‘പരിശീലനത്തിനിടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു; ആറുമാസത്തെ ജീവിതം നഷ്ടമായി’

ദിഷ പഠാണി/ Instagram(dishapatani)
ദിഷ പഠാണി/ Instagram(dishapatani)

തീവ്രമായി വ്യായമം ചെയ്ത് ഓരോ സിനിമകള്‍ക്കുമായി ശരീരത്തെ പാകപ്പെടുത്തുന്ന രീതി സിനിമാ താരങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇത്തരം കഠിനമായ ജിം വര്‍ക്കൗട്ടുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പരിക്കുകള്‍ ഒരു തിരിച്ചടിയാകാറുണ്ട്. അങ്ങനെ ഒരനുഭവം പങ്കുവെയ്ക്കുയാണ് ബോളിവുഡ് നടി ദിഷ പഠാണി. ജിം, വെയ്റ്റ് ലിഫ്റ്റിംഗ്, എം.എം.എ.(ബോക്‌സിംഗ്, ഗുസ്തി, കരാട്ടെ, തുടങ്ങിയ വിദ്യകള്‍), നൃത്തം എന്നിവയുള്‍പ്പെടെയുള്ള പരിശീലനങ്ങളോട് അവര്‍ക്കുളള അഭിനിവേശത്തെക്കുറിച്ച് അവര്‍ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.

''വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ വെയ്റ്റ് ട്രെയിനിംഗ് അല്ല, കാര്‍ഡിയോ ആണ് ചെയ്യുന്നത് എന്നൊരു പൊതുധാരണയുണ്ട്. പക്ഷേ ഞങ്ങള്‍ എല്ലാവരും വര്‍ക്ക് ഔട്ട് ചെയ്യുകയും ഹെവി വെയ്റ്റുകള്‍ എടുക്കുകയും ചെയ്യാറുണ്ട്. ജിമ്മില്‍ കഠിനമായി പരിശീലിക്കുന്ന നിരവധി പെണ്‍കുട്ടികളെ ഞാന്‍ കാണാറുണ്ട്'' എന്ന് താരം ഒരിക്കല്‍ വോഗ് ഇന്ത്യയോട് പറഞ്ഞിരുന്നു.

ഇത്തരം വ്യായാമ മുറകളോടുള്ള അര്‍പ്പണബോധം 'ഭാരത്' എന്ന സിനിമയില്‍ ഒരു സര്‍ക്കസ് നടിയായി അഭിനയിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ അത് അവരുടെ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ നിമിഷങ്ങളിലൊന്നിനും കാരണമായി. “ടെറസില്‍ പരിശീലിക്കുന്നതിനിടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു, എനിക്ക് ആറുമാസത്തെ ജീവിതം നഷ്ടമായി. കാരണം അന്ന് എനിക്ക് ഒന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല'' മിഡ് ഡേയുമായുള്ള ഒരഭിമുഖത്തില്‍ അവർ വെളിപ്പെടുത്തി. ആ അപകടം മാസങ്ങളോളം അവരുടെ ജീവിതത്തെ വേട്ടയാടി. ദൈനംദിന ജീവിതം ബുദ്ധിമുട്ടിലാക്കിയെന്നും, ആ കാലത്തെ ഓര്‍മകള്‍ മായ്ച്ചുകളയാന്‍ മാത്രം ഗുരുതരമായ ഓര്‍മ്മക്കുറവിന് കാരണമായി എന്നും അവര്‍ പറഞ്ഞിരുന്നു.

തിരിച്ചടി ഉണ്ടായിട്ടും അവര്‍ പരിശീലനം തുടര്‍ന്നു. ''ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍, ഞാന്‍ ആഴ്ചയില്‍ വ്യായാമവും, എം.എം.എ.യും മാറിമാറി പരിശീലിക്കാറുണ്ട്. എം.എം.എ. താരതമ്യേന എളുപ്പമാണ്. എന്നാല്‍ ജിമ്മില്‍ കൃത്യമായി വ്യായാമം തുടരാന്‍ നിങ്ങള്‍ സ്ഥിരതയുള്ളവരും ധൈര്യശാലികളും ആയിരിക്കണം. ഇപ്പോഴുള്ള അവസ്ഥയില്‍ എത്താന്‍ എനിക്ക് കുറച്ച് സമയമെടുത്തു. നിങ്ങള്‍ വ്യായാമം എല്ലാ ദിവസവും ചെയ്യണം. '' മൂന്ന് വര്‍ഷമായി താന്‍ സ്ഥിരമായി പരിശീലിക്കുന്നുണ്ടെന്നും, ഇരുപത് വയസ്സിന് ശേഷം ശരീരം മാറുന്നതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഇത് പഠിക്കുന്നത് നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോഫര്‍, എംഎസ് ധോനി: ഏന്‍ അണ്‍ടോള്‍ഡ് സ്‌റ്റോറി,ഭാഗി 2,മലങ്, കല്‍ക്കി 2898 AD എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood actress Disha Patani shares her journey of intense fitness training, a severe gym injury, and her unwavering dedication to MMA and workouts.