150 അംഗരക്ഷകരുണ്ടോ? വ്യക്തത വരുത്തി താന്യ മിത്തൽ; തനിക്ക് ഫാക്ടറികളുണ്ടെന്നും താരം

ഹിന്ദി ബിഗ് ബോസ് 19-ാം സീസണിലൂടെയാണ് താന്യ മിത്തൽ എന്ന പേര് ആളുകൾക്ക് പരിചിതമാകുന്നത്. സ്പിരിച്വൽ ഇൻഫ്‌ളുവൻസർ, സംരംഭക എന്നീ നിലകളിലാണ് അവർ ഷോയിലേക്കെത്തിയത്. 800 സാരികളുമായിട്ടാണ് താൻ ബിഗ് ബോസ് ഹൗസിലേക്ക് വന്നതെന്ന അവരുടെ തുറന്നുപറച്ചിലിലൂടെയാണ് താന്യ ശ്രദ്ധിക്കപ്പെടുന്നത്.
മാഡം എന്നോ ബോസ് എന്നോ തന്നെ മറ്റുള്ളവർ വിളിക്കണമെന്ന് ആദ്യദിനം തന്നെ താന്യ പറഞ്ഞത് വിവാദമായി. പിന്നീട് തന്റെ അംഗരക്ഷകരെക്കുറിച്ചും താന്യ പറഞ്ഞിരുന്നു. അംഗരക്ഷകർ കുംഭമേളയിൽ 100 പേരെ രക്ഷിച്ചുവെന്നാണ് അവർ വെളിപ്പെടുത്തിയത്. 150 ബോഡിഗാർഡുകളും 800-ലധികം ഓഫീസ് സ്റ്റാഫുകളുമുണ്ടെന്ന് താന്യ പറഞ്ഞതായും വാർത്തകൾ വന്നു. അതോടെ താന്യ രൂക്ഷമായി ട്രോൾ ചെയ്യപ്പെട്ടു. അന്ന് താന്യയെ പിന്തുണച്ചുകൊണ്ട് കുടുംബവും രംഗത്തെത്തിയിരുന്നു. ഇതെല്ലാം താന്യയുടെ പിആർ തന്ത്രങ്ങളാണെന്നാണ് പലരുടെയും അഭിപ്രായം.
ഇപ്പോഴിതാ 150 അംഗരക്ഷകരെക്കുറിച്ച് താൻ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് തുറന്നുപറയുകയാണ് താന്യ. ''ഞാൻ ഒരിക്കലും ഇത് പറഞ്ഞിട്ടില്ല. താന്യ മിത്തൽ തനിക്ക് 150 അംഗരക്ഷകരുണ്ടെന്ന് പറയുന്ന ഒരു ക്ലിപ്പും നിങ്ങൾക്ക് എവിടുന്നും കിട്ടില്ല. കാരണം അങ്ങനെയൊന്നില്ല. ഇതെല്ലാം ആരൊക്കെയോ ചേർന്ന് നിർമിച്ചതാണ്. ബിഗ് ബോസിലെ മറ്റൊരു മത്സരാർഥിയായ സീഷാൻ അതിനെക്കുറിച്ച് തമാശ പറയുകയായിരുന്നു. എനിക്ക് 150-ൽ അധികം സ്റ്റാഫ് അംഗങ്ങളുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹം അത് അംഗരക്ഷകരാക്കി മാറ്റുകയായിരുന്നു'', താന്യ വെളിപ്പെടുത്തുന്നു.
വ്യക്തിപരമായ സുരക്ഷ വളരെക്കാലമായി തനിക്കുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. ''എനിക്ക് വർഷങ്ങളായി അംഗരക്ഷകരുണ്ട്'', കണക്കുകൾ വ്യക്തമാക്കാതെ അവർ പറഞ്ഞു. അതിനൊപ്പം തനിക്കൊരു ടെക്‌സ്‌റ്റൈൽ ഫാക്ടറി, ഫാർമ ഫാക്ടറി, ഗിഫ്റ്റ് ഫാക്ടറി എന്നിവയുമുണ്ടെന്നും അവർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bigg Boss fame Tanya Mittal clarifies claims of having 150 bodyguards, revealing her actual staff numbers and mentioning her textile, pharma, and gift factories