'സ്വന്തം പാട്ടിന്റെ റീമേക്ക് കേട്ട് ഛര്‍ദിക്കാന്‍ തോന്നി', നവരാത്രിക്ക് കോടികള്‍ നേടുന്ന ഫാല്‍ഗുനി

90'സ് കിഡ്‌സ് പാടി നടന്ന കാസറ്റ് ഗാനങ്ങളുടെ തമ്പുരാട്ടിയായിരുന്നു ഫാല്‍ഗുനി പതക്. മേനേ പായല്‍ ഹേ ഛന്‍കായി, സാവന്‍ മേം മോര്‍നി ബന്‍ കെ, ഓ പിയാ, യാദ് പിയാ കീ ആനേ ലഗീ, മേരി ചൂനര്‍ ഉഡ് ഉഡ് ജായെ, ഐയ്യോ രാമാ... തുടങ്ങി സൂപ്പര്‍ഹിറ്റുകള്‍. ഗാനങ്ങളുടെ വീഡിയോകളും ഹിറ്റായിരുന്നു. ഒരോ ഗാനത്തിലും ഒരു മനോഹരമായ പ്രണയം ഇതള്‍ വിരിഞ്ഞു. സംവിധാനമികവിനൊപ്പം അഭിനേതാക്കളുടെ സൗന്ദര്യവും ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യന്‍ പോപ്പ് സംഗീതത്തിലെ ഏറ്റവും ജനപ്രിയമായ പേരാണ് ഫാല്‍ഗുനിയുടേത്. സംഗീതം പഠിക്കാതെ ഒരാള്‍ രാജ്യത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളായി എന്നത് അത്ഭുതമാണ്. ഒരു ഗുജറാത്തി കുടുംബത്തിലെ അഞ്ച് സഹോദരിമാരില്‍ ഏറ്റവും ഇളയവളായാണ് ഫാല്‍ഗുനിയുടെ ജനനം. വീടിന്റെ മട്ടുപ്പാവിലിരുന്ന് റേഡിയോയിലെ പാട്ടുകള്‍ കേട്ട് അവള്‍ ഒപ്പം പാടി. സ്വരങ്ങളുടെ സൗന്ദര്യം സ്വയം പഠിച്ചെടുത്തു.
ഒന്‍പതാം വയസ്സിലാണ് ഫാല്‍ഗുനി ആദ്യമായി ഒരു വേദിയില്‍ പാടുന്നത്. യാഥാസ്ഥിതികനായ അച്ഛന് മകള്‍ പരസ്യമായി പാടുന്നത് സഹിക്കാനായില്ല. ശകാരവും അടിയും കിട്ടിയിട്ടും ഫാല്‍ഗുനി പാടുന്നത് തുടര്‍ന്നു. കൂടുതല്‍ വേദികളില്‍ പാടി. പ്രാദേശിക പരിപാടികളിലൂടെയാണ് ഫാല്‍ഗുനി ശ്രദ്ധേയയാകുന്നത്. കിട്ടിയ വേദികളൊന്നും അവര്‍ കൈവിട്ടില്ല.
1994-ല്‍ സ്വന്തമായി ഒരു ബാന്‍ഡ് രൂപീകരിച്ചു. 'താ തൈയ്യ' എന്ന ബാന്റിന് ധാരാളം വേദികള്‍ കിട്ടി. നാലുവര്‍ഷത്തിനു ശേഷമാണ് ഫാല്‍ഗുനിയുടെ ആദ്യ ആല്‍ബം പുറത്തിറങ്ങുന്നത്. 'യാദ് പിയാ കി ആനെ ലഗീ...' ആല്‍ബം വന്‍ ഹിറ്റായി. ഫാല്‍ഗുനിയുടെ വിജയകഥ അവിടെ തുടങ്ങുകയായി.
മധുരശബ്ദം കൊണ്ട് മാത്രമല്ല ലുക്ക് കൊണ്ടും ഫാല്‍ഗുനി ശ്രദ്ധിക്കപ്പെട്ടു. ബോയ്കട്ട് ഹെയര്‍. ലൂസ് ഫിറ്റ് ഷര്‍ട്ടും പാന്റ്‌സും ജാക്കറ്റും. ചെറിയ കമ്മലല്ലാതെ ആഭരണങ്ങളില്ല. മിനിമം മേക്കപ്പ് മാത്രം. ക്വീര്‍ കമ്മ്യൂണിറ്റിക്കിടയില്‍ ഫാല്‍ഗുനിയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തത് ഈ വേഷവിധാനമാണ്. ഇത് ആലോചിച്ചുറപ്പിച്ചെടുത്ത ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് ഒന്നുമല്ലെന്നാണ് അവര്‍ പറയുന്നത്.
''നാല് പെണ്‍കുട്ടികള്‍ക്ക് ശേഷം ഒരാണ്‍കുട്ടി ജനിക്കുമെന്നാണ് എന്റെ കുടുംബം കരുതിയത്. അതുണ്ടായില്ല. എന്നേക്കാള്‍ ഒരുപാട് മുതിര്‍ന്നവരായിരുന്നു എന്റെ ചേച്ചിമാര്‍. അവര്‍ എന്നെ ഒരു ആണ്‍കുട്ടിയെപ്പോലെ കണ്ടു. അങ്ങനെ വസ്ത്രം ധരിപ്പിച്ചു. സ്‌കൂള്‍ യൂണിഫോമില്ലാതെ ഞാന്‍ ധരിച്ചതെല്ലാം പാന്റും ഷര്‍ട്ടുമാണ്''.
സംഗീതമല്ലാതെ മറ്റൊന്നുമില്ല ഫാല്‍ഗുനിയുടെ ജീവിതത്തില്‍. പ്രണയത്തെക്കുറിച്ച് അനവധി ഗാനങ്ങളൊരുക്കിയ ഗായികയ്ക്ക് ജീവിതത്തില്‍ പ്രണയിക്കാന്‍ സമയവുമില്ല, താത്പര്യവുമില്ല. വിവാഹിതയാകാതെ സിംഗിള്‍ ലൈഫ് ആസ്വദിക്കുകയാണ് ഗായിക. സംഗീതമല്ലാതെ മറ്റൊന്നിനോടും ആജന്മബന്ധമില്ലെന്നാണ് അവര്‍ പറയുന്നത്.
മുപ്പത് വര്‍ഷത്തിലേറെയായി സംഗീതലോകത്ത് നിറയുന്ന ഫാല്‍ഗുനി, ലൈവ് ഷോകളില്‍ നിന്ന് ഏറ്റവും വരുമാനം നേടുന്ന ഗായികമാരില്‍ ഒരാളാണ്. ദാണ്ഡിയാ ക്വീന്‍ എന്നൊരു വിളിപ്പേരുണ്ട് ഫാല്‍ഗുനിക്ക്. ഒന്‍പത് നാള്‍ നീളുന്ന നവരാത്രി ആഘോഷങ്ങള്‍ ഫാല്‍ഗുനിയില്ലാതെ അപൂര്‍ണ്ണമാണ്. ഓരോ ദിവസത്തിനും 70 ലക്ഷം വരെയാണ് ഫാല്‍ഗുനി വാങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. അതായത് ഒറ്റ നവരാത്രി സീസണ്‍ കൊണ്ട് കോടികളുടെ വരുമാനം.
സ്വന്തം യൂട്യൂബ് ചാനലും ലൈവ് പരിപാടികളുമൊക്കെയായി അവരെന്നും തിരക്കിലാണ്. ബോളിവുഡില്‍ കാലൂന്നാന്‍ ഫാല്‍ഗുനി ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല. ഈയടുത്ത് നേഹ കക്കര്‍, ഫാല്‍ഗുനിയുടെ 'മേനെ പായല്‍ ഹേ ഛന്‍കായി' എന്ന ഗാനം 'ഓ സജ്ന' എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. അതേക്കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ഫാല്‍ഗുനി പ്രതികരിച്ചത്. ആരാധകര്‍ നേഹയുടെ റീമേക്കിനെക്കുറിച്ച് കളിയാക്കുന്ന കമന്റുകള്‍ അവര്‍ തുടര്‍ച്ചയായി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. ''ആദ്യം കേട്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നി. ഗാനത്തിന്റെയും ദൃശ്യാവിഷ്‌കാരത്തിന്റെയും നിഷ്‌കളങ്കത അവര്‍ നശിപ്പിച്ചു.'' പുതു തലമുറയെ ആകര്‍ഷിക്കാന്‍ ഗാനത്തിന്റെ സത്ത കളയണ്ട കാര്യമില്ലായിരുന്നു എന്നും ഫാല്‍ഗുനി പറഞ്ഞു.
താന്‍ വിധികര്‍ത്താവായ റിയാലിറ്റി ഷോയുടെ നവരാത്രി സ്പെഷ്യല്‍ എപ്പിസോഡിലേക്ക് ഫാല്‍ഗുനിയെ നേഹ കക്കര്‍ ക്ഷണിച്ചു. ലെജന്‍ഡറി ഗായിക എന്ന വിശേഷണത്തോടെയായിരുന്നു ക്ഷണം. ഗായികമാരുടെ കൂടിക്കാഴ്ച ആരാധകരെയും കൂളാക്കി.
Content Highlights: the career and life of singer falguni pathak