അമൃത റാവു ഒരുപാട് സിനിമകൾ ചെയ്യാത്തതിന് കാരണം ഷാരൂഖ് ഖാൻ; അദ്ദേഹം പറഞ്ഞതെന്ത്?

'അബ് കെ ബരസ്' (2002) എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ നടിയാണ് അമൃത റാവു. അതിനുശേഷം അജയ് ദേവ്ഗൺ, ഷാഹിദ് കപൂർ, ഷാരൂഖ് ഖാൻ, സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചു. അതിനിടെ തെലുഗുവിൽ മഹേഷ് ബാബുവിന്റെ നായികയായി.
'വിവാഹ്' എന്ന സിനിമയിലെ അമൃതയുടെ റോളാണ് അവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി വിലയിരുത്തപ്പെടുന്നത്. അതിൽ ഷാഹിദ് കപൂറിന്റെ നായികയായിട്ടാണ് അമൃത എത്തിയത്. ഷാഹിദ് കപൂർ-അമൃത റാവു ജോഡിയെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പത്തു പ്രണയജോഡികളിലൊന്നായി 'ബോളിവുഡ് ഹംഗാമ' തിരഞ്ഞെടുത്തു. നല്ല തുടക്കമായിരുന്നുവെങ്കിലും, പിന്നീട് കരിയറിൽ അതിന്റെ തുടർച്ച അവർക്ക് ലഭിച്ചില്ല. പതുക്കെ അതിഥിവേഷങ്ങളിലേക്ക് അവർ ഒതുങ്ങി.
തേടിവന്ന റോളുകളിലേറെയും അമൃതയ്ക്ക് അംഗീകരിക്കാൻ കഴിയാത്തതുമായിരുന്നു. ചുംബനരംഗങ്ങളും ഗ്ലാമർറോളുകളും അവർക്ക് സ്വീകാര്യമായിരുന്നില്ല. നല്ല റോളുകൾ കിട്ടാതെ വന്നതോടെ സിനിമയിൽനിന്ന് അകന്നു. ബോളിവുഡ് പാർട്ടികളിൽ പോലും അവർ പങ്കെടുത്തിരുന്നില്ല ആ സമയത്ത്. അതിനിടെ വിവാഹിതയായി. അമൃത എഴുത്തിലേക്കും യൂട്യൂബ് ചാനലിലേക്കും തിരിഞ്ഞു.
ഇപ്പോൾ 'ജോളി എൽഎൽബി 3' എന്ന സിനിമയിൽ അക്ഷയ്കുമാറിന്റെ നായികയായി മുഖ്യധാരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണവർ.
വർഷങ്ങൾക്കുമുമ്പ് ഷാരൂഖ് ഖാൻ നൽകിയൊരു ഉപദേശം ഓർത്തെടുക്കുകയാണ് അമൃതയിപ്പോൾ. രൺവീർ അല്ലാബാദിയയുടെ പോഡ്കാസ്റ്റിലാണ് അമൃത പഴയകാലത്തേക്ക് തിരിഞ്ഞുനോക്കിയത്. 2004-ൽ 'മേ ഹൂ നാ' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം.
''ആ സിനിമയുടെ ഇടവേളയിൽ മറ്റൊരു സിനിമയിലും ഷാരൂഖ് അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഒരുദിവസം ഷാരൂഖ് എന്നെയും അമ്മയെയും വിളിച്ചു. ഞാൻ ചെയ്ത ചുരുക്കം കഥാപാത്രങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എന്നിട്ടെന്നോട് ഒരുകാര്യം പറഞ്ഞു, '200 സിനിമയെങ്കിലും തേടിവരും. പക്ഷേ രണ്ടെണ്ണം മാത്രമേ കമ്മിറ്റ് ചെയ്യാൻ പാടുള്ളൂ. അവയിൽ ഏതെങ്കിലുമൊന്ന് വിജയിക്കുമെന്നും അതിനായിട്ടാണ് ആളുകൾ കാത്തുനിൽക്കുന്നതെന്നുമുള്ള വിശ്വാസത്തിൽ വേണം ആ രണ്ടെണ്ണം ഏറ്റെടുക്കാൻ. ഷാരൂഖ് അക്കാര്യം പറഞ്ഞതുമുതൽ അതെന്റെ മനസ്സിലുണ്ട്. അതുകൊണ്ടാണ് ഇത്രയും വർഷത്തെ എന്റെ കരിയറിൽ ഞാൻ സെലക്ടീവായത്'', ആ ഉപദേശമാണ് മുന്നോട്ടുനയിച്ചതെന്നും അവർ ഓർക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Amrita Rao credits Shah Rukh Khan`s advice for her selective film choices throughout her career. Learn how his words of wisdom shaped her path