'ഞാൻ ബോബി ഡിയോൾ, എനിക്ക് ജോലി തരുമോ': മോശം കാലത്ത് അദ്ദേഹം സംവിധായകരോട് യാചിച്ചു

ഒരുകാലത്ത് ബോളിവുഡിന്റെ ചോക്ലേറ്റ് ബോയ് ആയിരുന്നു ബോബി ഡിയോൾ. 1995-ൽ 'ബർസാത്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ബോബി, സോൾജ്യർ, ബാദൽ, ബിച്ചു, അജ്‌നബി തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ചു. പിന്നീടുണ്ടായ തുടർച്ചയായ പരാജയങ്ങൾ കാരണം കരിയറിൽ വലിയൊരു ബ്രേക്കുണ്ടായി. ഏറെക്കാലത്തിനുശേഷം പ്രകാശ് ഝായുടെ 'ആശ്രം' എന്ന വെബ് സീരീസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഗംഭീരമായ തിരിച്ചുവരവ്. 2023-ൽ സന്ദീപ് റെഡ്ഡി വംഗയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ആനിമലി'ലെ വില്ലൻ വേഷം ആ തിരിച്ചുവരവിന് തിളക്കമേകി. 'ദ ബാസ്റ്റാർഡ്സ് ഓഫ് ബോളിവുഡ്' എന്ന വെബ്സീരീസും കൂടി ആയതോടെ മുഖ്യധാരയിൽ സജീവമാവുകയാണ് ബോബി.
എന്നാൽ, സിനിമകളൊന്നുമില്ലാതെ പ്രയാസമനുഭവിച്ച ഒരു കാലഘട്ടം ബോബിക്കുണ്ടായിരുന്നു. ആ സമയത്ത് താൻ വീട്ടിലിരിക്കുകയായിരുന്നുവെന്നും സംവിധായകരെ സമീപിച്ച് അവസരം ചോദിക്കുമായിരുന്നെന്നും ബോബി പറയുന്നു.
2010-ൽ ബോബിക്ക് കുറച്ച് സിനിമകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ, ഹിറ്റുകൾ നന്നേ കുറവ്. കൂടുതൽ സമയവും വീട്ടിൽ ചെലവഴിച്ചു. മകന്റെ യാദൃശ്ചികമായ ഒരു പരാമർശമാണ് തന്നെ ആ മരവിപ്പിൽ നിന്ന് പുറത്തുകൊണ്ടുവന്നതെന്നും ജോലി തേടാൻ പ്രേരിപ്പിച്ചതെന്നും ബോബി പറയുന്നു.
"സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഓഫീസുകളിൽ പോയി 'ഞാൻ ബോബി ഡിയോളാണ്, ദയവായി എനിക്കൊരു ജോലി തരൂ' എന്നുപറഞ്ഞ് അവസരങ്ങൾ ചോദിക്കുമായിരുന്നു, അതിൽ ഒരു തെറ്റുമില്ല. കുറഞ്ഞപക്ഷം, ബോബി ഡിയോൾ എന്നെ കാണാൻ വന്നിരുന്നുവെന്ന് അവരെങ്കിലും ഓർക്കുമല്ലോ"- ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ, ബോബി വെളിപ്പെടുത്തി.
"ഒരുകാലത്ത് ഞാൻ എല്ലാം ഉപേക്ഷിച്ചിരുന്നു, അങ്ങനെയൊരു ഘട്ടത്തിലൂടെ കടന്നുപോയി. എന്നാൽ നമ്മുടെ കയ്യിൽ ഒന്നുമില്ലാതിരിക്കുമ്പോൾ, എന്തോ ഒന്ന് നമ്മളെ ഓർമ്മിപ്പിക്കും, എന്തോ ഒരു കഴിവുണ്ടായിരുന്നു, അതുകൊണ്ടാണ് നമുക്ക് മികച്ച തുടക്കം ലഭിച്ചതെന്ന്. ആ കഴിവ് ഇപ്പോഴും നിന്നിലുണ്ടെന്നും അത് വീണ്ടും കണ്ടെത്തിയില്ലെങ്കിൽ മുന്നോട്ട് പോകാനാവില്ലെന്നും ഒരു ശബ്ദം നമ്മളോട് പറയും."-ബോബി പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Bobby Deol opens up about his career struggles, pleading for roles, and his triumphant return to Bollywood with `Aashram` and `Animal`.