേക്ക് വിളിവരുന്നത്. ഒരുദിവസത്തേക്കെങ്കിലും സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ ഒരുപാടുപേരുടെ അധ്വാനത്തെ ഇല്ലാതാക്കലാകും അത്. അവതരിപ്പിക്കാനുള്ള കഥാപാത്രത്തിന് പകരം ഒരാളെ പെട്ടെന്ന് തരപ്പെടുത്തുക എളുപ്പമല്ല. അങ്ങനെ ഏറ്റുപോയ നാടകത്തില്‍നിന്ന് വിട്ടുനില്‍ക്കാനാകാതെ വന്നതോടെ ഒരു സംവിധായകനെ മുഷിപ്പിക്കേണ്ടിവന്നിട്ടുണ്ട്. വല്ലാത്ത മന:പ്രയാസമായി അത്. കുറേ റോളുകള്‍ തന്ന സംവിധായകനാണ്. പിന്നെ അദ്ദേഹം വിളിച്ചിട്ടില്ല.
വല്ലപ്പോഴും തേടിവരുന്നതിനു വേണ്ടി ഇഷ്ടമുള്ളതിനെ മാറ്റിവെക്കേണ്ട ഗതികേട്. ആ ധര്‍മസങ്കടം ഞാന്‍ അറിയുന്നുണ്ട്. ഇപ്പോഴും വൈകുന്നേരമാവുമ്പോള്‍ ഒരു വിങ്ങലാണ്. മനപ്പൂര്‍വം റിഹേഴ്സല്‍ ക്യാമ്പുകളില്‍ പോകാതിരിക്കും. അവിടേക്ക് ചെന്നുകഴിഞ്ഞാല്‍പ്പിന്നെ എനിക്ക് മടങ്ങിവരാനാകില്ല. അത്രത്തോളം വിലപ്പെട്ടതാണ് നാടകം.
'ഹെലന്' ശേഷം, ലൈവ്, ക്രിസ്റ്റഫര്‍ തുടങ്ങിയ സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്തു. എം.ടി.സാറിന്റെ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജില്‍ ഓളവും തീരവും എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. പ്രിയദര്‍ശനാണ് സംവിധാനം. പുള്ളി, ശേഷം മൈക്കില്‍ ഫാത്തിമ, അന്ധകാരം, ജോയ്ഫുള്‍ എന്‍ജോയ്, ഒരു ജാതി ജാതകം, നടികര്‍ തിലകം, അനന്തപുരം ഡയറീസ് തുടങ്ങിയ സിനിമകള്‍ ഇറങ്ങാനുണ്ട്.
തിരക്കഥയില്ലാത്ത ജീവിതം
കോഴിക്കോടിന്റെ നാടക സംഗീത നിശകളിലെ പരിചിതതാരം ഇന്ന് സിനിമയ്ക്ക് ഏറെ പ്രിയങ്കരനാണ്. ഭാര്യ രജിതയ്ക്കും മക്കളായ ഭവ്യയ്ക്കും ദിവ്യയ്ക്കുമൊപ്പം സിനിമകള്‍ കണ്ടും കഥപറഞ്ഞും തിരക്കഥയില്ലാത്ത ജീവിതത്തിന്റെ ഒഴുക്കാസ്വദിക്കുന്നു. വര്‍ഷങ്ങള്‍ നീളുന്ന അഭിനയജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ചോദിച്ചപ്പോള്‍ കഥപോലെ ലളിതമായി അദ്ദേഹം പങ്കുവെച്ച മറുപടി ഇതായിരുന്നു:
ഈ അഭിമുഖത്തില്‍ പങ്കെടുക്കാനായി കോഴിക്കോട് നഗരത്തില്‍നിന്ന് ബസ്സിലാണ് ഞാന്‍ വന്നത്. ബസ്സില്‍ കയറുമ്പോള്‍ പലരും ചെറിയ സംശയത്തോടെ മുഖത്തേക്ക് നോക്കി. പാലക്കാട്ടുകാരനാണോ എന്ന് ഒരാള്‍ ചോദിച്ചു. എവിടെയോ കണ്ട് നല്ല പരിചയം എന്ന് മറ്റൊരാള്‍... ബസ്സില്‍ തിരക്കുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരന്‍ സ്‌നേഹം നിറച്ച ചിരിയോടെ എന്റെ മുഖത്തേക്കുനോക്കി. അയാള്‍ സീറ്റ് ഒഴിഞ്ഞുതന്നു. ഈ മുഖം എവിടെയാണ് കണ്ടുമറന്നതെന്ന ഓര്‍ത്തെടുക്കലായാണ് എനിക്കാ ചിരി അനുഭവപ്പെട്ടത്. നൂറിലേറെ സിനിമകള്‍ചെയ്തു. പരിചിതനായ ഒരാളെപ്പോലെ ആളുകള്‍ എന്നെ പരിഗണിക്കുന്നതിന് സിനിമ എന്ന ഒറ്റക്കാരണം മാത്രമേയുള്ളൂ. കിട്ടാതെ പോയ വേഷങ്ങളും അംഗീകാരങ്ങളുമൊന്നും വേദനിപ്പിച്ചിട്ടില്ല. അഥവാ അങ്ങെനെയെന്തെങ്കിലും വിഷമം മനസ്സില്‍ കേറിയാലുടന്‍ അപരിചിതരായ മനുഷ്യരുടെ മുഖത്തെ പരിചിതഭാവം ഓര്‍ത്ത് ആ വിഷമത്തെ ഞാനങ്ങ് മറക്കും.
Content Highlights: malayalam actor kozhikode jayarajan interview