നെഹ്‌റു മുതല്‍ അബ്ദുള്‍കലാം വരെ; പ്രശസ്തരുടെ സിഗ്നേച്ചര്‍ ഹെയര്‍സ്‌റ്റൈലിനു പിന്നിലെ കൈകൾ

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പല ഫോട്ടോകളും നാം കണ്ടിട്ടുണ്ട്. അതിലൊക്കെ അവരെ വേറിട്ടുനിര്‍ത്തുന്നത് അവരുടെ മുടി തന്നെയാണ്. ബോബ് ചെയ്ത മുടിയില്‍ പകുതി കറുപ്പും പകുതി വെള്ളയും നിറങ്ങളിലുള്ള ഹെയര്‍സ്‌റ്റൈല്‍ ആയിരുന്നു അവരുടേത്. ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന ലുക്കുകളില്‍ ഒന്നായി പില്‍ക്കാലത്ത് അത് മാറി. അത് നിലനിര്‍ത്തിയ വ്യക്തിയായിരുന്നു ഹബീബ് അഹമ്മദ്.
ഹെയര്‍സ്‌റ്റൈലിങ് ലോകത്തെ മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ നിരവധി വ്യക്തികളുടെ പ്രതിച്ഛായയെയും സ്വാധീനിച്ച വ്യക്തിയാണ് ഹെയര്‍സ്‌റ്റൈലിസ്റ്റ് ഹബീബ് അഹമ്മദ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 1940 ഒക്ടോബര്‍ 2-ന് മുസാഫര്‍നഗറിനടുത്തുള്ള ജലാലാബാദ് എന്ന ചെറുപട്ടണത്തിലാണ് ഹബീബ് ജനിച്ചത്. പിന്നീട് രാജേന്ദ്ര പ്രസാദ് മുതല്‍ രാഷ്ട്രപതി ഭവനിലെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പേഴ്‌സണല്‍ സ്‌റ്റൈലിസ്റ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
അച്ഛന്‍ ഇംഗ്ലണ്ടിലേക്ക് ഹെയര്‍ ഡിസൈന്‍ പഠിക്കാന്‍ അയച്ചതാണ് ചെറുപ്പക്കാരനായ ഹബീബിനെ. ഹരീതു പവാര്‍ എന്ന എഴുത്തുകാരിയുടെ 'ഹബീബ്, ദി മാന്‍ ഹൂ ബിൽറ്റ് ആൻ എംപയര്‍' എന്ന പുസ്തകത്തില്‍ ആ ജീവിതത്തെ പറ്റി വിവരിക്കുന്നുണ്ട്. ആദ്യം മടിച്ചു നിന്നെങ്കിലും പലപ്പോഴും അവഗണിക്കപ്പെട്ടിരുന്ന ഒരു തൊഴിലിനെ പുനര്‍നിര്‍വചിക്കുന്നതിനെക്കുറിച്ച് ഹബീബ് ചിന്തിച്ചു. ലണ്ടനിലെ പ്രശസ്തമായ മോറിസ് സ്‌കൂളില്‍ അദ്ദേഹം പരിശീലനം നേടി.
ഇന്ത്യയില്‍ തിരിച്ചെത്തിയ ഹബീബ് ഡല്‍ഹിയിലെ ഒബ്റോയ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സില്‍ ഒരു ദശാബ്ദക്കാലം ചെലവഴിച്ചു. എന്നാല്‍ 1983-ല്‍ ലോദി ഹോട്ടലില്‍ ഹബീബ്‌സ് ഹെയര്‍ & ബ്യൂട്ടി സലൂണ്‍ ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ സംരംഭകത്വ ബോധം പൂവണിഞ്ഞത്. അവിടെ നിന്ന്, സലൂണുകള്‍, അക്കാദമികള്‍, അദ്ദേഹത്തിന്റെ രീതികളില്‍ പരിശീലനം നേടിയ ഹെയര്‍സ്‌റ്റൈലിസ്റ്റുകള്‍ എന്നിവയുമായി സാമ്രാജ്യം വളര്‍ന്നു.
മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പേഴ്‌സണല്‍ ഹെയര്‍സ്‌റ്റൈലിസ്റ്റ് ആയിരുന്നു അച്ഛൻ. അതിനാല്‍ ഗാന്ധി കുടുംബവുമായി അവര്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യമായി നെഹ്‌റുവിന്റെ ഹെയര്‍സ്‌റ്റൈല്‍ ചെയ്യാന്‍ ഹബീബിന് അവസരം ലഭിക്കുന്നത്. പിന്നീടത് ഇന്ദിരാഗാന്ധിയിലേക്കുമെത്തി. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും ഹെയര്‍സ്‌റ്റൈലിസ്റ്റ് ആയിരുന്നു അദ്ദേഹം.
രാഷ്ട്രപതിയാകുന്നതിന് മുന്‍പ്, അദ്ദേഹം തനിക്ക് പ്രിയപ്പെട്ട നീല ട്രൗസറും ചെരിപ്പുമണിഞ്ഞ് തങ്ങളുടെ ന്യൂ ഡല്‍ഹിയിലെ സലൂണില്‍ വരാറുണ്ടായിരുന്നു എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ഹബീബ് ഓര്‍ത്തെടുക്കുന്നുണ്ട്. മുടി ചെറുതായി വെട്ടാന്‍ നിര്‍ദ്ദേശിക്കുമ്പോഴെല്ലാം വേണ്ട, നീട്ടി വളര്‍ത്തൂ എന്ന് കലാം പറയുമായിരുന്നു എന്നും ഹബീബ് പറഞ്ഞിട്ടുണ്ട്. അന്തരിച്ച മഹാറാണി ഗായത്രി ദേവിയും നടന്‍ രാജേഷ് ഖന്നയും വരെ അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈലിങ് ഇഷ്ടപ്പെടുന്നവരായിരുന്നു.
അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളായ ജാവേദ്, പര്‍വേസ്, അംജദ് എന്നിവര്‍ ഇന്ന് ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. ജലാലാബാദില്‍ നിന്ന് രാഷ്ട്രപതി ഭവന്‍ വരെയും, വൈസ്രോയിമാരില്‍ നിന്ന് ഇന്ദിരാഗാന്ധി വരെയും, ഒരു ചെറിയ ലോദി ഹോട്ടല്‍ സലൂണില്‍ നിന്ന് ഒരു ആഗോള ബ്രാന്‍ഡിലേക്കും വളര്‍ന്ന ഹബീബ് അഹമ്മദിന്റെ കഥ ഓരോ ഇഴയായി അദ്ദേഹം തന്നെ കെട്ടിപ്പടുത്തതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: remembering legendary hairstylist habib ahmed, the talent behind indira gandhi`s iconic hair and many other influential Indian personalities. a true empire builder in hairstyling.