ലക്ഷങ്ങളുടെ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി വിട്ട് കൃഷിയിലേക്കിറങ്ങിയ പാലാക്കാരൻ...

ബി.എം.ഡബ്ല്യുവില്‍ ഒന്നേകാല്‍ ലക്ഷം രൂപ മാസശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്തുക്കുട്ടി ടോമിന് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആഡംബരജീവിതത്തിന്റെ അനന്തസാധ്യതകള്‍ കൈവിട്ടുകളഞ്ഞ മാത്തുക്കുട്ടിക്ക് നൊസ്സാണെന്ന് ഉറ്റസുഹൃത്തുക്കള്‍
പോലും അടക്കംപറഞ്ഞു. മാത്തുവിന്റെ ഈ നൊസ്സ് പക്ഷെ കുഞ്ഞുന്നാളിലേ ഉള്ളില്‍ പച്ചവിരിച്ചു കിടന്ന ഒരു സ്വപ്നത്തെ എത്തിപ്പിടിക്കാനുള്ളതായിരുന്നു. അപ്പനപ്പൂപ്പന്‍മാരായി പാലായുടെ മണ്ണില്‍ പൊന്നുവിളയിച്ചുപോന്നവരാണ്. ആ മണ്ണ് തന്നെയും തിരികെ വിളിക്കുന്നുവെന്ന തോന്നല്‍ കലശലായപ്പോഴായിരുന്നു മാത്തുക്കുട്ടി ആ തീരുമാനമെടുത്തത്. ഏഴുകൊല്ലം പിന്നിട്ടു. സ്വപ്‌നവഴിയില്‍ വലിയ അംഗീകാരങ്ങളോരോന്നായി അദ്ദേഹത്തെ തേടിയെത്തി. 2018-ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനായി. രാജീവ് ഗാന്ധി പുരസ്‌കാരം, കെ.എം. മാണി കാര്‍ഷിക സമൃദ്ധി അവാര്‍ഡ്, ഇത്തവണത്തെ സംസ്ഥാനമൃഗസംരക്ഷണവകുപ്പിന്റെ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരം... മാത്തുക്കുട്ടി മിടുക്ക് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. വെല്ലുവിളികളെ മറികടന്ന് കഠിനാധ്വാനത്തില്‍ വിളകളെ വരുതിയിലാക്കിയ അക്കഥ നേരില്‍ കണ്ടറിയാനാണ് പാലായിലേക്ക് വണ്ടി കയറിയത്.
മരങ്ങാട്ടുപള്ളിക്കടുത്ത് തെങ്ങുംതോട്ടത്തില്‍ തറവാടിനോടുചേര്‍ന്ന 18 ഏക്കര്‍ ഭൂമി. അവിടെയാണ് മാത്തുക്കുട്ടി കൃഷിയിറക്കിയത്. വീട്ടുപടിക്കല്‍ മണിമരുതിന്റെ തണലില്‍ നിന്ന് പുല്ലുതിന്നുന്ന ബ്രൗണിക്കുതിരയെ തലോടി ആ സ്വര്‍ഗ്ഗത്തിലേക്കിറങ്ങി. ഈന്തിന്‍കാ പിളര്‍ത്തി കിണര്‍വലമേല്‍ ചാക്കുവിരിച്ച് ഉണക്കാനിട്ടിരിക്കുന്നു. നോട്ടമതില്‍ പതിഞ്ഞപ്പോള്‍ പറമ്പില്‍ പത്തുമുപ്പത്തഞ്ച് ഈന്തുണ്ടെന്ന് മാത്തുക്കുട്ടി. വിശാലമായ കൃഷിയിടങ്ങളിലേക്കും ഫാം കാഴ്ചകളിലേക്കും അദ്ദേഹം വഴികാട്ടി. അപരിചിതരെ കണ്ടതും കലപില കൂട്ടി താറാക്കൂട്ടങ്ങളും ഗൂസുകളും കൂട്ടത്തോടെ മറ്റൊരു വശത്തേക്ക് പാഞ്ഞു. കൂടുകള്‍ക്കരികെ വലയിട്ട് മേയാന്‍ വിട്ടിരിക്കുകയാണവയെ. നീന്തിത്തുടിക്കാന്‍ കൊച്ചുകുളങ്ങളും തണലിന് ജാതിമരങ്ങളുമുണ്ട്.
നാടന്‍കോഴി, കരിങ്കോഴി, അലങ്കാരപ്പക്ഷികള്‍, ലൗബേഡ്‌സ്... പക്ഷിക്കാഴ്ചകള്‍ കടന്ന് കാന്താരിച്ചെടികള്‍ സമൃദ്ധമായ അടുത്ത പറമ്പിലേക്ക്. അവിടെ, അഞ്ചടി പൊക്കിക്കെട്ടിയ കൂട്ടില്‍ മലബാറി ആടുകള്‍. മാത്തുക്കുട്ടിയെ കണ്ടതും മറ്റെന്തോ പ്രതീക്ഷിച്ചതുപോലെ അവര്‍ കൂട്ടമായി നോട്ടമെറിഞ്ഞു.
കുട്ടിക്കാലം കൃഷിക്കാലം
നടത്തത്തിനിടെ കുടുംബത്തിന്റെ കൃഷിക്കഥകളാല്‍ മാത്തുക്കുട്ടി വാചാലനായി. ''കാര്‍ന്നോന്മാരായി കൃഷിക്കാരാണ്. കുട്ടിക്കാലത്തൊക്കെ പറമ്പിലെപ്പോഴും പത്തോ പന്ത്രണ്ടോ പണിക്കാര്‍ കാണും. കോഴി, താറാവ്, വാഴ, മഞ്ഞള്‍, നെല്ല് തുടങ്ങി പലതരം കൃഷികള്‍. വീട്ടിലെന്നും ഉത്സവപ്രതീതി. സ്‌കൂള്‍കാലം കഴിഞ്ഞ് ഹയര്‍ എജ്യുക്കേഷന് പോയതില്‍ പിന്നെ എനിക്ക് കൃഷിയുമായി അടുപ്പം കുറഞ്ഞു. ആ സമയത്ത് റബ്ബറിന് വിലകൂടുകയും ആളുകള്‍ കൂട്ടത്തോടെ റബ്ബര്‍കൃഷിയിലേക്ക് കടക്കുകയും ചെയ്തു. സകലതോട്ടങ്ങളും റബ്ബറിന്റേതായി.''
2011-ല്‍ എം.ബി.എ. കഴിഞ്ഞതും മാത്തുക്കുട്ടി പ്രൊഫഷണല്‍ ജീവിതം തുടങ്ങി. ''ക്യാമ്പസ് പ്ലേസ്‌മെന്റില്‍ റെയ്ഞ്ച് റോവറില്‍ ജോലി. ഒന്നരക്കൊല്ലമവിടെ. അതിനിടെ റബ്ബറിന് വിലത്തകര്‍ച്ച വന്നു. പത്തും പന്ത്രണ്ടും ഏക്കറുള്ളവര്‍ കൃഷി ഓടിച്ചുകൊണ്ടുപോവാന്‍ ബുദ്ധിമുട്ടിയ സമയം... റെയ്ഞ്ച് റോവറില്‍ നിന്ന് ഞാന്‍ ടെറിട്ടറി മാനേജറായി ബി.എം.ഡബ്ല്യു.വിലേക്ക് പോയി. തുടക്കത്തില്‍ ആഡംബരജീവിതം രസമായിരുന്നു. പിന്നെയതങ്ങ് മടുത്തു. അവധിക്ക് വീട്ടില്‍ വരുമ്പോള്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലെല്ലാം കാടുപിടിച്ചിരിക്കുന്നതു കാണും. അതൊക്കെ വിഷമമായിരുന്നു. പപ്പയ്ക്ക് ഒറ്റയ്ക്കിതൊന്നും നോക്കിനടത്താനായില്ല. ദീര്‍ഘദൂര വിനോദയാത്രകള്‍ ചെയ്യാറുള്ള ഞാന്‍ പിന്നീടെപ്പോഴോ ഫാമുകള്‍ ശ്രദ്ധിച്ചുതുടങ്ങി. കൃഷി നമ്മുടെ രക്തത്തിലുണ്ടല്ലോ... അതിലേക്കിറങ്ങണമെന്ന ചിന്ത കലശലായി. ഇതിനിടെ ഓഡിയില്‍ ഡി.ജി.എം. ആയും ഓഫര്‍ വന്നു. അതെല്ലാം വേണ്ടെന്നുവെച്ച് രണ്ടും കല്പിച്ച് 2015-ല്‍ കൃഷിയിലേക്കിറങ്ങി. 'നല്ലൊരു ജോലി കളയാന്‍ കിറുക്കുണ്ടോ'യെന്ന നാട്ടുകാരുടെ ചോദ്യം നേരിടുക പെടാപ്പാടായിരുന്നു. തോറ്റവരെ മാത്രം ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്താന്‍ ആളുകള്‍ കൂട്ടംകൂടി. പക്ഷേ, വീട്ടുകാര്‍ക്ക് സന്തോഷമാണുണ്ടായത്. അതൊരു ബലമായി.''-കടന്നുവന്ന വഴികള്‍ അദ്ദേഹം ഓര്‍ത്തെടുത്തു. കഴുതകളുടെ കരച്ചില്‍ കേട്ട ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കിയശേഷം തുടര്‍ന്നു. ''മൂന്നു കഴുതകളുണ്ട് ഫാമില്‍. ഒരാണും പെണ്ണും കുഞ്ഞും. ഒരു രസത്തിന് വളര്‍ത്തുന്നതാ അവരെ.''
വഴിതുറന്ന പഞ്ചാബ് യാത്ര
യാത്രാപ്രേമിയാണ് മാത്തുക്കുട്ടി. കശ്മീരിലേക്ക് ബൈക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. കൃഷിയിലെ തോല്‍വിക്കഥകളില്‍ കുരുങ്ങാതെ വിജയിച്ച കര്‍ഷകരെയും വിശാലമായ പാടങ്ങളും കാണാന്‍ ഒരിക്കല്‍ അവധിയെടുത്ത് ഉത്തരേന്ത്യയിലേക്ക് കൂട്ടുകാര്‍ക്കൊപ്പം യാത്രപോയി. രാജസ്ഥാന്‍, ഗുജറാത്ത്, ജലന്ധര്‍, ലുധിയാന, അമൃത്സര്‍ തുടങ്ങിയ ഇടങ്ങളില്‍ രണ്ടുരണ്ടരമാസം ചുറ്റിക്കറങ്ങി. ''പഞ്ചാബില്‍ കര്‍ഷകര്‍ക്കു കിട്ടുന്ന ബഹുമാനം കണ്ട് സന്തോഷം തോന്നി. വമ്പന്‍ പാടങ്ങളും ഹൈടെക് കൃഷിരീതികളുമെന്നെ മോഹിപ്പിച്ചു. കൃഷിയില്‍ ഒരു കൈ നോക്കാനുറച്ച് തിരിച്ചുവന്ന് ജോലി രാജിവെച്ചു. യാത്ര തന്ന ഉന്മേഷത്തിലും ആത്മവിശ്വാസത്തിലും ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടു.'' -മാത്തുക്കുട്ടി പറഞ്ഞു.
ഇടനിലക്കാര്‍ തന്ന പണി
''റബ്ബറിന് അവധികൊടുത്ത് കപ്പയും വാഴയും നട്ട് കൃഷിതുടങ്ങി. രാവിലെ പണിക്കിറങ്ങും. വേഷവും രൂപവും മാറി, പൂര്‍ണമായും കൃഷിക്കാരനായി. വിളകള്‍ വില്‍ക്കാന്‍ ചെന്നപ്പോഴാണ് കര്‍ഷകന്റെ യഥാര്‍ഥപ്രശ്‌നം ബോധ്യമായത്. വിപണിയില്‍ വിലയുണ്ട്. പക്ഷേ, ലാഭം കര്‍ഷകനില്ല. കമ്പത്തുനിന്നൊക്കെ കുറഞ്ഞ വിലയ്ക്ക് ടണ്‍ കണക്കിന് പച്ചക്കറികളെത്തുമ്പോള്‍ നാട്ടുവിഭവങ്ങള്‍ക്ക് കടക്കാര്‍ വിലതരില്ല. ആളുകള്‍ കൃഷിയില്‍ നിന്ന് വലിയാന്‍ കാരണമതാണ്. ഉത്പന്നങ്ങള്‍ നേരിട്ട് ആവശ്യക്കാരിലെത്തിക്കാതെ ലാഭമുണ്ടാവില്ല. ഒന്നൊന്നരക്കൊല്ലം പല തോല്‍വികളും നേരിട്ടു. പല തുടക്കങ്ങളും വന്‍നഷ്ടത്തില്‍ കലാശിച്ചു. പിന്നീടാണ് സംയോജിതകൃഷിയിലേക്കിറങ്ങുന്നത്. ''
പാഠങ്ങള്‍ പഠിച്ച്
''കൃഷികൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാവില്ലെന്ന് മനസ്സിലായതോടെ വിപണി പഠിച്ചെടുക്കാന്‍ ഞാനൊരു ശ്രമം നടത്തി. പാലായില്‍ ഏറ്റവുമധികം വിറ്റുപോവുന്ന ഒന്നാണ് ഇറച്ചി. അത്യാവശ്യം ലാഭംകിട്ടുന്ന ഇറച്ചിക്കോഴി വളര്‍ത്തല്‍ പരീക്ഷിച്ചുനോ ക്കി. പിന്നെ സ്വന്തമായി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി. മാര്‍ക്കറ്റിങ്ങില്‍ അതും പച്ചപിടിക്കാതെ തങ്ങിനിന്നു. വൈകാതെ കാറ്ററിങ് കടകള്‍ മുമ്പില്‍കണ്ട് ഇറച്ചിയുടെ പ്രോസസിങ് യൂണിറ്റാരംഭിച്ചു. ഫാമിലെ കോഴികളുടെ മാംസം ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ലുലുമാളില്‍ ജോലിചെയ്ത ഒരാളെ ഇറച്ചിവെട്ടാന്‍ കിട്ടി. പ്രൊഫഷണല്‍ കട്ടിങ് രീതികള്‍ ഇയാളില്‍ നിന്ന് പഠിച്ചെടുത്തു. സ്വന്തമായി ഇറച്ചിവെട്ടി. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഞാന്‍ തന്നെ ആവശ്യക്കാര്‍ക്കെത്തിച്ചുതുടങ്ങി. പതിയെ ഈ ശൃംഖല വളര്‍ന്നു. 2500-3000 കിലോ മാംസം ഇപ്പോള്‍ ദിവസേന എന്റെ യൂണിറ്റില്‍ നിന്ന് സപ്ലൈ പോകുന്നു. കോഴിയും പന്നിയും താറാവുമെല്ലാം പ്രോസസ് ചെയ്ത് വ്യത്യസ്ത വിഭവങ്ങള്‍ക്കുള്ള കട്ടിങ്ങുകളായി കൊടുക്കും. ഹോള്‍ ചിക്കന്‍, ലോലിപോപ്പ്, ബോണ്‍ലെസ്സ്, തുടങ്ങി വാല്യൂ ആഡഡ് ഉത്പന്നങ്ങളടക്കം വില്‍ക്കാന്‍ മൂന്ന് ഔട്ട്‌ലെറ്റുകളും തുടങ്ങി. ഫ്രോസണ്‍ മീറ്റ് ശൃംഖല വളര്‍ത്താനുള്ള പദ്ധതിയിലാണിപ്പോള്‍''-മാത്തുക്കുട്ടി വിശദീകരിച്ചു. വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രോസസിങ് യൂണിറ്റും അലങ്കാരമത്സ്യങ്ങളും അക്വാറ്റിക് പ്ലാന്റുകളും വളരുന്ന സിമന്റ് കുളങ്ങളും കണ്ട് നടത്തം തുടര്‍ന്നു.
''വെള്ളമില്ലാത്ത പറമ്പായിരുന്നു ഇത്. കൃഷിക്കുവേണ്ടി താഴെയും മുകളിലുമായി ആദ്യം രണ്ട് കുളങ്ങള്‍ കുത്തി. പിന്നീട് മൂന്നെണ്ണവും. മണിക്കൂറില്‍ പതിനായിരം ലിറ്റര്‍ വെള്ളം കൃഷിയിടത്തിലേക്കെത്തിക്കാന്‍ സജ്ജീകരണമുണ്ടാക്കി. കുളങ്ങളില്‍ മീന്‍ വളര്‍ത്തി. ജൈന്റ് ഗൗര, തിലാപ്പിയ, നട്ടര്‍, രോഹു കട്‌ല മൃഗാല്‍, വരാല്‍ തുടങ്ങിയ വര്‍ഗ്ഗത്തില്‍ പെട്ട 30000-ത്തോളം മീനുകള്‍ കുളത്തിലുണ്ട്. സ്വന്തം ഔട്ട്‌ലെറ്റിലൂടെയാണ് മീനും വില്‍പന.
ഉത്പാദനച്ചെലവ് ലാഭിച്ച വഴികള്‍
ഒന്നിന്റെ വേസ്റ്റ് മറ്റൊന്നിന് റോ മെറ്റീരിയല്‍ എന്ന രീതിയില്‍ എല്ലാ കൃഷിയും പരസ്പരം ബന്ധിപ്പിക്കാന്‍ ശ്രമിച്ചതോടെ വിജയം മാത്തുക്കുട്ടിക്കൊപ്പമായി. കോഴിയിറച്ചി പ്രോസസ് ചെയ്യുന്ന യൂണിറ്റിലെ ഖരമാലിന്യം തീറ്റയായി നല്‍കാമെന്ന ആലോചനയിലാണ് പന്നികളെ വളര്‍ത്തുന്നത്. ആദ്യം നാലെണ്ണത്തെ വാങ്ങി. ഇപ്പോള്‍ 500-ഓളം പന്നികള്‍ ഫാമിലുണ്ട്. പന്നിഫാമില്‍ നിന്നുള്ള ഫുഡ് വേസ്റ്റും മറ്റും കോഴിക്കും താറാവിനും തീറ്റയായി കൊടുക്കും. പ്രോസസിങ് യൂണിറ്റില്‍ നിന്നുള്ള വെള്ളം ലിക്വിഡ്-ബയോഗ്യാസ് യൂണിറ്റിലേക്ക് നേരെ വിടും. ഈ ബയോഗ്യാസാണ് വീട്ടിലും തൊഴിലാളികളുടെ ക്വാട്ടേഴ്‌സിലും ഉപയോഗിക്കുന്നത്. ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറി വെച്ചാണ് വിള നന. സ്ലറി ചെന്നാല്‍പിന്നെ വേറെ വളപ്രയോഗത്തിന്റെ ആവശ്യമില്ല. ആ പൈസ ലാഭം, ജീവനക്കാരുടെ കൂലിയേ കൈയില്‍നിന്ന് ചെലവാവൂ. പന്നിഫാമിലും പോത്തിന്‍ ഫാമിലും പിന്നെ പ്രോസസിങ് യൂണിറ്റിലുമായി മൂന്നു പ്ലാന്റുകളുണ്ട്.
25-ഓളം ഹോട്ടലുകളില്‍ നിന്നായി ടണ്‍ കണക്കിന് ഫുഡ് വേസ്റ്റെടുക്കും. ഇവ വേര്‍തിരിച്ചളന്ന് ഓരോ ജീവികളുടെയും ഡയറ്റിനൊത്ത് തിന്നാന്‍ കൊടുക്കും. ഉത്പാദനച്ചെലവും അങ്ങനെ ലാഭം. വെള്ള മുയലുകള്‍, മുറ പോത്തുകള്‍ (ഹരിയാണയില്‍ നിന്നുള്ളത്), സ്റ്റാര്‍ ഫ്രൂട്ട് മരങ്ങള്‍, തെങ്ങ്, കമുക്, ജാതി, വാഴ, റബ്ബര്‍, കപ്പ, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറി, പേരയുടെ വെറൈറ്റികള്‍, പലയിനം പ്ലാവുകള്‍, മാംഗോസ്റ്റീന്‍, റംബൂട്ടാന്‍.. ഫാമിലെ കാഴ്ചകള്‍ തീരുന്നില്ല.
പൂര്‍ണമായും ജൈവകൃഷിയാണിവിടെ. പറമ്പില്‍ ജൈവവള പ്ലാന്റുമുണ്ട്. വളം നേരിട്ടും ആവശ്യക്കാര്‍ക്ക് കൊടുക്കും. ജൈവപച്ചക്കറികളുടെ രുചി അനുഭവിച്ചറിഞ്ഞ നാട്ടുകാരില്‍ പലരും പച്ചക്കറികള്‍ കൃഷിചെയ്യാന്‍ നിര്‍ബന്ധിച്ച് മാത്തുക്കുട്ടിയെ സമീപിക്കാറുണ്ട്.
പരിഷ്‌കാരി കര്‍ഷകന്‍
യുവകര്‍ഷക അവാര്‍ഡ് വാങ്ങാന്‍ മോഡേണ്‍ വസ്ത്രമിട്ടെത്തിയ 'പരിഷ്‌കാരി'കര്‍ഷകനെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയതെന്ന് മാത്തുക്കുട്ടി. ''കര്‍ഷകര്‍ സ്‌റ്റൈലായി നടക്കുന്നത് സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നതാണ് സത്യം. കൃഷികൊണ്ട് ഞാന്‍ ഒരിടത്തും താണുപോയിട്ടില്ല. ശരാശരി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഇപ്പോള്‍ 40- ഓളം പേര്‍ക്ക് ജോലി കൊടുക്കാന്‍ എനിക്കാവുന്നുണ്ട്.'' വാക്കുകളില്‍ അഭിമാനം.
ചെയ്യുന്ന ജോലിയില്‍ മനംമടുത്ത് നിസ്സാരസമയംകൊണ്ട് ആരും ഇതിലേക്കിറങ്ങരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ''കൃഷിക്കുപിന്നില്‍ അതിന്റേതായ പാടും രാപ്പകല്‍ അധ്വാനവുമ ുണ്ട്. ഒരുകൊല്ലമെങ്കിലും പൂര്‍ണമായി പഠിച്ചുവേണം പുതിയ ആളുകള്‍ വരാന്‍.''-മാത്തുക്കുട്ടി പറഞ്ഞു.
ആജീവനാന്തം കൃഷിക്കാരനായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുപറയുന്നുമില്ല. ''ആഗ്രഹം തോന്നി, ഇതിലേക്കിറങ്ങി. മറ്റൊരാഗ്രഹം ഭാവിയില്‍ വന്നാല്‍ അതിനുവേണ്ടിയും തുനിഞ്ഞിറങ്ങും. 2007-ല്‍ പവര്‍ലിഫ്റ്റിങ് സൗത്ത് ഇന്ത്യന്‍ ചാമ്പ്യനായിരുന്നു ഞാന്‍. 19-ാം വയസ്സില്‍ ജിംനേഷ്യം തുടങ്ങി. നടുവിനൊരു പരിക്ക് പറ്റിയപ്പോള്‍ ഫീല്‍ഡ് വിട്ടതാണ്. പുതിയ കാര്യങ്ങളും ജീവിതവും ആസ്വദിക്കണമെന്നേ കരുതുന്നുള്ളൂ. ഡ്രൈവര്‍ പണിയായാലും തൂമ്പാ കിളയ്ക്കലായാലും ചെയ്യാന്‍ മടിയില്ല. ഇഷ്ടപ്പെട്ട് ചെയ്താല്‍ നന്നായി പെര്‍ഫോം ചെയ്യാം. പിന്നെ വിഷമില്ലാത്ത നല്ല ഭക്ഷണം കഴിച്ചാ ആയുസ്സിച്ചിരി കൂട്ടിക്കിട്ടും.''-മാത്തുക്കുട്ടി പറഞ്ഞുനിര്‍ത്തി.
Content Highlights: life of young farmer mathukutty tom