‘ബില്‍ കൂടുതലെങ്കില്‍, ഡയറ്റിലായിരുന്നിട്ടും ഇത്രയും ഭക്ഷണം എങ്ങനെ കഴിച്ചു എന്ന ചോദ്യം വരും’

പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നമ്മളില്‍ പലരും ആശയക്കുഴപ്പത്തിലാവുകയും സഹായത്തിനായി മാതാപിതാക്കളെ ആശ്രയിക്കുകയും ചെയ്യാറുണ്ട്. ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യനും ഇതില്‍നിന്ന് വ്യത്യസ്തനല്ല. അനുപമ ചോപ്രയുമായുള്ള സംഭാഷണത്തില്‍, തന്റെ കുടുംബമാണ് തന്റെ സാമ്പത്തിക കാര്യങ്ങളുടെയെല്ലാം മേല്‍നോട്ടം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ ബാങ്ക് അക്കൗണ്ടുകളും ട്രാക്ക് ചെയ്യുന്നതും തനിക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങുന്നതും മാതാപിതാക്കളാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
"ഇതൊന്നും എനിക്ക് കൈകാര്യം ചെയ്യാന്‍ അറിയില്ല. എന്റെ അക്കൗണ്ടില്‍ എത്ര പണമുണ്ടെന്ന് പോലും എനിക്കറിയില്ല, ഇനി പണം ഉണ്ടോ എന്നും അറിയില്ല” താരം പറഞ്ഞു.
തനിക്ക് പോക്കറ്റ് മണി കിട്ടാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കാര്‍ത്തിക് ആര്യന്‍ പ്രതികരിച്ചതിങ്ങനെ: 'അവരുടെ അനുവാദം ഞാന്‍ ചോദിക്കണം.എനിക്കൊരു കാര്‍ വാങ്ങണമായിരുന്നു, പക്ഷേ അമ്മ വേണ്ടെന്ന് പറഞ്ഞു, 'പണമില്ല' എന്ന്. അത് ഞാന്‍ അംഗീകരിച്ചു. ഏത് അക്കൗണ്ടാണ് തുറക്കേണ്ടതെന്നോ ഏതിലാണ് പണമുള്ളതെന്നോ എനിക്കറിയില്ല. ഞാന്‍ ഒരു റെസ്റ്റോറന്റില്‍ പോകുമ്പോള്‍ ബില്‍ കൂടുതലാണെങ്കില്‍, എന്റെ മാതാപിതാക്കള്‍ വിളിച്ച് അല്ലെങ്കില്‍ മെസ്സേജ് അയച്ച് ചോദിക്കും, 'ഡയറ്റിലായിരുന്നിട്ടും ഇത്രയും ഭക്ഷണം എങ്ങനെ കഴിച്ചു? എന്ന്” താരം കൂട്ടിച്ചേർത്തു.
ബോളിവുഡിലെ യുവതാരങ്ങളുടെ നിരയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് കാര്‍ത്തിക് ആര്യന്‍. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദറോ ഇല്ലാതെയാണ് കാര്‍ത്തിക് സിനിമയിലെത്തുന്നത്. യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലവ് ആജ് കല്‍,ധമാക്ക,ബൂല്‍ ബുലയ്യ 2,ഫ്രെഡ്ഡി, ചന്ദു ചാമ്പ്യന്‍ എന്നിവയാണ് കാര്‍ത്തിക് ആര്യന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ‘തൂ മേരി മേ തേരാ മേ തേരാ തൂ മേരി’ യാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood star Kartik Aaryan admits he knows nothing about money; his parents handle all his bank accounts and finances. Find out more about his financial dependence.