സ്ത്രീകൾക്കായി വസ്ത്രമഴിച്ച് പ്രതിഷേധിച്ച എൽനാസ്; ആറുകോടി വാഗ്ദാനം ചെയ്തിട്ടും ബിഗ് ബോസിലേക്കില്ല

എൽനാസ് നോറൗസി / GettyImages
എൽനാസ് നോറൗസി / GettyImages

ഓഗസ്റ്റ് 24-നാണ് ഹിന്ദി ബിഗ് ബോസിന്റെ 19-ാം സീസൺ തുടങ്ങുന്നത്. മത്സരാർഥികളുടെ പേരുകളാണിപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഏറ്റവുമൊടുവിൽ കേട്ട പേരാണ് ജർമൻ-ഇറാനിയൻ നടിയായ എൽനാസ് നോറൗസി. ആറുകോടിയാണത്രെ എൽനാസിന് വാഗ്ദാനം ചെയ്തത്. എന്നാൽ, പ്രൊജക്ടുകൾ ഒരുപാട് ഉള്ളതിനാൽ എൽനാസ് അത് വേണ്ടെന്നുവെച്ചെന്നും വാർത്തകളുണ്ട്.

ടെഹ്‌റാനിലാണ് ഇവർ ജനിച്ചതും വളർന്നതും. അതിനുശേഷം കുടുംബമൊന്നടങ്കം ജർമനിയിലേക്ക് താമസംമാറ്റി. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ പല ഫോട്ടോഷൂട്ടുകളും ചെയ്തു. സിനിമയായിരുന്നു അന്നേ ലക്ഷ്യം. 14-ാം വയസ്സിൽ മോഡലിങ് തുടങ്ങി. ബിരുദത്തിനുശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. സിനിമയിൽ അവസരങ്ങൾ കിട്ടുമെന്നായിരുന്നു സ്വപ്നം. പക്ഷേ, അതൊന്നും നടന്നില്ല. അതിനിടയിലാണ് പാകിസ്താനി സിനിമയായ 'മാൻ ജാവോ നാ'യിലേക്ക് വിളിക്കുന്നത്. അതിനുശേഷം ഒരുപാട് സിനിമകളും സീരീസുകളും ചെയ്തു. 'കാണ്ഡഹാറി'ലൂടെ ഹോളിവുഡിലുമെത്തി.

ഏറെ വിവാദമായ പല സംഭവങ്ങളും എൽനാസിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇറാനിലെ ജനങ്ങളുടെ പല പ്രക്ഷോഭങ്ങളിലും എൽനാസ് സജീവമായിരുന്നു. 2022-ൽ ഇറാനിലുണ്ടായ 'വുമൺ, ലൈഫ്, ഫ്രീഡം മൂവ്‌മെന്റ്' പ്രക്ഷോഭത്തിലും അവർ പങ്കെടുത്തു. അന്ന് ഇറാൻ സർക്കാരിനെയും സദാചാര പോലീസിനെയും അപലപിച്ച എൽനാസ്, അതിനെതിരെ പ്രതികരിച്ച രീതി സകലരെയും ഞെട്ടിച്ചു. വസ്ത്രം ധരിച്ചെത്തിയ എൽനാസ് ടോപ് ലെസ് ആകുന്നൊരു വീഡിയോ പോസ്റ്റ് ചെയ്താണ് അവർ അതിനെ വിമർശിച്ചത്.

2018-ൽ സംവിധായകൻ വിപുൽ ഷായ്‌ക്കെതിരെ അവർ പീഡനപരാതി നൽകി. ''നമസ്‌തെ ഇംഗ്ലണ്ടിന്റെ പ്രീ-പ്രൊഡക്ഷൻ സമയമാണത്. ആ സിനിമയിൽ എനിക്ക് സഹനടിയുടെ റോൾ ഉണ്ടെന്ന് എന്റെ മാനേജർ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് ജാക്വിലിനുള്ള റോളായിരുന്നു, അവർ വേണ്ടെന്ന് വെച്ചതുകൊണ്ടാണ് എന്നെ വിളിച്ചതെന്ന്. ഒടുവിൽ സംവിധായകൻ വിപുൽ ഷായെ കണ്ടു. ഓഡിഷൻ പോലും നടത്തിയിരുന്നില്ല. എന്നിട്ടും ഞാൻ ആ സിനിമയിൽ അഭിനയിക്കുന്നതുപോലെയാണ് അയാൾ പെരുമാറിയത്. 'ഒരു ലുക്ക്-ടെസ്റ്റ് നടത്തി പേപ്പറിൽ ഒപ്പിടണം,' എന്നെന്നോട് പറഞ്ഞു. അതെനിക്ക് വളരെ വിചിത്രമായി തോന്നി''.

കുറച്ചുദിവസം കഴിഞ്ഞപ്പോൾ എൽനാസിനെ തേടി വീണ്ടും വിപുൽ ഷായുടെ ഓഫീസിൽനിന്ന് കോൾ വന്നു. ''ആറുതവണയെങ്കിലും ഓഡിഷനുകളിൽ പങ്കെടുത്തു. പക്ഷേ, എനിക്കൊരു കഴിവും ഇല്ലാത്തതുപോലെയാണ് ഓരോ തവണയും അയാൾ പ്രതികരിച്ചത്. അവസാനത്തെ ഓഡിഷന് അമൃത്സറിലെത്തി. അതുകഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, 'റൂമിലേക്ക് വരൂ. തിരക്കഥ വായിച്ചുകേൾപ്പിക്കാം, അതുപറഞ്ഞയുടനെ അയാളെന്നോട് മോശമായി പെരുമാറുകയും ചെയ്തു'', എൽനാസ് പിന്നീട് പറഞ്ഞു.

2022-ൽ 'ജഗ്ജഗ് ജിയോ' എന്ന സിനിമയിൽ ഐറ്റംഡാൻസ് അവതരിപ്പിച്ചുകൊണ്ട് ‌എൽനാസ് ബോളിവുഡ് അരങ്ങേറ്റം നടത്തി. ആമസോൺ പ്രൈമിന്റെ 'ദ ട്രെയിറ്റേഴ്‌സ് ഇന്ത്യ'യിൽ പങ്കെടുത്തെങ്കിലും, ഏഴാം ദിവസം പുറത്തായി. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസായ 'സേക്രഡ് ഗെയിംസി'ൽ സോയ മിർസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം 14-ന് പുറത്തിറങ്ങുന്ന 'ടെഹ്‌റാൻ' എന്ന ബോളിവുഡ് സിനിമയിലും ഒരു ഐറ്റംഡാൻസറായി എത്തുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: german-iranian actress elnaaz norouzi rumored for bigg boss 19. From hollywood to bollywood, her journey includes controversies