"ഡ്രൈവര്‍ പരീക്ഷയ്ക്ക് വന്നതാണോയെന്ന അമ്പരപ്പായിരുന്നു പലര്‍ക്കും', ആനവണ്ടിയെ കീഴടക്കിയ പെണ്‍കരുത്ത്

കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി മുതല്‍ എക്‌സ്പ്രസ് വരെയുള്ള വമ്പന്മാര്‍ ഷീലയുടെ കൈക്കരുത്തിന് മുന്നില്‍ അനുസരണയുള്ള കുട്ടികളാണ്. മനസ്സിന്റെ കടിഞ്ഞാണില്‍ ഓരോ ബസിന്റെയും ബെല്ലും ബ്രേക്കും സ്റ്റിയറിങും ബന്ധിപ്പിച്ചുള്ള യാത്രയിലാണവര്‍. കുഞ്ഞുങ്ങളെപ്പോലെ ആനവണ്ടികളെ ഷീല മെരുക്കിയെടുക്കും. ചിലര്‍ക്ക് സ്റ്റാര്‍ട്ടാവാന്‍ മടിയാണ്. വേറെ ചിലരാവട്ടെ, ഒന്ന് തൊട്ടാല്‍ മതി സ്വിച്ചിട്ടപോലെ പായും. ചെറുവിരലനക്കംകൊണ്ട് അവര്‍ ബസ്സുകളുമായി സംസാരിക്കും. ഷീലയുടെ കൈ തൊട്ട സ്റ്റിയറിങ്ങുകള്‍ക്ക് ഒരു പക്ഷേ, അവരുടെ ജീവിതവഴികള്‍ മനഃപ്പാഠമായിരിക്കും. യാത്രാനുഭവങ്ങളെ ബ്രേക്കിടാതെ ഓര്‍ത്തെടുക്കുകയാണവര്‍.
വട്ടത്തില്‍ ചവിട്ടി നീളത്തില്‍ ഓടിച്ച കുട്ടിക്കാലം..
അച്ഛന്റെ സൈക്കിള്‍ തുടച്ചുമിനുക്കിയും പെഡല്‍ കറക്കിയുമൊക്കെ നടന്ന കുട്ടിക്കാലം. കോതമംഗലം കോട്ടപ്പടി സ്വദേശിയായ ഷീല അച്ഛന് പിന്നാലെ നടന്ന് സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു. പത്താംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. മനസ്സ് തകര്‍ന്നുപോയ സമയം. തുടര്‍ന്ന് പഠിക്കാനൊന്നും പോയില്ല. പകരം ചെറിയ ജോലികള്‍ ചെയ്തു.
രണ്ട് സഹോദരന്മാരും ഡ്രൈവര്‍മാരായിരുന്നു. അവര്‍ കൂലിക്ക് ഓടിക്കുന്ന അംബാസഡര്‍ കാറും ഓട്ടോറിക്ഷയും ജീപ്പുമൊക്കെ വീട്ടുമുറ്റത്ത് കൊണ്ടിടുമ്പോള്‍ ഷീലയുടെ ഉള്ളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. ഓട്ടോയും കാറും തൊടാനുള്ള ആഗ്രഹം കാരണം വണ്ടി കഴുകുന്ന പണി ഏറ്റെടുക്കുകയായിരുന്നു അവര്‍. വണ്ടിക്കുള്ളില്‍ കയറണം, ഒന്ന് സ്റ്റാര്‍ട്ട് ചെയ്യണം. തുടക്കത്തില്‍ അത്രേ ഉണ്ടായിരുന്നുള്ളൂ. പതിയെ ആഗ്രഹം വലുതായി. ചേട്ടന്മാരെപ്പോലെ എനിക്കും ഡ്രൈവറാകണം. വീട്ടുകാരെ പുറകിലിരുത്തി യാത്രപോകണം. അച്ഛന്റെ മരണശേഷം തുരുമ്പെടുത്ത സൈക്കിള്‍ പോലെയായിരുന്നു ഷീലയുടെ മനസ്സ്. എന്നാല്‍, പിന്നീട് തുരുമ്പ് പിടിച്ച മനസ്സിനെ എണ്ണയിട്ട് സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമത്തിലായി അവര്‍. വണ്ടിയോടിക്കുന്നവരോട് വല്ലാത്ത ബഹുമാനവും ആരാധനയും.
''ഇരുപത് വയസ്സുള്ളപ്പോഴാണ് എന്റെ കന്നി ഡ്രൈവിങ്. ഞാന്‍ ഓട്ടോറിക്ഷ കഴുകുമ്പോള്‍ അടുത്ത വീട്ടിലെ കുട്ടികളും എന്റെ ബന്ധുക്കളായ കുട്ടികളുമൊക്കെ നോക്കി നില്‍ക്കാറുണ്ട്. ഒരവസരം കിട്ടിയപ്പോള്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് കുട്ടികളെയും പുറകിലിരുത്തി കുറച്ചുദൂരം ഓടിച്ചു. കൃത്യമായ ഡ്രൈവിങ് ഒന്നും അന്ന് അറിയില്ല. ചേട്ടന്‍മാര്‍ പറഞ്ഞുതന്ന ബാലപാഠങ്ങള്‍ ഓര്‍ത്തുവെച്ചാണ് വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് കയറ്റം കയറിയത്. എന്നാല്‍, ഇറക്കം ഇറങ്ങിയപ്പോള്‍ ചെറുതായൊന്ന് പരിഭ്രമിച്ചു. പക്ഷേ, വലിയ പരിക്കൊന്നും കൂടാതെ തിരികെയെത്തിയത് ആത്മവിശ്വാസം കൂട്ടി. ആരും വഴക്കൊന്നും പറഞ്ഞില്ല. സുഹൃത്തിന്റെ ബജാജ് എം 80 ആണ് ആദ്യമായി ഓടിച്ച ബൈക്ക്.
ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് കാര്‍ ഓടിക്കാന്‍ പഠിച്ചത്. അംബാസഡറിലായിരുന്നു പരിശീലനം. ഡ്രൈവിങ് പഠിക്കുന്നതില്‍ വീട്ടുകാരും എതിര്‍ത്തില്ല. സിനിമയ്ക്കും അമ്പലത്തിലും പോകാനായി വണ്ടി വാടകയ്ക്ക് എടുക്കുമായിരുന്നു. വണ്ടിയോടിക്കാനുള്ള കാരണങ്ങളായിരുന്നു അത്തരം ചെറിയ യാത്രകള്‍. ഡ്രൈവിങ് പഠിച്ച സ്‌കൂളില്‍ പിന്നീട് പരിശീലകയായി. നിരവധി പേര്‍ക്ക് സ്റ്റിയറിങ് പിടിക്കാന്‍ പ്രചോദനമായെന്ന് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം.'' മറ്റുള്ളവരോടൊപ്പം താനും തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ഷീല പറയുന്നു. അങ്ങനെയാണ് 2003-ല്‍ ഹെവി ലൈസന്‍സ് എടുക്കുന്നത്.
ഡ്രൈവര്‍ @ കെ.എസ്.ആര്‍.ടി.സി.....
''ഡ്രൈവിങ്ങാണ് തൊഴിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് പലപ്പോഴായി അപേക്ഷിച്ചു. പരീക്ഷയ്‌ക്കെത്തുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ആശ്ചര്യത്തോടെ നോക്കും. ഡ്രൈവര്‍ പരീക്ഷയ്ക്ക് വന്നതാണോയെന്ന അമ്പരപ്പായിരുന്നു പലര്‍ക്കും.'' 2013 ജൂലായിലാണ് കെ.എസ്.ആര്‍.ടി.സി.യില്‍ ജോലി ലഭിക്കുന്നത്. അന്‍പത്തിമൂന്ന് പേരില്‍ ഏക വനിതാ ഡ്രൈവറായിരുന്നു അവര്‍.
കോതമംഗലം - വെള്ളാരംകുത്ത് റൂട്ടിലായിരുന്നു ആദ്യ സര്‍വീസ്. കെ.എസ്.ആര്‍.ടി.സി. ഓടിക്കാനൊന്നും ഷീലയ്ക്ക് പേടി തോന്നിയിട്ടില്ല. എന്നാല്‍, യാത്രക്കാരെ ചെറിയ പേടിയുണ്ടായിരുന്നു. പല സ്വഭാവക്കാരാണ്, എങ്ങനെ പെരുമാറും എന്നതായിരുന്നു ആശങ്ക. കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര, ചാലക്കുടി അങ്ങനെ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ ജോലി ചെയ്തു.
അറിയാത്ത വഴികളിലൂടെ
പെരുമ്പാവൂരില്‍നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ആദ്യ ദീര്‍ഘദൂര യാത്ര. ആലുവ - പെരുമ്പാവൂര്‍ ചെയിന്‍ സര്‍വീസ് ഡ്യൂട്ടിക്കെത്തിയതായിരുന്നു ഷീല. എന്നാല്‍, തിരുവനന്തപുരം റൂട്ടില്‍ ഡ്യൂട്ടിക്ക് പോകേണ്ട ഡ്രൈവര്‍ക്ക് പകരം ആദ്യ ദീര്‍ഘദൂര സര്‍വീസ്. ''പോകേണ്ട റൂട്ട് പരിചിതമായിരുന്നില്ല. എന്നാല്‍, കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ റൂട്ടില്‍ ശ്രദ്ധിക്കേണ്ട പ്രദേശങ്ങളെക്കുറിച്ച് പറഞ്ഞുതന്നു. അതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. പിന്നീട് ഒരുപാട് ദീര്‍ഘദൂര സര്‍വീസുകളുടെ ഭാഗമായി.'' റോഡിലെ ചെറുവാഹനങ്ങളിലെ യാത്രക്കാര്‍ വഴക്കിടാന്‍ വന്നിട്ടുണ്ട്. ഡ്രൈവിങ് സീറ്റില്‍ സ്ത്രീയാണെന്ന് കണ്ടപാടെ വന്നതുപോലെ തിരിച്ചുപോകുന്നത് ഷീലയ്‌ക്കെന്നും ചിരിക്കാഴ്ചയാണ്.
മുന്‍പേ പറന്നവര്‍..
പത്തുവര്‍ഷത്തിലേറെ സ്വകാര്യ ഡ്രൈവിങ് സ്‌കൂളിലെ പരിശീലകയായിരുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസ്സുകളിലെ ആദ്യ വനിതാ ഡ്രൈവര്‍മാരുടെ പരിശീലകയാണവര്‍. നാല് വനിതകളാണ് അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിലുള്ളത്. ഏത് ബസും എത്ര തിരക്കുള്ള റൂട്ടിലും അനായാസം ഓടിക്കാനുള്ള ഷീലയുടെ മികവാണ് ഇതിന് കാരണം. ഷീലയെ മാതൃകയാക്കിയാണ് സ്വിഫ്റ്റിലെ വനിതാ ഡ്രൈവര്‍മാരുടെ പഠനം. പരിശീലനം കഴിഞ്ഞാല്‍ ഇലക്ട്രിക് ബസ്സുകളിലേക്ക് ഇവരെ മാറ്റും.
കുടുംബം..
കോതമംഗലം കോട്ടപ്പടിയാണ് സ്വദേശം. വി.എം. പാപ്പുവിന്റെയും കുട്ടി പാപ്പുവിന്റെയും മകള്‍. നാല് സഹോദരങ്ങളില്‍ ഇളയവള്‍. ജീവിതവഴിയില്‍ കൂടെക്കയറിയൊരാള്‍ വഴിമധ്യേ ഇറങ്ങിപ്പോയിട്ടും തളരാതെ പതറാതെ മുന്നോട്ട് പോകാനാണ് ഷീലയ്ക്കിഷ്ടം. ബസിനെ തൊട്ടും തലോടിയും ഇടയ്ക്ക് പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പൊടി തുടച്ചും പരിശീലന ചുമതലയുമൊക്കെയായി തിരക്കിലാണവര്‍. വലിയൊരു ഉദ്യമത്തിന്റെ തുടക്കമാണിത്. അതിന് സാരഥിയാവാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് ഷീല.
Content Highlights: ksrtc driver sheela taking about her life story