ഏറ്റവും ധനികൻ ഷാരൂഖ് അല്ല; 36,300 കോടി ആസ്തിയുമായി ഭൂഷൺ കുമാറിന്റെ മുന്നേറ്റം

ഫോട്ടോ: ANI
ഫോട്ടോ: ANI

ഇക്കഴിഞ്ഞ ദിവസമാണ് 2026-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തുവന്നത്. അംബാനി കുടുംബം തന്നെയാണ് ലിസ്റ്റിൽ ഏറ്റവും മുന്നിലുള്ളത്. അതുപ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടൻമാരിൽ ഷാരൂഖ് ഖാനാണ് ഒന്നാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ ആസ്തി 10,000 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ വർഷമിത് 12,490 കോടി രൂപയായിരുന്നു. ഒരുവർഷത്തിനിടെ 2490 കോടി രൂപ കുറഞ്ഞുവെങ്കിലും, ഷാരൂഖിന്റെ ഒന്നാംസ്ഥാനത്തിന് മാറ്റമൊന്നുമില്ല. മറ്റ് പ്രധാനനടൻമാരായ സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയവരെല്ലാം അദ്ദേഹത്തിനുപിന്നിലാണുള്ളത്.

എന്നാൽ ബോളിവുഡിലെ ഏറ്റവും ധനികൻ ഷാരൂഖ് അല്ല. ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ആണ് വിനോദമേഖലയിൽനിന്ന് ഈ ലിസ്റ്റിൽ ഏറ്റവും മുന്നിലുള്ളത്. ഏകദേശം 36,300 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ലോകമെമ്പാടുമുള്ള പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളുടെ മേധാവികളുടെ ആസ്തിക്ക് തുല്യമാണ് അദ്ദേഹത്തിന്റേത്. ബോളിവുഡിലെ പ്രമുഖ ഖാൻമാരായ 'സൽമാൻ-ഷാരൂഖ്-സെയ്ഫ്' ത്രയത്തിന്റെ ആകെ സമ്പത്ത് പോലും അദ്ദേഹത്തിന്റെ ആസ്തിക്കുമുന്നിൽ ഒന്നുമല്ല. ഹുറൂൺ ലിസ്റ്റിൽ 87-ാം സ്ഥാനത്താണ് അദ്ദേഹമുള്ളത്.

2024-ലെ ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം ഭൂഷണിന്റെയും കുടുംബത്തിന്റെയും ആകെ ആസ്തി ഏകദേശം 10,500 കോടി രൂപയാണ്. വെറും രണ്ട് വർഷത്തിനുള്ളിൽ കുടുംബത്തിന്റെ സമ്പത്തിൽ 3.5 മടങ്ങ് വർധനവാണുണ്ടായത്. സംഗീത നിർമ്മാണ കമ്പനിയായും ചലച്ചിത്ര നിർമ്മാണ സ്ഥാപനമായും വിവിധ മേഖലകളിൽ വമ്പൻ വളർച്ചയാണ് കമ്പനി നേടിയത്.

1983-ൽ ഭൂഷണിന്റെ പിതാവായ ഗുൽഷൻ കുമാറാണ് ടി-സീരീസ് സ്ഥാപിച്ചത്. ടി-സീരീസ് കുതിച്ചുയരുകയും ചെയ്തു. 1997-ലാണ് ടി-സീരീസിന് ഏറ്റവും വലിയ തിരിച്ചടിയേൽക്കുന്നത്. ആ വർഷം ഓഗസ്റ്റിൽ അധോലോകതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടകൾ അദ്ദേഹത്തെ വെടിവെച്ചുകൊന്നു. അന്ന് ഭൂഷണ് 19 വയസ്സ് മാത്രമായിരുന്നു പ്രായം. എങ്കിലും ടി-സീരീസ് മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമം തുടങ്ങി ഭൂഷൺ. ഒപ്പം അമ്മാവനായ കൃഷൻ കുമാറും ചേർന്നു. ഭൂഷന്റെ നേതൃത്വത്തിലാണ് ചലചിത്രനിർമാണരംഗത്തേക്കും വിതരണത്തിലേക്കുമെല്ലാം കമ്പനി തങ്ങളുടെ പ്രവർത്തനമേഖല വിപുലീകരിച്ചത്. 2026-ൽ മാത്രം റിലീസ് ചെയ്ത മൂന്ന് ടി-സീരീസ് ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ നിന്ന് ഏകദേശം 700 കോടി രൂപയാണ് നേടിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shah Rukh Khan tops the richest actors list in India for 2026 with a net worth of 10,000 crore rupees. T-Series head Bhushan Kumar is the wealthiest in the entertainment sector with a net worth of 36,300 crore rupees. Bhushan Kumar's family wealth grew 3.5 times in just two years compared to 2024., T-Series achieved massive growth under Bhushan Kumar, generating 700 crore rupees from three releases in 2026 alone