മൂന്നു ഭർത്താക്കന്മാർ മരിച്ചതിൽ ദൂരൂഹത, ഷനേൽ പേഴ്സിൽ കൊലപ്പട്ടിക, 'പുരുഷൻമാർ കള്ളം പറയും',

നിയോൺ വെളിച്ചത്തിൽ മുങ്ങിയ 80-കളിലെ അമേരിക്കൻ നഗരങ്ങളിൽ ലഹരിയുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഗ്രിസെൽഡ ബ്ലാങ്കോ വിതച്ചത് ഭയത്തിന്റെ വിത്തുകളായിരുന്നു. പുരുഷന്മാർ കള്ളം പറയുമെന്നും അധികാരം ആരും തരുന്നതല്ല, അത് ഉള്ളവരിൽ നിന്ന് പിടിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞുനാളിലേ ഗ്രിസെൽഡയുടെ മനസ്സിൽ പതിഞ്ഞതാണ്. ക്രൂരമായ പിടിച്ചെടുക്കലുകളിലൂടെ ജീവിതത്തിലുടനീളം ആ വിശ്വാസത്തെ അവർ പിന്തുർന്നു. കലാപങ്ങളുടെ കാലത്ത് കൊളംബിയയിലെ കാർട്ടജീന നഗരത്തിലെ ചേരിയിലാണ് ഗ്രിസെൽഡ ജനിച്ചുവളർന്നത്.
കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തി കുപ്രസിദ്ധയായി. ഗോഡ് മദർ, ബ്ലാക്ക് വിഡോ, ക്വീൻപിൻ എന്നീ അപരനാമങ്ങളിൽ പുരുഷൻമാർ അടക്കിവാണ ഡ്രഗ് കാർട്ടലുകളിൽ ഉൾക്കിടിലമുണ്ടാക്കാൻ തക്കവണ്ണം വളർന്നത് അതിവേഗം. എതിരാളികളെ ഭരിച്ചും ഭയപ്പെടുത്തിയും സമവാക്യങ്ങളെ തിരുത്തിയെഴുതി അവർ കുറ്റകൃത്യങ്ങളുടെ രാജ്ഞിയായി.