18 വയസ്സിൽ 10 കോടി ആസ്തിയുള്ള താരം; അന്ന് ഐശ്വര്യ റായുടെ ചെറുപ്പകാലം അഭിനയിച്ചു, ഇന്ന് രൺവീർ സിങ്ങിന്റെ നായിക

ഇക്കഴിഞ്ഞ ദിവസമാണ് രൺവീർ സിങ് നായകനായ 'ധുരന്ദറി'ന്റെ അനൗൺസ്‌മെന്റ് ടീസർ പുറത്തുവന്നത്. രൺവീർ സിങ്ങിന്റെ ജൻമദിനത്തിനോടനുബന്ധിച്ചായിരുന്നുവത്. സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്നു, അർജുൻ രാംപാൽ എന്നിവരും പ്രധാനകഥാപാത്രങ്ങളാണ്.
സിനിമയിലെ രൺവീറിന്റെ ലുക്കിനെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതുവരെ കാണാത്ത അപ്പിയറൻസാണ് രൺവീറിന്റേത്. അതിനൊപ്പം സിനിമയിലെ നായിക സാറ അർജുനും ശ്രദ്ധാകേന്ദ്രമാവുകയാണ്. സാറ നായികയായെത്തുന്ന ആദ്യസിനിമയും കൂടിയാണിത്.
അതിനൊപ്പം സാറയും രൺവീറും തമ്മിലുള്ള പ്രായവ്യത്യാസവും വിമർശിക്കപ്പെടുന്നു. 20 വയസ്സ് ആയതേയുള്ളൂ സാറയ്ക്ക്. രൺവീറിന് 40 വയസ്സും. രൺവീറിന്റെ നേർപകുതി പ്രായമുള്ള പെൺകുട്ടിയെ നായികയാക്കുന്നതിനെതിരെയാണ് വിമർശനങ്ങൾ.
സാറയ്ക്ക് ഒരു മലയാളിബന്ധം കൂടിയുണ്ട്. 'ആൻമരിയ കലിപ്പിലാണ്' എന്ന സിനിമയിൽ ആൻമരിയയായി അഭിനയിച്ചത് സാറയാണ്. രാജ് അർജുൻ എന്ന നടന്റെ മകളാണ് സാറ. സീക്രട്ട് സൂപ്പർസ്റ്റാർ, തലൈവി എന്നീ സിനിമകളിൽ അഭിനയിച്ച താരമാണ് രാജ്. മുംബൈയിലാണ് സാറ ജനിച്ചതും വളർന്നതും. ഒന്നര വയസ്സിലാണ് ക്യാമറയ്ക്കുമുന്നിലെത്തുന്നത്. ഒരു മാളിൽവെച്ച് സാറയെ കണ്ട പരസ്യചിത്രക്കാർ തങ്ങളുടെ പുതിയ പരസ്യത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. അതിനുശേഷം മക്‌ഡൊണാൾഡ്‌സ് ഉൾപ്പെടെ നൂറിലേറെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു.
സംവിധായകൻ എ.എൽ.വിജയ്‌ക്കൊപ്പം ഒരു പരസ്യചിത്രത്തിൽ സാറ അഭിനയിച്ചിരുന്നു. അതുകഴിഞ്ഞ് നാലുവർഷത്തിനുശേഷം സാറയെ കണ്ടപ്പോൾ തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് ചേരുമെന്ന് വിജയ്ക്ക് തോന്നി. അങ്ങനെ വിക്രമിന്റെ 'ദൈവതിരുമകളി'ൽ സാറയെത്തി. അതാണ് അരങ്ങേറ്റചിത്രവും. മാതാപിതാക്കളുടെ ഒരു സുഹൃത്ത് വഴിയാണ് സാറ തമിഴ് ഡയലോഗുകൾ പഠിച്ചത്. വിക്രമിന്റെ മകളായുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി കുറേ സിനിമകളിൽ അഭിനയിച്ചു. ഏക് ഥി ദായൻ, ജയ് ഹോ, ജസ്ബാ, സെയ്‌വം, പൊന്നിയിൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളാണ് ശ്രദ്ധേയം. 'പൊന്നിയിൻ സെൽവനി'ൽ ഐശ്വര്യ റായുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്.
2023-ലെ റിപ്പോർട്ടുകൾ പ്രകാരം 10 കോടിയാണത്രെ സാറയുടെ ആസ്തി. അതോടെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള ബാലതാരങ്ങളിലൊരാളായി.
ഡിസംബർ 5-നാണ് 'ധുരന്ദർ' റിലീസാവുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണിതെന്ന് പറയപ്പെടുന്നു. 'സിംഗം എഗെയ്‌നു'ശേഷം രൺവീറിന്റെ പുതിയ റിലീസ് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആദിത്യ ധർ ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്കി'നുശേഷം ആദിത്യ ധർ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. ആ സിനിമയ്ക്ക് ദേശീയപുരസ്‌കാരവും നേടിയിട്ടുണ്ട് ആദിത്യ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: ranveer singhs dhurandhar teaser sparks debate on his age gap between newcomer sara arjun