എആർ റഹ്മാന്റെ അച്ഛനമ്മമാരെ കുടുംബം പുറത്താക്കുകയായിരുന്നു, ശേഖർ ഒരേ സമയം മൂന്ന് ജോലികൾ ചെയ്തു

എആർ റഹ്മാൻ | PTI
എആർ റഹ്മാൻ | PTI

ബാല്യകാലത്തെ വേദനാജനകമായ അധ്യായത്തെക്കുറിച്ച് സംഗീതസംവിധായകൻ എആർ റഹ്മാൻ അടുത്തിടെ മനസ്സുതുറന്നിരുന്നു. രോഗത്തോടും ദാരിദ്ര്യത്തോടും ഉപേക്ഷിക്കപ്പെടലിനോടും മല്ലിട്ട് പിതാവ് മരിച്ചപ്പോൾ, നന്നേ ചെറുപ്പത്തിൽ റഹ്മാന് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവന്നു.

റഹ്മാന് ഒമ്പത് വയസ്സുള്ളപ്പോഴാണ് പിതാവ് ആർകെ. ശേഖർ അന്തരിക്കുന്നത്. തമിഴ്, മലയാളം സിനിമകളിലെ ആദരണീയനായ സംഗീതജ്ഞനും സംഗീതസംവിധായകനുമായിരുന്നു ശേഖർ. എന്നാൽ അദ്ദേഹത്തിന്റെ അവസാന വർഷങ്ങൾ കഠിനമായിരുന്നു. പിതാവിന്റെ കുടുംബം മാതാപിതാക്കളെ തെരുവിലാക്കി എന്നാണ് റഹ്മാൻ അഭിമുഖത്തിൽ പറഞ്ഞത്. അതൊരു ആഘാതമായിരുന്നു. ഇതോടെ, ശേഖർ കുടുംബത്തേയും കൊണ്ട് ഒരു വാടകവീട്ടിൽ അഭയം തേടി. കുടുംബം പുലർത്താൻ, ശേഖർ ഒരേ സമയം മൂന്ന് ജോലികൾ ചെയ്തിരുന്നു. രാപ്പകൽ വിശ്രമമില്ലാതെ ജോലിയെടുത്തതിന്റെ സമ്മർദ്ദത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യം തകർന്നു.

റഹ്മാന് ബാല്യകാലമോർക്കുമ്പോൾ കളിച്ച കളികളും സ്കൂൾ ജീവിതവുമൊന്നുമല്ല മനസ്സിലേക്ക് വരുന്നത്, മറിച്ച് ആശുപത്രിദിനങ്ങളാണ്. അച്ഛൻ വർഷങ്ങളോളം അർബുദവുമായി പോരാടി. അതൊരു ഇരുണ്ട കാലഘട്ടമായിരുന്നു എന്നാണ് റഹ്മാൻ പറയുന്നത്. "ഞാൻ എപ്പോഴും ആ കാലം മറക്കാൻ ശ്രമിക്കുന്നു" എന്നും. പിതാവിന് സുഖമില്ലാത്തതിനാൽ ചില ദിവസങ്ങളിൽ ക്ലാസ്സിനിടയിൽ നിന്ന് തന്നെ വീട്ടിലേക്ക് തിരികെ വിളിച്ചുകൊണ്ടുപോയത് അദ്ദേഹം ഓർക്കുന്നു.

1976-ൽ പിതാവിന്റെ മരണശേഷം, റഹ്മാൻ വളരെ നേരത്തെ തന്നെ ഒരു മുതിർന്നയാളുടെ ഉത്തരവാദിത്തങ്ങളിലേക്ക് എത്തപ്പെട്ടു. 11-12 വയസ്സിൽ അദ്ദേഹം കുടുംബം പുലർത്താനായി ജോലി ചെയ്തുതുടങ്ങി. പിതാവിന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്ക് നൽകുകയായിരുന്നു ആദ്യ ജോലി. അതിൽ നിന്ന് 50 രൂപയൊക്കെയാണ് വരുമാനം ലഭിച്ചത്.

കൂടുതൽ വരുമാനമുണ്ടാക്കാൻ റഹ്മാന് സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു. സമപ്രായത്തിലുള്ള കുട്ടികൾ കളിക്കുമ്പോഴും കൂട്ടുകാരുമായി സമയം ചെലവഴിച്ചപ്പോഴും, അദ്ദേഹം ഒഴിവുസമയങ്ങൾ ചെലവിട്ടത് അച്ഛന്റെ സിന്തസൈസറുകൾ, കീബോർഡുകൾ, റിഥം മെഷീനുകൾ എന്നിവ പ്രവർത്തിപ്പിച്ചുകൊണ്ടാണ്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ സംഗീത പ്രതിഭയുടെ അടിത്തറയായി ഈ ഉപകരണങ്ങൾ മാറി.

അമ്മ കരീമ (കസ്തൂരി) ബീഗത്തിന്റെ കരുത്തിനെയും റഹ്മാൻ പ്രശംസിക്കുന്നു. ശേഖറിന്റെ മരണശേഷം, അപമാനങ്ങളിൽ നിന്നും സാമ്പത്തികത്തകർച്ചയിൽ നിന്നും സംരക്ഷണമൊരുക്കി നാല് മക്കളെയും അവർ തനിച്ചാണ് വളർത്തിയത്. "അവർ അങ്ങേയറ്റം കരുത്തുള്ളവളായിരുന്നു, എല്ലാത്തരം അപമാനങ്ങളും സഹിച്ചെങ്കിലും ഒരിക്കലും തന്റെ കുടുംബത്തെ കൈവിട്ടില്ല"- റഹ്മാൻ പറയുന്നു. ബാല്യത്തിലെ ആഘാതത്തിൽ നിന്ന് പിതാവ് ഉപേക്ഷിച്ചുപോയ സംഗീതോപകരണങ്ങൾ തന്നെ അദ്ദേഹത്തിന് മുന്നോട്ടുള്ള വഴിയായി. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: AR Rahman candidly shares his early life struggles: father`s illness, poverty, abandonment, and how trauma forged his musical genius. Discover the dark legacy behind the maestro.