ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ ചന്ദ്രികേ...

അശ്വതി ചന്ദ് കിഷോര്‍
അശ്വതി ചന്ദ് കിഷോര്‍

“ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ ചന്ദ്രികേ...”, ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ കണ്ടിറങ്ങിയ പ്രേക്ഷകര്‍ നടി അശ്വതി ചന്ദ് കിഷോറിനോട് പ്രതികരിച്ചതിങ്ങനെയാണ്. എസ്. വിപിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനശ്വര രാജന്റെ അമ്മയായെത്തിയത് അശ്വതി ചന്ദ് കിഷോറാണ്. പതിനഞ്ച് വര്‍ഷത്തിലധികമായി സീരിയലുകളിലും കോമഡി സ്‌കിറ്റുകളിലും നിറസാന്നിധ്യമാണ് അശ്വതി. നടന്‍ അനീഷ് സാരഥിയും അശ്വതിയുമൊന്നിച്ചുള്ള 'ചന്ദ്രി-സുനി' കോമ്പോ തമാശകള്‍ക്ക് ആരാധകരേറെയാണ്. ചിരിച്ചും ചിരിപ്പിച്ചും മാത്രം സ്‌ക്രീനില്‍ കണ്ട അശ്വതിയുടെ വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ചിരിവേദിയില്‍നിന്നും വെള്ളിത്തിരയിലേക്കുള്ള ഈ യാത്രയിലെ വ്യസനങ്ങളും സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് അശ്വതി. 
നാലാമൂഴത്തില്‍ കിട്ടിയ ബന്ധുമിത്രാദികള്‍
വാക്കുകളില്‍ ഒതുക്കാനാവില്ല ഈ സന്തോഷം. 'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്റെ നാലാമത്തെ സിനിമയാണ്. 'കേശു ഈ വീടിന്റെ നാഥനി'ലാണ് ആദ്യം അഭിനയിക്കുന്നത്. ദിലീപേട്ടന്റെ അയല്‍വാസിയുടെ വേഷം. ആ സിനിമ ബ്രേക്ക് നല്‍കുമെന്നാണ് കരുതിയത്. പക്ഷേ ഒന്നും നടന്നില്ല. അത് ഒടിടി റിലീസായിരുന്നു. ഞാന്‍ വിചാരിച്ച പ്രാധാന്യമൊന്നും ആ പടത്തിനു കിട്ടിയില്ല. രണ്ടാമത് ചെയ്ത സിനിമ 'ഡിവോഴ്‌സ്' ആണ്. സ്ത്രീ സംവിധായകരെ മുന്‍നിരയിലെത്തിക്കുന്ന സര്‍ക്കാരിന്റെ പ്രോജക്ടിന്റെ ഭാഗമായെടുത്ത സിനിമയാണത്. രണ്ട് കുട്ടികളുടെ അമ്മയായ സൈനബ എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിച്ചത്. സിനിമയുടെ പേരുപോലെ കുടുംബ കോടതിക്കുള്ളില്‍ നാലഞ്ച് കുടുംബങ്ങള്‍ വിവാഹമോചനത്തിനുവേണ്ടി അലയുന്ന കഥയാണ്. ഗൗരവമുള്ള വേഷമായിരുന്നു. ആ സിനിമയ്ക്ക് വേണ്ടത്ര പ്രമോഷന്‍ കിട്ടിയിരുന്നില്ല. മൂന്നാമത് ചെയ്തതാണ് 'വയസ്സെത്രയായി മുപ്പത്തി'. കോഴിക്കോടുള്ള ആര്‍ട്ടിസ്റ്റുമാരെ ഉള്‍പ്പെടുത്തി ചെയ്‌തൊരു സിനിമയായിരുന്നു. അതില്‍ തിരുവനന്തപുരത്തുകാരി നഴ്‌സിന്റെ വേഷം ചെയ്തു. ഈ സിനിമകള്‍ക്കുശേഷം ചെറിയൊരു ഇടവേള വന്നു. പക്ഷേ, അപ്പോഴും സ്റ്റേജ് പരിപാടികളിലും ചാനല്‍ഷോകളിലും സജീവമായിരുന്നു. 

നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ റീന ചേച്ചി വഴിയാണ് 'വ്യസനസമേതം ബന്ധുമിത്രാദികളി'ല്‍ ഞാനെത്തുന്നത്. അനശ്വരയുടെ അമ്മയുടെ കഥാപാത്രത്തിന് പറ്റിയ ഒരു നടിയെ വേണമെന്ന് റീന ചേച്ചിയോട് സംവിധായകന്‍ പറഞ്ഞിരുന്നു. റീന ചേച്ചിയുടെ മനസ്സില്‍ പെട്ടെന്ന് വന്ന മുഖം എന്റേതായിരുന്നു. ചേച്ചിയെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. കാരണം ഇക്കാലത്ത് റീന ചേച്ചിയെപോലുള്ളവര്‍ കുറവാണ്. ചിലര്‍ക്ക് ഓര്‍മ്മ വന്നാലും നമ്മുടെ പേര് പറയണമെന്നില്ലല്ലോ. ഞങ്ങളൊന്നിച്ച് 'ഡിവോഴ്‌സ്' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ ഗിരിജ മാമിയായി അഭിനയിച്ചിരിക്കുന്നത് ചേച്ചിയാണ്. എന്റെ ഫോട്ടോയും വീഡിയോയുമൊക്കെ ചേച്ചിയാണ് വിപിന്‍ ചേട്ടന് അയച്ചുകൊടുത്തത്. പിറ്റേന്ന് ചേച്ചി എന്നോട് കാര്യം പറഞ്ഞു. അനശ്വരയുടെ അമ്മവേഷമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഓക്കെയായിരുന്നു. വേറൊന്നും നോക്കാനില്ലല്ലോ. വലിയ തിക്കും തിരക്കും ബഹളവുമുണ്ടാക്കിവന്ന സിനിമയല്ല. കുറച്ച് ആര്‍ട്ടിസ്റ്റുകളെവെച്ചെടുത്ത കുഞ്ഞ് സിനിമയാണ്. ജനങ്ങള്‍ സിനിമ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്.

Content Highlights: aswathy turned her struggles into strength and rose with confidence

Continue reading