‘അഭിപ്രായവ്യത്യാസമാകാം, പക്ഷേ അപമാനിക്കരുത്’; നിലപാട് വ്യക്തമാക്കി എ.ആർ. റഹ്മാന്റെ മക്കൾ

എ.ആർ. റഹ്മാന്റെ വിവാദമായ പരാമർശത്തിന് പിന്നാലെ, അദ്ദേഹത്തിന് പിന്തുണയുമായി മക്കളായ ഖദീജയും റഹീമയും രംഗത്തെത്തിയിരിക്കുകയാണ്. സംഗീത സംവിധായകൻ കൈലാസ് മേനോൻ എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കി റഹ്മാൻ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് മക്കൾ ഖദീജയും റഹീമയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കൈലാസ് മേനോന്റെ കുറിപ്പ് പങ്കുവെച്ചത്. "അഭിപ്രായവ്യത്യാസമാകാം, പക്ഷേ അപമാനിക്കരുത്" എന്ന് കുറിപ്പിൽ പറയുന്നു.
"തനിക്ക് തോന്നിയ കാര്യങ്ങൾ തുറന്നുപറയാൻ റഹ്മാന് അവകാശമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് നിങ്ങൾക്ക് വിയോജിക്കാം, പക്ഷേ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാനുള്ള സ്വാതന്ത്ര്യത്തെ തടയാനാവില്ല." റഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടന്നത് കേവലം വിമർശനമല്ല, മറിച്ച് അധിക്ഷേപവും സ്വഭാവഹത്യയുമാണ്. ഒരു അന്താരാഷ്ട്ര കലാകാരനെ 'അപമാനം' എന്ന് വിളിക്കുന്നതും, അദ്ദേഹത്തിന്റെ വിശ്വാസത്തെ പരിഹസിക്കുന്നതും, 'വിക്ടിം കാർഡ്' ഇറക്കുന്നു എന്ന് ആക്ഷേപിക്കുന്നതും വെറുപ്പിന്റെ ഭാഷയാണ്.
റഹ്മാൻ വെറുമൊരു വ്യക്തിയല്ല, മറിച്ച് പതിറ്റാണ്ടുകളായി തമിഴ് സംസ്കാരത്തിനും ഇന്ത്യൻ സിനിമയ്ക്കും ആഗോള സംഗീതത്തിനും വലിയ സംഭാവനകൾ നൽകിയ കലാകാരനാണ്. അദ്ദേഹത്തെ പരസ്യമായി അപമാനിച്ചുകൊണ്ട് നിശബ്ദനാക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നുമാണ് കുറിപ്പിലുള്ളത്.
ബോളിവുഡിൽ സമീപകാലത്ത് തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ സംസാരിച്ചത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഉണ്ടായ അധികാര മാറ്റങ്ങളും, ഒരുപക്ഷേ വർഗീയമായ കാര്യങ്ങളും ഇതിന് കാരണമായിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തന്റെ മുഖത്ത് നോക്കി ആരും ഇത്തരം വിവേചനം കാണിച്ചിട്ടില്ലെന്നും, എന്നാൽ തനിക്ക് ലഭിക്കേണ്ട പ്രോജക്റ്റുകൾ മറ്റ് സംഗീത സംവിധായകർക്ക് നൽകിയതായി അറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വിവാദം കൊഴുത്തതോടെ ഞായറാഴ്ച ഇൻസ്റ്റഗ്രാമിലൂടെ റഹ്മാൻ വ്യക്തത വരുത്തിയിരുന്നു. "സംഗീതം എപ്പോഴും എനിക്ക് സംസ്കാരങ്ങളെ ബന്ധിപ്പിക്കാനുള്ള വഴിയാണ്. ഇന്ത്യയാണ് എന്റെ പ്രചോദനവും വീടും. എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം, പക്ഷേ സംഗീതത്തിലൂടെ എല്ലാവരെയും ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യം. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല."
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A.R. Rahman`s children, Khadija and Rahima, speak out after controversial remarks. They shared a note emphasizing respectful disagreement and defending their father`s right to express himself.