'മഞ്ചാടിക്കുരുവില്‍ ഉണ്ണിക്കണ്ണന്, ഉണക്കമുന്തിരിയില്‍ സാന്റാക്ലോസ്, ഗുളികയിലും തുവരപരിപ്പിലും ഗണപതി

കടുകുമണിയിലും ചിത്രം വരയ്ക്കാനാകുമോ? ചോദ്യം ആരോടാണെങ്കിലും ഉത്തരം കോഴിക്കോട്ടുകാരി ലാഗ്മിയുടെ പക്കലുണ്ട്. കാക്കത്തൂവലുകളും ചായക്കൂട്ടുമായി ലാഗ്മി നടന്നത് തനിക്ക് പരിചിതമല്ലാത്ത വഴിയിലൂടെയാണ്. ചുവടുകളുടെ ലോകത്തു നിന്നും ചിത്രകലയെന്ന മഹാസാഗരത്തിലേക്ക്... ഗുളികയിലും തുവരപരിപ്പിലും ഗണപതി, അണ്ടിപരിപ്പില്‍ കൃഷ്ണനും കുചേലനും മഞ്ചാടിക്കുരുവില്‍ ഉണ്ണിക്കണ്ണന്, ഉണക്കമുന്തിരിയില്‍ സാന്റാക്ലോസ്, ബ്ളേഡില്‍ റെഡ് ഫോര്‍ട്ട് എന്നുവേണ്ട മത്തങ്ങക്കുരുവിലും കടുകുമണിയും പോലും ചിത്രങ്ങള്‍ മെനയുകയാണ് കോഴിക്കോട് മായനാട് സ്വദേശി ലാഗ്മി.
വരയുടെ ലോകത്തേക്ക്
സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വന്തം റെക്കോര്‍ഡുകള്‍ വരയ്ക്കാന്‍ പോലും മറ്റുള്ളവരെ ആശ്രയിച്ചിരുന്ന പെണ്‍കുട്ടി. വരയുടെ ലോകം അവള്‍ക്കെന്നും വിദൂരമായിരുന്നു. നൃത്തം മാത്രമായിരുന്നു ലാഗ്മിയുടെ ജീവവായു. കൊറോണ സമയത്ത് തോന്നിയ കൗതുകമാണ് ആദ്യമായി വരയുടെ ലോകത്തേക്ക് ലാഗ്മിയെ എത്തിച്ചത്. സ്വയം പഠിച്ച കലയുടെ തുടക്കം അത്ര നന്നായില്ലെങ്കിലും, മനസ്സിലെ കൗതുകം കരവിരുതായപ്പോള് പുരസ്കാരങ്ങളും തേടിയെത്തി.
''എം.ബി.എ കഴിഞ്ഞ് കുറച്ചുനാള്‍ ജോലി ചെയ്തു. ജോലി രാജിവെച്ചശേഷമാണ് ചിത്രം വരയ്ക്കാൻ തുടങ്ങുന്നത്. ഞാന്‍ വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവര്ക്കും അത്ഭുതമായി. ആദ്യം വെറുതെ പേപ്പറില്‍ വരച്ചു. സഹായത്തിനായി യൂട്യൂബിലെ ചില ക്ലാസ്സുകള്‍ നോക്കി. ഗ്രിഡ് മെത്തേഡ് ഉപയോഗിച്ച് വരച്ചു തുടങ്ങി. പിന്നെ പതിയെ ഒഴിവുസമയം കിട്ടുമ്പോഴെല്ലാം മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ വരച്ചു. എന്തെങ്കിലും വ്യത്യസ്തമായി വരയ്ക്കണമെന്ന് കരുതിയാണ് കാക്കത്തൂവലിൽ വരച്ചത്. തൂവൽ വര കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പ്രാവിന്റെയും അരയന്നത്തിന്റെയും തൂവലിൽ വരച്ചു. ആവശ്യമായ തൂവലുകള്‍ സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും വാങ്ങി. അക്രിലിക് കളര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് വര്‍ണം നല്കി. വരച്ചുവരച്ച് ചെറിയ വസ്തുക്കളില്‍ പോലും വരയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൈവന്നു. അങ്ങനെയാണ് മഞ്ചാടിക്കുരുവിലും അരിമണിയിലും കടുകിലുമെല്ലാം പരീക്ഷണം നടത്തിയത്. ചിത്രരചനയ്ക്ക് പിന്നില്‍ ഗുരുക്കന്മാരൊന്നുമില്ല. സ്വയം പഠിച്ചതുകൊണ്ടുതന്നെ ദൈവം തന്ന അനുഗ്രഹമായി മാത്രമേ കാണുന്നുള്ളൂ. ഇപ്പോള്‍ എന്തുകണ്ടാലും വരയ്ക്കാന്‍ കഴിയും എന്ന വിശ്വാസമുണ്ട്. പക്ഷേ, ചിത്രരചന ശാസ്ത്രീയമായി പഠിക്കാന്‍ താല്പര്യമില്ല.''
സോഷ്യല്‍മീഡിയയിലെ തൂവല്ചിത്രകാരി
സോഷ്യല്‍മീഡിയയിലെ തൂവല്കലാകാരിയാണ് ലാഗ്മി മേനോന്. തൂവല്കലാകാരി എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ലാഗ്മിയ്ക്കുണ്ട്. lachus__lil_creation എന്ന ഇന്‍സ്റ്റാഗ്രാം പേജിലെ വീഡിയോസ് സെലിബ്രിറ്റീസ് ഉള്‍പ്പെടെ നിരവധി പേർ ഇതിനോടകം ഷെയർ ചെയ്തു കഴിഞ്ഞു. തൂവല്ചിത്രങ്ങള്ക്ക് ആവശ്യക്കാര്‍ ഇരട്ടിച്ചതോടെ ചിത്രങ്ങള്‍ വിപണിയിലും സജീവമായി.
'' തൂവല്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് 'തൂവല്കലാകാരി' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അതൊരിക്കലും വരുമാനം പ്രതീക്ഷിച്ചല്ല, മറിച്ച് കലയെ നഷ്ടപ്പെടാതെ സൂക്ഷിച്ചുവയ്ക്കാന്‍ പറ്റിയ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി തോന്നിയതുകൊണ്ടാണ്. ഒരുപാട് വ്ളോഗര്‍മാര്‍ എന്റെ കലയെ പുറംലോകത്ത് എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. വര തുടങ്ങിയതില്‍ പിന്നെ നല്ല പ്രതികരങ്ങളാണ് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ വിപണിയിലെക്കെത്തിയത്. ആന്ധ്രാ, തെലങ്കാന, കര്‍ണാടക, തുടങ്ങി കേരളത്തിന് പുറത്തുനിന്നും നിരവധി ഓര്‍ഡറുകള്‍ വന്നു. ഒരുപാടുപേരുടെ കുടുംബചിത്രം വരച്ചുകൊടുത്ത് നല്ല വരുമാനം കിട്ടി. വരുമാനത്തിനപ്പുറത്തേക്ക് ചിത്രരചനയുടെ അടിസ്ഥാനം പോലും അറിയാത്ത എനിക്ക് ആളുകളുടെ പോസിറ്റീവ് കമന്റുകളെല്ലാം അംഗീകാരങ്ങളായിരുന്നു.''
വരതേടിയെത്തിയ റെക്കോര്‍ഡുകള്‍
ഇരുന്നൂറിലധികം ചിത്രങ്ങള്‍. അതെല്ലാം വ്യത്യസ്തമായ വസ്തുക്കളില്‍. വരയോടടുത്ത ലാഗ്മിയെ തേടിയെത്തിയത് റെക്കോഡുകളുടെ പെരുമഴയായിരുന്നു. തൂവലില്‍, അരമണിക്കൂറിനുള്ളില്‍ ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങി ആറ് സ്വാതന്ത്യസമര സേനാനികളുടെ ചിത്രം വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ്, സ്റ്റാര്‍ ഇന്‍ഡിപെന്‍ഡന്റ് അവാര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവ കരസ്ഥമാക്കി. മൂന്നര ഇഞ്ച് നീളവും ഒന്നര ഇഞ്ച് വീതിയുമുള്ള തൂവലുകളില്‍ തീര്‍ത്ത വിസ്മയങ്ങളായിരുന്നു അവയെല്ലാം.
''തൂവല്‍ ചിത്രങ്ങളാണ് ജീവിതത്തില്‍ വഴിത്തിരിവായത്. നിരവധി ലോക റെക്കോര്‍ഡുകള്‍ തേടിയെത്തി. കൂട്ടത്തില്‍ 101 മഞ്ചാടിക്കുരുവില്‍ ഉണ്ണിക്കണ്ണനെ വരച്ചതിന് യൂണിവേഴ്സല്‍ ബുക്ക് ഓഫ് റെക്കോഡും ലഭിച്ചു. വരച്ചതില്‍ ഭൂരിഭാഗവും കൃഷ്ണനാണ്. മഞ്ചാടിക്കുരുവില്‍ വരച്ച കൃഷ്ണരൂപത്തിനായിരുന്നു ആവശ്യക്കാർ കൂടുതൽ. തെച്ചിപ്പൂവിന്റെയും താമരയുടെയും ഇതളിലും പുല്നാമ്പിലും വരച്ച രൂപങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായി. മഞ്ചാടിയില്‍ കൃഷ്ണനെക്കൂടാതെ ശിവനെയും സുബ്രമണ്യനെയും അയ്യപ്പനെയും വരച്ചു. ആ സമയത്ത് എന്റെ നിരവധി അഭിമുഖങ്ങള്‍ വന്നു. 'ഇനി കടുകുമണിയിലും കൂടിയേ വരയ്ക്കാനുള്ളൂ' എന്ന അഭിമുഖം നടത്തിയ ആളിന്റെ ചോദ്യം കടുകില്‍ വരയ്ക്കാന്‍ പ്രചോദനമായി. പിന്നെ വാശിയായി, അങ്ങനെ കടുകില്‍ കൃഷ്ണനെ വരച്ചു. മനസ്സില്‍ പതിഞ്ഞുപോയതുകൊണ്ടാകാം എത്ര ചെറിയ വസ്തുവിലും ഏത് ആങ്കിളിലും കൃഷ്ണന്റെ ചിത്രം നന്നായി വരയ്ക്കാൻ കഴിയും. ''
പരിശ്രമത്തിന്റെ മധുരം
ശ്രമകരമായ ഓരോ വരയും ആളുകളുടെ പ്രതികരങ്ങളില്‍ അനായാസമാകുകയാണ് ലാഗ്മിയ്ക്ക്. ഇഷ്ടത്തോടെ അരയന്ന തൂവലില്‍ താന്‍ വരച്ച മോദിയുടെയും മോഹന്‍ലാലിന്റെയും മറ്റ് സെലിബ്രിറ്റികളുടെയും ചിത്രങ്ങള്‍ അവരുടെ കൈകളിലേക്ക് എത്തിക്കാന്‍ എന്നെങ്കിലും കഴിയുമെന്ന പ്രതീക്ഷയിലാണ് ലാഗ്മി.
''മഞ്ചാടിക്കുരു, അരിമണി എന്നിവയില്‍ വരയ്ക്കുമ്പോള്‍ ഒരുപാട് സമയമെടുക്കാറുണ്ട്. ചെറിയ വസ്തുക്കളില്‍ വരയ്ക്കുന്നതുകൊണ്ടുതന്നെ കണ്ണിന് നല്ല ബുദ്ധിമുട്ടുണ്ടാകും. ലെന്‍സ് ഉപയോഗിച്ചാണ് അരിമണിയില്‍ വരയ്ക്കുന്നത്. എങ്കിലും, വരച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പറയുന്ന വാക്കുകള്‍ ഒരുപാട് സന്തോഷം തരാറുണ്ട്. സുരേഷ്ഗോപി, യേശുദാസ്, മോഹന്‍ലാല്‍, നരേന്ദ്ര മോദി തുടങ്ങിയവരുടെ സിനിമയിലെ കഥാപാത്രങ്ങള്‍ തൂവല്ചിത്രളായി വരച്ചു. സുരേഷ്ഗോപി ചേട്ടനും ജയസൂര്യയ്ക്കും മാത്രമാണ് ചിത്രങ്ങള്‍ നേരിട്ട് കൊടുക്കാന്‍ സാധിച്ചത്. ഹരിശങ്കര്‍, സുരാജ് വെഞ്ഞാറമൂട്, ഗിന്നസ് പക്രു എന്നിവര്‍ ചിത്രങ്ങൾ കണ്ട് നല്ല അഭിപ്രായം പറഞ്ഞിരുന്നു. അരയന്ന തൂവലില്‍ താന്‍ വരച്ച നരേന്ദ്രമോദിയുടെ ജീവിതത്തിലെ നാല് കാലഘട്ടങ്ങളിലെ ചിത്രം അദ്ദേഹത്തിന് നേരിട്ട് നല്‍കണമെന്ന് ആഗ്രഹമുണ്ട്. അഞ്ച് ദിവസം കൊണ്ടാണ് അത് പൂര്‍ത്തിയാക്കിയത്. ലാലേട്ടന്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പതിനേഴ് സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രം തൂവലില്‍ വരച്ചിരുന്നു. ഉളനാട് ക്ഷേത്രത്തില്‍ 101 മഞ്ചാടിക്കുരുവില്‍ ഉണ്ണികണ്ണനെ വരച്ചു സമര്‍പ്പിച്ചു. ദശാവതാരം തൂവലില്‍ വരച്ചതും 101 മഞ്ചാടിയില്‍ ഉണ്ണിക്കണ്ണന്മാരെ വരച്ചതും ഗുരുവായൂരില്‍ സമര്‍പ്പിച്ചു. കൂടാതെ, മൂകാംബിക, ആറ്റുകാല്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, സിദ്ധിവിനായക ക്ഷേത്രം എന്നിവിടങ്ങളിലും വരച്ച ചിത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം എന്റെ സന്തോഷത്തിന്റെ ഭാഗമാണ്.''
വീട്ടുവിശേഷങ്ങള്‍
സഹോദരൻ ജൂബിയ്ക്കും ഭർത്താവ് അർജുനുമൊപ്പം
കുടുംബം തന്ന പിന്തുണയും പ്രോത്സാഹനുവുമാണ് ജീവിതത്തില്‍ ലാഗ്മിയ്ക്ക് കരുത്തായത്. വരയ്ക്കപ്പുറം നൃത്താധിപകകൂടിയാണീ കലാകാരി. അച്ഛൻ രവീന്ദ്രമേനോനും അമ്മ അംബുജവും സഹോദരൻ ജൂബിയും ഭർത്താവ് അർജുനും എന്തിനും കൂട്ടായി മുന്നിൽത്തന്നെയുണ്ട്.
'' എല്ലാത്തിനും കുടുംബത്തിന്റെ പിന്തുണയുണ്ട്. നൃത്തത്തോടുള്ള എന്റെ താല്പര്യം കണ്ട് ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ മറ്റുളളവര്‍ക്കും അത് പകര്‍ന്നുകൊടുക്കുന്നു. 'നൃത്യകി' എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്നു. ചെറിയകുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍ നൃത്തം അഭ്യസിക്കാന്‍ എത്താറുണ്ട്. പഠിച്ച കല ആയതുകൊണ്ടുതന്നെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ സന്തോഷമേയുള്ളൂ. നൃത്തം ഇനിയും പഠിക്കണമെന്ന് ആഗ്രഹമുണ്ട്. വയലിനോട് വല്ലാത്ത ഇഷ്ടം തോന്നിയതുകൊണ്ട് ഇപ്പോള്‍ അതും പഠിക്കുന്നുണ്ട്.കല്യാണം കഴിയുന്നതിന് മുമ്പ് എന്റെ സഹോദരനായിരുന്നു എല്ലാത്തിനും കൂടെയുണ്ടായിരുന്നത്. വരയ്ക്കാനും എവിടെയും കൊണ്ടുപോകാനും എല്ലാ സഹായവും തന്നു. കല്യാണശേഷം ഭര്‍ത്താവും ഒപ്പം കൂടി. അവർ രണ്ട് പേരും എന്റെ ഇരുകൈകളെപ്പോലെയാണ് ''
Content Highlights: life story of feather artist lagmi menon