പലസ്തീനെ പിന്തുണച്ച, ഇസ്രയേലിനെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്

അമേരിക്കയുടെ 39-ാം പ്രസിഡന്റ് (1977-1981) ആയിരുന്ന ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. നൂറു വയസ്സ് തികച്ച ഏക അമേരിക്കന്‍ പ്രസിഡന്റാണ് അദ്ദേഹം. പലസ്തീനിലെ അറബ് വംശജരുടെ യാതനകളോട് സഹാനുഭൂതി പുലര്‍ത്തിയിരുന്നു കാര്‍ട്ടര്‍. അതേസമയം അദ്ദേഹം ജൂതവംശജരുടെ വക്താവ് കൂടിയായിരുന്നു. ഇസ്രായേല്‍-പലസ്തീന്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ സംഘര്‍ഷം ഇല്ലാത്താക്കാന്‍ ആദ്യ സമാധാന ഉടമ്പടി തീര്‍ത്ത സമാധാനപ്രേമി എന്നാകും ചരിത്രം അദ്ദേഹത്തെ ഓര്‍മിക്കുക.
അമേരിക്കയുടെ ഇസ്രായേല്‍ ചായ്‌വ് പ്രശസ്തമാണ്. 7.5 മില്യണ്‍ ജൂതരാണ് അമേരിക്കയിലുള്ളത്. ആകെ ജനസംഘ്യയുടെ 2.4 ശതമാനം മാത്രമാണിതെങ്കിലും ഇതില്‍ വലിയൊരു വിഭാഗവും അതിസമ്പന്നരാണ്. 1946-ല്‍ അമേരിക്കന്‍ പ്രെസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാന്‍ അറബ് അഭയാര്‍ത്ഥികള്‍ക്കായി ഒരു രാഷ്ട്രം എന്ന ആശയത്തെ പിന്തണച്ചിരുന്നു. ജൂതരാഷ്ട്രത്തിനും അദ്ദേഹം അനുഭാവം അറിയിച്ചു. 1948 മെയ് 14ന് ഇസ്രായേല്‍ രൂപം കൊണ്ടപ്പോള്‍ ട്രൂമാന്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. അന്നുമുതല്‍ അമേരിക്കയും ഇസ്രയേലും തമ്മില്‍ ശക്തമായ നയതന്ത്ര, വ്യാപാര ബന്ധമുണ്ട്.
ഇസ്രായേല്‍-പലസ്തീന്‍ ബന്ധത്തില്‍ എന്നും വിള്ളലുകളുണ്ടായിരുന്നു. 1978-ല്‍ ജിമ്മി കാര്‍ട്ടര്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇരുരാജ്യങ്ങളോടും വെവ്വേറെ സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇസ്രായേല്‍ പലസ്തീന്‍ രാജ്യങ്ങള്‍ക്കിടയിലെ ആദ്യ സമാധാന ഉടമ്പടി പിറക്കുന്നത് കാര്‍ട്ടറുടെ ശ്രമഫലമായാണ്. പതിമൂന്ന് ദിവസം കൊണ്ടാണ് കാംപ് ഡേവിഡ് അക്കോര്‍ഡ് എന്ന ഈ ഉടമ്പടി തയ്യാറാക്കപ്പെട്ടത്.
വൈറ്റ് ഹൗസിലെത്തിയപ്പോള്‍(Getty Images)
സോവിയറ്റ് ജൂതവംശജരുടെ അവകാശങ്ങള്‍ക്ക് വേണ്ടി കാര്‍ട്ടര്‍ ശക്തമായി വാദിച്ചിരുന്നു. വാഷിംഗ്ടണില്‍ നാഷണല്‍ ഹോളോകോസ്റ്റ് മ്യൂസിയം നിര്‍മാണം തുടങ്ങിവെച്ചത് കാര്‍ട്ടറുടെ കാലത്താണ്. 1979-ലെ ഇറാനിയന്‍ വിപ്ലവകാലത്ത് ഇറാനിലെ ജൂതവംശജര്‍ കൂട്ടമായി അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. അമ്പതിനായിരത്തോളം ഇറാനിയന്‍ ജൂതന്മാര്‍ക്കാണ് കാര്‍ട്ടര്‍ താത്കാലിക വിസ അനുവദിച്ചത്.
എന്നിട്ടും ഏറ്റവും കുറവ് ജൂതവോട്ടുകള്‍ നേടിയ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന ചീത്തപ്പേരും കാര്‍ട്ടര്‍ക്ക് കിട്ടി. ജൂതവോട്ടര്‍മാരില്‍ 45ശതമാനം മാത്രമാണ് കാര്‍ട്ടറെ പിന്തുണച്ചത്. രണ്ടാമതും പ്രസിഡന്റാകാനുള്ള ഭാഗ്യം കാര്‍ട്ടര്‍ക്കുണ്ടായില്ല.
തന്റെ ഭരണകാലം പൂര്‍ത്തിയാക്കിയ ശേഷവും കാര്‍ട്ടര്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ മുന്നില്‍ സജീവമായിരുന്നു. ഇസ്രയേലിന്റെ രീതികളെ കാര്‍ട്ടര്‍ പില്‍ക്കാലത്ത് വിമര്‍ശിച്ചിട്ടുണ്ട്. 'പലസ്തീന്‍; പീസ് നോട്ട് അപാര്‍തീഡ്' എന്ന പുസ്തകത്തില്‍ ഇസ്രയേലിന്റെ ഹിംസാത്മകരാഷ്ട്രീയത്തെ കാര്‍ട്ടര്‍ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും ആന്റി സെമിറ്റിക് (ജൂത വിദ്വേഷം) ആണെന്ന് വിമര്‍ശനമുയര്‍ന്നു. അമേരിക്കയിലെ ജൂതസമൂഹം അദ്ദേഹത്തിനെതിരായി.
മധ്യേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കാര്‍ട്ടര്‍ എക്കാലവും ആത്മാര്‍ത്ഥശ്രമങ്ങള്‍ നടത്തി. ലോകത്ത് പട്ടിണി നിയന്ത്രിക്കാനും ശാന്തി പടര്‍ത്താനും പരിശ്രമിച്ചു. 2002-ല്‍ അദ്ദേഹം സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടി.
Content Highlights: jimmy carter and his attempts to bring peace in the middle east