സ്ഥാപകനെപ്പറ്റിയും ഡീപ് സീക്കിന് ഉത്തരമില്ല, ലിയാങ് വെന്‍ഫെങ്ങിനെ തിരഞ്ഞ് ലോകം

ലിയാങ് വെന്‍ഫെങ് | X
ലിയാങ് വെന്‍ഫെങ് | X

ഇക്കൊല്ലം ജനുവരി 20 വരെ ചൈനീസ് സംരംഭകനായ ലിയാങ് വെന്‍ഫെങ്ങിനെ അധികമാര്‍ക്കും അറിയുമായിരുന്നില്ല. നിര്‍മിതബുദ്ധിയില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് കരുതിയ അമേരിക്കന്‍ ടെക് ഭീമന്‍മാരെപ്പോലും വിറപ്പിച്ച് ദിവസങ്ങള്‍ കൊണ്ടാണ് 40-കാരനായ വെന്‍ഫെങ് ലോകത്തിന്റെ നെറുകയിലെത്തിയത്. 

നമ്മുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം ഉത്തരം തരുന്ന, കഥകള്‍ രചിച്ചുതരുന്ന, കവിതകളെഴുതുന്ന, ബിസിനസ് ഉപദേശങ്ങള്‍ തരുന്ന, താരതമ്യപഠനങ്ങള്‍ നടത്തിത്തരുന്ന ചാറ്റ് ജി.പി.ടി ഒരു അത്ഭുതമായിരുന്നു. അമേരിക്കന്‍ കമ്പനിയായ ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടി അവതരിപ്പിച്ചപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ ഞെട്ടിയതാണ്. എന്നാല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ചാറ്റ് ജി.പി.ടിയിലേക്ക് തങ്ങളുടെ ദിനചര്യ പോലും മാറ്റിയ വേളയില്‍ ചൈനയൊരു ബോംബു പൊട്ടിച്ചു. കുറഞ്ഞ ചെലവില്‍ അതിലും വലിയൊരു എ.ഐ ചാറ്റ് ബോട്ട് അത്ഭുതം. ഡീപ്‌സീക്ക് ആര്‍1 ചാറ്റ്ബോട്ട്. ചാറ്റ് ജി.പി.ടിയോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള, ഒരുപക്ഷേ അതിനേക്കാള്‍ മുകളില്‍ സഞ്ചരിക്കുന്നത്. ഇതു നിര്‍മിച്ചത് ലിയാങ് വെന്‍ഫെങ് ആണ്. ജനുവരി പത്തിനാണ് ആപ്പിളിനും ആന്‍ഡ്രോയ്ഡിനുമായി സൗജന്യ ചാറ്റ്‌ബോട്ട് ആപ്പ് ഡീപ്സീക്ക് പുറത്തിറക്കിയത്. പിന്നാലെ ആപ്പ് സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്ലിക്കേഷനായി ചാറ്റ് ജി.പി.ടിയെ മറികടന്നു.

സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെയുള്ള നൂതനാശയങ്ങള്‍ വിദേശത്ത് നിന്ന് കടമെടുക്കുകയും അവ ഉത്പാദിപ്പിച്ച രാജ്യത്തേക്കാള്‍ വേഗത്തില്‍ വ്യവസായമാക്കി മാറ്റുകയും ചെയ്തുശീലിച്ചവരാണ് ചൈനയുടെ ടെക് ഇന്‍ഡസ്ട്രി. മറ്റെല്ലാ വ്യാവസായികരംഗങ്ങളേയും പോലെത്തന്നെ. അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നൊരു സമീപനം, അതാണ് വെന്‍ഫെങ് സ്വീകരിച്ചത്. മറ്റ് രാജ്യങ്ങളുടെ സാങ്കേതികവിദ്യ പിന്തുടരുന്നതിനുപകരം ചൈന മുന്നില്‍ നിന്നു നയിക്കുകയെന്നതാണ് വെന്‍ഫെങ്ങിന്റെ സ്വപ്‌നം. അത് തുടങ്ങിക്കഴിഞ്ഞുവെന്നുവേണം ഡീപ്സീക്കിന്റെ വിജയത്തില്‍ നിന്നും മനസ്സിലാക്കാന്‍. 

ചൈനയില്‍ താരം
അമേരിക്കയെ പ്രതിസന്ധിയിലാക്കിയ സാങ്കേതികവിദ്യ വികസിപ്പിച്ച വെന്‍ഫെങ് ചൈനയില്‍ താരമാണിന്ന്. സര്‍ക്കാരും ജനങ്ങളും ലോകത്തുടനീളമുള്ളവരും ഇന്ന് വെന്‍ഫെങ്ങിനെപ്പറ്റി ചര്‍ച്ചചെയ്യുന്നു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ദേശീയ പരിപാടിയിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. 2023 മുതല്‍ എ.ഐ മോഡലുകള്‍ വികസിച്ചിപ്പുവരുന്ന കമ്പനിയാണ് ഡീപ്സീക്ക് എങ്കിലും ഇക്കൊല്ലമാണ് ആഗോളതലത്തില്‍ പ്രത്യേകിച്ച് പാശ്ചാത്യ ലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയത്.  

വെന്‍ഫെങ്ങിന്റെ തന്ത്രം
2015-ല്‍ ചൈനയിലെ ഹാങ്ഷൂവില്‍ സ്ഥാപിച്ച ഹൈ-ഫ്‌ളയര്‍ എന്ന കമ്പനിയുടെ സഹസ്ഥാപകനാണ് വെന്‍ഫെങ്. 2023-ല്‍ ഡീപ്സീക്ക് സ്ഥാപിച്ചു. ചൈനയ്ക്കെതിരെ അമേരിക്ക എ.ഐ ചിപ്പ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന് മുമ്പേ എന്‍വിഡിയ എന്ന കമ്പനിയില്‍ നിന്ന് ഗണ്യമായ എണ്ണം ചിപ്പുകള്‍ വെന്‍ഫെങ്ങിന്റെ നേതൃത്വത്തില്‍ വാങ്ങി സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അവയെ വിലകുറഞ്ഞ ചിപ്പുകളുമായി സംയോജിപ്പിച്ചാണ് ചാറ്റ്‌ബോട്ട് തയ്യാറാക്കിയത്. ഇതാണ് കുറഞ്ഞ വിലയില്‍ ശക്തമായ മോഡല്‍ വികസിപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. എ.ഐ., ഗേമിങ് അടക്കമുള്ളവയ്ക്കായി ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകളും സോഫ്‌റ്റ്വേറുകളും മറ്റു സേവനങ്ങളും വില്‍പന നടത്തുന്ന അമേരിക്കന്‍ കമ്പനിയാണ് എന്‍വിഡിയ.  

മത്സരശേഷി
എതിരാളികളുമായുള്ള മത്സരശേഷി ഡീപ്സീക്കിനെ ആളുകളേറ്റെടുക്കാന്‍ പ്രധാനകാരണമായി. 6 മില്യണ്‍ യു.എസ് ഡോളറിലാണ് ഡീപ്സീക് എ.ഐ വികസിപ്പിച്ചെടുത്തത്. അമേരിക്കയില്‍ ചാറ്റ് ജി.പി.ടി വികസിപ്പിക്കാന്‍ ബില്യണുകള്‍ ചെലവിട്ട സ്ഥാനത്താണിത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ രംഗത്ത് ചെറിയ ബജറ്റുകളില്‍ പോലും പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് ചൈന തെളിയിച്ചത് അമേരിക്കന്‍ ടെക് ഭീമന്‍മാര്‍ക്ക് വെല്ലുവിളിയായി. എന്‍വിഡിയ കമ്പനിക്കും. ഭാവിയില്‍ വന്‍തുകയിട്ട പദ്ധതികള്‍ അമേരിക്കന്‍ കമ്പനികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയുണ്ടായ സംഭവം ആഗോള സാമ്പത്തിക വിപണികളെ പിടിച്ചുകുലുക്കി.

ജനുവരി 27-ന്, എന്‍വിഡിയയ്ക്ക് ഓഹരി മൂല്യത്തില്‍ 17 ശതമാനത്തിന്റെ ഇടിവുണ്ടായി, കമ്പനിയുടെ വിപണി മൂല്യം 600 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു. ഇത് യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന നഷ്ടമായി. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായിരുന്ന എന്‍വിഡിയ, വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ആപ്പിളിനും മൈക്രോസോഫ്റ്റിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. അതേസമയം, ഡീപ്സീക്കില്‍ വ്യാപകമായ വൈറസ് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് രജിസ്‌ട്രേഷന്‍ തിരക്കിലായിരിക്കാമെന്നും കാത്തിരുന്നു വീണ്ടും ശ്രമിക്കണമെന്നുമൊരു സന്ദേശം ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 


സ്ഥാപകനെപ്പറ്റി പറയാതെ ഡീപ് സീക്ക്
ലോകത്തെപ്പറ്റി ഒട്ടുമിക്ക കാര്യങ്ങളും പറയുന്ന ഡീപ്സീക്ക് പക്ഷേ, ചില കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കില്ല. ചൈനയുമായി ബന്ധപ്പെട്ട വിവാദചോദ്യങ്ങള്‍ ചോദിച്ചാല്‍ ഒഴിഞ്ഞുമാറും. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യസ്വഭാവം, ഏറെ വിവാദമുണ്ടാക്കിയ ടിയാന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ മറുപടി നല്‍കില്ല.  

ഡീപ്സീക്കിനോട് 'ലിയാങ് വെന്‍ഫെങ്ങിന്റെ വ്യക്തിവിവരങ്ങള്‍ ആരാഞ്ഞപ്പോഴും മറുപടി നല്‍കാന്‍ വിസമ്മതിച്ചു. അദ്ദേഹം എവിടെ നിന്നാണ്, ഏത് യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത് തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചത്. 'ലിയാങ് വെന്‍ഫെങ്ങിന്റെ പശ്ചാത്തലത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ ജന്മസ്ഥലമോ വിദ്യാഭ്യാസ ചരിത്രമോ ഉള്‍പ്പെടെ, പൊതുവായി വിവരങ്ങളൊന്നും ലഭ്യമല്ല.' എന്നായിരുന്നു മറുപടി.

'നിങ്ങള്‍ ഡീപ്സീക്കിന്റെ സ്ഥാപകനെയാണ് പരാമര്‍ശിക്കുന്നതെങ്കില്‍, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ അക്കാദമിക് പശ്ചാത്തലത്തെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഡീപ്സീക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്,' എന്നും പറയുന്നു.

Content Highlights: chinese artificial intelligence company deep seek founder liang wenfeng