നാലു തൊഴുത്ത്, ആറ് സംസ്ഥാനങ്ങളിലെ ഒന്‍പത് ഇനത്തില്‍പ്പെട്ട 230 ഗോക്കള്‍, ഇവിടം സ്വര്‍ഗമാണ്

എവിടെനിന്നോ ഒഴുകിവരുന്ന വേണുനാദം, പുല്‍മേടുകളില്‍ സ്വതന്ത്രരായി വിഹരിക്കുന്ന ഗോക്കള്‍, ഗോകുലം മുന്നില്‍ വിടര്‍ന്നു... അതിനുള്ളിലേക്ക് കാലെടുത്തുവയ്ക്കും മുന്‍പേ ആരോ തട്ടിവിളിച്ചു. 'സ്ഥലമെത്തി...' കണ്ടക്ടറുടെ വിളിയില്‍ ആ പുലര്‍കാല സ്വപ്നം മുറിഞ്ഞു. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ ബസ്സിറങ്ങുമ്പോള്‍ സമയം രാവിലെ ഏഴുമണി. എങ്ങോട്ടാണ് പോകേണ്ടതെന്ന അന്ധാളിപ്പ് കണ്ട ഓട്ടോസ്റ്റാന്‍ഡിലെ ചേട്ടന്മാരിലൊരാള് ചോദിച്ചു ''എങ്ങോട്ടാ...?'' ''ഗോകുലത്തിലേക്ക്, ഗോകുലം ഗോശാലയിലേക്ക്...'' പറഞ്ഞുതീരുംമുന്പേ ഓട്ടോ ഞങ്ങളെയുംകൊണ്ട് ഗോകുലത്തിലേക്ക് പറന്നു.
ഗോശാലയുടെ മതില്കടന്നപ്പോള്ത്തന്നെ എങ്ങുനിന്നോ കര്‍ണാടക സംഗീതം ഒഴുകിവന്നു. ആ സംഗീതം ആസ്വദിച്ച് നാലു ഷെഡ്ഡുകളിലായി മുന്നൂറോളം കന്നുകാലികള്‍, അതിനപ്പുറം പരമ്പര വിദ്യാപീഠമെന്ന, വെളിച്ചംപൊഴിക്കുന്ന വീട്. ഡോ. നാഗരത്ന, വിഷ്ണുപ്രസാദ് ഹെബ്ബാര്‍ ദമ്പതിമാരുടെ സ്വപ്നസാക്ഷാത്കാരമാണ് ഗോകുലം ഗോശാല. കന്നുകാലികള്‍ക്കായി സംഗീതക്കച്ചേരികളും പത്തുദിനം നീളുന്ന സംഗീതോത്സവവും നൃത്തോത്സവവുമെല്ലാം നടക്കുന്ന ഗോകുലം അക്ഷരാര്‍ഥത്തില്‍ വൃന്ദാവനം തന്നെയാണ്. ഇന്ത്യയിലെ നാടന്‍പശുക്കളുടെ സംരക്ഷണം, ആയുര്‍വേദ ഉത്പന്നനിര്‍മാണം, ഗവേഷണം തുടങ്ങി ഗോകുലം ഗോശാല ചുരുങ്ങിയ കാലംകൊണ്ടുതന്നെ ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. വേറിട്ട വഴികളിലൂടെ സമൂഹത്തിലേക്ക് പുതുവെളിച്ചം സമ്മാനിക്കുന്ന ഗോകുലത്തിന്റെ സാരഥികള്‍ സംസാരിക്കുന്നു. .
ഗോശാലയുടെ തുടക്കം
കുട്ടിക്കാലത്ത് കേട്ട പുരാണകഥകളില്‍നിന്നാണ് പശുവളര്‍ത്തലിനോടുള്ള ഇഷ്ടം തുടങ്ങിയതെന്ന് വെളിപ്പെടുത്തി ജ്യോതിഷികൂടിയായ വിഷ്ണുപ്രസാദ് ഹെബ്ബാറാണ് സംസാരത്തിന് തുടക്കമിട്ടത്. ''പുരാണ കഥകള്‍ കേട്ടാണ് വളര്‍ന്നത്. ആ കഥകളിലെ ഗോക്കളുടെ സാന്നിധ്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ സ്വന്തമായി ഒരു നാടന്‍പശുവിനെ വളര്‍ത്തണം എന്ന ചിന്തയില്‍ 2010-ലാണ് ആദ്യമായി ക്ഷീരമേഖലയിലേക്ക് കടക്കുന്നത്. വെച്ചൂര്‍ പശുവിനെയായിരുന്നു ആദ്യമായി വാങ്ങിച്ചത്. എന്റെ ഭാര്യ ഡോ. നാഗരത്ന കേംബ്രിഡ്ജില്നിന്നാണ് പിഎച്ച്.ഡി. ബിരുദം പൂര്‍ത്തിയാക്കിയത്.
വിഷയം പശുവിന്റെ പരിപാലനമുറകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി ഈ മേഖലയെക്കുറിച്ച് അവള് ആഴത്തില്‍ പഠിച്ചു. അങ്ങനെയാണ് നാടന്‍പശുക്കളുടെ ഗുണമേന്മയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. അപ്പോഴൊന്നും ഗോശാല എന്ന സങ്കല്പം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കര്‍ണാടകയിലെ രാമചന്ദ്രാപുരംമഠത്തിലെ സ്വാമി രാഘവേശ്വര ഭാരതിയാണ് നാടന്പശുക്കളെക്കുറിച്ച് കൂടുതല്‍ പറഞ്ഞുതന്നത്. പിന്നീട് നാഗരത്ന രാജ്യത്തിന് അകത്തും പുറത്തുമുള്ള പല പശുഫാമുകള്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ മനസ്സിലാക്കുകയും ചെയ്തു. അങ്ങനെയാണ് 2015-ല്‍ ഗോകുലം ഗോശാല എന്ന സ്വപ്നത്തിന് തറക്കല്ലിട്ടത്. ഗോവര്‍ധനം എന്ന ഒരൊറ്റ തൊഴുത്തിലായിരുന്നു തുടക്കം.''
ക്രോസ് ബ്രീഡ് വേണ്ട
ഗവേഷണത്തിന്റെ ഭാഗമായി നാഗരത്നയുടെ ലേഖനം ലോകപ്രശസ്തമായ നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടന്‍പശുക്കളുടെ ബ്രീഡുകള്‍ അവര്‍ സംഘടിപ്പിച്ചു. ആ കാലത്തെക്കുറിച്ച് നാഗരത്ന വിശദീകരിച്ചു. ''പഠനത്തിന്റെ ഭാഗമായി ഒന്‍പത് ബ്രീഡുകളെ സംഘടിപ്പിച്ചു. സാധാരണനിലയില്‍ ഫാമുകളില്‍ ക്രോസ് ബ്രീഡുകളാണ് ഉണ്ടാകാറുള്ളത്.
അതൊഴിവാക്കാനായി ആദ്യംമുതലേതന്നെ ഓരോ ബ്രീഡിനെയും വാങ്ങുമ്പോള്‍ പശുവിനൊപ്പംതന്നെ അതിന്റെ കാളയെയും എത്തിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കാസര്‍കോട് കുള്ളന്‍, വെച്ചൂര്‍, ദക്ഷിണ കര്‍ണാടകയിലെ കപില, തമിഴ്നാട്ടിലെ കാങ്കയം, അള്ളിക്കാര്, മല്ലാട് ഗിഡ്ഡ, ഗുജറാത്തിലെ ഗിര്‍, ആന്ധ്രയിലെ ഓങ്കോള്‍, രാജസ്ഥാനിലെ കാങ്കറേജ് എന്നീ നാടന്‍പശുക്കളാണ് ഇപ്പോള്‍ ഗോശാലയിലുള്ളത്. ഗോവര്‍ധനം, നന്ദിനി, കാമധേനു, നന്ദിമണ്ഡപം എന്നിങ്ങനെ നാലു തൊഴുത്തുകളിലായി ആറ് സംസ്ഥാനങ്ങളിലെ ഒന്‍പത് ഇനത്തില്‍പ്പെട്ട 230 ഗോക്കള്‍. എല്ലാ ഗോക്കള്‍ക്കും പേര് നല്‍കിയിട്ടുണ്ട്.''
സംഗീതം എല്ലാവര്ക്കും
ഗോകുലം ഗോശാലയെ ഇന്ത്യയിലെ മറ്റ് ഗോശാലകളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത് ഇവിടെ നടക്കുന്ന തത്സമയ സംഗീതക്കച്ചേരികളാണ്. ഓരോ മാസവും കൃത്യമായ ഇടവേളകളില്‍ നന്ദിമണ്ഡപത്തില്‍ കന്നുകാലികള്‍ക്കായി പ്രമുഖര്‍ വന്ന് കച്ചേരി നടത്തുന്നു. 2021-ലാണ് തത്സമയ കച്ചേരി എന്ന ആശയം ആരംഭിച്ചതെന്ന് വിഷ്ണുപ്രസാദ് ഹെബ്ബാര്‍ പറയുന്നു ''ഗോശാലകളില്‍ പാട്ട് കേള്‍പ്പിക്കുന്ന രീതി മുന്‍പുതന്നെ പല സ്ഥലങ്ങളിലും നിലവിലുണ്ട്. അത് പ്രചോദനമാക്കി ആദ്യഘട്ടംമുതലേ തൊഴുത്തുകളില്‍ സ്പീക്കറുകള്‍ സ്ഥാപിച്ച് പാട്ടുകേള്പ്പിച്ചിരുന്നു. പിന്നീട് നാഗരത്നയാണ് നമുക്ക് തത്സമയ സംഗീതപരിപാടികള്‍ ഗോശാലയ്ക്കുള്ളില്‍ നടത്താം എന്ന് പറയുന്നത്. എവിടെയും ഇതുവരെ പരീക്ഷിക്കാത്ത ആ രീതിയില്‍ എനിക്കും പുതുമതോന്നി.
അങ്ങനെയാണ് പരിപാടികള്‍ അവതരിപ്പിക്കാനായി നന്ദിമണ്ഡപം എന്ന വേദി ഒരുക്കിയത്. 2021 മേയില്‍ നന്ദിമണ്ഡപം ഉണര്‍ന്നു. ആദ്യപരിപാടി കാണാന്‍ ഒട്ടേറെ പേര് എത്തി. പിന്നീട് എല്ലാമാസവും പരിപാടികള്‍ പതിവായി. ആ വര്‍ഷത്തെ ദീപാവലിക്ക് മൂന്നുദിവസം നീളുന്ന സംഗീതോത്സവവും സംഘടിപ്പിച്ചു. ജനങ്ങളില്‍നിന്ന് വളരെ നല്ല പ്രതികരണം ലഭിച്ചു. 2024-ല്‍ ദീപാവലി സംഗീതോത്സവം പത്തുദിവസങ്ങളിലായി 132 കച്ചേരികളാണ് അവതരിപ്പിക്കപ്പെട്ടത്. കര്‍ണാടകസംഗീതത്തിലെ പ്രഗല്ഭരായ എല്‍. സുബ്രഹ്മണ്യം, അഭിഷേക് രഘുറാം, പ്രിന്‍സ് വര്‍മ, ഹരീഷ് ശിവരാമകൃഷ്ണന് എന്നിവരടക്കം പ്രമുഖരാണ് സംഗീതോത്സവത്തിന്റെ ഭാഗമായത്. നൃത്തപരിപാടികള്‍ അവതരിപ്പിക്കാനും ആള്ക്കാര് എത്തിത്തുടങ്ങിയതോടെ മേയ് ഒന്നുമുതല്‍ പത്തുവരെ നീളുന്ന നൃത്തോത്സവത്തിനും തുടക്കമിട്ടു. ''
ദുര്‍ഗന്ധമില്ല, കൊതുകില്ല
സാധാരണ ഗോശാലകളില്‍ ചെന്നാല്‍ ചാണകത്തിന്റെയും മൂത്രത്തിന്റെയും നാറ്റം അസഹനീയമായി മാറാറുണ്ട്. ഈ വൃത്തിയില്ലായ്മമൂലം കൊതുകുപോലുള്ള ചെറുജീവികളും ഉണ്ടാകും. എന്നാല്‍, ഗോകുലം ഗോശാലയില്‍ ഈ രണ്ടുപ്രശ്നങ്ങളും ഇല്ല. ശാസ്ത്രീയമായി പണിതിരിക്കുന്ന ഗോശാല വൃത്തിയുടെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും ചെയ്യാതെയാണ് സംരക്ഷിക്കുന്നതെന്ന് നാഗരത്ന പറയുന്നു. ''സാധാരണ പശുവളര്‍ത്തുന്ന ഇടങ്ങളിലെപ്പോലെ ദുര്‍ഗന്ധമോ, കൊതുകുപോലുള്ള ജീവികളുടെ ശല്യമോ ഒന്നുംതന്നെ ഇവിടെയില്ല. അതിനുള്ള പ്രധാനകാരണം ഞങ്ങള്‍ നല്കുന്ന തീറ്റയും കൃത്യമായ ശുചീകരണവുമാണ്. വൈക്കോല്‍ ഉപയോഗിക്കാറില്ല. തവിടും പിണ്ണാക്കും ചോളപ്പുല്ലും പച്ചപ്പുല്ലുമാണ് ഭക്ഷണമായി നല്‍കുന്നത്. കാലിത്തീറ്റ ഉപയോഗിക്കാറില്ല. പകരം എള്ളുപിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണാക്ക്, ചോളപ്പൊടി, തവിട്, ഉപ്പ് എന്നിവയുടെ മിശ്രിതമാണ് നല്‍കുന്നത്.
കറവയുള്ള പശുക്കള്‍ക്ക് ശര്‍ക്കരയും ചേര്‍ത്താണ് ഇത് കൊടുക്കുന്നത്. ഇവിടെ പശുക്കള്‍ക്കൊന്നും മൂക്കുകയറിട്ടിട്ടില്ല. അത്രമാത്രം അവര്‍ ഞങ്ങളുമായി ഇണങ്ങിക്കഴിഞ്ഞു. ഗോശാലയോട് ചേര്‍ന്ന് തീറ്റപ്പുല്‍കൃഷി നടത്തുന്നുണ്ട്. ഗോശാലകള്‍ക്ക് മതിലുകളില്ല. ഗോക്കള്‍ക്ക് കാറ്റും വെളിച്ചവും നല്ലരീതിയില്‍ കിട്ടണം. രണ്ടുനേരമായാണ് ഇവിടെ പാല്ക്കറവ. കിടാങ്ങള്‍ക്ക് കുടിക്കാന്‍ കൊടുത്തശേഷം മാത്രമേ പാല് കറന്നെടുക്കാറുള്ളൂ. കറവകഴിഞ്ഞാല്‍ ഗോശാലയ്ക്ക് പുറത്തുള്ള പറമ്പില്‍ മേയാന്‍ വിടും. കിടാരികള്‍, ഗര്‍ഭിണികള്‍, കറവപ്പശുക്കള്‍, കാളകള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പരിചരണം. സ്ഥിരമായി 16 ജോലിക്കാരുണ്ട്. ഇവിടെ നടക്കുന്ന കച്ചേരികള്‍ മനുഷ്യര്‍ക്കൊപ്പം ഗോക്കളും ആസ്വദിക്കുന്നുണ്ട്. ''
ഉത്പന്നങ്ങളുടെ വൈവിധ്യം
ഇരുനൂറിലധികം പശുക്കളുണ്ടെങ്കിലും ഇവിടെനിന്ന് നേരിട്ട് പാല്‍വില്‍പ്പന നടത്തുന്നില്ല. മറിച്ച്, പാലുത്പന്നങ്ങളും ചാണകവും മൂത്രവും ഉപയോഗിച്ച് മറ്റ് ഉത്പന്നങ്ങളെല്ലാം നിര്‍മിക്കുകയാണ് ചെയ്യുന്നത്. ''ഞങ്ങള്‍ക്ക് പാല് വില്‍പ്പനയില്ല, മറിച്ച് തൈര്, മോര്, നെയ്യ്, വെണ്ണ, തുടങ്ങി അതിന്റെ ബൈ പ്രോഡക്ടുകളാണ് വില്‍ക്കുന്നത്. ഒപ്പം നെയ്യുകൊണ്ട് ഒരുപാട് ആയുര്‍വേദ മരുന്നുകളും ഉണ്ടാക്കി വില്‍പ്പന നടത്തുന്നുണ്ട്. ചാണകം ഉപയോഗിച്ച് വളം, ചന്ദനത്തിരി, വിറക് തുടങ്ങിയവയും നിര്‍മിക്കുന്നു. ഞങ്ങളുടെ ആദ്യ വെച്ചൂര്‍ കാളയ്ക്ക് നല്കിയ അതേപേരാണ് ബ്രാന്‍ഡിനും നല്‍കിയത്, കപില. നാല്പതോളം ഉത്പന്നങ്ങള്‍ ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്. ഫാം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഉത്പന്നങ്ങള്‍ സ്റ്റോറില്‍നിന്ന് വാങ്ങാം. സന്ദര്‍ശകര്‍ക്ക് താമസിക്കാനായി അതിഥിമന്ദിരം ഒരുക്കിയിട്ടുണ്ട്. ഒപ്പം ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. ഭാവിയില്‍ ഇതിനെ ഒരു റിസര്‍ച്ച് സെന്ററാക്കി മാറ്റണം എന്നതാണ് സ്വപ്നം.''
നാഗരത്ന സ്വപ്നങ്ങള്‍ പങ്കുവെക്കവേ ഗോകുലത്തിന്റെ ആകാശത്തുനിന്ന് മഞ്ഞിന്റെ പുതപ്പുമാറ്റി സൂര്യന് മെല്ലെ വെയില്പൊഴിച്ചുതുടങ്ങി, കറവ കഴിഞ്ഞ പശുക്കള്‍ തൊഴുത്തുവിട്ട് പുല്‍മേട്ടിലേക്ക് മേയാനിറങ്ങി. അവരെ തൊട്ടും തലോടിയും നാഗരത്നയും വിഷ്ണുപ്രസാദും ഒപ്പമുണ്ട്. ഗോകുലത്തിന്റെ മതിലില്‍ ആരോ കുറിച്ചിട്ടു, ഇവിടം സ്വര്‍ഗമാണ്...
Content Highlights: bekal gokulam goushala place filled with music art nature and love for cows