ഹണിമൂണിന് പോലും രാജ്ഞി വളര്‍ത്തുനായ്ക്കളെ കൊണ്ടുപോയി, മരണശേഷം അവയെ മകനു നല്കി

2022-ലാണ് ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് ദ്വിതീയ വിടവാങ്ങിയത്. ഏറ്റവുമധികം കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരി എന്ന ഖ്യാതി അവര്‍ക്കാണ്. ക്യാമറകള്‍ ഒപ്പിയെടുത്ത അവരുടെ ജീവിതത്തില്‍ അവര്‍ക്കൊപ്പം സദാ വളര്‍ത്തുനായ്ക്കളെയും കാണാം. മാഡം തുസാഡ്സ് മ്യൂസിയത്തിലെ അവരുടെ പ്രതിമയ്ക്കൊപ്പം വളര്‍ത്തുനായയുടെ മെഴുകുപ്രതിമയുണ്ട്. വെല്‍ഷ് കോര്‍ഗി എന്നയിനം നായ്ക്കളോടായിരുന്നു എലിസബത്തിന് പ്രിയം. കോര്‍ഗികളെ മാത്രമാണ് അവര്‍ വളര്‍ത്തിയിട്ടുള്ളത്. 30 കോര്‍ഗികളെയും കോര്‍ഗി-ഡാഷ്ഹണ്ട് ബ്രീഡായ ഡോര്‍ഗിയെയുമാണ് എലിസബത്ത് വളര്‍ത്തിയത്. മിക്കവാറും യാത്രകളില്‍ രാജ്ഞി അവരെ ഒപ്പം കൂട്ടാറുണ്ടായിരുന്നു.
കുട്ടിക്കാലത്ത് എലിസബത്തും അനിയത്തി മാര്‍ഗരറ്റും ബ്രിട്ടീഷ് കണ്‍സര്‍വേറ്റിവ് നേതാവായ തോമസ് ത്രിന്നെയുടെ വീട്ടില്‍ വിരുന്നു പോയിരുന്നു. ത്രിന്നെയുടെ മകള്‍ക്ക് ഏതാണ്ട് രാജകുമാരിമാരുടെ തന്നെ പ്രായം. അവരുടെ കളിക്കൂട്ടുകാരനായ വളര്‍ത്തുനായ കോര്‍ഗി രാജകുമാരിമാരുടെ മനം കവര്‍ന്നു. വൈകാതെ രാജാവ് മക്കള്‍ക്ക് ഒരു കോര്‍ഗിയെ സമ്മാനിച്ചു. ഡൂക്കി എന്നായിരുന്നു പേര്. അധികം വൈകാതെ ജെയിന്‍ എന്നൊരു കോര്‍ഗി കൂടി രാജകുടുംബത്തിന്റെ ഭാഗമായി.
Getty Imgaes
പതിനെട്ടാം വയസ്സിലാണ് എലിസബത്തിന് മാത്രമായി ഒരു കോര്‍ഗിയെ കിട്ടുന്നത്. സൂസന്‍ എന്നായിരുന്നു പേര്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അവര്‍ വളര്‍ത്തിയതെല്ലാം സൂസന്റെ പിൻതലമുറക്കാരെയാണ്. സൂസനും എലിസബത്തും എന്നും ഒരുമിച്ചായിരുന്നു. എലിസബത്തിന്റെയും ഫിലിപ്പിന്റെയും ഹണിമൂണിന് പോലും സൂസനെ ഒപ്പം കൊണ്ടുപോയി.
എലിസബത്തിന് ആദ്യ കുഞ്ഞ് പിറന്നപ്പോള്‍ സൂസന് ഇരട്ടക്കുട്ടികളുണ്ടായി. ഷുഗര്‍, ഹണി എന്നിങ്ങനെയായിരുന്നു പേരുകള്‍. ഈ രണ്ട് നായ്ക്കുഞ്ഞുങ്ങളും പിന്നീട്
എലിസബത്തിന്റെ മക്കളുടെ കളിക്കൂട്ടുകാരായി.
കോര്‍ഗികള്‍ക്ക് പ്രത്യേകമുറിയുണ്ടായിരുന്നു. പല വിദഗ്ധരുമായി കൂടിയാലോചിച്ചിട്ടാണ് അവരുടെ ഡയറ്റ് തീരുമാനിക്കപ്പെട്ടിരുന്നത്. കോര്‍ഗികള്‍ക്കുള്ള വൈദ്യപരിശോധനകള്‍ ഒരിക്കലും മുടങ്ങിയിട്ടില്ല. തന്റെ അരുമകളോട് അപമര്യാദയായി പ്രവര്‍ത്തിച്ച ജീവനക്കാരനെ രാജ്ഞി കൊട്ടാരത്തില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്. രാജ്ഞിക്കും കൊട്ടാരത്തിലെ സ്റ്റാഫിനും പോസ്റ്റ്മാനും ഗാര്‍ഡിനുമെല്ലാം കോര്‍ഗികളുടെ കടിയും കിട്ടിയിട്ടുണ്ട്.
/Wikipedia
2012-ല്‍ ഇനി പുതിയ നായ്ക്കുഞ്ഞുങ്ങളെ വളര്‍ത്താനില്ല എന്ന് രാജ്ഞി തീരുമാനിച്ചു. താൻ മരിച്ചാല്‍ അവ അനാഥമായിപ്പോകുമെന്നായിരുന്നു ഭയം. എന്നാല്‍ കോവിഡ് കാലത്ത് രാജ്ഞിക്ക് മകന്‍ രണ്ട് കോര്‍ഗികളെ സമ്മാനം നല്‍കി. ലോക്ക്ഡൗണില്‍ അത് അവര്‍ക്ക് വലിയ ആശ്വാസമാകുകയും ചെയ്തു.
മരണശേഷം രാജ്ഞി തന്റെ ഓമനകളെ ഏല്‍പ്പിച്ചത് മകന്‍ ആന്‍ഡ്രുവിനെയാണ്. മ്യൂക്ക്, സാന്‍ഡി എന്നിങ്ങനെയാണ് രാജ്ഞിയുടെ അവസാനത്തെ ഓമനനായ്ക്കളുടെ പേര്. രാജ്ഞിയുടെ സംസ്‌കാര
ചടങ്ങുകള്‍ക്ക് ഭാഗമാകാന്‍ കാത്തുനില്‍ക്കുന്ന കോര്‍ഗികളുടെ ഫോട്ടോ വൈറലായിരുന്നു.
Content Highlights: elizabeth second and her love for corgi dogs