ആ പകലിൽ ചിതയിൽ എരിയാത്തൊരു ഹൃദയം കൊച്ചിയിലേക്ക് പറന്നു... ലീനയെ തേടി

വേനല്‍ വാശിയോടെയെരിഞ്ഞ ആ മേയ്മാസപ്പകലില്‍ തിരുവനന്തപുരത്തുനിന്നൊരു ഹൃദയം കൊച്ചിയിലേക്ക് പറന്നു. തിരുവനന്തപുരം സ്വദേശിനിയും അധ്യാപികയുമായ ലാലിയുടെതായിരുന്നു ആ ഹൃദയം. കൊച്ചിയിലെ ആസ്പത്രിയില്‍ കൈയില്‍ കൊരുത്ത കൊന്തയില്‍ വിരലോടിച്ച് ലീന ആ ഹൃദയത്തിന്റെ വരവും കാത്തിരുന്നു. പ്രാര്‍ഥനകള്‍ വിഫലമായില്ല. ശസ്ത്രക്രിയാമുറിയില്‍ വിശുദ്ധര്‍ അദ്ഭുതങ്ങള്‍ തീര്‍ത്തു. അകലെയൊരു ചിതയൊരുങ്ങുമ്പോള്‍ അവിടെയാ ഹൃദയം ഉണരുകയായിരുന്നു. അങ്ങനെ ലാലി ടീച്ചര്‍ ലീനയിലൂടെ പുനര്‍ജനിച്ചു. അതിനാല്‍ ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന വചനം പൊരുളായി. മാലാഖമാരുടെയും വിശുദ്ധരുടെയും കൈയൊപ്പു പതിഞ്ഞ സ്വര്‍ഗീയകല്പന.
ഹൃദയത്തിലേക്ക്
കോതമംഗലം ഭൂതത്താന്‍കെട്ട് ശങ്കരത്തില്‍ ലീനയ്ക്കും ഷിബുവിനും രണ്ടുമക്കള്‍. മകള്‍ ഷിയോണ കോയമ്പത്തൂരില്‍ ഡിസൈന്‍ എന്‍ജിനീയര്‍. മകന്‍ ബേസില്‍ ബെംഗളുരുവില്‍ ഒരു കമ്പനിയില്‍ ലീഗല്‍ അനലിസ്റ്റ്. ജീവിതത്തില്‍ അവരറിഞ്ഞ വേദനയുടെ ഏടുകള്‍ക്ക് മൂന്ന് വര്‍ഷത്തിന്റെ പഴക്കമുണ്ട്. ജോലിസംബന്ധമായി ലീനയും ഷിബുവും മൂന്നാറിലായിരുന്നു താമസം.
2019 ജൂണ്‍ ആറിനു രാത്രി ലീന തളര്‍ന്നുവീണു. ഹാര്‍ട്ട് അറ്റാക്കാണ്. കൂടുതല്‍ ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അടിയന്തര വൈദ്യസഹായം നല്‍കി അപ്പോള്‍ത്തന്നെ ആംബുലന്‍സില്‍ കൊച്ചി രാജഗിരി ആസ്പത്രിയിലേക്ക്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. പതിനഞ്ചുദിവസത്തോളം ആസ്പത്രിയില്‍. അടുത്ത ചെക്കപ്പിനായി ആസ്പത്രിയില്‍ ചെന്നപ്പോള്‍ വാല്‍വിന് തകരാറുണ്ടെന്ന് മനസ്സിലായി. മറ്റൊരഭിപ്രായംകൂടി തേടാമെന്നു കരുതി എറണാകുളം ലിസി ആസ്പത്രിയിലെ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തെ ചെന്നുകണ്ടു.
തുടര്‍പരിശോധനകളിലാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം ക്രമേണ നിലച്ചുകൊണ്ടിരിക്കുകയാണെന്നു മനസ്സിലായത്. ഹൃദയം മാറ്റിവെക്കണം. പക്ഷേ, കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എത്രയും വേഗം പറ്റിയൊരു ഹൃദയം കണ്ടെത്തണം. അമ്പതുവയസ്സാണ് ലീനയ്ക്ക്. അതേപ്രായത്തിലുള്ള ഒരു സ്ത്രീയുടെ ഹൃദയംതന്നെ കിട്ടണം. രക്തഗ്രൂപ്പും സമാനമായിരിക്കണം. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ചെയ്തു. കാത്തിരിപ്പ് 2020 മേയ് എട്ടിന് അവസാനിച്ചു. തിരുവനന്തപുരം ചെമ്പഴന്തി ലാലീ ഭവനില്‍ ലാലി ടീച്ചറുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത് ആ ദിവസമായിരുന്നു. അവയവദാനത്തിന് ടീച്ചറുടെ കുടുംബം തയ്യാറായി. അങ്ങനെ ടീച്ചറുടെ ഹൃദയത്തിലൂടെ ലീന ജീവിതത്തിലേക്ക് തിരികെ നടന്നുകയറി.
കരുതലേകും കരുണ
രോഗങ്ങളുടെയും ആകുലതകളുടെയും ആ കാലം ഓര്‍ക്കുമ്പോള്‍ ഷിബുവിന് ശബ്ദമിടറും. ' അതുവരെ കാര്യമായൊരു ആരോഗ്യപ്രശ്‌നവും ലീനയ്ക്കുണ്ടായിരുന്നില്ല. ആന്‍ജിയോപ്ലാസ്റ്റിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും അസുഖം മാറുന്നില്ല. ശ്വാസതടസ്സവും മറ്റുമൊക്കെയായി ബുദ്ധിമുട്ടിലായ മാസങ്ങള്‍. തുടര്‍ന്നും ഹൃദയാഘാതമുണ്ടായേക്കാമെന്നും കാര്യമായ പ്രതീക്ഷ വേണ്ടെന്നുമൊക്കെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പുതന്നുകൊണ്ടിരുന്നു. കിടന്നാല്‍ ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞ് ശ്വാസംമുട്ടലനുഭവപ്പെടും. അവളിങ്ങനെ ശ്വാസംകിട്ടാതെ ഇരുന്നും നടന്നും ജനലിന്റെ അഴിയില്‍പ്പിടിച്ചുനിന്നുമൊക്കെ നേരം വെളുപ്പിക്കുന്നത് മക്കളും ഞാനും നിസ്സഹായരായി കണ്ടുനില്‍ക്കും. അങ്ങനെ പതിവുപോലെ ചെക്കപ്പിനു പോയതാണ്.
ഡോക്ടറുടെ റൂമിലിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഫോണ്‍ വന്നു. തിരുവനന്തപുരത്ത് ഒരു ഹൃദയം ലഭ്യമാണെന്നുപറഞ്ഞുകൊണ്ടുള്ള ഫോണ്‍കോള്‍. പിന്നീടൊന്നും ചിന്തിച്ചില്ല. ഹൃദയം നല്‍കിയ ദൈവം അത് തുന്നിച്ചേര്‍ക്കാനുള്ള സാഹചര്യംകൂടി നല്‍കുമെന്നുതന്നെ ഉറപ്പിച്ചു. അന്നുതന്നെ ലീനയെ അവിടെ അഡ്മിറ്റാക്കി. ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ ടീച്ചറുടെ ഹൃദയം പിറ്റേദിവസം കൊച്ചിയിലെ ആസ്പത്രിയിലെത്തിച്ചു. അന്നുരാത്രി ഒമ്പതരയോടെ സര്‍ജറി പൂര്‍ത്തിയാക്കി. ഒരുമാസത്തോളം ആസ്പത്രിയില്‍ കിടന്നു. ഹൃദയമിടിപ്പ് കുറവായിരുന്നു. അതുകൊണ്ട് മറ്റൊരു സര്‍ജറികൂടി നടത്തി പേസ്മേക്കര്‍ ഘടിപ്പിച്ചു. സാഹചര്യങ്ങള്‍ എത്രത്തോളം അനുകൂലമായാല്‍ത്തന്നെയും ദൈവത്തിന്റെ കൈ പ്രവര്‍ത്തിക്കുക തന്നെവേണമെന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. ലീനയുടെ കാര്യത്തില്‍ ശാസ്ത്രവും ദൈവകൃപയും ഒന്നിച്ചുചേര്‍ന്ന് അദ്ഭുതങ്ങള്‍തീര്‍ത്തു. ഞങ്ങളെ അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് മനുഷ്യര്‍ പ്രാര്‍ഥിച്ചു, സഹായിച്ചു. പ്രാര്‍ഥനകളില്‍ ഞങ്ങള്‍ ലാലി ടീച്ചറുടെ കുടുംബത്തെ ഓര്‍ക്കാറുണ്ട്. അവര്‍ക്കായി ദൈവത്തോടു പ്രാര്‍ഥിക്കാറുണ്ട്. ടീച്ചറുടെ സംസ്‌കാരച്ചടങ്ങില്‍ എന്റെ മക്കളും സഹോദരനും ഭാര്യയും പങ്കെടുത്തിരുന്നു. ടീച്ചറുടെ കുടുംബവുമായി ഞങ്ങളിപ്പോള്‍ ഫോണില്‍ സംസാരിക്കാറുണ്ട്. ലീന ജീവിതം തിരികെപ്പിടിച്ചത് അവയവദാനത്തിലൂടെയാണ്. ലീനയുടെ ശസ്ത്രക്രിയ കഴിഞ്ഞതോടെ ഞങ്ങളുടെ രണ്ടുമക്കളും അവയവദാനത്തിന് സന്നദ്ധരായി സമ്മതപത്രത്തില്‍ ഒപ്പിട്ടു.'
എല്ലാം ദൈവകൃപ
കടന്നുപോയ വിഷമകാലത്തെപ്പറ്റി കേട്ടിരിക്കുമ്പോള്‍ ലീനയുടെ കണ്ണുകള്‍ ചെറുതായൊന്നു നിറഞ്ഞു. 'വെറുതെയിരിക്കാത്ത ആളായിരുന്നു ഞാന്‍. നെഞ്ചില്‍ ഒരു ഭാരവും ക്ഷീണവുമൊക്കെയായിരുന്നു തുടക്കം. സ്ഥിതി ഇത്ര ഗുരുതരമാണെന്നൊന്നും ഞാന്‍ അറിഞ്ഞതേയില്ല. വിഷമമാകേണ്ടെന്നു കരുതി ആരും എന്നെ ഒന്നും അറിയിച്ചതുമില്ല. ഹൃദയം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍ പറഞ്ഞ് ദിവസങ്ങള്‍ക്കുശേഷമാണ് ഞാനതറിയുന്നത്. അപ്പോഴെനിക്ക് വിഷമമോ ടെന്‍ഷനോ ഒന്നും തോന്നിയില്ല. അത്രത്തോളം ബുദ്ധിമുട്ടുകളാണ് അനുഭവിച്ചിരുന്നത്. രോഗം എങ്ങനെയും മാറണം, പഴയ ജീവിതം തിരികെപ്പിടിക്കണം എന്നുമാത്രമായിരുന്നു മനസ്സില്‍. ഈശോ എന്നെ തിരികെനടത്തിയെന്നു പറയാം. എന്റെ മനസ്സില്‍ ദൈവത്തെപ്പോലെ ലാലി ടീച്ചറും കുടുംബവും എന്നെ ചികിത്സിച്ച ഡോക്ടറുമുണ്ടാകും'.
അവരും അമ്മയുടെ മക്കള്‍
ലാലി ടീച്ചര്‍ക്ക് മൂന്നു മക്കളാണ്: ഗോപിക, ദേവിക, ഗോപേഷ്. 'അവര്‍ ഞങ്ങളുടെയും സഹോദരങ്ങളാണ്. ഇടയ്ക്കിടെ വീഡിയോ കോള്‍ ചെയ്യും. അമ്മയോടും സംസാരിക്കാറുണ്ട്. അമ്മയ്ക്ക് ഞങ്ങളോടുള്ള വാത്സല്യം അവരോടുമുണ്ട്. അവരുടെ നഷ്ടത്തിലൂടെയാണ് ഞങ്ങള്‍ ജീവിതം തിരിച്ചുപിടിച്ചിരുന്നത്.' ഷിയോണ പറഞ്ഞു.
ഷിയോണയ്ക്കും ബേസിലിനും ആ മൂന്ന് സഹോദരങ്ങളും അമ്മയില്‍ മിടിക്കുന്ന ഹൃദയത്തോളം പ്രിയപ്പെട്ടവരാണ്. 'അമ്മയ്ക്ക് ഹൃദയം മാറ്റിവെക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഡോണറെ കിട്ടുംവരെ വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. പക്ഷേ, ഹൃദയം ലഭിച്ചതോടെ ഡോക്ടര്‍ തന്ന ഉറപ്പിലാണ് ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചത്. പിന്നെ ദൈവത്തിലുള്ള വിശ്വാസം. കോവിഡ് കാലമായതുകൊണ്ട് അധികകരുതല്‍ വേണ്ടിവന്നു. കുറേ ടെന്‍ഷനടിച്ചു. അവയവദാനമെന്നൊക്കെ പറയുമ്പോള്‍ പേടിയോടെ നോക്കുന്നവരുണ്ട്. പക്ഷേ, എല്ലാവരും ഇതിനു തയ്യാറാകണമെന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്...' രണ്ടുമക്കളും അമ്മയെ ചേര്‍ത്തുപിടിച്ചു.
Content Highlights: life after heart transplant-leena's life story