അൽഷിമേഴ്സ് ബാധിച്ച മധുവിനെ പരിചരിക്കാൻ വൃക്ക മാറ്റി വെച്ച സതീഷ്, നിരസിച്ച പ്രണയവും അഞ്ച് പതിറ്റാണ്ട് നീണ്ട ദാമ്പത്യവും

സതീഷ് ഷാ ഭാര്യ മധുവിനോടൊപ്പം/ Getty images
സതീഷ് ഷാ ഭാര്യ മധുവിനോടൊപ്പം/ Getty images

‘ഹം ആപ്കെ ഹേ കോൻ', 'മേം ഹൂം നാ', 'കൽ ഹോ ന ഹോ', 'ഓം ശാന്തി ഓം' തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടൻ സതീഷ് ഷാ കഴി‍ഞ്ഞ ദിവസം തന്റെ 74-ാം വയസ്സിൽ അന്തരിച്ചു. വൃക്കകൾ തകരാറിലായതായിരുന്നു മരണകാരണം. എന്നാൽ, മൂന്ന് മാസം മുൻപ് അദ്ദേഹം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

അൽഷിമേഴ്സ് ബാധിച്ച ഭാര്യ മധു ഷായ്ക്ക് വേണ്ടി കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹിച്ചതുകൊണ്ട് മാത്രമാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് തയ്യാറായതെന്ന് നടൻ സച്ചിൻ പിൽഗാവോങ്കർ വെളിപ്പെടുത്തി. എന്നാൽ നിർഭാഗ്യവശാൽ, വിധി മറ്റൊന്നായിരുന്നു. ഇരുവരുടെയും അനശ്വരമായ പ്രണകഥയാണ് ഇപ്പോൾ ഏവരും ചർച്ചചെയ്യുന്നത്.

സതീഷിന്റെയും മധുവിന്റെയും പ്രണയകഥ ആരംഭിക്കുന്നത് 1970-കളുടെ തുടക്കത്തിലാണ്, സിപ്റ്റ (SIPTA) ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് സതീഷ് ഷാ മധുവിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അവിടെ വെച്ച് ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹം അവരുമായി പ്രണയത്തിലായി. തുടക്കത്തിൽ, മധു അദ്ദേഹത്തിന്റെ പ്രണയാഭാർഥ്യന നിരസിച്ചു. 

ദീപ്തി നേവലും ഫാറൂഖ് ഷെയ്ഖും അഭിനയിച്ച 'സാത്ത് സാത്ത്' എന്ന സിനിമയുടെ സെറ്റിൽ വെച്ച് അദ്ദേഹം രണ്ടാമതും വിവാഹാഭ്യർഥന നടത്തി. അവർ അത് വീണ്ടും നിരസിച്ചു. എന്നാൽ ഷാ പിന്മാറിയില്ല. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമത്തിന് ഫലമായി, മൂന്നാം തവണ, മധു അദ്ദേഹത്തോട് തന്റെ മാതാപിതാക്കളെ കാണാൻ ആവശ്യപ്പെട്ടു. അവരുടെ അംഗീകാരം നേടിയ ശേഷം, ഇരുവരും വിവാഹനിശ്ചയം നടത്തുകയും എട്ട് മാസങ്ങൾക്ക് ശേഷം 1972-ൽ വിവാഹിതരാകുകയും ചെയ്തു.

ഫാഷൻ ഡിസെെനറായ മധു, അഭിനേത്രിയായും നിർമാതാവായും ചില ശ്രദ്ധേയമായ സിനിമകളിൽ ഭാഗമായിട്ടുണ്ട്. ധൂണ്ടതേ രഹ് ജാവോഗേ (1998), ഹം തേരേ ആഷിഖ് ഹേൻ (1979) എന്നിവ അവരുടെ ശ്രദ്ധേയമായ സിനിമകളിൽ ഉൾപ്പെടുന്നു. ഭർത്താവ് ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിൽ ഒന്നായി മാറിയപ്പോഴും അവർ പൊതുശ്രദ്ധയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ബന്ധത്തിൽ, ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു.

മധുവിൽ നിന്ന് അകന്നിരിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ അദ്ദേഹം പലപ്പോഴും ദൈർഘ്യമേറിയ ഔട്ട്‌ഡോർ ഷൂട്ടുകൾ ഒഴിവാക്കിയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സതീഷിന്റെ നാടക കാലഘട്ടം മുതൽ  ജനപ്രിയ താരമായി മാറുന്നത് വരെയുള്ള, കരിയറിന്റെ തുടക്കത്തിലെ പ്രയാസങ്ങളിൽ മധു അദ്ദേഹത്തിന് ഒരു ശക്തിയായിരുന്നു. സതീഷ് ഷാ പല അവസരങ്ങളിലും തൻ്റെ ഭാര്യ മധുവിനോടുള്ള സ്നേഹവും അർപ്പണബോധവും പ്രകടിപ്പിച്ചുമുണ്ട്.

അദ്ദേഹം മധുവിനെ തന്റെ ഭാഗ്യചിഹ്നമായി  കണക്കാക്കിയിരുന്നു. സിനിമാ രംഗത്തെ ചടങ്ങുകളിൽ പലപ്പോഴും ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്. 'സാരാഭായ് വേഴ്‌സസ് സാരാഭായ്' എന്ന ജനപ്രിയ സിറ്റ്‌കോമിലെ ഇന്ദ്രവദന്‍ സാരാഭായ് എന്ന കഥാപാത്രത്തിലൂടെയാണ് സതീഷ് ഷാ പ്രശസ്തി നേടിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Veteran actor Satish Shah,passed away at 74, and remembered for his love story with wife Madhu.