‘ഞാൻ ഒരു ഹാപ്പി പേഴ്സൺ, ചെറിയ കാര്യങ്ങൾ മതി സന്തോഷിക്കാൻ’

ദേവിക | സിദ്ദീക്കുൽ അക്ബർ
ദേവിക | സിദ്ദീക്കുൽ അക്ബർ

കുട്ടിക്കാലത്തെപ്പോഴോ ദേവികാ സഞ്ജയ്യുടെ മനസ്സിൽ കയറിക്കൂടിയ മോഹമാണ് സിനിമ. അവസരങ്ങൾക്കായി ഒരുപാട് ശ്രമിച്ചെങ്കിലും സിനിമയിലെത്താൻ വഴിയൊന്നും മുന്നിൽ തെളിഞ്ഞിരുന്നില്ല. കാത്തിരിപ്പിനൊടുവിൽ ആ വാതിൽ തുറന്നു. വലിയൊരു അവസരം കൺമുന്നിലെത്തി. സത്യൻ അന്തിക്കാടിന്റെ 'ഞാൻ പ്രകാശനി'ൽ ടീനമോൾ എന്ന കഥാപാത്രമായി അരങ്ങേറ്റം. മലയാളികളുടെ മനസ്സിൽ ആ മുഖം പതിഞ്ഞു. മകൾ, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി, സുഖമാണോ സുഖമാണ്... തുടങ്ങിയ ചിത്രങ്ങൾ പിന്നാലെയെത്തി. പഠനകാലത്തിന്റെ തിരക്കുകളൊഴിഞ്ഞ് സിനിമയിൽ സജീവമാകുകയാണ് ദേവിക.

സിനിമാമോഹം

കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമാണ് സിനിമ. സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങൾ എഴുതി അവതരിപ്പിക്കാറുണ്ടായിരുന്നു. എന്റെ അധ്യാപിക രേണുക മാമിന്റെ അച്ഛൻ നിർമാതാവായിരുന്നു. അവർക്ക് ഒരുപാട് സിനിമാക്കാരുമായി ബന്ധമുണ്ട്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മാം എന്റെ സുഹൃത്തിനെ വിളിച്ച് സന്ത്യൻ അന്തിക്കാടിന്റെ സിനിമയിൽ അവസരമുണ്ട് എന്ന് പറഞ്ഞു. പക്ഷേ, എന്റെ ആ സുഹൃത്തിന് അഭിനയത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. അവൾ മാമിനോട് എന്നെപ്പറ്റി പറഞ്ഞു. അങ്ങനെ കറങ്ങിത്തിരിഞ്ഞ് ആ അവസരം എനിക്ക് ലഭിച്ചു.

അവസരങ്ങൾ തേടി

ഇതുവരെ അവസരങ്ങൾ എന്നിലേക്ക് എത്തിച്ചേരുകയായിരുന്നു. ഓഡിഷനുകളിൽ പങ്കെടുക്കാറുമുണ്ട്. എപ്പോഴും സിനിമ ചെയ്തുകൊണ്ടേയിരിക്കണം എന്നാണ് ആഗ്രഹം.

കാരണം ഇതുമാത്രമേ എനിക്ക് ചെയ്യാൻ ഇഷ്ടമുള്ളൂ. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ സാധിക്കണം.

നായിക ആയപ്പോൾ

അവസാനം ഇറങ്ങിയ സിനിമ 'സുഖമാണോ സുഖമാണ്' ആണ്. ഇതെന്റെ രണ്ടാമത്തെ നായികാ വേഷമാണ്. ആദ്യത്തേത് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'. ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു 'സുഖമാണോ സുഖമാണ് '. 'ഞാൻ പ്രകാശനി'ലെ ടീന എന്ന കഥാപാത്രത്തോട് ഏകദേശം സാമ്യമുള്ള കഥാപാത്രമായിരുന്നു അതും. എങ്കിലും ചെയ്യാതിരിക്കാൻ തോന്നിയില്ല. സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് എന്നെ ആകർഷിച്ചു. വ്യത്യസ്തമായ കഥകൾ പറയുന്ന സിനിമകളോടാണ് എനിക്ക് പ്രിയം.

പുതിയ സിനിമകൾ

'കത്തനാർ', 'ഒറ്റക്കൊമ്പൻ' എന്നിവയാണ് പുതിയ സിനിമകൾ. 'കത്തനാർ' പീരിയഡ് ഫാന്റസി സിനിമയാണ്. അവതരണരീതിയും വസ്ത്രധാരണവുമെല്ലാം ഒരു പ്രത്യേക കാലഘട്ടത്തിന്റെതായിരിക്കണം. അതിലെ കഥാപാത്രത്തിനുവേണ്ടി ചെറിയ ചില തയ്യാറെടുപ്പുകൾ നടത്തി. ഷൂട്ട് ചെയ്യുന്നതിന് മുൻപ് സീനുകൾ പ്രാക്ടീസ് ചെയ്തു. ആക്ഷൻ രംഗങ്ങൾക്ക് പ്രത്യേക പരിശീലനം നേടി. കുതിരയെ ഓടിക്കാൻ പഠിച്ചു. അതിന് ലൈസൻസ് കിട്ടി... അങ്ങനെയങ്ങനെ. 'കത്തനാർ' എനിക്ക് ഒരു ഡ്രീം കം ട്രൂ സിനിമയായിരുന്നു. അത് വലിയ നേട്ടമായി കരുതുന്നു. ഒരു രാജകുമാരിയുടെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. അത്തരമൊരു കഥാപാത്രം ചെയ്യാൻ കുട്ടിക്കാലത്തേ ആഗ്രഹിച്ചിരുന്നു.

പ്ലാൻ B ഇല്ല

സിനിമ തന്നെയാണ് എപ്പോഴത്തെയും ലക്ഷ്യം. എനിക്ക് അഭിനയിച്ചാൽ മാത്രം മതി. പ്ലാൻ ബി ഇല്ല. പഠിക്കാൻ ഇഷ്ടമുള്ള ആളാണ്. പിന്നെയത് ഒഴിച്ചുകൂടാനാവാത്ത കാര്യവുമാണല്ലോ. അതുകൊണ്ടുമാത്രം പഠനം തുടർന്നു.

കൂട്ടായി കുടുംബം

അമ്മ ശ്രീലത. അച്ഛൻ സഞ്ജയ്. അനിയൻ ദേവാനന്ദ്. സ്വദേശം കൊയിലാണ്ടിയാണ്. കുടുംബം വലിയ പിന്തുണ നൽകുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾപ്പോലും രണ്ടും മൂന്നും മാസം അവധിയെടുത്ത് അഭിനയിക്കാൻ പോയിട്ടും അവർ എതിർത്തില്ല. അച്ഛന് സിനിമ ഒരുപാട് ഇഷ്ടമാണ്. ആ ഇഷ്ടമാണ് എനിക്കും കിട്ടിയതെന്ന് തോന്നുന്നു.

നേരംപോക്കുകൾ

സിനിമ കാണാനാണ് ഏറ്റവും ഇഷ്ടം. രാവിലെ മുതൽ രാത്രി വരെ സിനിമ കണ്ടിരിക്കും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലുള്ള സിനിമകൾ എന്നൊന്നുമില്ല. ഹൊറർ സിനിമകളൊഴിച്ച് എന്തും കാണും. റിയലിസ്റ്റിക് സിനിമകളും ചിന്തിപ്പിക്കുന്ന സിനിമകളുമൊക്കെ ഇഷ്ടമാണ്. കൂടാതെ, ഔട്ടിങ്ങും വായനയും ഇടയ്‌ക്കൊക്കെ പാചകവും ഇഷ്ടമാണ്.

നല്ല തുടക്കം

'ഞാൻ പ്രകാശൻ' ആണ് ആദ്യ സിനിമ. അതെന്നെ സംബന്ധിച്ച് വലിയൊരു ഓപ്പണിങ് ആയിരുന്നു. മറ്റു സിനിമകളിലേക്ക് അവസരം തന്നതും ആ സിനിമയാണ്. പിന്നീട് സത്യൻ അന്തിക്കാട് സാറിന്റെ തന്നെ 'മകൾ' എന്ന സിനിമയിലും അഭിനയിച്ചു. സിനിമയിൽ പുതിയ ആളും ചെറിയ കുട്ടിയുമായിരുന്നിട്ടുകൂടി അദ്ദേഹം എന്റെ അഭിപ്രായങ്ങളെ മാനിക്കുകയും സ്വീകരിക്കുകയും ചെയ്തു. 'ഇഷ്ടമുള്ളതുപോലെ ചെയ്തു നോക്കൂ, ബാക്കി നമുക്ക് നോക്കാം' എന്നാണ് അദ്ദേഹം പറയുക. ആ സിനിമയിലൂടെ അഖിലേട്ടന്റെയും (അഖിൽ സത്യൻ) അനുപേട്ടന്റെയും (അനൂപ് സത്യൻ) കൂടെ വർക്ക് ചെയ്യാനും സാധിച്ചു. സിനിമയിൽ നല്ലൊരു തുടക്കം തന്നതിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആകെ നാല് സിനിമകളേ ചെയ്തിട്ടുള്ളൂ. പഠനത്തിരക്കുകളിലായിരുന്നു. ഇപ്പോൾ ബിരുദാനന്തര ബിരുദം ചെയ്യുന്നു.

ഭാഷ പ്രശ്‌നമല്ല

മറ്റു ഭാഷകളിൽ സിനിമ ചെയ്യാൻ ഇഷ്ടമാണ്. കഥ കേൾക്കാറുണ്ട്. ഭാഷ ഒരു തടസ്സമാകുമെന്ന് തോന്നുന്നില്ല. നല്ല സ്‌ക്രിപ്റ്റുകൾ വന്നാൽ ചെയ്യും.

എന്റെ സന്തോഷങ്ങൾ

ഞാൻ ഒരു ഹാപ്പി പേഴ്സൺ ആണ് (happy person). ചെറിയ കാര്യങ്ങൾ മതി എനിക്ക് സന്തോഷിക്കാൻ. പുതുമയുള്ളതും ഇഷ്ടമുള്ളതുമായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം സദാ ഉണ്ടായിരിക്കണമെന്ന് കരുതുന്നു. എന്നിലെ നല്ല ഗുണങ്ങൾ ഒരിക്കലും പോകരുതെന്നുമുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Devika Sanjay's transition from child actor to lead roles., Insights into her debut with Sathyan Anthikad's Njan Prakashan., Preparation details for the period fantasy film Kathanar., Balancing academic pursuits with a full-time acting career., Strong family support and her passion for realistic cinema.