അമ്പതിനു ശേഷം അമ്മയായവൾ. ആ പേരിലോ നവോമിയെ അറിയേണ്ടത്?

ആദ്യ കുഞ്ഞ് പിറക്കുമ്പോള്‍ നവോമി കാംപെലിന് പ്രായം 51. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിറവിയറിയിച്ചുകൊണ്ട് നവോമി ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ എഴുതി: It's never too late to become a mother... അമ്മയാകാന്‍ അങ്ങനെയൊരു കാലമോ പ്രായമോ ഇല്ല എന്ന അര്‍ഥത്തില്‍ നവോമി കുറിച്ച വാക്കുകളെ എതിര്‍ത്തും അനുകൂലിച്ചും പലരുമെത്തി. സൗകര്യങ്ങളുടെയും ആഡംബരത്തിന്റെ പരകോടിയില്‍ ജീവിക്കുന്നവര്‍ക്ക് മാതൃത്വം അലോസരപ്പെടുത്തുന്ന അനുഭവമാകുന്നതെങ്ങനെയെന്ന മുറുമുറുപ്പുകള്‍. സുഖകരമായ പിറവി ശരീരത്തിന് അത്ര എളുപ്പമാകില്ലെന്ന് പരക്കെ കരുതപ്പെടുന്ന പ്രായത്തില്‍ ഇവരെങ്ങനെ രണ്ടു കുട്ടികളുടെ അമ്മയായി എന്ന ചോദ്യങ്ങള്‍. പിറന്ന കുഞ്ഞുങ്ങളുടെ പിതാവാരെന്ന അസുഖകരമായ ആകാംക്ഷയുമായി പിന്നാലെ കൂടിയവരും കുറവല്ല. എല്ലാ കാര്യങ്ങള്‍ക്കും എല്ലാവരും മറുപടി അര്‍ഹിക്കുന്നില്ലെന്ന നയം പിന്തുടരുന്നതുകൊണ്ടാകാം മൗനമായിരുന്നു നവോമിയുടെ ഉത്തരം.
ജീവിതം അരനൂറ്റാണ്ട് പൂര്‍ത്തിയാക്കവേ രണ്ട് കുഞ്ഞുങ്ങളെ ഭൂമിയിലേക്കെത്തിച്ച അമ്മ എന്നതല്ല നവോമി കാംപെല്‍ എന്ന ലോകം കണ്ട എക്കാലത്തെയും പ്രതിഭാധനയായ പെണ്‍ നക്ഷത്രത്തിന്റെ പകിട്ടും പെരുമയും.
അമ്മയ്ക്കു കൊടുത്ത വാക്ക്
1970 മേയ് 22ന് തെക്കന്‍ ലണ്ടനിലെ ലാംബേ പ്രവിശ്യയിലായിരുന്നു നവോമി പിറന്നത്. ജമൈക്കക്കാരിയായ നര്‍ത്തകി വലേറി മോറിസിന്റെ മകള്‍. ആസ്പത്രി രേഖകളില്‍ മകളുടെ പിതാവിന്റെ പേരെഴുതാനുള്ള കോളം വലേറി ഒഴിച്ചിട്ടു. ആ ശൂന്യതയിലേക്ക് വിരല്‍ ചൂണ്ടിയവരോടൊക്കെ വലേറി പതര്‍ച്ചയില്ലാതെ പറഞ്ഞു... എഴുതിയുറപ്പിക്കാന്‍ തക്ക പ്രാധാന്യമുള്ള കനപ്പെട്ട വിവരമൊന്നുമല്ല പിതൃത്വം. തന്റെ പെണ്‍കുഞ്ഞിനെ വലേറി ജീവന്റെ കണികയായി തന്നോടു ചേര്‍ത്തു. മകള്‍ വളര്‍ന്നു. അച്ഛനാരെന്ന ചോദ്യം അവള്‍ക്ക് നേരിടേണ്ടി വന്നപ്പോഴൊക്കെയും അമ്മ പരിചയായി.
ജീവിതത്തിന്റെ ശരിതെറ്റുകള്‍ മനസ്സിലാക്കാന്‍ മകള്‍ പ്രാപ്തയായെന്നുറപ്പിച്ച ദിവസം വലേറി നവോമിക്ക് ഒരു കഥ പറഞ്ഞുകൊടുത്തു. അതില്‍ തീവ്രപ്രണയത്തിന്റെയും പൊറുക്കാനാവാത്ത വഞ്ചനയുടെയും ഏടുകള്‍ ഉണ്ടായിരുന്നു. കഥയില്‍ അമ്മയ്‌ക്കൊപ്പമുള്ളയാള്‍ തന്റെ പിതാവാണെന്ന് നവോമി തിരിച്ചറിഞ്ഞു. നവോമിയെ നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് വാലേറിയും പങ്കാളിയും പിരിയുന്നത്. ഒന്നിച്ചുള്ള ജീവിതത്തില്‍ നിന്ന് മുന്നറിയിപ്പുകളൊന്നും നല്‍കാതെ അയാള്‍ പിന്മാറിയപ്പോഴും ആ ബന്ധത്തില്‍ ബാക്കിയായ ജീവന്റെ തുടിപ്പിനെ തന്റേതുമാത്രമായി കണ്ട് വലേറി വളര്‍ത്തി. കഥയെല്ലാം കേട്ട മകളോട് അമ്മ ഒടുവില്‍ ഒരുകാര്യംകൂടി പറഞ്ഞു... ഒരിക്കലും അച്ഛനാരെന്ന കാര്യം നീ എന്നോട് ചോദിക്കരുത്... അതറിയാന്‍ ശ്രമിക്കരുത്. പിറക്കും മുമ്പേ ഉപേക്ഷിച്ചൊരാള്‍ക്കായി ഒരിക്കലും നീ കാത്തിരിക്കരുത്. നവോമി അതനുസരിച്ചു.
മാറ്റത്തിന്റെ മാറ്റൊലിയായി
വലേറി മോറിസ് നര്‍ത്തകി എന്ന നിലയില്‍ പേരെടുത്തകാലത്ത് മുത്തശ്ശിക്കൊപ്പമായിരുന്നു നവോമിയുടെ ജീവിതം. ഇറ്റലിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമൊക്കെയായി അമ്മ തിരക്കിലായിരിക്കും. അവധിക്ക് വരുന്ന അമ്മയെ കാണുമ്പോഴൊക്കെയും നവോമി മനസ്സിലുറപ്പും എനിക്കും നൃത്തം ചെയ്യണം... അമ്മയെപ്പോലെ.
പിന്നീട് അവളും അമ്മയ്‌ക്കൊപ്പം ലോകംചുറ്റിത്തുടങ്ങി. നൃത്തച്ചുവടുകള്‍ക്കൊപ്പം വലേറി മകളെ മറ്റൊന്നുകൂടി പഠിപ്പിച്ചു. ക്യാറ്റ് വാക്ക്. ഫാഷന്‍ ലോകത്തെ അഴകിന്റെ ചുവടുകള്‍. മൂന്നാം വയസ്സുമുതല്‍ നൃത്തം പഠിക്കുന്ന നവോമി സാക്ഷാല്‍ ബോബ് മാര്‍ലിയുടെ ഈസ് ദിസ് ലവ് എന്ന സംഗീത ആല്‍ബത്തിലൂടെ അരങ്ങിലെത്തി. ആ എട്ടുവയസ്സുകാരി പ്രശസ്തിയുടെ വാതിലേക്ക് നടന്നുതുടങ്ങി. ഇറ്റാലി കോണ്ടി അക്കാദമിയില്‍ തിയേറ്റര്‍ ആര്‍ട്‌സ് വിദ്യാര്‍ഥിനിയായിരിക്കെ നവോമി മോഡലിങ്ങില്‍ ചുവടുറപ്പിച്ചു തുടങ്ങി.
പതിറാനാം പിറന്നാളിന് തൊട്ടു മുമ്പ് ലോകപ്രശസ്ത ഫാഷന്‍ മാസികയായ എല്ലെയുടെ കവര്‍ ഗേളായി. ഇരുള്‍ നിറമുള്ളവരെ രണ്ടാംതരക്കാരായി മാത്രം കണ്ടുശീലിച്ച ഫാഷന്‍ വേദികളിലേക്ക് മാറ്റത്തിന്റെ മാറ്റൊലി തീര്‍ക്കുന്ന കടന്നുവരവായിരുന്നു നവോമിയുടേത്.
കൂട്ടുകെട്ടിന്റെ കരുത്ത്
പിന്നെ ഫാഷന്‍ രംഗം ആ കൗമാരക്കാരിയുടെ കൈപ്പിടിയിലായി. ക്രിസ്റ്റി ടറിങ്റ്റണും ലിന്‍ഡ ഇവാഞ്ചലിസ്റ്റയും നവോമിയും ചേര്‍ന്ന കൂട്ടുകെട്ട് പാശ്ചാത്യ ഫാഷന്‍ ലോഗത്ത് ട്രിനിറ്റി അഥവാ ത്രിത്വം എന്ന വിളിപ്പേരില്‍ അറിയപ്പെട്ടും. അവര്‍ മൂവരും അഴകിന്റെ മാത്രമല്ല ചങ്ങാത്തതിന്റെയും പര്യായമായി മാറി.
വലിയ വിജയങ്ങളിലേക്കുള്ള ആ ചുവടുകള്‍ നവോമിക്കൊരിക്കലും എളുപ്പമായിരുന്നില്ല. പ്രതിഭയേക്കാള്‍ മാറ്റ് നിറത്തിനുണ്ടെന്ന തിരിച്ചറിവിന്റെ നാളുകള്‍ കൂടിയായിരുന്നു അതൊക്കെയും. പക്ഷേ, കറുത്തവളെന്ന ഇകഴ്ത്തലോടെ മാറ്റിനിര്‍ത്തപ്പെട്ടപ്പോഴൊക്കെയും നവോമിയെ മുന്‍നിരയിലേക്ക് കൈപിടിച്ചുനിര്‍ത്തി മേല്‍പ്പറഞ്ഞ അതേ ചങ്ങാതിമാര്‍. നവോമിയില്ലെങ്കില്‍ ഞങ്ങളില്ലെന്നു പറഞ്ഞ് അവര്‍ വേദികളുപേക്ഷിച്ചു. ആ കൂട്ടുകെട്ടിന്റെ കരുത്തിനു മുന്നില്‍ തലകുനിക്കാത്ത വന്മരങ്ങളില്ല.
ചരിത്രത്തിലേക്ക്
1987ല്‍ നവോമി വീണ്ടും ചരിത്രം സൃഷ്ടിച്ചു. വിഖ്യാതമായ വോഗ് മാഗസിന്റെ ബ്രിട്ടീഷ് പതിപ്പിന്റെ കവര്‍ ചിത്രത്തില്‍ അവള്‍ പ്രത്യക്ഷപ്പെട്ടു. വോഗിന്റെ മുഖത്താളില്‍ ആദ്യമായൊരു കറുത്തവര്‍ഗക്കാരി ഇടംനേടിയിരിക്കുന്നു. തിരുത്തപ്പെട്ട ഫാഷന്‍ സമവാക്യങ്ങളെ കൈയടിയോടെ ലോകം സ്വീകരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമേരിക്കയിലും ഫ്രാന്‍സിലും നമോമിയുടെ കവര്‍ ചിത്രവുമായി വോഗിന്റെ പതിപ്പുകള്‍ അച്ചടിക്കപ്പെട്ടു.
വെളുപ്പല്ല സൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന തിരുത്ത് നവോമിയിലൂടെ ലോകം തിരിച്ചറിയുകയായിരുന്നു. നവോമി മ്യൂസിക് വീഡിയോകളുടെയും റാംപുകളുടെയും പ്രിയതാരമായി. 1990ല്‍ മൈക്കല്‍ ജാക്‌സന്റെ ഇന്‍ ദ ക്ലോസറ്റ് എന്ന സംഗീത ആല്‍ബത്തിലും നവോമി നിറഞ്ഞു. ഫാഷന്‍ ലോകത്ത് മാറ്റിനിര്‍ത്തപ്പെടാനാവാത്ത കരുത്തായി അവര്‍ മാറി.
വേദനകളുടെ വര്‍ഷം
1997 നവോമിക്ക് വേദനകളുടെ വര്‍ഷമായിരുന്നു. ഡിസൈനല്‍ ഗിയാനി വേസ്ച ഉള്‍പ്പെടെ അടുത്ത സുഹൃത്തുകളുടെ അപ്രതീക്ഷിത മരണങ്ങള്‍ കടുത്ത വിഷാദത്തിലേക്ക് നവോമിയെ കൊണ്ടെത്തിച്ചു. വിഷമങ്ങളില്‍ നിന്ന് കരകയറാനായി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും തുണതേടി. മദ്യാസക്തിയും മയക്കുമരുന്ന് ഉപയോഗവും മറികടക്കാന്‍ അവര്‍ ചികിത്സതേടി.
അത്ര വെടിപ്പായ ജീവിതമൊന്നുമായിരുന്നില്ല എന്റേത്. അത് തുറന്നു പറയുന്നതില്‍ എനിക്ക് മടിയില്ല. അതിജീവിച്ചതാണ് ഞാനും. മദ്യത്തെയും ലഹരിയെയും. ഒരു അഭിമുഖത്തില്‍ നവോമി പറഞ്ഞു.
മണ്ടേലയുടെ പേരക്കുട്ടി
നൃത്തം ഉപജീവനമാര്‍ഗമാക്കിയ ജമൈക്കക്കാരിയുടെ മകള്‍ പാശ്ചാത്യ ഫാഷന്‍ ലോകത്തെ പൊന്‍താരകമായി. ആഗോള ഫാഷന്‍ വിപണിയിലെ വിലപിടിപ്പുള്ള ബ്രാന്‍ഡ് നെയിമാണ് നവോമി കാംപെല്‍ ഇന്ന്. മ്യൂസിക് വീഡിയോകള്‍, ടെലിവിഷന്‍ സീരീസുകള്‍, സിനിമകള്‍... പുസ്തകങ്ങള്‍... നവോമി കൈവെക്കാത്ത മേഖലകളില്ല.
വര്‍ണവെറിയുടെ പ്രഹരമേറ്റ് അകറ്റി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയായി മുന്‍വിധികളെ തച്ചുടച്ച കരുത്താണ് അവര്‍. അക്കാരണത്താലാകാം ഏകതയുടെ പോരാളി നെല്‍സണ്‍ മണ്ടേല നവോമിയെ പ്രിയപ്പെട്ട പേരക്കുട്ടി എന്ന് വിശേഷിപ്പിച്ചത്. നവോമിയുടെ പോരാട്ടം അവികസിത രാജ്യങ്ങളില്‍ ചാരിറ്റി രംഗത്ത് സജീവ ഇടപെടലുകള്‍ നടത്തുന്നു.
എണ്ണിത്തിട്ടപ്പെടുത്താനാവാത്ത നേട്ടങ്ങളുടെ അരനൂറ്റാണ്ടിനിപ്പുറം രണ്ട് കുഞ്ഞുങ്ങളുടെ മാതൃത്വം ആഘോഷമാക്കുകയാണവര്‍. അച്ഛനാര്... ഈ പിറവിയിതെങ്ങനെ എന്നിങ്ങനെയുള്ള സമൂഹത്തിന്റേതായ പതിവ് സദാചാര ചോദ്യാവലികളെ നിറഞ്ഞ ചിരിയോടെ നേരിടാന്‍ വലേറി മോറിസിന്റെ മകള്‍ക്ക് നന്നായറിയാം.
Content Highlights: fashion icon Naomi Campbell's inspiring life