പ്രശസ്ത ഐറ്റംഡാൻസർ; അപകടത്തെത്തുടർന്ന് തലച്ചോറിലെ ഞരമ്പുകൾ പൊട്ടി, 15 ദിവസം കോമയിൽ

മുമൈദ് ഖാൻ / Facebook
മുമൈദ് ഖാൻ / Facebook

ഒരുകാലത്ത് അറിയപ്പെടുന്ന ഐറ്റംഡാൻസറായിരുന്നു നടി മുമൈദ് ഖാൻ. അന്ന് ഹിന്ദി, തെലുഗു, തമിഴ് സിനിമകളിലായി അവർ പറന്നുനടന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഐറ്റംഡാൻസർമാരിലൊളായി മാറുകയും ചെയ്തു. അതിനിടെയാണ് ഒരു വലിയ അപകടമുണ്ടാവുന്നത്. അതവരുടെ സിനിമാകരിയറിന് തിരശ്ശീലയിടുകയും ചെയ്തു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ, മുംബൈയിലായിരുന്നു മുമൈദിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നു. വെറും 13 വയസ്സുള്ളപ്പോഴായിരുന്നു സിനിമാരംഗത്തേക്ക് വരുന്നത്. ''എന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടൊന്നുമല്ല അത്ര ചെറുപ്പത്തിൽ ജോലി ചെയ്യാൻ തുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും കൈയിൽ പണമില്ലെന്ന് അറിയാമായിരുന്നു. അന്ന് സ്‌കൂളിൽ പോകുമ്പോൾ ഒന്നര രൂപ ലാഭിക്കാൻ വേണ്ടി ഞാൻ നടക്കുമായിരുന്നു. ഇത് ശേഖരിച്ചുവെച്ചിട്ട് അച്ഛന്റെ കൈയിൽ കൊടുക്കും''.

'മുന്നാഭാസ് എം.ബി.ബി.എസി'ൽ അഭിനയിക്കുമ്പോൾ 18 വയസ്സാണ്. അതിലെ 'ദേഖ് ലേ' എന്ന പാട്ടിലെ ഐറ്റംഡാൻസ് അവരുടെ കരിയറിൽ വഴിത്തിരിവായി. ഹിന്ദി, തെലുഗു, തമിഴ്, കന്നഡ സിനിമകളിൽനിന്നെല്ലാം ഓഫറുകൾ ഒഴുകിവന്നു. ബോൾഡ് റോളുകളും, ഐറ്റംഡാൻസും അവർക്ക് സെക്‌സ് സിംബൽ എന്ന പേര് നേടിക്കൊടുത്തു. പക്ഷേ പ്രശസ്തിയുടെ ഉയരത്തിൽ നിൽക്കുമ്പോൾ തന്നെയാണ് അവർ സിനിമയിൽ നിന്ന് അകലുന്നതും. അതിന് കാരണമായത് വലിയൊരു അപകടവും.

വീട്ടിൽവെച്ചാണ് മുമൈദിന് അപകടമുണ്ടാവുന്നത്. മുറിയിൽ തലയിടിച്ച് വീഴുകയായിരുന്നു. അതവരുടെ തലച്ചോറിലെ ഞരമ്പുകൾക്ക് ക്ഷതമേൽപ്പിച്ചു. ''14 ദിവസമാണ് കോമയിൽ കിടക്കേണ്ടിവന്നത്. പിന്നീട് ഇടയ്ക്കിടെ അപസ്മാരമുണ്ടാവാൻ തുടങ്ങി. അസുഖം ഭേദമായപ്പോഴും ഏഴുവർഷത്തേക്ക് ജോലി ചെയ്യരുത്, വ്യായാമം ചെയ്യരുത്, ശാരീരികാധ്വാനം ചെയ്യരുത് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഒരു ജീവപര്യന്തം പോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. തിരക്കിൽനിന്ന് വീട്ടിലേക്ക് ഒതുങ്ങിക്കൂടി''.

''അപസ്മാരത്തിനുള്ള മരുന്ന് കഴിച്ചുകൊണ്ടിരുന്നു, അത് വളരെയധികം ഭാരം വർധിപ്പിച്ചു. ദൈവം എന്നെ മുമൈദ് ഖാൻ ആക്കി, അദ്ദേഹം തന്നെ അതിന് പൂർണ്ണവിരാമമിട്ടു. ഞാൻ അത് സ്വീകരിച്ചു. ആ ഏഴ് വർഷങ്ങൾ ഞാൻ സ്വയം പഠിക്കാൻ ഉപയോഗിച്ചു'', അവർ പറയുന്നു.

ഏകദേശം ആ സമയത്താണ് തനിക്ക് ചില തിരിച്ചറിവുകളുണ്ടായതെന്ന് മുമൈദ് ഓർക്കുന്നു. ''സിനിമയേക്കാൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് മേക്കപ്പും ഹെയർസ്റ്റൈലിങ്ങുമാണെന്ന് എനിക്ക് മനസ്സിലായി. കാരണം ഒരു സിനിമയിലും ഒരേ ലുക്ക് ഞാൻ ആവർത്തിച്ചിട്ടില്ല. അത് മറ്റുള്ളവരെ പഠിപ്പിക്കണമെന്ന് തോന്നി. അങ്ങനെയാണ് ഹൈദരാബാദിൽ ഒരു മേക്കപ്പ്-ഹെയർ സ്റ്റൈലിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്''.

40-ാം വയസ്സിലും താൻ സിംഗിളാണെന്ന് മുമൈദ്. ''മുമ്പ് നാല് സീരിയസ് ബന്ധങ്ങളുണ്ടായിരുന്നു. ഇപ്പോൾ സിംഗിളാണ്. പതിമൂന്നാം വയസ്സിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങി. എന്റെ കൗമാരം, 20-കൾ, 30-കൾ എല്ലാം ഞാൻ ത്യജിച്ചു. വിവാഹത്തെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ ചിന്തിക്കാൻ എനിക്ക് ഒരിക്കലും സമയമില്ലായിരുന്നു'', ഐഡ്രീം മീഡിയയോട് സംസാരിക്കുകയായിരുന്നു മുമൈദ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the life of renowned item dancer Mumait Khan, from her Bollywood success to a life-altering accident, coma, and her journey of self-discovery