ഏഴുവയസ്സുള്ള കുട്ടിയുടെ അമ്മ; 30 കിലോ ഭാരം കുറച്ച ജെന്നിഫർ ബരെറ്റോ

ജെന്നിഫർ ബരെറ്റോ | Instagram
ജെന്നിഫർ ബരെറ്റോ | Instagram

75-ാമത് മിസ് യൂണിവേഴ്‌സ് (Miss Universe) മത്സരത്തിൽ വിജയിയായി പ്യൂർട്ടോ റിക്കോയിൽനിന്നുള്ള ജെന്നിഫർ ബരെറ്റോ (Jennifer Barreto). ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ ലിസ് മെജോക്ക് ആദ്യ 30 പേരുടെ പട്ടികയിൽ ഇടംനേടിയെങ്കിലും, ടോപ് 12-ൽ ഇടംകണ്ടെത്താനായില്ല.

മിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന ആദ്യത്തെ വിവാഹിതയാണവർ. ഒരു കുഞ്ഞിന്റെ അമ്മയുമാണ് ജെന്നിഫർ. റിസർച്ച് സൈക്കോളജിയിൽ ബിരുദം നേടിയ അവർ, സൈക്കോളജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലുമായി രണ്ട് ബിരുദാനന്തരബിരുദങ്ങളും നേടി.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

അവർക്ക് മോഡലിങ്ങുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇതിനുമുമ്പ് ഒരു സൗന്ദര്യമത്സരത്തിലും പങ്കെടുത്തിട്ടുമില്ല. 2021-ൽ, ടെക്‌സസിലെ ഫോർട്ട് ഹൂഡിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിലാണ് ജെന്നിഫർ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ഫാമിലി അഡ്വക്കസി പ്രോഗ്രാമിന് കീഴിൽ ഒരു അധ്യാപികയായും ക്രൈസിസ് കോ-റെസ്പോണ്ടറായും അവർ പ്രവർത്തിച്ചു. ഗാർഹിക പീഡനവും ബാലപീഡനവും അനുഭവിക്കുന്ന സൈനിക കുടുംബങ്ങൾക്ക് പിന്തുണ നൽകി. കൂടാതെ ആർമി മെഡിക്കൽ സെന്ററിലും അവർ സന്നദ്ധസേവനം നടത്തി.

തന്റെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി, പ്യൂർട്ടോ റിക്കോയിലെ പീഡിയാട്രിക് ഡയബറ്റിസ് അസോസിയേഷനുമായും അവർ സഹകരിച്ചു പ്രവർത്തിക്കുന്നു. 2025-ലാണ് മിസ് യൂണിവേഴ്‌സ് പ്യൂർട്ടോ റിക്കോ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. അതിനായി 31 കിലോ ഭാരമാണ് അവർ കുറച്ചത്.

116 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളാണ് ഇത്തവണ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തത്. അതിൽനിന്നാണ് ജെന്നിഫർ വിജയിയായത്.
 

യു.എസ്. ആർമിയിലെ സർജന്റായ യാൻ കാർലോസ് ബാരെറ്റോ കാൽഡെറോണാണ് ജെന്നിഫറിന്റെ പങ്കാളി. 2019-ൽ ഇവർക്ക് പെനെലോപ്പ് എന്നൊരു മകൾ ജനിച്ചു.

മിസ് യൂണിവേഴ്‌സ് മത്സരത്തിൽ വിജയിക്കുന്ന ആറാമത്തെ പ്യൂർട്ടോ റിക്കോക്കാരിയാണ് ജെന്നിഫർ. 20 വർഷത്തിനുശേഷമാണ് രാജ്യത്തേക്ക് വീണ്ടും ഈ കിരീടമെത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jennifer Barreto from Puerto Rico won the 75th Miss Universe title., She is the first married woman and mother to win the Miss Universe crown., India's representative Kesia Liz Mejo reached the top 30 but missed the top 12., Jennifer lost 31 kg to prepare for the Miss Puerto Rico 2025 competition