ട്രാന്‍സ്‌ജെന്‍ഡര്‍ ചിയര്‍ലീഡര്‍ ജസ്റ്റിന്‍ ലിന്‍ഡ്‌സെ മടങ്ങിയെത്തുന്നു, കരോലിന പാന്തേഴ്‌സ് ടീമിനൊപ്പം

ജസ്റ്റിൻ ലിൻഡ്സെ /ഫോട്ടോ: instagram
ജസ്റ്റിൻ ലിൻഡ്സെ /ഫോട്ടോ: instagram

ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വെളിപ്പെടുത്തിയ ആദ്യത്തെ ചിയര്‍ലീഡറായ ജസ്റ്റിന്‍ ലിന്‍ഡ്‌സെ, കരോലിന പാന്തേഴ്‌സ് ടീമിനൊപ്പം മടങ്ങിയെത്തുകയാണെന്ന് എംഎല്‍ഫുട്‌ബോള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തി.

'എന്‍എഫ്എല്ലിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ചിയര്‍ലീഡറായ ജസ്റ്റിന്‍ ലിന്‍ഡ്‌സെ, ഈ സീസണില്‍ കരോലിന പാന്തേഴ്‌സിനൊപ്പം തിരിച്ചെത്തിയിരിക്കുന്നു. ലീഗില്‍ പരസ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് വെളിപ്പെടുത്തിയ ഏക ചിയര്‍ലീഡറാണ് ലിന്‍ഡ്‌സെ. അതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെയും, അവരെ യുവ കായിക വിനോദങ്ങളില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കുന്നതിന്റെയും വക്താവാണ് ലിന്‍ഡ്‌സെ' എക്‌സില്‍ എംഎല്‍ഫുട്‌ബോള്‍ കുറിച്ചു.

കരോലിന പാന്തേഴ്‌സിനായി സൈഡ്ലൈനുകളില്‍ നിന്നും ഇടവേളകളിലെ പ്രകടനങ്ങളിലും ആര്‍പ്പുവിളിക്കുന്ന ചിയര്‍ സ്‌ക്വാഡായ ടോപ്ക്യാറ്റ്‌സിലെ 30 അംഗങ്ങളില്‍ ഒരാളായിരുന്നു ലിന്‍ഡ്‌സെ. ടീമിലേക്കുള്ള ഓഡിഷന്‍ അപേക്ഷാഫോമില്‍ താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് ലിന്‍ഡ്‌സെ വെളിപ്പെടുത്തിയിരുന്നതായി മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

2022 ജൂണില്‍ ലിന്‍ഡ്‌സെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത നേരിട്ട് അറിയിച്ചത്. 'രഹസ്യം പുറത്തായി, ഞാന്‍ കരോലിന പാന്തേഴ്സ് ടോപ്ക്യാറ്റ്‌സ് ചിയര്‍ലീഡേഴ്സ് ടീമിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായി. ഈ യാത്രയില്‍ എന്നെ പിന്തുണച്ച സുന്ദരികളും കഴിവുറ്റവരുമായ നര്‍ത്തകര്‍ക്കും, ടോപ്ക്യാറ്റ്‌സിലെ പൂര്‍വ അംഗങ്ങള്‍ക്കും, കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും അവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദി പറയുന്നു. ഈ പിന്തുണയില്ലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഈ നിമിഷത്തില്‍ ഞാനെത്തുമായിരുന്നില്ല.' അവര്‍ കുറിച്ചു. 

ലിന്‍ഡ്‌സെയുടെ കഴിവുകളാണ് ടീമില്‍ സ്ഥാനം നേടാന്‍ സഹായിച്ചതെന്ന് ടോപ്ക്യാറ്റ്‌സ് ഡയറക്ടര്‍ ചന്ദലേ ലാനൗട്ടും പാന്തേഴ്‌സ് ടീമും ഊന്നിപ്പറഞ്ഞു. 'ടോപ്ക്യാറ്റ്‌സിലെ അംഗങ്ങളെ അവരുടെ യോഗ്യതകളുടെയും കഴിവുകളുടെയും അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഞങ്ങളുടെ സ്ഥാപനം തുല്യാവസരം നല്‍കുന്ന ഒരു തൊഴില്‍ദാതാവാണ്, പ്രായം, വംശം, മതം, നിറം, വൈകല്യം, ലിംഗഭേദം, ദേശീയത എന്നിവയുടെ പേരില്‍ വിവേചനം കാണിക്കില്ല. ജസ്റ്റിന്‍ ലിന്‍ഡ്‌സെ ഉള്‍പ്പെടെ എല്ലാ ടോപ്ക്യാറ്റ്‌സ് അംഗങ്ങള്‍ക്കും മികച്ച ഒരു സീസണ്‍ ആശംസിക്കുന്നു.' പാന്തേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഒരു കറുത്തവര്‍ഗ്ഗക്കാരിയായ ട്രാന്‍സ് വനിത എന്ന നിലയില്‍ ടീമില്‍ ഇടം നേടുന്നത് ഒരു വലിയ കാര്യമാണെന്ന് തനിക്ക് അറിയാമെന്ന് ലിന്‍ഡ്‌സെ പറഞ്ഞു. തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ അവര്‍ മുമ്പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘ഞാന്‍ ഈ സ്ഥാപനത്തെ തകര്‍ക്കുകയാണെന്ന് കരുതുന്ന എന്റെ എല്ലാ വിദ്വേഷികള്‍ക്കും നന്ദി’ എന്നാണ് അവര്‍ കുറിച്ചത്. അവസാന ശ്വാസം വരെ, എന്റെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ സുന്ദരികളായ ട്രാന്‍സ് സഹോദരിമാര്‍ക്ക് പ്രചോദനം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്യുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: justin lindsey, the nfl`s first openly transgender cheerleader, is back with the carolina panthers for the 2023-24 season.