‘മഞ്ജുവാര്യരുടെ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദമാണെന്ന് ഒരുപാടുപേർ പറഞ്ഞു’-ഭാവനാ രാധാകൃഷ്ണൻ

ആകാശവാണിയിലെ 'രാഗാമൃതം'എന്ന കർണാടക സംഗീത പരിപാടി.
സരസീരുഹാസന പ്രിയേ അംബാ...
നാട്ട രാഗത്തിൽ ആദി താളത്തിൽ ഒരു മധുര ശബ്ദം ഒഴുകിത്തുടങ്ങി. ഓർമ്മകളുടെ വാതിൽ തുറന്നു. നേർത്ത വിഷാദത്തിന്റെ ഛായ പടർന്ന മറ്റൊരു ഗാനം അതേ ശബ്ദത്തിൽ മാറ്റൊലികൊണ്ടു.
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം...
'കളിയാട്ടം' എന്ന സിനിമയിലെ ആ മനോഹര ഗാനം മലയാളിക്ക് ഭാവനാ രാധാകൃഷ്ണൻ എന്ന ഗായികയെ ഓർത്തെടുക്കാനുള്ള മേൽവിലാസമാണ്. 1997-ൽ അവർക്ക് മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പാട്ടാണത്. ആകാശവാണിയിൽ രാഗാമൃതത്തിൽ ദേവീസ്തുതിയിലൂടെ ഭക്തിരസം പകർന്ന് വീണ്ടും ഒഴുകുമ്പോഴും ആ ശബ്ദത്തിന് അതേ കാന്തി.
ഗായികയും അധ്യാപികയുമായ ഡോ. ഭാവനാ രാധാകൃഷ്ണൻ തിരുവനന്തപുരം കരമനയിലെ വീട്ടിലുണ്ട്. അവരുടെ സംഗീതഭരിതമായ ജീവിതത്തിലൂടെ...
ഇന്നും ഭാവനാ രാധാകൃഷ്ണൻ എന്ന പേര് ഓർക്കപ്പെടുന്നത് എന്നോടെന്തിനീ പിണക്കം... എന്ന പാട്ടിലൂടെയാണല്ലോ?
ആ പാട്ട് എന്നെ സംബന്ധിച്ച് ഭാഗ്യമായിരുന്നു. ജീവിതത്തിലെ വലിയൊരു വഴിത്തിരിവ്. മഞ്ജുവാര്യരുടെ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദമായിരുന്നുവെന്ന് ഒരുപാടുപേർ പറഞ്ഞു. മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് വലിയ അദ്ഭുതമായിരുന്നു.
ആ ഭാഗ്യം തേടിവന്ന കഥ?
'കളിയാട്ടം' സിനിമയുടെ ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചത്
കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. അദ്ദേഹം എന്റെ ബന്ധുവാണ്. ദാമോദരേട്ടൻ എന്നാണ് ഞാൻ വിളിക്കാറ്. എന്റെ അച്ഛൻ ജാതവേദൻ നമ്പൂതിരിയുമായി അദ്ദേഹത്തിന് വലിയ അടുപ്പമായിരുന്നു. സിനിമയിൽ അവസരം വന്നാൽ പറയണമെന്ന് ദാമോദരേട്ടനോട് അച്ഛൻ പറഞ്ഞിരുന്നു. 'കളിയാട്ട'ത്തിന്റെ സംവിധായകൻ ജയരാജ് പുതിയ ശബ്ദം അന്വേഷിച്ചപ്പോൾ ദാമോദരേട്ടൻ എന്നെ ശുപാർശ ചെയ്തു. അന്ന് ഞാൻ മൈസൂരിൽ ഒരു കോഴ്സ് പഠിക്കാൻ പോയിരിക്കുകയാണ്. ദാമോദരേട്ടൻ വിളിച്ച് പെട്ടെന്ന് കോഴിക്കോട്ടേക്ക് വരാൻ പറഞ്ഞു. അന്നുതന്നെ ബസ്സ് കയറി.
റെക്കോർഡിങ് ഓർമ്മകൾ?
സിനിമയിൽ പാടുകയാണെന്ന പേടിയോ ടെൻഷനോ എനിക്കുണ്ടായില്ല. എല്ലാം ഒറ്റ ദിവസംകൊണ്ട് സംഭവിച്ചതായതിനാൽ പേടിക്കാനൊന്നും സമയം കിട്ടിയില്ല എന്നും പറയാം. പ്രണയവും വിരഹവും പരിഭവവും ചേർന്ന വൈകാരികമായ പാട്ടാണത്. അത് ഉൾക്കൊള്ളാൻ ദാമോദരേട്ടൻ പാട്ടിന്റെ സന്ദർഭം വിവരിച്ചുതന്നു. മുൻകൂട്ടി റെക്കോർഡ് ചെയ്ത ട്രാക്ക് കേട്ട് പഠിച്ചു. സ്റ്റുഡിയോയിൽചെന്ന് ഒഴുക്കോടെ പാടി. പിന്നെ മൈസൂരിലേക്ക് മടങ്ങുകയും ചെയ്തു. സിനിമയുടെ ഷൂട്ടിങ്ങൊക്കെ പൂർത്തിയാക്കി പാട്ട് പുറത്തുവരാൻ അഞ്ചാറ് മാസമെടുത്തു. പാട്ട് പുറത്തിറങ്ങിയതും വലിയ ഹിറ്റ് ആയി.
പിന്നീട് സിനിമയിൽ പാടാഞ്ഞതെന്തേ?
ഞാൻ ഏഴ് സിനിമാഗാനങ്ങൾ പാടിയിട്ടുണ്ട്. 'കളിയാട്ട'ത്തിനു മുൻപ് എം.ജി ശ്രീകുമാറിനൊപ്പം ഡ്യൂവറ്റ് സോങ് പാടിയിരുന്നു. ദാമോദരേട്ടൻ തന്നെയായിരുന്നു ആ അവസരം തന്നത്. പക്ഷേ, പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞെങ്കിലും ഷൂട്ടിങ് മുടങ്ങിപ്പോയി. ഇതുപോലെ രണ്ടു മൂന്ന് പാട്ടുകളുണ്ട് എന്റെ ലിസ്റ്റിൽ. പിന്നീട് സിനിമയ്ക്ക് പുറകെ പോയില്ല. അവസരങ്ങൾക്കായി ശ്രമിച്ചില്ല. കഴിവ് തിരിച്ചറിഞ്ഞ് അവസരം തരിക എന്നതൊന്നും ഈ മേഖലയിൽ സാധാരണ സംഭവിക്കില്ല. അഭിനേതാക്കളുടെ കാര്യവും മറിച്ചല്ലല്ലോ.
അവസരം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചില്ലേ?
വേണ്ടത്ര അവസരം കിട്ടാത്തതിൽ മനോവിഷമം ഉണ്ടായിരുന്നു. എന്നാൽ പലവഴികളിലൂടെ ആ സങ്കടത്തെ അകറ്റിനിർത്തി. സിനിമയിലല്ലെങ്കിൽ മറ്റൊരു വിധേന സംഗീതം കൂടെ ഉണ്ടായിരുന്നല്ലോ. കച്ചേരികൾക്ക് സ്ഥിരമായി പോകാറുണ്ടായിരുന്നു. അധ്യാപന ജോലിയും ആവശ്യത്തിന് ടെൻഷനും യാത്രാക്ലേശവും തന്നിരുന്നു. പാടാനുള്ള അവസരം കിട്ടാനാണ് ഞാൻ തിരുവനന്തപുരത്ത് താമസമാക്കിയത്. റേഡിയോ, കാസറ്റ് റെക്കോർഡിങ്ങുകൾ ഉണ്ടാകാറുള്ളത് ഇവിടെയായിരുന്നു.
സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നോ?
അമ്മ സരസ്വതി അന്തർജനം നന്നായി പാടുമായിരുന്നു. എന്നാൽ അമ്മയുടെ കാലഘട്ടത്തിൽ സംഗീതം പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ട് എന്നെ പാട്ടുപഠിപ്പിക്കാൻ അമ്മയ്ക്ക് വലിയ താത്പര്യമായിരുന്നു. എല്ലാവിധ സംഗീതവും കേൾക്കാൻ അച്ഛൻ പ്രോത്സാഹിപ്പിച്ചിരുന്നു. രാത്രിയിൽ ആകാശവാണിയിൽ സംപ്രേഷണം ചെയ്യാറുണ്ടായിരുന്ന സംഗീതസമ്മേളനങ്ങൾ കഴിഞ്ഞേ ഉറങ്ങാൻപോലും അനുവദിക്കൂ. പ്രശസ്തരായ സംഗീതജ്ഞരുടെ കച്ചേരികൾക്കും അച്ഛൻ കൊണ്ടുപോകും.സിനിമയിൽ പാടിക്കണമെന്ന് അച്ഛനായിരുന്നു വലിയ മോഹം. ഞാൻ എം.എയ്ക്ക് പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. സിനിമയിൽ പാടിയത് കാണാൻ അച്ഛനുണ്ടായില്ല.
പാട്ടിന്റെ വഴിയിലെ യാത്രകൾ?
പാലക്കാടാണ് ജനിച്ചത്. ആദ്യ ഗുരു പി.കെ. കേശവൻ നമ്പൂതിരി. പെരിന്തൽമണ്ണയ്ക്ക് അടുത്തുള്ള ഞരളത്തെ കെ. കുഞ്ഞിരാമൻ ഭാഗവതരുടെ കീഴിലും പഠിച്ചു. അദ്ദേഹം ചെമ്പൈയുടെ ശിഷ്യനായിരുന്നു. എം.എ.യ്ക്ക് പഠിക്കുമ്പോൾ ഗുരു പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സാറായിരുന്നു. മാവേലിക്കര പ്രഭാകരവർമ്മ സാർ, സീതാലക്ഷ്മി ടീച്ചർ എന്നിവരുടെ കീഴിലും പഠിച്ചിട്ടുണ്ട്.
ക്ലാസിക്കൽ മ്യൂസികിൽ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. എം.എ.യ്ക്ക് മദ്രാസിൽ പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ,വിട്ടില്ല. തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദമെടുത്തു. ഉടനെ കൊല്ലത്തെ എസ്.എൻ. കോളേജിൽ സംഗീതാധ്യാപികയായി ജോലിയും കിട്ടി. ജീവിതത്തിൽ സംഗീതം സദാ നിലനിർത്താനാണ് സംഗീതാധ്യാപികയായത്.
ശേഷം വിവാഹിതയായി. ഭർത്താവ് രാധാകൃഷ്ണൻ. പിന്നീട് ജോലി, കുട്ടികൾ, കുടുംബം ഒക്കെയായി കാലം അങ്ങുപോയി. ഇടയിൽ പി.എച്ച്.ഡിയും ചെയ്തു. അധ്യാപനം, റേഡിയോയിലെ പരിപാടികൾ എന്നിവയൊക്കെയായി പാട്ട് അപ്പോഴും ഉണ്ടായിരുന്നു.
അന്ന് കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ നന്നേ കുറവായിരുന്നു. ആകാശവാണിയിലും ദൂരദർശനിലും നിരവധി ലളിതഗാനങ്ങൾ അവതരിപ്പിച്ചു. ആകാശവാണിയിൽ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. റേഡിയോയിൽ പാടുമ്പോൾ പേര് ടി.എം. ഭാവന എന്നായിരുന്നു. വിവാഹശേഷം ഭാവനാ രാധാകൃഷ്ണൻ എന്നു മാറ്റി.
പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സാറായിരുന്നു അക്കാലത്ത് എന്റെ ഗുരുനാഥൻ. അദ്ദേഹം വഴി നിരവധി ഭക്തിഗാന കാസറ്റുകളിൽ പാടി. അക്കൂട്ടത്തിലെ 'ആറ്റുകാൽ ഭഗവതി'യെക്കുറിച്ചുള്ള പാട്ടുകൾ വലിയ ഹിറ്റായിരുന്നു. കച്ചേരികളും ക്ലാസുകളുമൊക്കെയായി കുറേക്കാലം. വൈകി വന്നതാണ് പിന്നണിഗായിക എന്ന സൗഭാഗ്യം.
പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്ന ഗുരുവിനെക്കുറിച്ച്?
എനിക്ക് ഏറ്റവും ബഹുമാനമുള്ള ആളാണ് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സാർ. ക്ലാസിക്കൽ സംഗീതമേഖലയിലും ലളിതസംഗീതമേഖലയിലും ഒരുപോലെ പ്രവർത്തിച്ചിരുന്ന പ്രതിഭ.
സാർ വീട്ടിൽ വെച്ചായിരുന്നു പാട്ട് പഠിപ്പിച്ചിരുന്നത്. പാട്ടുകേട്ട് അദ്ദേഹം പ്രത്യേകിച്ച് ഒന്നും പറയുമായിരുന്നില്ല. പാട്ട് നന്നായാൽ അതിന്റെ തൃപ്തി അദ്ദേഹത്തിന്റെ മുഖത്ത് കാണാം.
ധാരാളം ലളിതഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരു വിധത്തിലും വഴങ്ങാത്ത സങ്കീർണ്ണമായ ശാസ്ത്രീയ സംഗീതത്തെ ലളിതമായി അവതരിപ്പിക്കുന്നതിൽ സാറിന് പ്രാഗത്ഭ്യമുണ്ട്. ലളിതഗാനങ്ങൾക്ക് അനുയോജ്യമല്ലെന്ന് പറയപ്പെടുന്ന, തനി ക്ലാസിക്കലായ രീതിഗൗള, തോടി, അഠാണ പോലുള്ള രാഗങ്ങളെ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. തോടി രാഗത്തിൽ സാറിന്റെ ഒരു ഗാനം ഞാൻ പാടിയിട്ടുണ്ട്. അങ്ങനെയൊക്കെയാണ് എനിക്ക് സംഗീതസംവിധാനത്തിൽ താത്പര്യം വന്നുതുടങ്ങുന്നത്. സാറെനിക്ക് വലിയ പ്രചോദനമാണ്.
ശാസ്ത്രീയ സംഗീത രംഗത്ത് സംഭവിച്ച മാറ്റം?
പണ്ടത്തെ സംഗീതജ്ഞരിലധികവും ശാസ്ത്രീയ സംഗീതം മാത്രമേ പാടാവൂ, ലളിതഗാനം പാടരുത് എന്ന് ശഠിക്കുന്നവരായിരുന്നു. ഇന്ന് ആ ചിന്താഗതിയൊക്കെ മാറി. ജീവിതകാലം മുഴുവൻ ശാസ്ത്രീയ സംഗീതം ഉപാസിച്ചവർക്കുപോലും വേണ്ടത്ര പ്രശസ്തിയോ പ്രതിഫലമോ ലഭിച്ചിട്ടില്ല. ആസ്വാദകരും കുറവാണ്. ക്ഷമയോടെ ആസ്വദിക്കാനുള്ള കഴിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതിനാൽ ക്ലാസ്സിക്കൽ കലകളുടെ ദൈർഘ്യം കുറച്ചുകൊണ്ടുവരികയാണ്.
അന്നത്തെ കച്ചേരികൾ നാലും അഞ്ചും മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. ഇന്ന് ഒരു മണിക്കൂർപോലും കേട്ടിരിക്കാൻ ആളുകൾക്ക് വിമുഖതയാണ്. സിനിമയിൽ പാടിയശേഷം എനിക്ക് ഒരുപാട് സംഗീത പരിപാടികളുടെ അവസരങ്ങൾ വന്നു. ധാരാളം പാട്ടുകച്ചേരികൾ ചെയ്തു. പക്ഷേ, പിന്നണിഗായികയായതിനാൽ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പാടാൻ ആവശ്യപ്പെടും.
പോകെപ്പോകെ ക്ലാസിക്കൽ കലകളെല്ലാം അന്യംനിന്നുപോകുമെന്നാണ് തോന്നുന്നത്. കലാകാരന്മാരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്.
സിനിമാ ഗാനങ്ങൾക്കുമുണ്ടോ ഈ മാറ്റം?
മുൻപ് വരികൾ, സംഗീതം, ആലാപനം എന്നീ മൂന്ന് ചേരുവകൾക്കും തുല്യ പ്രാധാന്യമായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും ഒരുമിച്ചിരുന്നായിരിക്കും പലപ്പോഴും ഗാനം സൃഷ്ടിക്കുന്നത്.
ഇന്ന് ഗാനരചയിതാവും സംഗീത സംവിധായകനും ഗായകരും കൂടിയുള്ള ചേർച്ച കാണുന്നില്ല. ആത്മാവില്ലാത്തതുപോലെ തോന്നും. പഴയപാട്ടുകൾ എന്നും മനസ്സിൽ നിൽക്കുന്നവയാണ്. ഇന്നത്തെ പാട്ടുകൾ കേട്ടയുടൻ മറക്കും. സെൻസർ ബോർഡ് അംഗമായിരുന്ന സമയം ഞാൻ ധാരാളം സിനിമ കണ്ടിരുന്നു. എന്നാൽ അധികം സിനിമകളിലും പാട്ടുള്ളതായി തോന്നിയില്ല. ഒരു അശരീരി പോലെ എവിടെയോ നിന്ന് ഒരു പാട്ടിങ്ങനെ വരും. കഥാപാത്രം പാടുന്ന പാട്ടുകളില്ല. കഥാപാത്രം പാടിയാലേ സംഗീതത്തിന്റെ ഭാവവും പാട്ടിന്റെ ആവശ്യകതയും കാഴ്ചക്കാരിലേക്ക് പകർന്നുകിട്ടൂ. പാട്ടുമായി ആസ്വാദകന് ബന്ധമുണ്ടാവാൻ ആ പാട്ടിന് ഉള്ളുവേണം. എന്നാൽ ഇന്ന് കഥയുമില്ല, സാഹിത്യവുമില്ല. ഇപ്പോഴും സാഹിത്യകാരന്മാർ എഴുതുന്നുണ്ട്. സംഗീതം പകരുന്നുമുണ്ട്. എന്നാൽ ഒന്നുംതമ്മിൽ ചേർച്ചയില്ല. സാങ്കേതികവിദ്യയുടെ വളർച്ചയിൽ ഒരു കവി എഴുതുന്ന വരികൾക്ക് മറ്റൊരാൾ മറ്റെവിടെനിന്നോ ഈണം നൽകുകയും ഗായികയോ ഗായകനോ മറ്റെവിടെനിന്നോ പാടുകയും ചെയ്യുന്നു. അവിടെ എന്തോ ഒന്ന് നഷ്ടപ്പെടുന്നില്ലേ.
സെൻസർ ബോർഡിൽ പ്രവർത്തിച്ച കാലം?
ആറ് വർഷം സെൻസർ ബോർഡ് അംഗമായിരുന്നു. ആ സമയം കണ്ട പല സിനിമകളിലും അക്രമണമനോഭാവവും സ്വഭാവവൈകല്യങ്ങളും കൂടുതലായി തോന്നി. നല്ല സിനിമകൾ ചുരുക്കമായിരുന്നു. നല്ല സന്ദേശമുള്ള, മൂല്യങ്ങൾ പകർന്നുതരുന്ന സിനിമകൾ കുറവായിരുന്നു. ആശയദാരിദ്ര്യം ഉള്ളതായി അനുഭവപ്പെട്ടു. അത് ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ചയായിരിക്കാം.
അധ്യാപനം ആസ്വദിച്ചോ?
കൊല്ലം എസ്.എൻ. കോളേജിൽ അധ്യാപികയായും കേരളസർവകലാശാലയിൽ സംഗീതവിഭാഗം മേധാവിയായും പ്രവർത്തിച്ചിരുന്നു. പിന്നണിഗായിക എന്നതിലുപരി അധ്യാപിക എന്ന നിലയിലുള്ള ജീവിതമാണ് കൂടുതൽ ആസ്വദിച്ചത്. ഒരു തൊഴിൽ മാത്രമായിരുന്നില്ല അത്. സംഗീതവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടു നിൽക്കാനുള്ള മാർഗമായിരുന്നു.
സംഗീതസംവിധാനത്തിലേക്കും കടന്നല്ലോ?
എസ്.എൻ. കോളേജിൽ പഠിപ്പിക്കുമ്പോഴാണ് സംഗീതസംവിധാനത്തിലേക്ക് കടക്കുന്നത്. സംഘഗാനങ്ങൾ ചിട്ടപ്പെടുത്തി. ശ്രീനാരായണഗുരുവിന്റെ 10 കൃതികൾക്ക് സംഗീതം പകർന്ന് 'ഗുരുരാഗമാലിക' എന്ന പേരിൽ പുറത്തിറക്കി. വലിയൊരു വർക്കായിരുന്നു അത്. കോളേജിൽ എല്ലാദിവസവും 'ദൈവദശകം' കേൾപ്പിക്കാറുണ്ട്. അന്നത്തെ കോളേജ് പ്രിൻസിപ്പലാണ് ഗുരുവിന്റെ കൃതികൾ കമ്പോസ് ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നെ സംബന്ധിച്ച് അത് വലിയൊരു വെല്ലുവിളിയായിരുന്നു. കൃതികൾ പഠിച്ചു. അർഥം ചോരാതെ വാക്കുകൾ എങ്ങനെ മുറിക്കാമെന്ന് നോക്കി. അറിയാതെ സംഭവിക്കുന്ന പിഴവുകൾപോലും വിവാദമായേക്കാം.
പൂർത്തിയാക്കാൻ ആറുമാസത്തോളമെടുത്തു. പാട്ടിന് ഈണം നൽകി, കുട്ടികളെയും പഠിപ്പിച്ചു. കോളേജിലെ സംഗീതവിഭാഗത്തിലെ അധ്യാപകരും പാടിയിരുന്നു. ഒപ്പം ഒരു സെലിബ്രിറ്റി കൂടി പാടിയാൽ വർക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നി. അങ്ങനെയാണ് സുരേഷ് ഗോപിയെ സമീപിക്കുന്നത്. അദ്ദേഹം മികച്ചരീതിയിൽ പാടി.
പിന്നീട് ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയ ഏതാനും സിഡികളും ചെയ്തു. കുമാരനാശാന്റെ കവിതകൾക്കും സംഗീതം നൽകി, 'പുഷ്പവാടി' എന്ന പേരിൽ സിഡിയായി പുറത്തിറക്കിയിരുന്നു.
ഏതുതരം സംഗീതമാണ് കൂടുതൽ പ്രിയം?
എനിക്ക് കൂടുതൽ ഇഷ്ടം ഭാവസംഗീതമാണ്. സംഗീതത്തിന്റെ പ്രധാനലക്ഷ്യം കേൾവിക്കാരന് അതേ ഭാവവും അനുഭൂതിയും പകരുക എന്നതാണ്. അത് നടന്നെങ്കിൽ മാത്രമേ നല്ല സംഗീതമെന്ന് വിളിക്കാൻ കഴിയുകയുള്ളൂ. അത് ചിലപ്പോൾ ഗസലുകളോ ഹിന്ദുസ്ഥാനി സംഗീതമോ സിനിമാഗാനങ്ങളോ, ഭജനുകളോ അല്ലെങ്കിൽ ക്ലാസിക്കൽ സംഗീതമോ ആയിരിക്കാം.
ക്ലാസിക്കൽ സംഗീതത്തിന് സങ്കീർണത കൂടുതലാണ്. അതിൽ ഭാവത്തിനും സാഹിത്യത്തിനും ഉള്ളതിനേക്കാൾ പ്രാധാന്യം അതിന്റെ സങ്കീർണതകൾക്കാണ്. ഭാവംകൊണ്ടുവരിക പ്രയാസമാണ്. എന്നാൽ ഭാവസംഗീതത്തിന് സങ്കീർണതകൾ കുറവായിരിക്കും. രാഗവും സാഹിത്യവും ഭാവവുമായിരിക്കും ഭാവസംഗീതത്തിന് ജീവൻ നൽകുന്നത്.
ഇഷ്ട രാഗം?
ഒരു രാഗംമാത്രം തിരഞ്ഞെടുക്കുക പ്രയാസമാണ്. എങ്കിലും കല്യാണി രാഗം ഇഷ്ടമാണ്. ഒട്ടുമിക്ക ആളുകൾക്കും പ്രിയപ്പെട്ട രാഗമായിരിക്കുമത്. മനുഷ്യവികാരങ്ങളെ പ്രകടിപ്പിക്കുന്ന എത്ര പാട്ടുകളാണ് കല്യാണി, മോഹനം പോലുള്ള രാഗങ്ങളിലുള്ളത്.
കുട്ടിക്കാലത്ത് പല രാഗങ്ങളുടെയും ഭാവങ്ങൾ പിടികിട്ടുക ബുദ്ധിമുട്ടായിരുന്നു. അഠാണാ, കാംബോജി, ദർബാർ പോലുള്ള രാഗങ്ങൾ ക്ലാസിക്കലാണ്. അവയുടെ സൗന്ദര്യം തിരിച്ചറിയാൻ ഒരുപാട് അറിവ് സിദ്ധിക്കണം. അതിനാൽ അത്തരം രാഗങ്ങൾ ചെറുപ്പത്തിൽ ഇഷ്ടമായിരുന്നില്ല. എന്നാൽ പിന്നീട് അവയെ ചേർത്തുപിടിച്ചു.
വിശ്രമജീവിതത്തിലെ സംഗീതം?
ഇപ്പോഴും ചെറിയ രീതിയിലുള്ള സംഗീതപരിപാടികളും കച്ചേരികളും ചെയ്യുന്നുണ്ട്. തിരുവനന്തപുരം ആകാശവാണിയിൽ പാടാറുണ്ട്. ഡോ. കുഴൽമന്ദം ജി. രാമകൃഷ്ണന്റെ സംഗീതപരിപാടി 'സുലളിതം' ആണ് പുതിയ വർക്ക്. അതിൽ എട്ടുപത്ത് പാട്ടുകൾ ചെയ്തു. ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും കോർത്തിണക്കിയ വ്യത്യസ്തമാർന്ന ആൽബം ചെയ്യാനുള്ള പദ്ധതിയും മനസ്സിലുണ്ട്.
കുടുംബം
ഭർത്താവ് രാധാകൃഷ്ണൻ തിരുവനന്തപുരം എം.ജി. കോളേജിൽ കെമിസ്ട്രി അധ്യാപകനായി വിരമിച്ചു. മകൾ അനഘ ഓസ്ട്രേലിയയിലാണ്. മകൻ അരുൺ ബെംഗളൂരുവിലും. രണ്ടുപേരും എൻജിനീയർമാരാണ്. ഇരുവരും പാട്ട് പഠിച്ചിട്ടുണ്ട്. എങ്കിലും പാട്ടിലേക്ക് പൂർണമായും വന്നിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dr. Bhavana Radhakrishnan gained fame as a playback singer through the iconic song 'Ennodenthini Pinakkam' from the 1997 movie 'Kkaliyattam'., She balanced her career as a Carnatic music teacher, university department head, and radio artist while composing devotional and classical albums., Reflects on the evolution of music, the fading prominence of classical arts, and the lack of soul in contemporary film songs.