16-ാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട താരം, പല ജോലികൾ ചെയ്തു; ഇന്നത്തെ ആസ്തി 341 കോടി

അർഷാദ് വാർസി
അർഷാദ് വാർസി

ചെറുവേഷങ്ങളിലൂടെ കടന്നുവന്ന് ബോളിവുഡിലും മിനിസ്‌ക്രീനിലും തന്റേതായ ഇടംകണ്ടെത്തിയ താരമാണ് അർഷാദ് വാർസി. കഷ്ടപ്പാടുകൾ നിറഞ്ഞ കാലം കടന്നാണ് അദ്ദേഹം ബോളിവുഡിലെത്തുന്നത്. ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തി ഉപജീവനത്തിനായി പല ജോലികൾ ചെയ്ത്, ഒടുവിൽ നൃത്തസംവിധായകനായാണ് സിനിമയിലേക്ക് വരുന്നത്.

സംഗീതത്തോട് താത്പര്യമുള്ളയാളായിരുന്നു അർഷാദിന്റെ പിതാവ് അഹ്മദ് അലി ഖാൻ. നന്നായി ഹാർമോണിയം വായിക്കുമായിരുന്നു. അക്കാലത്ത് മുംബൈയിൽ പല സ്ഥലത്തും അച്ഛൻ സ്വത്തുവകകൾ വാങ്ങിക്കൂട്ടിയതായും അദ്ദേഹം ഓർക്കുന്നു. എന്നാൽ, പലപ്പോഴായി എല്ലാം നഷ്ടപ്പെട്ടു. സാമ്പത്തികമായി തകർന്നിരിക്കുമ്പോഴാണ് അർഷാദിന്റെ മാതാപിതാക്കൾ മരിക്കുന്നത്. അന്ന് അദ്ദേഹത്തിന് 16 വയസ്സേയുള്ളൂ. മുന്നോട്ടുജീവിക്കാൻ യാതൊരു വഴിയുമില്ലെന്ന് മനസ്സിലായപ്പോൾ അദ്ദേഹം പത്താം ക്ലാസിൽവെച്ച് പഠനം ഉപേക്ഷിച്ചു. പിന്നീട് പല ജോലികൾ ചെയ്യാൻ തുടങ്ങി. ഡോർ-ടു-ഡോർ സെയിൽസ്മാനായും ഫോട്ടോ ലാബിൽ ചെറുജോലികൾ ചെയ്തുമാണ് അക്കാലത്ത് കഴിഞ്ഞത്. വെറും വടാപാവ് മാത്രം കഴിച്ചാണ് പല ദിവസങ്ങളിലും കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.

അതിനിടയ്ക്കാണ് നൃത്തത്തോട് താത്പര്യം തോന്നുന്നത്. അങ്ങനെ നഗരത്തിലെ ഒരു നൃത്ത ട്രൂപ്പിൽ ചേർന്നു. നൃത്തമാണ് അദ്ദേഹത്തിന് പേരും പ്രശസ്തിയും നേടിക്കൊടുത്തത്. നൃത്തവുമായി പലയിടങ്ങളിൽ സഞ്ചരിച്ചു. അതിനിടെ 'രൂപ് കി റാണി, ചോരോം കാ രാജ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് കൊറിയോഗ്രഫി ചെയ്യാനുള്ള അവസരം ലഭിച്ചു. തുടർന്ന് സിനിമയിലേക്കും.

മുന്നാ ഭായ് എം.ബി.ബി.എസ് എന്ന സിനിമയാണ് അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത്. അതിനുശേഷം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 341 കോടി രൂപയാണ്. 'അസർ' എന്ന വെബ് ഷോയിൽ അഭിനയിക്കുന്നതിന് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത് ഒന്നര കോടി രൂപയാണ്. 'ബച്ചൻ പാണ്ഡേ'യിലെ റോളിലെ രണ്ടര കോടിയും.

കിങ്, ധമാൽ 4, വെൽക്കം ടു ദ ജംഗിൾ തുടങ്ങിയവയാണ് അർഷാദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Arshad Warsi`s incredible journey from losing parents at 16 to becoming a Bollywood star with a ₹341 crore net worth