ഒരു നാട്ടില്‍ അക്ഷരശ്ലോകസംസ്‌കാരം വളര്‍ന്നതിന്റെ കഥയാണ് ഈ ചേച്ചിയുടെയും അനിയത്തിയുടെയും ജീവിതം

#അശ്വതി ബാലചന്ദ്രന്‍
ആര്യാംബികയും അനഘയും
ആര്യാംബികയും അനഘയും

ഇരുട്ടിന്റെ പുതപ്പിനുള്ളില്‍നിന്ന് രാത്രി ചിണുങ്ങിയെഴുന്നേല്‍ക്കുംമുന്നേ കവിത വായിക്കാന്‍ ഒരുകുട്ടി കണ്ണുതുറന്നു. സൂര്യന്റെ രാജരഥത്തെ വരവേല്‍ക്കാന്‍ ചുവക്കുന്ന ആകാശം. അതുകണ്ട് 'കുങ്കുമപ്രഭാത'മെന്ന ഇടശ്ശേരിക്കവിത ഉള്ളിലേക്കാവാഹിക്കണം; പൂര്‍ണതയോടെ ചൊല്ലണം. കവിതയുടെ ആത്മാവ് കണ്ടെത്താതെ യാന്ത്രികമായി ഉരുവിട്ട് മത്സരിക്കില്ലെന്ന് കുട്ടി ശഠിച്ചപ്പോള്‍, കവിത തിരഞ്ഞെടുത്തുതന്ന ചേച്ചിതന്നെയാണ് വെളുപ്പിനെഴുന്നേറ്റിരുന്ന് വായിക്കാന്‍ നിര്‍ദേശിച്ചത്. ചുവന്നുതുടുത്ത ആകാശം നോക്കിനിന്നപ്പോള്‍ കുട്ടിയുടെ മനസ്സില്‍ വരികളുടക്കിത്തുടങ്ങി. 

ആ ചേച്ചി ഇന്ന് അധ്യാപികയും എഴുത്തുകാരിയുമാണ്. പേര് ഡോ. ആര്യാംബിക എസ്.വി. അന്നത്തെ കുട്ടി, ആര്യാംബികയുടെ അച്ഛന്റെ അനുജന്റെ മകള്‍ അനഘ ജെ. കോലത്ത്. 2015-ല്‍ 'തോന്നിയ പോലൊരു പുഴ' എന്ന കൃതിക്ക് ആര്യാംബികയും 2022-ല്‍ 'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കൃതിക്ക് അനഘയും കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടി.

ഇവരുടെയും ഇരുവര്‍ക്കും തണലായി നിന്ന, ആര്യാംബികയുടെ പിതാവ് വിശ്വനാഥന്‍ എന്ന ഗുരുവിന്റെയും കഥ ഒരു നാട്ടില്‍ അക്ഷരശ്ലോകസംസ്‌കാരം വളര്‍ന്ന കഥകൂടിയാണ്. റബ്ബര്‍മാത്രം വിളയുമെന്ന് രഹസ്യമായും പരസ്യമായും കളിയാക്കല്‍ കേട്ട കോട്ടയത്തെ പാലായില്‍, കവിത രുചിച്ച് മത്തുപിടിച്ച കെ.എന്‍. വിശ്വനാഥന്‍നായരെന്ന സ്‌കൂള്‍മാഷിന്റെ തലയിലുദിച്ച വെളിച്ചം, അതാണ് കൈരളി ശ്ലോകരംഗം. കുട്ടികള്‍ നന്നായി കവിതചൊല്ലട്ടെ, അതുമതി ദക്ഷിണയായി എന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ.എന്‍. വിശ്വനാഥന്‍ തുടങ്ങിയ ശ്ലോകക്കളരിയുടെ സന്തതികളായ അനഘയും ആര്യയും മലയാളസാഹിത്യത്തിലെ നക്ഷത്രത്തിളക്കമാണ്. വാക്കുപൂക്കുന്ന കൈരളിയുടെ തണലിലിരുന്ന് ഇരുവരും ഓര്‍മക്കഥ പറയുന്നു...

ശ്ലോകക്കളരിയുടെ അന്തരീക്ഷം ഇരുവരെയും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? 
ആര്യാംബിക: അന്നപൂര്‍ണ എന്ന മൂത്ത ചേച്ചിയിലാണ് കഥയുടെ തുടക്കം. സംസ്‌കൃതോത്സവത്തില്‍ 10-ാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളോടു മത്സരിച്ച് ചേച്ചി വിജയിച്ചപ്പോള്‍, തങ്ങളുടെ കുട്ടികളെക്കൂടി ശ്ലോകം പഠിപ്പിക്കാമോ എന്നായി നാട്ടുകാര്‍. അങ്ങനെയാണ് കളരിയുടെ ആരംഭം. അഞ്ചുപേരായിരുന്നു ആദ്യമുണ്ടായിരുന്നത്. പതിയെ കുട്ടികളുടെ എണ്ണം കൂടി. വാര്‍ഷികത്തിന് കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരെല്ലാം പങ്കെടുക്കുമായിരുന്നു. കടമ്മനിട്ട, ഡി. വിനയചന്ദ്രന്‍, എന്‍.കെ. ദേശം, എം.എന്‍. പാലൂര്‍, ഏറ്റുമാനൂര്‍ സോമദാസന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, കുരീപ്പുഴ ശ്രീകുമാര്‍, പ്രഭാ വര്‍മ, പ്രമീളാദേവി ടീച്ചര്‍ എന്നിങ്ങനെ നീളുന്നു പട്ടിക. അവരെല്ലാം ക്ലാസെടുക്കുകയും കവിതകള്‍ തിരുത്തിത്തരികയും ചെയ്തു.  കവിതയെഴുത്തിലേക്ക് കളരിക്കുട്ടികളെ നയിച്ചതില്‍ അച്ഛന്റെ സുഹൃത്തായ കവി ഇ.എന്‍.വി പുലിയന്നൂരിന് വലിയപങ്കുണ്ട്. 

അനഘ: വല്യച്ഛന്റെ സ്വാധീനം വളരെയധികമുണ്ടായിരുന്നു. വായന തരുന്ന ഉള്‍ത്തെളിച്ചവും ഉള്‍വഴികളുമാണ് എഴുത്തിനെ മുന്നോട്ടുനയിക്കുന്നത്. 

എഴുത്തുകാര്‍ സങ്കല്പജീവികളാണോ? 
അനഘ: പൂര്‍ണമായും സങ്കല്പത്തില്‍ ജീവിക്കാന്‍ കഴിയില്ല. സങ്കല്പവും സത്യവും ഇഴനെയ്യുന്ന ഒരു ഇണക്കുവിദ്യയുടെ രസമാണ് വായനയിലും എഴുത്തിലും അനുഭവിക്കാനാകുന്നത്. യാഥാര്‍ഥ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും ചുറ്റുപാടാണ് എഴുത്തിന് തുടര്‍ച്ച നല്‍കുന്നത്. നോവല്‍ പോലുള്ള ശ്രമങ്ങളില്‍പ്പോലും പൂര്‍ണമായൊരു സങ്കല്പലോകം നിര്‍മിച്ച് എഴുതാന്‍ എനിക്ക് സാധിക്കാറില്ല. 

ശ്ലോകം പഠിച്ചുവളര്‍ന്ന് പിന്നീട് ശൈലി മാറ്റാനാണല്ലോ ആര്യാംബിക ശ്രമിച്ചത്? 
ആര്യാംബിക: സ്വയം തിരുത്തിക്കഴിഞ്ഞ് ഒരു വിശ്വാസം വരുമ്പോഴാകും മറ്റൊരാളെ കാണിക്കുന്നത്. വായിച്ച കവിതകള്‍ ഉള്ളിലുണ്ടാകും. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പറഞ്ഞുപോകരുത് ഇത് മറ്റൊന്നിന്റെ പകര്‍പ്പെന്ന് ഇടശ്ശേരി പറയുന്നുണ്ട്. അതോര്‍ക്കും. പക്ഷേ, ഒരേ കാലഘട്ടത്തില്‍ എഴുതുന്ന, ഒരേപോലെ ചിന്തിക്കുന്നവരുടെ എഴുത്ത് ഒരേപോലെ വന്നേക്കാം. കഴിവതും അങ്ങനെയാവാതിരിക്കാന്‍ ശ്രദ്ധിക്കും.

ഓര്‍മകളില്‍ ജീവിക്കുന്നതിനെപ്പറ്റി...
അനഘ: ഒരു ഹൈപ്പര്‍ലിങ്ക് പോലെ എന്തെങ്കിലും വാക്കോ കാര്യമോ കേള്‍ക്കുമ്പോള്‍ ഒരുപാട് ഓര്‍മകള്‍ വന്ന് ക്യൂനില്‍ക്കും. കളരിയും സ്‌കൂളുമൊക്കെ ഓര്‍മയില്‍ വളരെ സജീവമാണ്. നാടും വീടും, മധ്യവേനലവധിക്കാലത്ത് വല്യച്ഛന്റെ അടുക്കല്‍നിന്ന് ശ്‌ളോകം പഠിക്കുന്നതുമെല്ലാം നിറമുള്ള സ്മരണകളാണ്. ശ്‌ളോകവും കാവ്യകേളിയും കവിതയെഴുത്തും സമസ്യാപൂരണവുമായി കഴിഞ്ഞ നാളുകളെപ്പറ്റി എല്ലാ കൈരളിക്കുട്ടികള്‍ക്കും പറയാനുണ്ടാകും.
ആര്യാബിക: പലപ്പോഴും എഴുത്തിലേക്കു നയിക്കുന്നത് ഓര്‍മകളാകും. എഴുത്തുകാര്‍ക്ക് അതൊരു മൂലധനവുമാണ്. ഇന്നിനോട് ഓര്‍മകളെ താരതമ്യപ്പെടുത്തുമ്പോഴാണ് അതിനു തീവ്രത കൂടുക. 

സ്‌കൂളിലെ ഓര്‍മകള്‍...
അനഘ: ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്, രണ്ട് വ്യത്യസ്തകാലങ്ങളില്‍. ആ സമാനതകളും വ്യത്യസ്തതകളും ചര്‍ച്ചചെയ്യാറുണ്ട്.

''ഊര്‍ന്നിറങ്ങാനാകുന്ന പുല്‍ച്ചെരിവില്‍നിന്ന് താഴേക്കു നീങ്ങുന്ന പാവാടയില്‍ നിറയെ കൊന്തന്‍പുല്ലുകള്‍ കിരുകിരുക്കും...
ഓടിച്ചെന്നു ബാഗെടുത്തു പോന്നപ്പോള്‍ പൊന്തക്കാട്ടിലൊളിപ്പിച്ചുവെച്ച പന്ത്,
കൂട്ടുകാരിയുടെ പാവാടപ്പോക്കറ്റിലെ തൂവാലയില്‍ പൊതിഞ്ഞ ഗോതമ്പുവറുത്തത്.
മറന്നിട്ടുപോയാല്‍ ഹോംവര്‍ക്കെങ്ങനെ ചെയ്യുമെന്ന് നിലവിളിച്ച് ഡെസ്‌കിലിരിക്കുന്ന നോട്ടുബുക്ക്...
പിന്നെപ്പിന്നെ എത്ര വിചാരിച്ചാലും എടുത്തുകൊണ്ടുവന്ന് വീട്ടില്‍വെയ്ക്കാന്‍ പറ്റാത്തൊരു സ്‌കൂളും...''

ഇംഗ്ലീഷ് പ്രയോഗങ്ങള്‍ കൂടുമ്പോള്‍ ഭാഷ തളരുകയാണോ, വളരുകയാണോ? 
ആര്യാംബിക: വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്നുവന്നവര്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ ഒരേപോലെയാകണമെന്നില്ല. ഇംഗ്ലീഷ് പദങ്ങള്‍ ധാരാളമായി കടന്നുവന്നേക്കാം. സ്വാഭാവികമായി വരുന്നതിനെ തെറ്റായി കരുതേണ്ടതില്ല. ഭാഷ കൃത്രിമമാവാതിരുന്നാല്‍മതി. ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോളുണ്ടാകുന്ന പിഴവിനെക്കുറിച്ച് വാചാലമാകുകയും മലയാളഭാഷയില്‍ കടന്നുവരുന്ന തെറ്റുകളുടെനേരേ കണ്ണടയ്ക്കുകയുംചെയ്യുന്ന പ്രവണത നന്നല്ല. മുതിര്‍ന്ന കുട്ടികള്‍പോലും നിസ്സാരമായ മലയാളപദങ്ങള്‍ എഴുതാന്‍ സംശയിച്ചുനില്‍ക്കുന്നത് കാണാറുണ്ട്.
ഭാവിപദ്ധതികള്‍? 
അനഘ: കളരിയില്‍നിന്ന് ഞങ്ങള്‍ക്കു കിട്ടിയത് വരുംതലമുറയിലേക്ക് പകര്‍ന്നുനല്‍കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമാണ്. കവിത പഠിച്ചതിലൂടെ കേവലം ചൊല്ലലിനപ്പുറം ജീവിതവീക്ഷണത്തില്‍ത്തന്നെ മാറ്റംവരുത്താന്‍ കഴിഞ്ഞതായി പലരും പറയുന്നു. അതിലൂടെ വളര്‍ന്ന സൗഹൃദങ്ങളും ചിന്തകളും ഏറെ മൂല്യമുള്ളതാണ്. 


കവിത മണക്കുന്ന വഴികളില്‍ സന്ധ്യയുടെ ചുവപ്പ് പരന്നൊഴുകി. കിളികള്‍ കൂടണയാന്‍ വെമ്പുമ്പോഴും കവിത മൂളുകയായിരുന്നു, കൈരളിയുടെ മുറ്റത്തെ കാറ്റ്. ആ കാറ്റേറ്റ് അവരിരുന്നു, ഒരു നാടിന് ഭാഷയുടെ പാലമൃതൂട്ടുന്ന, ഒരുകുലയില്‍ വിരിഞ്ഞ പൂക്കള്‍പോലെ, കവിതയുടെ സുഗന്ധം പരത്തുന്ന സഹോദരിമാര്‍.


 

Content Highlights: life and works of poets aryambika and anagha j.koloth