ലോകോളേജില്‍ ചുരിദാറിട്ടുവന്ന എനിക്ക് ആണ്‍കുട്ടികള്‍ 'കാല്‍സരായി' എന്ന് പേരിട്ടു

ഇഷ്ടപ്പെട്ട് കൂടെകൂട്ടിയതാണ് നിയമത്തെ. അന്നുമുതല്‍ അതാണ് അഡ്വ.സുമതി ദണ്ഡപാണിയുടെ ജീവിതവഴി. കോഴിക്കോട്ടു ജനിച്ച സുമതി, സുമതി ദണ്ഡപാണിയായതും കൊച്ചി നിവാസിയായതും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായതും അനേകം കേസുകളില്‍ ആയിരങ്ങള്‍ക്ക് ആശ്വാസമായതും ആ വഴിയിലൂടെ നടന്നാണ്. ആ വഴിയില്‍ വന്നു ചേര്‍ന്നവര്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി. നിയമം ജീവിതവുമായി. അതിനെക്കുറിച്ച് അവര്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍, കറുത്ത കോട്ടില്‍ ആഹ്ലാദത്തോടെ ജീവിച്ച ഒരു സ്ത്രീയുടെ ആത്മകഥയായി ആ സംഭാഷണം.
ജീവിതത്തില്‍ എങ്ങനെ നിയമം വന്നു?
വീട് നിറയെ വക്കീലന്മാരായിരുന്നു. രണ്ടു ചേച്ചിമാരുടെ ഭര്‍ത്താക്കന്മാരും അഭിഭാഷകര്‍. മൂത്തചേച്ചിയുടെ ഭര്‍ത്താവ് അഡ്വ.രത്‌നസിങ് എന്നും രാവിലെ നല്ല വേഷം ധരിച്ച് കോടതിയിലേക്കുപോവുന്നതാണ് ഞാന്‍ കണ്ടുശീലിച്ചത്. 'ഇതു കൊള്ളാലോ, മുതിര്‍ന്നാല്‍ ഞാനും വക്കീലാവും.' മനസ്സില്‍ അങ്ങനെ തീരുമാനിച്ചു. അച്ഛനില്‍നിന്ന് പിന്തുണ കിട്ടി. എറണാകുളത്താണ് നിയമം പഠിച്ചത്. കുറച്ചുകാലം കോഴിക്കോട്ട് പ്രാക്ടീസ് ചെയ്തു. പിന്നെ വിവാഹിതയായി വീണ്ടും എറണാകുളത്ത്. ജോലിയുടെ ആദ്യദിനംമുതല്‍ ഇന്നുവരെ വെറുതേയിരിക്കേണ്ടി വന്നിട്ടില്ല. എപ്പോഴും കേസുകള്‍, ചുറ്റും കക്ഷികള്‍.
രണ്ടു നഗരങ്ങളിലെ ജീവിതം...
കോഴിക്കോട് കുറച്ചുകൂടി ഫ്രീയാണ്. അവിടെ ഞങ്ങള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലതെ ഒന്നിച്ചിടപഴകിയിരുന്നു. ഉച്ചഭക്ഷണത്തിനായാലും സിനിമയ്ക്കായാലും എല്ലാവരും ഒന്നിച്ചുപോവും. എറണാകുളത്ത് അങ്ങനത്തെ രീതികള്‍ കുറവായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് പഠിച്ചത്. അവിടെ അന്നേ ഫാഷന്‍ ഡ്രസ്സൊക്കെയിടാം. ഇവിടെ ലോകോളേജില്‍ ചുരിദാറിട്ടുവന്ന എനിക്ക് ആണ്‍കുട്ടികള്‍ ഒരു പേരിട്ടു, 'കാല്‍സരായി'. പിന്നാലെ ഒരു താക്കീതും: ''ഓണം കഴിഞ്ഞും സാരി ഉടുത്തു വന്നില്ലെങ്കില്‍ സാരി ഞങ്ങള്‍ത്തന്നെ വാങ്ങിത്തരും.''
പുതിയ തലമുറയിലുള്ളവര്‍ അത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടോ?
പണ്ടൊക്കെ ഞങ്ങള്‍ കോടതിയില്‍ എങ്ങനെയാണ് ഇരിക്കുന്നത് എന്നതുപോലും ന്യായാധിപര്‍ ശ്രദ്ധിക്കും. കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ഇരിക്കുന്നെതാക്കെ ശ്രദ്ധിക്കുമായിരുന്നു. ഇന്നത്തെ കുട്ടികള്‍ അതൊന്നും വലിയ കാര്യമായെടുക്കുന്നില്ല. അവര്‍ നന്നായി കേസ് പറയും. ഞങ്ങളേക്കാള്‍ നന്നായി പഠിച്ചു വരും. ജൂനിയേഴ്‌സ് ആയി അധികം നില്‍ക്കില്ല. പണ്ട് പത്തുവര്‍ഷംവരെയൊക്കെ ജൂനിയറായി നിന്നവരുണ്ട്. ഇപ്പോള്‍ ഒന്നുരണ്ടു വര്‍ഷം കൊണ്ട് സ്വതന്ത്രരാവും. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ ജൂനിയേഴ്‌സിനെ കിട്ടാനില്ല.
53 വര്‍ഷം മുമ്പ് , ജൂനിയറായി ജോലി ചെയ്തു തുടങ്ങിയ ആ കാലം ഓര്‍മ്മയിലുണ്ടോ?
പൊതുവേ ജൂനിയര്‍മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിട്ടില്ല. ഞാന്‍ തുടങ്ങിയത് മോട്ടോര്‍ വാഹന നിയമങ്ങളിലാണ്. അച്ഛന്‍ ബസ് ഓപ്പറേറ്റായിരുന്നു. ഒരുവിധം ഓപ്പറ്റേര്‍മാരെയൊക്കെ അച്ഛനറിയാം. അച്ഛന്‍ മീറ്റിങ്ങിന്റെ കാര്യങ്ങളൊക്കെ പറഞ്ഞുതരും. മീറ്റിങിന് കൊണ്ടുപോവുകയും ചെയ്യും. അന്ന് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തലവന്‍ കളക്ടറാണ്. എസ്.പി., തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ഒക്കെയുണ്ടാവും. അവിടെ പോയി വാദിച്ചിട്ടുവേണം ബസ്സുടമകള്‍ക്ക് പെര്‍മിറ്റ് വാങ്ങിക്കൊടുക്കാന്‍. യോഗ്യത നോക്കിയിട്ടേ പെര്‍മിറ്റ് തരൂ. ഞാന്‍ ഒറ്റപ്പെണ്ണ്. ബാക്കിയുള്ളവരൊക്കെ സീനിയേഴ്‌സ്. നമ്മള്‍ ഒന്നു വൈകിയാല്‍ കക്ഷികള്‍ വേറെ വക്കീലന്മാരുടെ അടുത്തു പോവും. അവിടെപ്പോയി അടിപിടി കൂടണം. ഞാന്‍ വിട്ടുകൊടുക്കില്ല. 15 വര്‍ഷത്തോളം മോട്ടോര്‍ വാഹനക്കേസുകളില്‍ ഒട്ടും പുറകില്‍ പോവാതെ നിന്നു.
റെയില്‍വേയുടെ സര്‍വീസ് കേസുകള്‍ 83 മുതല്‍ നോക്കുന്നുണ്ട്. പിന്നീട് അതിനായി ഒരു ട്രിബ്യൂണലും വന്നു. ആ സമയത്താണ് ഭര്‍ത്താവ് കെ.പി.ദണ്ഡപാണി ഹൈക്കോടതിയില്‍ ന്യായാധിപനായത്. ഭാര്യ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതോടെ ഞാന്‍ റെയില്‍വേ ട്രിബ്യുണലില്‍ത്തന്നെ തുടര്‍ന്നു. അദ്ദേഹം സ്ഥലം മാറ്റത്തെത്തുടര്‍ന്ന് രാജിവെച്ചെങ്കിലും ഞാന്‍ അടുത്തകാലംവരെ റെയില്‍വേയുടെ പാനലില്‍ ഉണ്ടായിരുന്നു. പത്തു വര്‍ഷമായി റിസര്‍വ് ബാങ്കിന്റെ അഭിഭാഷകയുമാണ്.
മകള്‍ മിട്ടു മനോജ് ഓസ്‌ട്രേലിയയിലും മകന്‍ മില്ലു ദണ്ഡപാണി കേരളാ ഹൈക്കോടതിയിലും അഭിഭാഷകരാണ്. മകളുടെ മകള്‍ മനീഷ മെല്‍ബണില്‍ ചീഫ് ജസ്റ്റിസിന്റെ ലോ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.
ഇപ്പോള്‍ സിവില്‍ കേസുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ. വിധിയാവാന്‍ വര്‍ഷങ്ങളെടുക്കില്ലേ?
ഇപ്പോള്‍ നോക്കുന്ന കേസുകള്‍പലതും വര്‍ഷങ്ങള്‍ മുന്‍പുള്ളതാണ്. കക്ഷികളെയൊന്നും വിളിച്ചാല്‍ കിട്ടില്ല. പലരും മരിച്ചുപോയിട്ടുണ്ടാവും. ഒരു കക്ഷിയുണ്ടായിരുന്നു. എപ്പോഴും കാണാന്‍ വരും. പിന്നെ വിളിച്ചിട്ട് ഫോണെടുക്കാതായി. ഒടുവില്‍ രജിസ്‌ട്രേഡ് കത്തച്ചയച്ചപ്പോള്‍ അയാള്‍ അത് സ്വീകരിച്ചതായി മനസ്സിലായി. അതുകഴിഞ്ഞ് അയാളുടെ മകന്‍ തിരിച്ചു വിളിച്ചു. ആ മനുഷ്യന്‍ തളര്‍ന്നു കിടപ്പിലാണെന്ന് അപ്പോഴാണ് അറിഞ്ഞത്.
താല്‍പര്യം തോന്നിയ കേസുകള്‍?
കേരളാ ലൈവ് സ്റ്റോക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കേസ് നടത്താറുള്ളത് ഞാനാണ്. അനി. എസ്.ദാസ്. മാനേജിങ് ഡയറക്ടറായിരുന്നപ്പോഴാണ് എന്നെ ഏല്‍പ്പിക്കുന്നത്. അനി ഭയങ്കരമായി കേസ് നടത്തും. ജയിക്കണമെന്ന് വാശിയാണ്. നന്നായി കേസ് പഠിപ്പിക്കും. ആ ചെറുപ്പക്കാരന്റെ ആത്മാര്‍ഥത എനിക്കും ഇഷ്ടമായി.
സര്‍ക്കാര്‍ മാറിയപ്പോള്‍ എന്നെ മാറ്റണമെന്ന് നിര്‍ദ്ദേശം വന്നു. അനി ചോദിച്ചു, ''എന്തിനാ മാറ്റുന്നത്? എല്ലാ കേസും ജയിക്കുന്നുണ്ടല്ലോ.'' അപ്പോള്‍ മന്ത്രി പറഞ്ഞു, ''ശരി, എന്നാല്‍ കേസ് തോറ്റാല്‍ മാറ്റാം.'' ഇപ്പോഴും എന്നെ മാറ്റിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒരു ടി.വി. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനിടയില്‍ അനി ദാസ് മരിച്ചു. അനിയെ ഓര്‍ക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിക്കും കേസ് തോല്‍ക്കാതെ നോക്കണമെന്ന്.
വിവാഹിതയായത് മുതല്‍ ഒരു വീട്ടില്‍ രണ്ടു നിയമവിദഗ്ധര്‍ ഉണ്ടായിരുന്നല്ലോ. പരസ്പരം കേസുകളില്‍ ഇടപെടുമായിരുന്നോ?
ഒട്ടുമില്ല. അദ്ദേഹം നല്ല പിന്തുണ തന്നിരുന്നു. എല്ലാ ആഴ്ചയും ഔദ്യോഗിക യാത്രയുണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെ എല്ലായിടത്തും വിടുന്നതെന്ന് ചിലരൊക്കെ ചോദിക്കുമായിരുന്നു. അദ്ദേഹം അതൊന്നും കാര്യമാക്കില്ല. തിരക്കുകള്‍ എന്നുമുണ്ട്. 12 മണി കഴിഞ്ഞേ ഞാന്‍ കിടക്കാറുള്ളൂ. കേസ് പഠിക്കാതെ കോടതിയില്‍ പോവില്ല.
ഒഴിവു കിട്ടുന്നത് വെള്ളിയാഴ്ച രാത്രിയാണ്. അന്ന് സ്ഥിരമായി സിനിമയ്ക്ക് പോവും. മൂപ്പര്‍ക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം. എനിക്ക് മോഹന്‍ലാലിനെയും. രണ്ടുപേരുടെ പടവും ഒരുമിച്ച് റിലീസായാല്‍ മൂപ്പര് മോഹന്‍ലാലിന്റെ പടത്തിനേ ടിക്കറ്റ് എടുക്കൂ.
നിയമമറിയാവുന്ന സ്ത്രീയുടെ ജീവിതം കുടുതല്‍ എളുപ്പമാണെന്നു തോന്നിയിട്ടുണ്ടോ?
ചിലപ്പോഴൊക്കെ. ഞാന്‍ ഓവര്‍ സ്പീഡുകാരിയാണ്. വണ്ടി പതുെക്ക ഓടിക്കാന്‍ അറിയില്ല. എല്ലാ പോലീസും എന്നെ നോട്ടുചെയ്യും. ഒരിക്കല്‍ ദണ്ഡപാണി ഒരു വീട്ടില്‍ പോയപ്പോള്‍ ആരോ ചോദിച്ചു, ''ആ സ്പീഡില്‍ വണ്ടി ഓടിക്കുന്ന വക്കീലിന്റെ ഭര്‍ത്താവല്ലേ?'' അദ്ദേഹം വീട്ടില്‍ വന്നുപറഞ്ഞു. '' സ്പീഡില്‍ വണ്ടി ഓടിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവെന്നാണ് എന്റെ അഡ്രസ്. നീയൊന്ന് പതുക്കെ ഓടിക്ക്.''
ഒരിക്കല്‍ മൊബൈല്‍ കോര്‍ട്ട് കൈ കാണിച്ചു. ഞാന്‍ വിചാരിച്ചത് എന്നെയല്ല എന്നാണ്. അടുത്ത ദിവസം അതേ സ്ഥലത്ത് വെച്ച് അവര്‍ വീണ്ടും കൈ കാണിച്ചു. ഞാനിറങ്ങി. കഷ്ടകാലത്തിന് അന്ന് ലൈസന്‍സ് കൈയില്‍ ഇല്ലായിരുന്നു. അഞ്ചുമിനിറ്റുകൊണ്ട് എടുത്തുവരാം എന്ന് ഞാന്‍ പറഞ്ഞു. സമയം തരില്ലെന്നായി അവര്‍. ഇതെന്തു കോടതി? എല്ലാ കോടതിയും സമയം തരുമല്ലോ. സമയം തന്നില്ലെങ്കില്‍ കേസിനുപോവുമെന്നും പറഞ്ഞു. ''എന്നാല്‍ ഫൈനിടട്ടേ?'' എന്നായി അവര്‍. എറ്റവും കുറവ് ഇട്ടാല്‍ ഓക്കേയെന്ന് ഞാനും. അവര്‍ ഫൈനിട്ടു. 20 രൂപ!
നിയമത്തിന് ആണ്‍പെണ്‍ വ്യത്യാസമുണ്ടോ?
ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. എന്റെ തുടക്കകാലത്ത് ഹൈക്കോടതിയില്‍ 12 വനിതാ വക്കീലന്മാരാണുള്ളത്. ഇപ്പോള്‍ ആയിരത്തില്‍ അധികമുണ്ട്. അവര്‍ ധൈര്യത്തോടെ കേസ് പറയും. പഠിച്ച് കേസ് പറയുന്ന സ്ത്രീകളെ ന്യായാധിപന്മാരും പ്രോത്സാഹിപ്പിക്കും.
സ്ത്രീകള്‍ പരാതിക്കാരായി എത്തുമ്പോള്‍ വിചാരണ വേളയില്‍ മോശം അനുഭവങ്ങളുണ്ടാവുന്നതായി കേള്‍ക്കാറുണ്ട്... കോടതിയില്‍ മോശം കമന്റ് പറയുന്ന ന്യായാധിപര്‍ ഉണ്ടാവാം. പക്ഷേ, പൊതുവേ ആരും അനാവശ്യമായി ഒന്നു പറയില്ല. കുടുംബക്കോടതി കേസുകളില്‍ ഈ പ്രവണത കാണാം. എതിര്‍ കക്ഷിയെ എങ്ങനെയെങ്കിലും കരിവാരിത്തേക്കാനാണ് രണ്ടുകൂട്ടരുടെയും ശ്രമം.
ഞാന്‍ നടത്തിയ ഒരു കേസുണ്ട്. ആ സ്ത്രീ നല്ല മിടുക്കി. അയാള്‍ ഡോക്ടര്‍. ദാമ്പത്യം മോശം. കീഴ്‌ക്കോടതി വിവാഹമോഹനം അനുവദിച്ചില്ല. ഞാനാണ് അപ്പീല്‍ കൊടുത്തത്. അവര്‍ക്കൊരു മകനുണ്ട്. മെഡിസിന് പഠിക്കുന്നു. ജഡ്ജ് അവനെ വിളിച്ചു. അവന്‍ പറഞ്ഞു, ''അച്ഛനും അമ്മയും എത്രയോ വര്‍ഷമായി ഇങ്ങനെ പൊരുത്തപ്പെടാതെ ജീവിക്കുന്നു. അവര്‍ പിരിയുന്നതാണ് നല്ലത്.'' ഭര്‍ത്താവ് സമ്മതിച്ചില്ല. ''ഞാന്‍ നാലുപേരറിയുന്ന ഡോക്ടറാണ്.'' അയാളുടെ ഈഗോ കാരണം ഒന്നും നടന്നില്ല.
പുതിയ തലമുറയില്‍ വിവാഹമോചനം കൂടുതലാണോ?
ഉണ്ടാവാം. പക്ഷേ പലരും പിരിയുന്നത് സൗഹൃദത്തോടെയാണ്. പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല. അവര്‍ പരസ്പരം പറയുന്ന എല്ലാ തെറികളും ഞങ്ങളും കേള്‍ക്കണം. ചില ഭര്‍ത്താക്കന്മാര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ സമ്മതിക്കും. അല്ലാത്തവരില്‍നിന്ന് പിടിച്ചെടുക്കണം.
അടുത്തിടെ സിനിമാ രംഗത്തുള്ള ഒരാള്‍ ഡിവോഴ്‌സിനു വന്നു. രണ്ടുപേരും ചെറുപ്പക്കാര്‍. അവര്‍ നല്ല സുഹൃത്തുക്കള്‍. എന്റെ മുന്നില്‍ വര്‍ത്തമാനം പറഞ്ഞ് അങ്ങനെ ഇരുന്നു. ചീത്ത വിളിയില്ല, കുറ്റം പറച്ചിലില്ല. ഇവര്‍ക്കെന്തിനാ ഡിവോഴ്‌സ് എന്ന് എനിക്ക് സംശയമായി. അവര്‍ വന്നതും പോയതും ഒരുമിച്ചാണ്.
ജസ്റ്റിസ് കുര്യന്‍ ജോസഫിന് ഡിവോഴ്‌സ് കേസിന്റെ കാര്യത്തില്‍ പ്രത്യേക നിലപാടായിരുന്നു. അദ്ദേഹം ആരെയും പിരിയാന്‍ സമ്മതിക്കില്ല. മലപ്പുറത്തുനിന്ന് ഒരിക്കല്‍ ഒരു കേസ് വന്നു. ജസ്റ്റിസ് പറയും, ''നിങ്ങള്‍ ബോട്ടിങ്ങിന് പോയി വാ.'' അടുത്ത തവണ പറയും, '' സിനിമയ്ക്കു പോയി വാ..'' അങ്ങനെ പോയിപ്പോയി അവര്‍ പിരിയാനുള്ള തീരുമാനം ഉപേക്ഷിച്ചു. കുര്യന്‍ സാര്‍ അവരോട് പറഞ്ഞു: ''സന്തോഷമായി. നിങ്ങള്‍ പോയി ഒരു ബിരിയാണി കഴിച്ചു വരൂ...'' ഭാര്യ പറഞ്ഞു: ''ഞങ്ങള് മാത്രം പോയിട്ടെന്താ. നിങ്ങളും വാ.'' കോടതിയാകെ ചിരിച്ചുപോയി.
നിയമത്തിന്റെ കാര്‍ക്കശ്യങ്ങള്‍ക്കിടയിലെ ചിരിയൂറുന്ന നിമിഷങ്ങള്‍. സുമതി വക്കീല്‍ ചിരിച്ചുകൊണ്ട് സംഭാഷണം പൂര്‍ത്തിയാക്കി. പിന്നെ അരനൂറ്റാണ്ടു കടന്ന അനുഭവസമ്പത്തിന്റെ ആര്‍ജവത്തോടെ അടുത്ത ജോലിയിലേക്കു നടന്നു.
Content Highlights: life of adv sumathi dandapani