എന്റെ കരിയറിന്റെ തുടക്കത്തില്‍ ഷാരൂഖ് നല്‍കിയ ഉപദേശം

കോളേജ് ദിനങ്ങള്‍ അവസാനിച്ചാല്‍ ജീവിതം പെട്ടെന്ന് നിശ്ചലമായതുപോലെ തോന്നാം. ക്ലാസ്സ്മുറികളില്‍ പങ്കുവച്ചുകഴിച്ച ആഹാരത്തിന്റെ രുചിയും, സുഹൃത്തുക്കളുമായുളള പാര്‍ട്ടിയും കറക്കവും, എല്ലാം മിസ് ചെയ്യും. പിന്നീട് ജോലിക്ക് കയറുമ്പോള്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങളാണ് സാമൂഹിക ഇടപെടലിന്റെ പ്രധാന വേദിയായി മാറുന്നത്.
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അടുത്തിടെ ഇന്റര്‍വ്യൂവില്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ ഷാരൂഖ് ഖാന്‍ നല്‍കിയ ഉപദേശം പങ്കുവെച്ചു. ''നിനക്ക് നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ കഴിയുന്ന ആളുകളോടൊപ്പമാണ് ജോലി ചെയ്യേണ്ടതെന്ന് എപ്പോഴും ഓര്‍ക്കണം എന്നതാണ് ഷാരൂഖ് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്” ദീപിക പറയുന്നു.
സഹപ്രവര്‍ത്തകരെല്ലാവരും സുഹൃത്തുക്കളാവണമെന്നില്ല. എങ്കിലും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജോലി സ്ഥലം പോസിറ്റീവാകും. തൊഴിലിടങ്ങളില്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ അത്യാവശ്യമാണ്. അത് ആത്മബന്ധവും, ജോലിയില്‍ പ്രചോദനവും നല്‍കും. കൂടാതെ കൂട്ടായ പരിശ്രമം ജോലി എളുപ്പമാക്കുന്നു എന്ന് മാനസികാരോഗ്യ വിദഗ്ധരും പറയുന്നു. സന്തോഷത്തോടെയും ഉത്സാഹത്തോടെയും ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ജോലിയിലെ വെല്ലുവിളികള്‍ എളുപ്പം മറികടക്കുകയും ചെയ്യും.
സൗഹൃദം വളര്‍ത്താന്‍
സഹപ്രവര്‍ത്തകരുമായി തമാശകള്‍ പറയുന്നതും അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതും ബന്ധങ്ങള്‍ ശക്തമാക്കും. വ്യക്തിപരമായ സ്‌പേസിലേക്ക് കടന്നാക്രമിക്കാതെ അവരുടെ ജോലിയുടെ സ്വഭാവം മനസ്സിലാക്കി പെരുമാറാം. എല്ലാവര്‍ക്കും ഏപ്പോഴും ഒരേ മൂഡാവണമെന്നില്ല. നേട്ടങ്ങള്‍ അംഗീകരിക്കുന്നതും, വിജയങ്ങള്‍ ആഘോഷിക്കുന്നതും, പക്വതയോടെ പെരുമാറുന്നതും ബന്ധങ്ങള്‍ വളര്‍ത്താന്‍ സഹായിക്കും.
എന്നിരുന്നാലും തൊഴിലിടങ്ങളിലെ സൗഹൃദങ്ങള്‍ക്ക് മറുവശംകൂടി ഉണ്ടാകും. അഭ്യൂഹങ്ങള്‍, പക്ഷപാതം, വ്യക്തിഗത താല്‍പ്പര്യങ്ങള്‍ എന്നീ പ്രശ്‌നങ്ങളും ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതോ അല്ലെങ്കില്‍ കൃത്യമായ ബൗണ്ടറീസ് സെറ്റ് ചെയ്യുന്നതോ ആണ് നല്ലത്.
ഷാരൂഖ് ഖാന്റെ ഉപദേശം പോലെ തന്നെ, നാം ശരിയായ ആളുകളെ തിരഞ്ഞെടുത്താല്‍ ജോലി കൂടുതല്‍ ആസ്വാദകരമാകും. ജോലിയില്‍ ശോഭിക്കാനും കഴിയും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how positive coworker relationships can boost job satisfaction, productivity & overall well-being, inspired by Shah Rukh Khan`s advice to Deepika Padukone.