കരീബിയന്‍ കടലിലെ കൗശലക്കാരനായ കടല്‍ക്കൊള്ളക്കാരന്‍ ക്യാപ്റ്റന്‍ ജാക് സ്പാരോ, മുഴുക്കുടിയനും രസികനുമായ ക്യാപ്റ്റന് ലോകം മുഴുവന്‍ ആരാധകരുണ്ട്. 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍' എന്ന ഹോളിവുഡ് ചലച്ചിത്രപരമ്പരയില്‍ ജാക് സ്പാരോയുടെ വേഷമണിഞ്ഞത് ജോണി ഡെപ്പായിരുന്നു. അദ്ദേഹത്തിന്റെ സിനിമാകരിയറില്‍ വഴിത്തിരിവായി ചിത്രവും കഥാപാത്രവും. സംഗീതമാണ് സ്വന്തം വഴിയായി ജോണി ഡെപ്പ് തിരഞ്ഞെടുത്തിരുന്നത്, അപ്രതീക്ഷിതമായി സിനിമയിലേക്കെത്തുകയായിരുന്നു.

വീട്ടിലെ അസ്വാരസ്യങ്ങളും അച്ഛനമ്മമാര്‍ക്കിടയിലെ പ്രശ്‌നങ്ങളും താറുമാറാക്കിയ ഒട്ടേറെ ബാല്യങ്ങളുണ്ട്. അത്തരത്തിലൊന്നായിരുന്നു ജോണി ഡെപ്പിന്റേതും. വീട്ടിലെ പ്രശ്‌നങ്ങളുടെ മടുപ്പില്‍ നിന്ന് മുക്തി നേടാന്‍ താന്‍ 11 വയസ്സില്‍ കഞ്ചാവ് വലി തുടങ്ങിയെന്ന് ഡെപ്പ് പലകുറി തുറന്നുപറഞ്ഞു. അധികം വൈകാതെ മയക്കുമരുന്നും. ഇന്നുവരെ ലഹരിയുടെ അടിമത്വത്തില്‍ നിന്ന് ഡെപ്പിന് മോചിതനാവാന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. കുട്ടിക്കാലത്തെ കഷ്ടതകള്‍ തന്നെയാവാം ഡെപ്പിനെ ലഹരിയുടെ വഴിയിലെത്തിച്ചത്. ബാല്യത്തിലേ തുടങ്ങിവെച്ച പലതില്‍ നിന്നും മുക്തിനേടുക എളുപ്പമായിരുന്നില്ല. നിലവില്‍ മാനസികവൈകല്യങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും താരത്തെ അലട്ടുന്നുണ്ട്.

അമ്മയില്‍ നിന്ന് ഉപദ്രവമേറ്റു
അമേരിക്കയിലെ കെന്റക്കിയില്‍ 1963-ലാണ് ഡെപ്പ് ജനിച്ചത്. അച്ഛനമ്മമാരുടെ ദാമ്പത്യത്തില്‍ എന്നും പൊരുത്തക്കേടുകളായിരുന്നു. ഡെപ്പിന്റെ 15-ാം വയസ്സില്‍ ഇരുവരും വേര്‍പിരിഞ്ഞു. കുടുംബവഴക്കുകളിലെ അരിശം തീര്‍ക്കാന്‍ അമ്മ എപ്പോഴും ഡെപ്പിനേയും മറ്റ് മൂന്ന് സഹോദരങ്ങളേയും അച്ഛനേയും ശാരീരികമായും മാനസികമായും ആക്രമിക്കും. അവര്‍ എങ്ങനെയൊക്കെ ഉപദ്രവിക്കുമെന്നറിയാതെ അമ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ ഡെപ്പും സഹോദരങ്ങളും വഴി തിരഞ്ഞുകൊണ്ടേയിരുന്നു. ചിലയവസരങ്ങളില്‍ സ്വയം ശാന്തമാക്കാന്‍ അമ്മ 'നാഡി ഗുളികകള്‍' കഴിച്ചിരുന്നു. ഡെപ്പിനോട് മരുന്നു വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്യും. ജീവിക്കുന്ന ചുറ്റുപാടില്‍ നിന്ന് രക്ഷനേടാന്‍ ഒരുവഴി തനിക്കും വേണമായിരുന്നു, അതുകൊണ്ട് ആശ്വാസം കിട്ടാന്‍ താനും ഗുളികകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് ഡെപ്പ് പറഞ്ഞത്.

12 വയസ്സുതൊട്ട് കഞ്ചാവ്, കൊക്കെയ്ന്‍, എക്സ്റ്റസി, എല്‍എസ്ഡി, വേദനസംഹാരികള്‍, കറുപ്പ്, മാജിക് മഷ്‌റൂം എന്നിവയുള്‍പ്പെടെ പലതരം വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടത്രേ. മുന്‍ ഭാര്യ ആംബര്‍ ഹേഡ് നല്‍കിയ ഗാര്‍ഹികപീഡനക്കേസിലെ വിചാരണക്കിടെയാണ് ജീവിതത്തിലെ പല സംഭവങ്ങളും ഡെപ്പ് തുറന്നുപറഞ്ഞത്. കുടുംബപ്രശ്‌നങ്ങളില്‍ നിന്നും വൈകാരിക വേദനയില്‍ നിന്നും പ്രശസ്തിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായിരുന്നു അതെന്നും. അളവില്‍ വ്യത്യാസം വന്നിരുന്നെങ്കില്‍ മരണം പോലും സംഭവിക്കുമായിരുന്ന വസ്തുക്കളായിരുന്നു ഡെപ്പ് ഉപയോഗിച്ചിരുന്നതെന്ന് തെറാപ്പിസ്റ്റ് പറഞ്ഞിട്ടുണ്ട്.

മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം അമ്മ ആത്മഹത്യക്കു ശ്രമിച്ചു, പക്ഷേ, അതില്‍നിന്നും രക്ഷപ്പെട്ടു. വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡെപ്പ് തന്റെ ജീവിതയാഥാര്‍ഥ്യങ്ങളെ മറക്കാന്‍ സംഗീതത്തില്‍ ശ്രദ്ധിച്ചു. 16-ാം വയസ്സില്‍ ഹൈസ്‌കൂള്‍ പഠനം നിര്‍ത്തി. സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്വയം ഇറങ്ങിപ്പോരുകയായിരുന്നു. ദി കിഡ്‌സ് എന്നപേരിലൊരു ബാന്‍ഡ്‌ ഉണ്ടാക്കിയിരുന്നു. 20 വയസ്സിനുശേഷം ബാന്‍ഡിലെ അംഗങ്ങള്‍ക്കൊപ്പം ലോസ് ഏഞ്ചല്‍സിലേക്ക് മാറി.

ചെറിയ ജോലികളൊക്കെ ചെയ്ത് ബാന്‍ഡ് പരിപാടികളുമായി മുന്നോട്ടുപോയി. ഈ സമയത്താണ് അമേരിക്കന്‍ നടനും നിര്‍മാതാവുമായ നികോളാസ് കേഗുമായി പരിചയത്തിലാവുന്നത്. കാസ്റ്റിങ് ഏജന്റുമാര്‍ക്ക് ജോണി ഡെപ്പിനെ പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്. ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ അങ്ങനെ സാധിച്ചു. ഒരു നടനാകണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് ഡെപ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അഭിനയത്തില്‍ നിന്നും വരുമാനം വന്നുതുടങ്ങി, സാമ്പത്തികസ്വാതന്ത്ര്യം അനുഭവിച്ചു, മ്യൂസിക്കല്‍ കരിയറില്‍ ശ്രദ്ധിക്കാന്‍ അവസരവുമുണ്ടാക്കി. 

നടനായി വളര്‍ന്നു
തരക്കേടില്ലാത്ത നടനാണെന്ന് തോന്നിത്തുടങ്ങിയപ്പോള്‍, കൂടുതല്‍ രസകരമായ, മികച്ച റോളുകള്‍ ഡെപ്പ് സ്വയം തിരഞ്ഞെടുക്കാന്‍ തുടങ്ങി. സംവിധായകന്‍ ടിം ബേണ്‍ടനുമായി വളരെ അടുത്ത സൗഹൃദത്തിലായി. ക്ലാസിക്കുകളായ എഡ്വാര്‍ഡ് സിസര്‍ഹാന്‍ഡ്‌സ്, എഡ് വുഡ്, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ചാര്‍ലി, ചോക്ലേറ്റ് ഫാക്ടറി തുടങ്ങിയ സിനിമകളിലേക്ക് ഡെപ്പിനെ കാസ്റ്റ് ചെയ്തു.

ഡെപ്പ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'പൈറേറ്റ്‌സ് ഓഫ് കരീബിയന്‍' ഫ്രാഞ്ചൈസിയിലെ സിനിമകളാണ് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ ജാക്‌ സ്പാരോയെന്ന കടല്‍ക്കൊള്ളക്കാരന്റെ കഥാപാത്രം അദ്ദേഹത്തിന് അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തു. ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശങ്ങളും. സീരീസിലെ അഞ്ചു സിനിമകളിലും അഭിനയിച്ചശേഷം വീണ്ടും അതിന്റെ ഭാഗമാകാനുള്ള അവസരം ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു, മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡിന്റെ ഗാര്‍ഹികപീഡനപരാതി ഉയര്‍ന്നതോടെ ഡെപ്പിനെ ഒഴിവാക്കാന്‍ അണിയറക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ പിന്നീട് കേസില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതോടെ സിനിമയിലേക്കുള്ള സാധ്യത തെളിഞ്ഞു, സിനിമയില്‍ ഡെപ്പ് ഉണ്ടാകുമോയെന്നതിന് സ്ഥിരീകരണമായിട്ടില്ല.

മദ്യത്തിനായി മാസം 26 ലക്ഷം
പ്രായപൂര്‍ത്തിയായപ്പോള്‍, മദ്യപാനം ഡെപ്പ് ശീലമാക്കുന്ന കാഴ്ചയാണ് കണ്ടത്. മദ്യവും മയക്കുമരുന്നും ഡെപ്പിലുണ്ടാക്കിയ ശാരീരിക പ്രശ്‌നങ്ങള്‍ ചിന്തിക്കുന്നതിലുമപ്പുറമാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഒരു അഭിമുഖത്തിനിടയില്‍ തന്റെ മദ്യപാന ശീലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഡെപ്പ് പറഞ്ഞു, 'ഞാന്‍ വീഞ്ഞിനെയും സ്പിരിറ്റിനെയും കുറിച്ച് വിശദമായി അന്വേഷിച്ചു, അവര്‍ എന്നെപ്പറ്റിയും നന്നായി അന്വേഷിച്ചു, ഞങ്ങള്‍ വളരെ മനോഹരമായി ഒത്തുകൂടി'. 

പ്രതിമാസം 30,000 (ഏകദേശം 26 ലക്ഷം രൂപ) ഡോളര്‍ മദ്യത്തിനായി ഡെപ്പ് ചെലവഴിച്ചുവെന്ന തന്റെ മുന്‍ ബിസിനസ്സ് മാനേജര്‍മാരുടെ അവകാശവാദങ്ങള്‍ അദ്ദേഹം തള്ളുകയാണ് ചെയ്തത്. ഈ തുക അപമാനകരമാണ്, അതിലും എത്രയോ അധികം തുക മദ്യത്തിനായി  ചെലവഴിക്കാറുണ്ടെന്നായിരുന്നു വിശദീകരണം. ആംബര്‍ ഹേര്‍ഡുമായുള്ള വിവാഹസമയത്തും അമിതമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഡെപ്പിനെ വലച്ചിരുന്നു. അത് അവരുടെ ബന്ധവും വഷളാക്കി. 2011-ല്‍ 'ദി റം ഡയറി'യുടെ സെറ്റില്‍ വച്ചാണ് ഡെപ്പും ഹേര്‍ഡും കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്തത്. 2015 ഫെബ്രുവരിയില്‍ വിവാഹിതരായി, അടുത്ത വര്‍ഷം മേയില്‍ വിവാഹമോചനത്തിന് അപേക്ഷിച്ചു. 

അതേസമയം, തന്റെ ജീവിതത്തില്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാത്ത വര്‍ഷങ്ങളുണ്ടെന്ന് ഡെപ്പ് കോടതിയില്‍ പറഞ്ഞിരുന്നു. 'പാര്‍ട്ടിക്കായി ഒരിക്കലും അവ ഉപയോഗിച്ചിട്ടില്ല, സ്വയമൊരു മരുന്നായിരുന്നു എനിക്കവ. വര്‍ഷങ്ങളോളം ഞാന്‍ സ്വയം വിഷം കഴിച്ചു, ആളുകള്‍ ശ്രദ്ധിക്കുന്നത് എനിക്ക് സുഖകരമായിരുന്നില്ല. തലച്ചോറു തീര്‍ക്കുന്ന പ്രതിസന്ധികളില്‍ നിന്നും സ്വയം രക്ഷനേടണമായിരുന്നു.' കാലിനേറ്റ പരിക്കിന് ഡോക്ടര്‍ കുറിച്ച മരുന്നുകളിലൊന്നുമായി തനിക്ക് അഡിക്ഷന്‍ വന്നുവെന്ന് ഡെപ്പ് പറഞ്ഞിട്ടുണ്ട്. അത് തിരിച്ചറിഞ്ഞശേഷം ഡീ അഡിക്ഷന് ഡോക്ടറുടെ സഹായം തേടിയിരുന്നെന്നും.  

മകള്‍ക്ക് 13-ാം വയസ്സില്‍ കഞ്ചാവ് നല്‍കി
മകള്‍ ലില്ലി-റോസിന് 13 വയസ്സുള്ളപ്പോള്‍ അവള്‍ക്ക് താന്‍ കഞ്ചാവ് നല്‍കിയെന്ന് ഡെപ്പ് കോടതിയില്‍ തുറന്നുസമ്മതിച്ചിരുന്നു. മുന്‍ഭാര്യ ആംബര്‍, ഡെപ്പിനെതിരേ ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു ഇത്. സ്വന്തം അമ്മയല്ലെങ്കിലും അവളുടെ സുരക്ഷയോര്‍ത്ത് താന്‍ ആശങ്കപ്പെട്ടിരുന്നെന്നും.

ഡെപ്പ് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്, 'എന്റെ മകള്‍ക്ക് 13 വയസ്സായിരുന്നു, നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, 11, 12, 13 വയസ്സില്‍, കുട്ടികള്‍ ഹൈസ്‌കൂള്‍ പാര്‍ട്ടികള്‍ക്ക് പോകും. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ മദ്യപിക്കുന്നതിനാല്‍ അവര്‍ എല്ലാവര്‍ക്കും മദ്യം നല്‍കാന്‍ ആഗ്രഹിക്കും. പരിചയമില്ലാത്ത ആളുകളുമായി ചേര്‍ന്ന് അവള്‍ മയക്കുമരുന്ന് പരീക്ഷണം നടത്തുമെന്ന് ഞാന്‍ ഭയന്നു, അങ്ങനെ ചെയ്യരുതെന്ന് ഞാനെന്റെ മകളോട് പറഞ്ഞിട്ടുണ്ട്. നീ തയ്യാറായി എന്ന് ശരിക്കും തോന്നുമ്പോള്‍, എന്റെ അടുക്കല്‍ വരാനുള്ള മനസ്സു കാണിക്കണമെന്ന് ഞാന്‍ പറഞ്ഞു. കാരണം അറിയാത്ത ആളുകള്‍ക്കൊപ്പം അവള്‍ ആദ്യത്തെ ഡോസെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അവളുടെ സുരക്ഷ എനിക്ക് പ്രധാനമായിരുന്നു. പിന്നീടൊരു ദിവസം എന്റെ അടുത്ത് വന്ന് അവള്‍ 'തയ്യാറാണ്' എന്ന് പറഞ്ഞു. അവളുടെ അമ്മ വനേസ പാരഡിസുമായി ഇക്കാര്യം ഞാന്‍ ആലോചിച്ചു, അവരും മകളോട് അതിനെക്കുറിച്ച് സംസാരിച്ചു. അതിനു ശേഷമാണ് ഞാനവള്‍ക്കത് കൊടുത്തത്'-ഡെപ്പ് പറയുന്നു. 1998 മുതല്‍ 2012 വരെ ഡെപ്പിന്റെ പങ്കാളിയായിരുന്നു വനേസ. ഇരുവര്‍ക്കും ജാക് എന്നൊരു മകന്‍കൂടിയുണ്ട്. മക്കളോട് ഇക്കാര്യങ്ങള്‍ നേരിട്ട് സംസാരിച്ചാല്‍ അവര്‍ നമ്മില്‍ നിന്ന് ഒന്നും ഒളിക്കാന്‍ ശ്രമിക്കില്ലെന്നാണ് ഡെപ്പ് പറഞ്ഞുവെച്ചത്.