ക്രിസ്മസ് വിരുന്ന് കഴിഞ്ഞാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് അമ്മ അറിഞ്ഞത്; സ്വാസികയുടെ ഓർമ

പ്രേം, സ്വാസിക
പ്രേം, സ്വാസിക

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് സ്വാസിക. ഒന്നാം വിവാഹവാര്‍ഷികത്തിലേക്ക് കടക്കുന്നതിന് മുന്നേയുള്ള ആദ്യത്തെ ക്രിസ്മസ് സ്വാസികയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ വിവാഹത്തിന് മുമ്പുള്ള ക്രിസ്മസിന് അതിനേക്കാള്‍ ഒരല്പം മധുരം അധികമുണ്ടെന്ന് പറയുകയാണ് താരം. 

''ഞാനും പ്രേമും പ്രണയത്തിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ആഘോഷിച്ച ക്രിസ്മസ് മനസ്സില്‍ മായാതെ കിടപ്പുണ്ട്. അന്ന് ഒരു ഷൂട്ടിന്റെ ഭാഗമായി തിരുവനന്തപുരത്ത് പോയിരുന്നു. അപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാനായി പ്രേമിന്റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. ഞങ്ങള്‍ പ്രണയത്തിലാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയില്ലായിരുന്നു. ഷൂട്ട് കഴിഞ്ഞശേഷം എന്റെ അമ്മയെ ഹോട്ടലിലാക്കിയിട്ട് ഞാന്‍ ലഞ്ച് കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് പ്രേമിന്റെ വീട്ടിലേക്ക് പോയി. ആ സമയത്ത് പ്രേമിന്റെ അമ്മ അദ്ദേഹം വിവാഹത്തിന് സമ്മതിക്കാത്തതിനെക്കുറിച്ച് കുറേ സംസാരിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും വിവാഹത്തിന് തയ്യാറാവുന്നില്ല, അടുത്ത വര്‍ഷമെങ്കിലും അവന്‍ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു എന്നൊക്കെ എന്നോട് പറഞ്ഞു. അവിടുത്തെ ക്രിസ്മസ് ആഘോഷത്തെക്കുറിച്ചും ഞങ്ങള്‍ കുറേ സംസാരിച്ചിരുന്നു.

അമ്മ ഉണ്ടാക്കിയ അടിപൊളി ബിരിയാണിയും ബ്രൗണീസുമൊക്കെ ഞാന്‍ ആസ്വദിച്ച് കഴിച്ചു. പിന്നീടാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് അമ്മ അറിഞ്ഞത്. ഈയിടെ ക്രിസ്മസ് അടുക്കാറായപ്പോള്‍ അമ്മ പറഞ്ഞു, ഇപ്രാവശ്യവും ഞാന്‍ അന്നുണ്ടാക്കിയതുപോലെ ബിരിയാണിയും ബ്രൗണീസും കേക്കുമൊക്കെ ഉണ്ടാക്കിത്തരാമെന്ന്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ കോയമ്പത്തൂരില്‍ ഷൂട്ടിലായിപ്പോയി. പക്ഷേ, ഇപ്രാവശ്യം കഴിക്കാന്‍ പറ്റിയില്ലെങ്കിലും കഴിഞ്ഞ ക്രിസ്മസിന് അമ്മയുടെ രുചിക്കൂട്ടുകള്‍ ഞാന്‍ ആസ്വദിച്ച് കഴിച്ചല്ലോ. അത് മധുരമുള്ള ഒരോര്‍മ്മയാണ്. 

ഷൂട്ടിലാണെങ്കിലും ഞാനും പ്രേമും ഒന്നിച്ചുതന്നെയാണ് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്. താമസിക്കുന്ന ഹോട്ടലില്‍ ക്രിസ്മസ് ഈവനിങ് ഡിന്നര്‍ ബുക്ക് ചെയ്തിട്ടുണ്ട്. കാന്‍ഡില്‍ ലൈറ്റ് വിത്ത് ഡിന്നര്‍. എന്റെ വീട്ടില്‍ ഇതുവരെ വലിയ രീതിയില്‍ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. അതുകൊണ്ട് ഈ ക്രിസ്മസ് ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.''

Content Highlights: christas memory of actress swasika