‘അവരെനിക്കായ് പണം മുടക്കിയത് ഇന്ത്യയിലെ ആദ്യ വനിതാ സ്കൂബാ ഡൈവറെ വേണമെന്ന നിർബന്ധത്തോടെയാണ്’

പിടിതരാത്ത കടങ്കഥയാണ് കടൽ. മനുഷ്യലോകത്തിലെ ഏറ്റവും വലിയ നിഗൂഢത. ഉയരെ ബഹിരാകാശത്തേക്ക് സഞ്ചരിച്ചിട്ടും വിദൂരഗ്രഹങ്ങളിലെത്തിയിട്ടും ഭൂമിയുടെ എഴുപത് ശതമാനത്തോളം വരുന്ന സമുദ്രത്തിന്റെ രഹസ്യങ്ങളറിയാൻ നമുക്കായിട്ടില്ല. ആഴക്കടലിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഇന്നും മനുഷ്യൻ പഠിച്ചിട്ടുള്ളൂ. തിരമാലകൾക്ക് താഴെയുള്ള നിശ്ശബ്ദലോകത്ത് എണ്ണമറ്റ രഹസ്യങ്ങളാണ് മുത്തുകളെപ്പോലെ ചിതറിക്കിടക്കുന്നത്. അജ്ഞാതമായ ആ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ ധൈര്യംകാണിച്ചവർ വിരളം. കടൽ സ്പർശമറിയാത്ത പാലക്കാട് ജില്ലയിൽ നിന്നാണ് അതൂല്യ കെ.വി. സ്‌കൂബാ ഡൈവിങ് (Scuba Diver) പരിശീലനം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ വനിതയായത്. കൊമേഴ്സ്യൽ സ്‌കൂബ ഡൈവിങ്ങിൽ INCA സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് അതുല്യ.
ആഴക്കടലിലെ അതിമർദ്ദവും കൊലച്ചുഴികളും കൊമ്പൻസ്രാവുകളും അതുല്യയെ പിന്തിരിപ്പിച്ചില്ല. കോമേഴ്യസ്യൽ ഡൈവിങ്ങെന്ന ഏറ്റവും അപകടകരമായ, സാഹസികമായ തൊഴിലിടത്തെ പെൺ മുൻഗാമിയായിത്തീർന്ന അതുല്യ സംസാരിക്കുന്നു.
കടലില്ലാത്ത പാലക്കാട്ട് നിന്നും കടലിന്റെ ആഴങ്ങളിലേക്ക് എങ്ങനെയെത്തി ?
പാലക്കാട് പട്ടാമ്പിയിലെ കരുവൻപടിയാണ് എന്റെ നാട്. തനി നാട്ടിൽപുറം. കടലില്ലെന്നേയുള്ളൂ. പുഴകളും ചിറകളും തോടുകളും കുളങ്ങളും ഒത്തിരിയുണ്ട്. വൈകുന്നേരം സ്‌കൂൾ വിട്ടുവന്നാൽ തോട്ടിൽ പോയി കളിക്കുന്നതാണ് കുട്ടിക്കാലത്തെ ശീലം. നീന്തലും വെള്ളവും അന്നേ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ സ്‌കൂബാ ഡൈവിങ്ങൊന്നും മനസ്സിലില്ലായിരുന്നു. കുട്ടിക്കാലത്ത് എന്നെ കൊതിപ്പിച്ചിട്ടുള്ളത് പോലീസ് യൂണിഫോമാണ്.
തൃശ്ശൂർ സെയിന്റ് മേരീസ് കോളേജിലെ ഡിഗ്രി പഠനകാലത്ത് അധ്യാപിക പറഞ്ഞ ഒരു വാചകമാണ് ജീവിതത്തിന്റെ ദിശ മാറ്റിയത്. സ്ത്രീകളിപ്പോഴും സുരക്ഷിതമായ തൊഴിലിടങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നാണ് അവർ പറഞ്ഞത്. റിസ്‌ക് എടുക്കുന്നവരെ കാത്ത് ഒത്തിരി അവസരങ്ങളുണ്ടെന്നും ടീച്ചർ കൂട്ടിച്ചേർത്തു. സ്‌കൂബാ ഡൈവിങ് പോലൊരു തൊഴിൽമേഖലയെക്കുറിച്ച് അതിനുമുൻപ് ചിന്തിച്ചിട്ടില്ല. ഒന്ന് മാറിച്ചിന്തിക്കണമല്ലോ എന്ന തോന്നൽ വന്നു. സിവിൽ സർവീസ് കോച്ചിങ്ങിന് പോയിരുന്ന കാലം. അത് നിർത്തി കോവളത്ത് സ്‌കൂബാ ഡൈവിങ് കോഴ്‌സിന് ചേർന്നു. ഡൈവിങ് രണ്ട് തരമുണ്ട്. കൊമേഴ്‌സ്യൽ ഡൈവിങ്ങും സ്‌കൂബാ ഡൈവിങ്ങും. അതിൽ സ്‌കൂബാ ഡൈവിങ്ങിനാണ് ചേർന്നത്.
കടലിൽ എങ്ങനെ കരിയർ കരുപ്പിടിപ്പിച്ചു ?
സ്ത്രീകൾ ഇല്ലാത്ത മേഖല എന്ന് കേട്ടപ്പോൾ തോന്നിയ കൗതുകമാണ് സ്‌കൂബാ ഡൈവിങ്ങിലെത്തിച്ചത്. ഡിഗ്രി പൂർത്തിയാക്കുംമുൻപ് ആൻഡമാനിൽ ജോലികിട്ടി. കൊച്ചിയിലും കോവളത്തും ജോലി ചെയ്തിട്ടുണ്ട്. കൊമേഴ്‌സ്യൽ ഡൈവിങ് സ്വപ്നമായി മനസ്സിലുണ്ടായിരുന്നു. ആൻഡമാനിലെ ജോലിക്കിടെയാണ് സൗത്ത് ആഫ്രിക്കയിലെ ജാക്ക് ഡൈവ് ചെസ്റ്റ് അക്കാദമി സ്ഥാപകർ എന്നെ ശ്രദ്ധിക്കുന്നത്. അവർ എന്നോട് കൊമേഴ്‌സ്യൽ ഡൈവിങ് പഠിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. പക്ഷേ പരിശീലനത്തിന് പന്ത്രണ്ട് ലക്ഷം വേണമായിരുന്നു. അത്രയും വലിയ തുകയൊടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലെന്ന് ഞാൻ അറിയിച്ചു. ഭാഗ്യവശാൽ എന്റെ മികവും ആഗ്രഹവും അവർ തിരിച്ചറിഞ്ഞു. കമ്പനി എന്നെ സൗത്ത് ആഫ്രിക്കയിലേക്ക് ക്ഷണിച്ച്, മൂന്ന് മാസത്തെ സൗജന്യ പരിശീലനം നൽകി. ഇന്ത്യയിലെ ആദ്യ വനിതാ സ്കൂബാ ഡൈവറെ വേണമെന്ന നിർബന്ധത്തോടെയാണ് അവർ എനിക്കായി പണം മുടക്കിയത്. ലോകത്ത് ഡൈവിങ്ങിന് വിരലിലെണ്ണാവുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളേ ഉള്ളൂ. ചെറിയ തൊഴിൽ മേഖലയാണിത്.
സ്ത്രീകളില്ലാത്ത തൊഴിലിടത്തിലെ തുടക്കക്കാരിയാണ്. തൊഴിലിടത്തിൽ തുല്യതയുണ്ടോ ?
മുൻധാരണകളോടെയാണ് പുരുഷകേന്ദ്രീകൃതമായ തൊഴിലിടത്തിലേക്ക് കടന്നുവന്നത്. എന്നാൽ, എനിക്കിതേവരെ മാറ്റിനിർത്തലുകൾ ഉണ്ടായിട്ടില്ല. നല്ല പ്രോത്സാഹനം കിട്ടി. നല്ല സുഹൃദ്ബന്ധങ്ങൾ ഉണ്ടായി. പല ടെക്ക്നിക്കുകളും സഹപ്രവർത്തകർ പറഞ്ഞുതരും. അത് എന്നെ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഡൈവിങ്ങിനിറങ്ങുമ്പോൾ എല്ലാ സ്ഥലത്തും വസ്ത്രം മാറാനുള്ള സൗകര്യം ഉണ്ടാകണമെന്നില്ല. പക്ഷേ, തൊഴിലിന് അത് അത്യാവശ്യമാണുതാനും. പൊതുസ്ഥലങ്ങളിൽ നിന്ന് വസ്ത്രം മാറേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ അരക്ഷിതാവസ്ഥ തോന്നിക്കുന്ന ഒരു നിലപാടും സഹപ്രവർത്തകരിൽ നിന്നുണ്ടായിട്ടില്ല. ഇതിനെ നെഗറ്റീവായി കണ്ട് വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരുണ്ട്. അപ്പോഴൊക്കെ ധൈര്യമായി ഒപ്പം നിന്നത് സഹപ്രവർത്തകരാണ്.
ആർത്തവകാലത്ത് എങ്ങനെ ഡൈവ് ചെയ്യും എന്നു ചോദിക്കാൻപോലും എനിക്കൊരു റോൾമോഡൽ ഉണ്ടായിരുന്നില്ല. ആദ്യമായി ഡൈവിനിറങ്ങുമ്പോൾ ആർത്തവമായിരുന്നു. മടിച്ചുമടിച്ചാണ് ഞാൻ സൂപ്പർവൈസറോട് കടലിലിറങ്ങാൻ പറ്റുമോ എന്ന് ചോദിച്ചത്. തലകറക്കമോ ഛർദിയോ വരുന്ന ആളാണെങ്കിൽ മാത്രം ഇറങ്ങാതിരുന്നാൽ മതി എന്നായിരുന്നു ഉത്തരം. ഗർഭിണികൾ ഡൈവ് തീർത്തും ഒഴിവാക്കണം. അല്ലാതെ സ്ത്രീകൾക്ക് ഈ മേഖലയിൽ യാതൊരു തടസ്സവുമില്ല.
സുരക്ഷാഭീഷണികളെ എങ്ങനെ നേരിടുന്നു ?
കടൽ അപ്രവചനീയമായി മാറിമറിയും. ആഴങ്ങളിൽ ഇരുട്ടാണ്. കടൽജീവികളെയും കരുതണം. ഷാർക്ക് വിഹരിക്കുന്നയിടത്തും പോകേണ്ടിവന്നേക്കാം. മനസ്സാന്നിധ്യം ഏറ്റവും പ്രധാനമാണ്.
വെള്ളത്തിനടിയിൽ ഇലക്ട്രിക് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നത് എനിക്ക് ആദ്യം പേടിയായിരുന്നു. ഷോക്ക് അടിക്കാൻ സാധ്യതയുണ്ടല്ലോ എന്ന പേടി. എന്നാൽ പരിശീലകർ അതിന്റെ ശരിയായ രീതികൾ പറഞ്ഞുതന്നു. ആ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ യാതൊരു ബുദ്ധിമുട്ടുമില്ല. ഡൈവിങ്ങിൽ ചെയ്യാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അത് ഒരിക്കലും ചെയ്യരുത് എന്നതാണ് സുരക്ഷയുടെ പ്രാഥമികനിയമം.
വെല്ലുവിളികൾ നേരിട്ട ദൗത്യം ?
സൗത്ത് ആഫ്രിക്കയിലെ പഠനം കഴിഞ്ഞയുടൻ അവിടെ സൂപ്പർ വൈസറായി ജോലികിട്ടി. ആയിടെ ഒരു കപ്പലിന് അപകടം പറ്റി. കടലിനടിയിൽ പോയി അതിന്റെ അവശിഷ്ടങ്ങൾ പൊക്കിയെടുക്കുക പ്രയാസമായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന ദൗത്യം. തുടക്കക്കാരിയായതിനാൽ എനിക്കത് വലിയ ഉത്തരവാദിത്തമായി. ആ ദൗത്യം എന്നെ വല്ലാതെ ത്രസിപ്പിച്ച ഒന്നാണ്.
ശാരീരികക്ഷമത വേണ്ടുന്ന മേഖലയാണ്. എങ്ങനെയാണ്
ആരോഗ്യസംരക്ഷണം?
ഞാൻ നന്നായി ആഹാരം കഴിക്കുന്നയാളാണ്. നന്നായി വെള്ളവും കുടിക്കും. ഡൈവ് ചെയ്യുന്നയാൾക്ക് അതിനുശേഷം ജിമ്മിൽ പോകുക സാധിക്കില്ല. പോയാലും ഹെവി വർക്ക്ഔട്ടുകൾ പറ്റില്ല. ബോഡിയിലെ നൈട്രജന്റെ തോത് കൂടുതലായിരിക്കും. നീന്തലാണ് എന്റെ വ്യായാമം. നടക്കാറുമുണ്ട്. ലിഫ്റ്റിന് പകരം പടികയറും. ഹൈക്കിങ് ചെയ്യാറുണ്ട്. ശരീരം ആക്ടീവായി നിർത്തും. ഷുഗർ ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ട്. താപനില നിലനിർത്താൻ ശരീരത്തിൽ ആവശ്യത്തിന് ഫാറ്റ് കൂടിയേ തീരൂ. അതുകൊണ്ട് കഠിനമായ വ്യായാമവും ഡയറ്റും ചെയ്യാറില്ല.
സ്വപ്നങ്ങളിലെ ആഴം?
ഡൈവിങ് പഠിച്ച എല്ലാവരുടെയും ഡ്രീം ഡെപ്ത് ടൈറ്റാനിക് തന്നെയാണ്. പക്ഷേ അതൊരു സ്വപ്നമായി തന്നെ തുടരും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻപോയ സബ്മറൈന് പോലും മർദ്ദം താങ്ങാനായില്ല. അതിലെ യാത്രക്കാർക്ക് എന്ത് പറ്റിയെന്ന് മനസ്സിലാക്കാൻ ലോകത്തിന് നാളുകൾ വേണ്ടിവന്നു. 600,700 മീറ്റർ ആഴങ്ങൾ താണ്ടി റെക്കോഡുകൾ സൃഷ്ടിച്ചവരുണ്ട്. അതൊക്കെ കൊതിപ്പിക്കുന്ന നേട്ടങ്ങളാണ്. പ്രത്യേക കോഴ്‌സുകൾ പഠിച്ചാലേ അത് സാധ്യമാകൂ. അത്തരം കോഴ്‌സുകൾ പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ട്. ഞാനിപ്പോൾ സഞ്ചരിക്കുന്നത് 50 മീറ്റർ ആഴമാണ്. അതുതന്നെ അദ്ഭുതങ്ങളാൽ സമ്പന്നം. നിഗൂഢതയാണ് കടൽ. ഹെലികോപ്റ്റർ ജംപ് നടത്തി ഡൈവ് ചെയ്യണം എന്നുമുണ്ട് ഒരു മോഹം.
നിരന്തരം ഉപ്പുവെള്ളം തട്ടി മുടി ചെമ്പനടിക്കും. വെയിലും ഈർപ്പവും ചേർന്ന് ചർമം ഇരുളും. കണ്ണാടിയിലെ പ്രതിബിംബം അപരിചിതമായി തോന്നിയേക്കാം. കടലിനുള്ളിൽ അപകടങ്ങൾ ഉണ്ടായേക്കാം. തൊഴിലിനിടെ മരിച്ചുപോകാനുമുണ്ട് സാധ്യത. എന്നിട്ടും ഓരോ കടൽക്കുതിപ്പും അത്യാനന്ദത്തിന്റേതാണ്. വാക്കുകളില്ലാത്ത, വേർതിരിവുകളില്ലാത്ത ആഴങ്ങൾ. തുറന്ന വർണച്ചെപ്പുപോലെ കൺമുന്നിൽ കടൽ. മത്സ്യത്തെപ്പോലെ പുറത്തുനിന്നൊരാൾ നീന്തുന്നുണ്ടെന്ന് കടലറിയരുത്. ഒന്നിനെയും തൊടാതെ, കടൽജീവികൾക്ക് അലോസരമുണ്ടാക്കാതെ വേണം സഞ്ചാരം. ആഴങ്ങളിൽ പ്രലോഭനങ്ങളുണ്ട് ഒരുപാട്. ലക്ഷങ്ങൾ വിലമതിക്കുന്ന സീ ക്യുക്കംബർ പോലെ. അതൊന്നും മോഹിപ്പിക്കാറില്ല. കടലിന്റെ കാഴ്ചകളേക്കാൾ അമൂല്യമല്ല ഒന്നും.
രണ്ടുതരം ഡൈവിങ്
കൊമേഴ്സ്യൽ ഡൈവിങ് പ്രൊഫഷണൽ ജോലിയാണ്. കൊമേഴ്സ്യൽ ഡൈവർമാർ വെള്ളത്തിനടിയിലെ ഘടനകൾ പരിശോധിക്കുകയും നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. പൈപ്പ് ലൈനുകളുടെയും ഇന്റർനെറ്റ് കേബിളുകളുടെയും പരിപാലനം, വെൽഡിങ് എന്നിവയാണ് മുഖ്യദൗത്യം. ഇവർ പ്രത്യേകപരിശീലനം ലഭിച്ചവരായിരിക്കും. ഉപരിതലത്തിൽ നിന്നും സുരക്ഷാ-ആശയവിനിമയ സംവിധാനങ്ങൾ ഡൈവർമാരുമായി ബന്ധപ്പെടുന്നു. ഡൈവറെ നിരീക്ഷിക്കുന്ന സംഘം ഉപരിതലത്തിലുണ്ടാകും. സ്‌കൂബാഡൈവിങ് പ്രധാനമായും ഒരു വിനോദപ്രവർത്തനമാണ്. സമുദ്രത്തിനടിയിലെ ജൈവവൈവിധ്യം കണ്ടെത്താനും ഫോട്ടോഗ്രഫി നടത്താനും സ്‌കൂബാഡൈവിങ് നടത്തും. സ്പോർട്സ് ഡൈവിങ് ഇതിന്റെ മറ്റൊരു സാധ്യതയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Athulya K.V. is Kerala's first female to complete scuba diving training and India's first female with INCA certification in commercial scuba diving., Overcame financial hurdles with free training sponsorship from South Africa's Jack Dive Chest Academy., Highlights safety protocols, underwater challenges, and gender equality in male-dominated diving professions., Explains the core differences between commercial diving and recreational scuba diving.