ട്വിറ്ററിലൂടെ അഞ്ജു പറഞ്ഞു, 'എനിക്ക് ഒറ്റ വൃക്കയെ ഉള്ളൂ, വേദന സംഹാരികള്‍ അലര്‍ജിയാണ്'

അഞ്ജു ബോബി ജോര്‍ജ്
അഞ്ജു ബോബി ജോര്‍ജ്

കോവിഡ് കാലത്ത് ലോകത്തെ ഞെട്ടിച്ചു കൊണ്ട് അഞ്ജു ബോബി ജോര്‍ജ് ട്വിറ്ററില്‍ കുറിച്ചു-  ''നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒറ്റ വൃക്കയുമായാണ് ഞാന്‍ ലോകത്തിന്റെ മുന്‍നിരയിലെത്തിയത്. ഒരു വേദന സംഹാരി ഗുളിക പോലും എനിക്ക് അലര്‍ജിയാണ്. കാലിന് ഗുരുതരമായ പ്രശ്‌നങ്ങള്‍. ഒരുപാട് പരിമിതികള്‍. എന്നിട്ടും മുന്നേറി. ഇതിനെ കോച്ചിന്റെ പ്രതിഭയെന്നോ മാജിക്കെന്നോ വിളിക്കാം.'' 2001ല്‍ നടത്തിയ സ്‌കാനിങ്ങിലാണ് അഞ്ജു ഇതറിഞ്ഞത്. കരിയറിന്റെ തുടക്കകാലം. പക്ഷേ, പരിശീലനം തുടര്‍ന്നു. വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കി. പാന്‍ഡെമിക്കില്‍ പകച്ചുപോയ, ജീവിതവഴിയില്‍ കാലിടറിയ മനുഷ്യര്‍ക്ക് കരുത്തേകാനായി അഞ്ജു സ്വജീവിതം പങ്കുവെക്കുകയായിരുന്നു. ഒരു ജയവും എളുപ്പമല്ലെന്ന് ഓര്‍മപ്പെടുത്താന്‍.  

ടേക്ക് ഓഫ്    

/PTI

അഞ്ചാം വയസ്സില്‍ തുടങ്ങിയതാണ് കോട്ടയംകാരി അഞ്ജു മാര്‍ക്കോസിന്റെ കായികജീവിതം. അച്ഛനാണ് ഗ്രൗണ്ടിലേക്ക് അഞ്ജുവിനെ കൈ പിടിച്ചുനടത്തിയത്. രാവിലെ നാല് മണി മുതല്‍ ഗ്രൗണ്ടില്‍ പരിശീലനം. അതുകഴിഞ്ഞ് സ്‌കൂളിലേക്ക്. അച്ഛന്‍ മകള്‍ക്ക് യാതൊരു ഇളവും കൊടുത്തില്ല. കോരുത്തോട് സ്‌കൂളിലെ അന്തരീക്ഷവും അഞ്ജുവിലെ അത്‌ലറ്റിന് ഇണങ്ങുന്നതായിരുന്നു. സ്‌കൂള്‍ മത്സരങ്ങളില്‍ നാല് ഇനങ്ങളില്‍ സ്ഥിരമായി മെഡലുകള്‍ നേടിയ ഓള്‍റൗണ്ടറായി അഞ്ജു വളര്‍ന്നു. 100 മീറ്റര്‍ ഹര്‍ഡില്‍സ്, ഹൈജമ്പ്, ഷോട്ട്-പുട്ട്, 200 മീറ്റര്‍ സ്പ്രിന്റ്, ലോംഗ് ജമ്പ്, ജാവലിന്‍ ത്രോ, 800 മീറ്റര്‍ ഓട്ടം എന്നിങ്ങനെ ഏഴ് വ്യത്യസ്ത ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹെപ്റ്റാത്തലണില്‍ പങ്കെടുക്കാനായിരുന്നു അവളുടെ താല്‍പര്യം. ബിരുദപഠനത്തിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യനായി. 1996ല്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജമ്പില്‍ സ്വര്‍ണമെഡല്‍ നേടിയതോടെ അഞ്ജു ജമ്പിംഗ് ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.

കടപ്പാട് ബോബിയോട് 

മുന്‍ ദേശീയ ട്രിപ്പിള്‍ ജമ്പ് ചാമ്പ്യന്‍ റോബര്‍ട്ട് ബോബി ജോര്‍ജ് പരിശീലകനായും ജീവിതപങ്കാളിയായും എത്തിയതോടെ അഞ്ജുവിന്റെ കരിയറിന് ദിശാബോധം ഇരട്ടിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ബോബിയുടെ വിദഗ്ധമായ തന്ത്രങ്ങള്‍ അഞ്ജുവിന്റെ കുതിപ്പിന് സാങ്കേതികത്തികവ് നല്‍കി. അസാധ്യമെന്ന് കരുതിയ അകലങ്ങളിലേക്ക് അഞ്ജുവിനെ പറത്തിയുയര്‍ത്തിയ പ്രണയക്കാറ്റാണ് ബോബി.   

''എന്റെ നേട്ടങ്ങളുടെ അമ്പതു ശതമാനവും ബോബിയ്ക്ക് അവകാശപ്പെട്ടതാണ്. ബോബിയില്ലായിരുന്നെങ്കില്‍ ഒരു ഏഷ്യന്‍ ലെവല്‍ അത്‌ലറ്റായി എന്റെ കരിയര്‍ അവസാനിച്ചു പോയേനെ. ലോകനിലവാരത്തിലേക്ക് എന്നെ ഉയര്‍ത്തിയത് ബോബിയാണ്. പരിക്കിന് മുന്നില്‍ അടിയറവു പറയേണ്ടുന്ന അവസ്ഥയിലാണ് ഞാന്‍ ബോബിയെ കണ്ടുമുട്ടുന്നത്. ഇപ്പോഴും എന്നെ വേദനിപ്പിക്കുകയും വലയ്ക്കുകയും ചെയ്യുന്നുണ്ട് ആ പരിക്ക്. എന്റെ ശാരീരിക പ്രയാസങ്ങള്‍ പരിഗണിച്ചുകൊണ്ട് ബോബി പ്രത്യേക കോച്ചിങ് പ്രോഗ്രാം തയ്യാറാക്കി. അമേരിക്കയിലെ രണ്ടു മാസത്തെ പരിശീലന കാലത്തും ബോബി എനിക്കൊപ്പം നിന്നു. ഒരു പരിശീലകനായും പങ്കാളിയായും ബോബി നല്‍കിയ ത്യാഗങ്ങളും സമര്‍പ്പണവുമാണ് എന്റെ എല്ലാ കുതിപ്പിനും പിന്നില്‍. ''

അഞ്ജുവും ബോബിയും 

2004 ബോബിയ്ക്ക് രാജ്യം ദ്രോണാചാര്യ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഇന്ത്യയ്ക്കായി കൂടുതല്‍ ദിവ്യാസ്ത്രങ്ങള്‍ ഒരുക്കിയെടുക്കുകയാണ് ബോബി. അന്നും ഇന്നും പരിശീലകന്റെ കുപ്പായത്തില്‍ ബോബിയുടെ തിരക്കൊഴിയുന്നില്ല. 

''ബോബിയ്ക്ക് ഒരു മാറ്റവുമില്ല. അന്നും ഇന്നും കര്‍ക്കശക്കാരനാണ്. അത് ചെയ്യരുത്, ഇത് കഴിക്കരുത് എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും. കോച്ച് ഭര്‍ത്താവായപ്പോള്‍ മുഴുവന്‍ സമയവും എനിക്ക് നിയന്ത്രണങ്ങളായി. മനസ്സില്‍ അത്രയ്ക്കുണ്ട് സ്വപ്നങ്ങള്‍. സ്‌പോര്‍ട്‌സില്‍ അങ്ങനെ സമര്‍പ്പണം വേണം. എന്നാലേ വിജയമുണ്ടാകൂ. ഇപ്പോഴും എന്നും ട്രെയിനിങ് സെഷന്‍ കഴിഞ്ഞു മടങ്ങിവരുമ്പോള്‍ ബോബി ട്രാക്കിലെ കാര്യങ്ങള്‍ പറയും. ജീവിതത്തിന് ഒരു മാറ്റം ഉണ്ടായിക്കോട്ടെ ഒന്ന് മാറ്റിപ്പിടിക്കൂ എന്ന് ഇടക്കൊക്കെ ഞാന്‍ പറയും.'' 

അത്ഭുതഫിനിഷ് 

ഏഷ്യന്‍ ലെവല്‍ മത്സരങ്ങളെപ്പറ്റി മാത്രം ഇന്ത്യ ചര്‍ച്ച ചെയ്യുന്ന സമയത്താണ് 2003ല്‍ പാരീസില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് അഞ്ജു തയ്യാറെടുക്കുന്നത്. അഞ്ജു മെഡല്‍ കൊണ്ടുവരുമെന്ന് ബോബി അല്ലാതെ മറ്റാരും കരുതിയില്ല. മത്സരത്തിന് തലേന്ന് ബോബി പറഞ്ഞു- 'നാളെ നിനക്ക് മനോഹരമായ ദിവസമായിരിക്കും. നീ മെഡല്‍ നേടും.' 

മത്സരവേദിയിൽ/ AFP

വെങ്കലമെഡലോടെ അഞ്ജു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. ഈ വേദിയില്‍ രണ്ടാമതൊരു മെഡല്‍ കിട്ടാന്‍ രാജ്യത്തിന് 2022 വരെ കാക്കേണ്ടിവന്നു. സാക്ഷാല്‍ നീരജ് ചോപ്രയാണ് അഞ്ജുവിന് പിന്തുടര്‍ച്ചക്കാരനായത്. 

2002ല്‍ സൗത്ത് കൊറിയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും അഞ്ജു നേടിയിരുന്നു. അഭിമാനതാരത്തെ ആദരിക്കാന്‍ രാജ്യം ഒട്ടും വൈകിയില്ല. 2003ല്‍ അര്‍ജുന അവാര്‍ഡും 2004ല്‍ പദ്മശ്രീയും തേടിയെത്തി. 2005 മൊണാക്കോ വേള്‍ഡ് അത്‌ലറ്റിക്‌സ് ഫൈനലില്‍ അടുത്ത സ്വര്‍ണം.

2004 ഏഥന്‍സ് ഒളിംപിക്‌സില്‍ ആറാം സ്ഥാനം. അമേരിക്കന്‍ അത്‌ലറ്റ് ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയിലായപ്പോള്‍ അഞ്ചാം സ്ഥാനക്കാരിയായി ഉയര്‍ന്നു. 19 വര്‍ഷത്തിനിപ്പുറവും അന്ന് അഞ്ജു താണ്ടിയ 6.83 എന്ന മാന്ത്രിക ദൂരം കടക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിനുമായിട്ടില്ല. 2006ല്‍ ദോഹയില്‍ നടന്ന പതിനഞ്ചാമത് ഏഷ്യന്‍ ഗെയിംസിലും 2007 ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും 2008 ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി.

അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ 

2016-ലാണ് ബാംഗ്ലൂര്‍ പട്ടണത്തിനോട് ചേര്‍ന്ന് ഇരുവരും അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. കായിക മേഖലയില്‍ മിടുക്കുള്ള കുട്ടികളെ കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടെ പരിശീലിപ്പിച്ച് ലോകകായിക ഭൂപടത്തില്‍ രാജ്യത്തിന്റെ യശസ്സ് വര്‍ധിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. 

''ഞങ്ങള്‍ക്ക് എല്ലാം തന്നത് ട്രാക്കാണ്. കിട്ടിയ സൗഭാഗ്യങ്ങളില്‍ മതിമറക്കാതെ, സുഖങ്ങളില്‍ മുഴുകാതെ ആ ട്രാക്കിന് ഞങ്ങളാല്‍ കഴിയുന്നത് തിരിച്ചുനല്‍കണമെന്ന്  തോന്നി. ഇനിയുള്ള കാലം അതിനായി ജീവിതം മാറ്റിവെച്ചിരിക്കുകയാണ്. എന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നത് ഇരുപത്തിമൂന്നാം വയസ്സിലാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കിട്ടുമ്പോള്‍ എനിക്ക് വയസ്സ് ഇരുപത്തിയഞ്ച്. ഒരു അത്‌ലറ്റിന്റെ സുവര്‍ണകാലം പതിനെട്ട് മുതല്‍ ഇരുപത്തിയാറ് വരെയാണ്. സമയം വളരെ നിര്‍ണായകമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഇന്റര്‍നാഷണല്‍ ട്രെയിനിങ് കിട്ടിയിരുന്നെങ്കില്‍ എനിക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമായിരുന്നു. 

വെള്ളിത്തിളക്കത്തിൽ;
ഏഷ്യൻ ഗെയിംസിൽ അഞ്ജു/ AP 

രാജ്യത്തെ കായികമേഖലയില്‍ ഭൗതിക സാഹചര്യങ്ങള്‍ നല്ല രീതിയില്‍ മാറിയിട്ടുണ്ട്. പണ്ട് അത്‌ലറ്റ്‌സിന് അനുവദിക്കാറുണ്ടായിരുന്ന ഇടുങ്ങിയ, കുടുസ്സു മുറികളില്‍ തങ്ങേണ്ടി വന്നിട്ടുണ്ട്. എന്റെ കുട്ടികള്‍ക്ക് ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഞങ്ങള്‍ താമസിക്കുന്ന അതേ സൗകര്യങ്ങള്‍ തന്നെയാണ് ഇവര്‍ക്കും. നാളെ രാജ്യത്തിന്റെ അഭിമാനം ആകേണ്ടവരാണ് ഇവര്‍. മനസ്സിന് സന്തോഷമുണ്ടെങ്കിലേ ശരീരത്തിന് ആരോഗ്യമുണ്ടാകൂ. എന്നാലേ, പൂര്‍ണശ്രദ്ധയോടെ ട്രെയിനിങ്ങിന്റെ ഭാഗമാകാന്‍ കഴിയൂ. ഞങ്ങള്‍ക്ക് കിട്ടാതിരുന്നതും അതില്‍ കൂടുതലും ഈ കുട്ടികള്‍ക്ക് കിട്ടണം. ഒരു ഒളിമ്പിക് മെഡല്‍ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. കഠിനപ്രയത്‌നം നടത്തിയിട്ടും ആ സ്വപ്‌നം സാക്ഷാത്കരിക്കാനായില്ല. ഒളിമ്പിക്‌സില്‍ ഇവിടുത്തെ കുട്ടികള്‍ രാജ്യത്തിന് വേണ്ടി മെഡല്‍ വെട്ടിപ്പിടിക്കണം. അതാണ് ഇപ്പോഴത്തെ സ്വപ്നം.'' 

കുടുംബം, ബാംഗ്‌ളൂര്‍ ജീവിതം

ആരോൺ,ആൻഡ്രിയ

''ഞങ്ങള്‍ ബെംഗളുരുവിലേക്ക് ചേക്കേറിയിട്ട് കുറേക്കാലമായി. ഇവിടെ ഞങ്ങളുടേതായ ലോകമുണ്ട്. ജോര്‍ജ് സഹോദരങ്ങളെല്ലാവരും വര്‍ഷങ്ങളായി ബെംഗളുരുവിലാണ്. എന്റെ അനിയനും ഇവിടെ അടുത്തുതന്നെയാണ് താമസം. ഇടയ്‌ക്കൊക്കെ കേരളത്തിലേക്ക് വരും, കുടുംബക്കാരെ കാണും, മടങ്ങും. കണ്ണൂരിലേക്ക് കാറോടിച്ചു വരാന്‍ നല്ല ഹരമാണ്. പക്ഷേ, കോട്ടയത്തേക്ക് ദൂരം കൂടുതലാണെന്നതില്‍ ചെറിയ സങ്കടമുണ്ട്.'' 

അഞ്ജു മക്കളെ പരിചയപ്പെടുത്തി. ''മൂത്തവന്‍ ആരോണ്‍.  ഇളയവള്‍ ആന്‍ഡ്രിയ. രണ്ടാള്‍ക്കും സ്‌പോര്‍ട്‌സില്‍ താത്പര്യമുണ്ട്, കഴിവുമുണ്ട്. അവരുടെ മേഖല ഏതാണെന്ന് അവര്‍ തന്നെ കണ്ടെത്തട്ടെ. അവള്‍ക്ക് ആര്‍ട്ടിസ്‌റ് ആവാനാണ് ഇഷ്ടം. നന്നായി വരയ്ക്കും. രണ്ടുപേര്‍ക്കും സ്‌കൂളില്‍ കന്നഡയും ഹിന്ദിയും പഠിക്കാനുണ്ട്. ഇനിയൊരു ഭാഷ കൂടി താങ്ങില്ല, അതുകൊണ്ട് മലയാളം പഠിപ്പിക്കുന്നത് പിന്നെയാക്കാം എന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ, ഞെട്ടിക്കുന്ന ഒഴുക്കിലാണ് ഇരുവരും മലയാളം പഠിച്ചെടുത്തതും സംസാരിക്കുന്നതും.''

Content Highlights: athlete anju bobby george speaks about career,injure and family