കലാഭവന്‍ മണിയുടെ സഹോദരിയായി അഭിനയിച്ച താരം; ഒരു വീഡിയോയുടെ പേരില്‍ ബോളിവുഡ് വിട്ടു

റിയ സെന്‍ / AFP, PTI
റിയ സെന്‍ / AFP, PTI

പ്രശസ്ത ബംഗാളി താരം സുചിത്ര സെന്നിന്റെ കൊച്ചുമകള്‍, ചലച്ചിത്രതാരം മൂണ്‍മൂണ്‍ സെന്നിന്റെ മകള്‍, അച്ഛന്‍ ത്രിപുരയിലെ രാജകുടുംബത്തില്‍നിന്നുള്ള അംഗം...ഇങ്ങനെ ഒട്ടേറെ ലേബലുകളുമായിട്ടാണ് റിയ സെന്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. പക്ഷേ, ആദ്യമേ തന്നെ ഗ്ലാമര്‍ നടി എന്ന ചട്ടക്കൂടില്‍ അവര്‍ കുരുങ്ങിപ്പോയി. അതോടെ നല്ല സിനിമകള്‍ അവരില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്തു.  

ബാലതാരമായിട്ടാണ് തുടക്കം. പുറകെ ഹിന്ദി, ബംഗാളി, തെലുഗു, തമിഴ് സിനിമകളിലും അഭിനയിച്ചു. പൃഥ്വിരാജും കാവ്യ മാധവനും നായികാ-നായകന്‍മാരായ 'അനന്തഭദ്ര'ത്തിലും റിയ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. കലാഭവന്‍ മണിയുടെ സഹോദരിയായിട്ടാണ് റിയ അതിലുള്ളത്. 

ആദ്യകാലത്ത് തന്നെ തുടര്‍ച്ചയായി റിയയ്ക്ക് സിനിമകള്‍ ലഭിച്ചു. പക്ഷേ ബോക്‌സോഫീസില്‍ വമ്പന്‍ഹിറ്റായ സിനിമകളായിരുന്നില്ല അവയൊന്നും. പക്ഷേ, എന്നും വാര്‍ത്തകളിലിടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. സിനിമയിലെ ബിക്കിനി രംഗങ്ങളും ലിപ്‌ലോക്ക് സീനുകളും ഐറ്റംസോങ്ങുകളും അവര്‍ക്ക് നേടിക്കൊടുത്തത് 'ബോള്‍ഡ് ഐക്കണ്‍' എന്ന പേരാണ്. എന്നാല്‍, ആ പേര് തന്നെയാണ് തിരിച്ചടിയായതും. 

''ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത കുറേ സിനിമകളില്‍ ആദ്യകാലത്ത് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാവാം ഞാനൊരു നല്ല അഭിനേതാവ് അല്ലെന്ന് ആളുകള്‍ക്ക് തോന്നാന്‍ കാരണം'', പിന്നീട് റിയ തന്റെ കരിയറിനെക്കുറിച്ച് പറഞ്ഞതിങ്ങനെ.

'അനന്തഭദ്ര'ത്തില്‍ റിയ സെന്നും മനോജ് കെ.ജയനും

''ഞാന്‍ പഠിക്കുന്ന സമയത്താണ് സെക്‌സി എന്ന പേര് പ്രേക്ഷകര്‍ ചാര്‍ത്തിത്തരുന്നത്. എന്നെ കാണുമ്പോള്‍ തന്നെ ഞാന്‍ ചെയ്ത റോളുകളാണ് ആളുകള്‍ക്ക് ഓര്‍മ വരിക. കൂടെ സെക്‌സി എന്ന ലേബലും. അതൊക്കെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഗ്ലാമറസ് റോളുകള്‍ക്ക് വേണ്ടി മാത്രമാണ് എന്നെ ബോളിവുഡ് സമീപിച്ചിരുന്നത്. പക്ഷേ, അതെല്ലാം തന്നെ ഞാന്‍ ഇഷ്ടത്തോടെ ചെയ്തതല്ല. മിനി സ്‌കര്‍ട്ട് ഇട്ട് ഓടിനടന്നതും, ക്യൂട്ടായി അഭിനയിച്ചതുമെല്ലാം ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് തന്നെ മോശമായി തോന്നും''.

ഉയര്‍ച്ച-താഴ്ചകളൊന്നുമില്ലാതെ കരിയര്‍ മുന്നോട്ടുപോകുമ്പോഴാണ് റിയയുടെ ഒരു എം.എം.എസ് പുറത്തുവരുന്നത്. അതോടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. റിയയുടെ ഒരു സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് വീഡിയോ പുറത്തുവന്നത്. സിനിമയ്ക്കുവേണ്ടിയുള്ള പബ്ലിസിറ്റിയാണെന്നും റിയ തന്നെയാണത് പുറത്തുവിട്ടതെന്നും പറയപ്പെട്ടു. അതല്ല, പ്രശസ്തായാവാന്‍ വേണ്ടി റിയ തന്നെ മനപൂര്‍വം ഈ വീഡിയോ പുറത്തുവിട്ടതാണെന്നും വാദങ്ങളുണ്ടായി. ആ വീഡിയോയില്‍ കാണുന്നത് താനല്ലെന്ന് റിയ ഉറപ്പിച്ചുപറഞ്ഞപ്പോള്‍, അത് റിയ തന്നെയാണെന്ന് ആ വീഡിയോയിലുണ്ടായിരുന്ന പങ്കാളി അഷ്മിത് പട്ടേല്‍ പറഞ്ഞു. അഷ്മിത്താണ് ഇത് പുറത്തുവിട്ടതെന്നും അന്ന് വാദങ്ങളുണ്ടായിരുന്നു. അതോടെ ബോളിവുഡില്‍നിന്ന് പതുക്കെ അകന്നു റിയ. പൂര്‍ണമായും ബംഗാളി സിനിമയിലേക്ക് മാറി. ഇപ്പോള്‍ ഒ.ടി.ടി. സീരീസുകളിലൂടെയാണ് റിയ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. 

Content Highlights: lifetory of riya sen