'അയാൾ കഴിഞ്ഞു' എന്നാണ് ആളുകൾ എന്നെക്കുറിച്ച് പറഞ്ഞത്; ജീവിതം തീർന്നുവെന്ന് കരുതി

ഇന്ന് പ്രേക്ഷകർക്ക് ഏറെ പരിചിതനായ ആളാണ് കപിൽ ശർമ. കൊമേഡിയൻ, ഗായകൻ, നിർമാതാവ്, അഭിനേതാവ്...അങ്ങനെ എത്രയെത്ര റോളുകളാണ് അദ്ദേഹം ഭംഗിയാക്കുന്നത്. 'ദ കപിൽ ഷോ'യിലൂടെയാണ് അദ്ദേഹം ആളുകളിലേക്കെത്തുന്നത്.
ഒരു സീസൺ പൂർത്തിയായി, അടുത്തത് അവതരിപ്പിക്കാൻ ഒരുങ്ങുന്ന സമയത്താണ് കപിലിനെ ആകെ തകർത്തുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുന്നത്. കടുത്ത മദ്യപാനമായിരുന്നു ആദ്യം തളർത്തിയത്. പിന്നാലെ വിഷാദം ഉൾപ്പെടെയുള്ള രോഗങ്ങളും അദ്ദേഹത്തെ തേടിയെത്തി. ജീവിതം താഴ്ചകളിലൂടെ മാത്രം പോയ നാളുകൾ. കരിയർ കുത്തനെ താഴേക്കുപോയി. പലപ്പോഴും ഷോയുടെ ഷൂട്ടിങ്ങിനെത്തിയില്ല. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള പല അതിഥികൾക്കും, കപിൽ എത്താത്തതിനാൽ മടങ്ങിപ്പോകേണ്ടിവന്നു. ഷോയിൽ സഹകരിക്കുന്ന പലരോടും അപമര്യാദയായി പെരുമാറി. പരസ്യമായി അവരെ വഴക്കുപറയുകയും അപമാനിക്കുകയും ചെയ്തു.
അതിനിടെ സുഹൃത്തുക്കൾ ചേർന്ന് ഒരു ഡീ അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. പക്ഷേ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും അവിടുന്ന് പുറത്തുകടന്നു. അമ്മയുടെ കരച്ചിൽ കണ്ട് വീണ്ടും ഡീ അഡിക്ഷൻ സെന്ററിൽലേക്ക് പോയി. അധികം വൈകാതെ ചികിത്സ പൂർത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തു.
36-ാം വയസ്സിൽ വിഷാദവും മറ്റ് ആരോഗ്യപ്രശ്നങ്ങളും എങ്ങനെയാണ് ചെറുത്തുതോൽപ്പിച്ചതെന്ന് പറയുകയാണ് കപിൽ ശർമ. ''വിഷാദം അതിശക്തമായിട്ടാണ് എന്നെ പിടിമുറുക്കിയത്. 'അയാൾ കഴിഞ്ഞു' എന്ന് ആളുകൾ എന്നെക്കുറിച്ച് പറഞ്ഞുതുടങ്ങി. ജീവിതം തീർന്നെന്നു തന്നെ കരുതി. അതേസമയത്താണ് വിവാഹം കഴിക്കുന്നത്. പതുക്കെ കപിൽ ഷോയും തിരിച്ചുവന്നു''.
ദാദി കി ശാദി എന്ന സിനിമയാണ് കപിലിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ' ഇപ്പോൾ നെറ്റ്ഫ്ളിക്സിലാണ് സ്ട്രീമിങ് ചെയ്യുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Kapil Sharma`s incredible journey from hitting rock bottom to a triumphant comeback. Learn how he overcame addiction, depression, and career lows to reignite `The Kapil Sharma Show`