'മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുക എന്ന സ്വപ്നം പേട്രിയറ്റി'ലൂടെ സാധിച്ചു' അമല റോസ് കുര്യൻ

അഭിനേത്രിയും അവതാരകയുമായ അമല റോസ് കുര്യന്റെ ജീവിതത്തിലേക്ക് നിനയ്ക്കാതെ കൈവന്ന സൗഭാഗ്യമല്ലസിനിമ. കുഞ്ഞുന്നാൾ മുതൽക്കേ സിനിമയെക്കുറിച്ചാണ് അമല ഏറ്റവുമധികം കേട്ടുവളർന്നത്. അതോടെ വല്ലവിധേനയും സിനിമയുടെ ഭാഗമാവുക എന്നത് അവളുടെ ഒരേയൊരുസ്വപ്നമായി മാറി. സ്വപ്നം യാഥാർഥ്യമാക്കാൻ ആഞ്ഞുശ്രമിച്ചു. എണ്ണമറ്റ ഓഡിഷനുകൾ, അഭിമുഖങ്ങൾ. പരിശ്രമങ്ങളുടെ ഫലമായി അവസരങ്ങൾ. തീവ്രം, തിലോത്തമ്മ, ഒരു കനവ് പോലെ, കുത്തുസി, ഭീഷ്മപർവം, നെയ്മർ, പെറ്റ് ഡിറ്റക്ടീവ്, ബോഗയ്ൻവില്ല, പേട്രിയറ്റ്, ഡോസ് എന്നിങ്ങനെ ഒട്ടേറെ സിനിമകൾ. വർഷങ്ങളോളമുള്ള അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലപ്രാപ്തിയാണ് അമലയെ സംബന്ധിച്ചിടത്തോളം ഓരോ സിനിമകളും.
സിനിമയിലെ തുടക്കം എങ്ങനെയായിരുന്നു?
ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വരുന്ന് മൂന്നാം വയസ്സിലാണ്. ഒരു ടെലിഫിലിമിലൂടെ. എന്നാൽ സിനിമയിലെ യഥാർഥ തുടക്കം ഹൈസ്കൂൾ കാലഘട്ടത്തിലാണ്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാൻ പല ചാനാളുകളിലും അവതാരകയായി പ്രവർത്തിച്ചിരുന്നു. ഒപ്പം ഒരു റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. ഇതിനിടയിൽ സ്ഥിരമായി സിനിമാ ഓഡിഷനുകൾക്കും പോകാറുണ്ടായിരുന്നു. പിന്നീട് ചില സിനിമകളിൽ അവസരം ലഭിച്ചു. ആദ്യ സിനിമ തീവ്രം ആണ്. അതിൽ നടൻ അനുമോഹന്റെ ഭാര്യാ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഓഡിഷനിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. അത് ചെയ്യുമ്പോൾ എനിക്ക് പതിനഞ്ചുവയസ്സേയുള്ളൂ. അതിന് മുൻപ്ഒരു സിനിമയിൽ നായികാവേഷം ചെയ്തിരുന്നു.എന്നാൽ ആ സിനിമ പാതിവഴിയിൽ നിർത്തിവെച്ചു.
സിനിമയിലേക്ക് എത്തുക ബുദ്ധിമുട്ടായിരുന്നോ?
സിനിമകൾ കിട്ടുക പ്രയാസമായിരുന്നു. ഒരുപാട് തിരസ്കാരങ്ങളും നിരസിക്കലുകളും നേരിട്ടു. ഒരു വേഷത്തിന് തിരഞ്ഞെടുത്ത് പിന്നീട് ഒഴിവാക്കിയിട്ടുമുണ്ട്. അപ്പോഴൊക്കെയും എന്നെ മുന്നോട്ട് നയിച്ചത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന്, സിനിമയോടുള്ള പാഷൻ. രണ്ട്, പിന്തുണയ്ക്കുന്ന മാതാപിതാക്കൾ.
തീവ്രത്തിന് ശേഷം രണ്ട് തമിഴ് സിനിമകളിൽ അഭിനയിച്ചു. അതിനുശേഷമുള്ള ഒൻപത് വർഷത്തോളം എനിക്ക് സിനിമകളൊന്നും കിട്ടിയില്ല. പിന്നീടാണ് ഭീഷ്മപർവത്തിൽ അവസരം കിട്ടുന്നത്. ഈ കാലയളവിലെല്ലാം ഒരുപാട് ശ്രമിച്ചിരുന്നു. നാളിതുവരെ ഞാൻ എത്ര ഓഡിഷനുകൾ പങ്കെടുത്തുവെന്നതിന് ഒരു കണക്കുമില്ല. കഷ്ടപ്പെടലിന്റെ ഫലം ഇപ്പോൾ കുറേശ്ശെ കിട്ടുന്നുണ്ടെന്ന് കരുതുന്നു. എവിടെയെങ്കിലുമൊക്കെ നമ്മളെ അംഗീകരിക്കുന്ന ആളുകളും സിനിമകളുമുണ്ട് എന്നൊരു തോന്നൽ. പതിയെ ആണെങ്കിലും ശരിയായ പാതയിലാണ് ഞാൻ എന്നതിൽ എനിക്ക് ആശ്വാസവും സന്തോഷവുമുണ്ട്. വർഷങ്ങളോളം ക്ഷമയോടെയുള്ള കാത്തിരിപ്പാണ്. അത് ഇപ്പോഴും തുടരുന്നു.
സിനിമാ താത്പര്യം എങ്ങനെയാണ് ഉണ്ടാവുന്നത്?
കോട്ടയം ചങ്ങനാശ്ശേരിയിലാണ് ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം. എന്റെ പപ്പ വലിയ സിനിമാഭ്രാന്തനും നല്ല കലാകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ സിനിമകളിൽ അവസരംകിട്ടാൻ ഒരുപാട് അലഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻപോയതിന് അദ്ദേഹത്തിന് തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം പറഞ്ഞ ഒരു അനുഭവം എനിക്ക് ഓർമ്മയുണ്ട്, പണ്ടൊരിക്കൽ പപ്പ ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ കോയമ്പത്തൂർ പോയി. ഷൂട്ടിങ്ങിനായി മേക്കപ്പ് ചെയ്ത് കാത്തിരിക്കുകയാണ്. ഒരുപാട് സമയം കാത്തിരുന്നു. ഒടുവിൽ പ്രൊഡക്ഷൻ കൺട്രോളർ അടുത്ത് വന്ന് ചാൻസ് ഇല്ല എന്ന് പറഞ്ഞു. അവിടുന്ന് അദ്ദേഹം മേക്കപ്പ് പോലും അഴിക്കാതെ കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നു. ഒരു കുഞ്ഞുണ്ടായാൽ സിനിമയിലഭിനയിപ്പിക്കണം എന്ന് അദ്ദേഹത്തിന് ആഗ്രഹമായിരുന്നു. സിനിമാക്കഥകളും പപ്പയുടെ ആഗ്രഹങ്ങളും കേട്ടാണ് ഞാൻ വളർന്നുവന്നത്. അതിനാൽ അഭിനയത്തോടുള്ള താത്പര്യം എനിക്ക് കുട്ടിക്കാലം തൊട്ടേയുണ്ടായിരുന്നു.
അഭിനയത്തിൽ മുൻപരിചയം ഉണ്ടായിരുന്നോ?
തീയേറ്റർ ബാക്ക്ഗ്രൗണ്ടുകളില്ല. എന്നാൽ കുറെ വർഷം പല ചാനലുകളിലെയും പ്രോഗ്രാമുകളിൽ അവതാരകയായിരുന്നു. സ്കൂൾ-കോളേജ് കാലഘട്ടങ്ങിൽ സ്കൂൾ നാടകങ്ങളിലും മോണോ-ആക്ടിലും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് ക്യാമറയെ നേരിടുക പ്രശ്നമായിരുന്നില്ല. പുതുമയുമായിരുന്നില്ല. എന്നാൽ അഭിനയിക്കുക എന്നത് പുതിയ കാര്യമായിരുന്നു.
ഓരോ സിനിമകളിലേക്കും എത്തുന്നത് എങ്ങനെയാണ്?
റിയാലിറ്റി ഷോ ചെയ്യുന്നസമയത്താണ് ഓഡിഷനിലൂടെ 'തീവ്ര'ത്തിലേക്ക് അവസരം ലഭിക്കുന്നത്. കൂടാതെ റിയാലിറ്റി ഷോയുടെ ക്യാമറാ മാൻ ആയ ഹരിച്ചേട്ടൻ എന്നെ ശുപാർശ ചെയ്തിരുന്നു. അമൽ സാർ(അമൽ നീരദ്) ഭീഷ്മപർവത്തിലേക്ക് കോട്ടയം ഭാഷ സംസാരിക്കുന്ന ഒരാളെ തിരയുമ്പോൾ ആർഡിഎക്സ് സിനിമയുടെ സംവിധായകൻ നഹാസും എഴുത്തുകാരൻ ഷമാസുമാണ് എന്റെ പേര് ശുപാർശ ചെയ്യുന്നത്. പിന്നീട് ഓരോ സിമികൾ വന്നുതുടങ്ങി. ഭീഷ്മപർവത്തിൽ അഭിനയിച്ച പരിചയം കൊണ്ടാണ് 'ബോഗയ്ൻവില്ല'യിലേക്ക് വിളിക്കുന്നത്. ഭീഷ്മപർവം, ബോഗയ്ൻവില്ല എന്നീ സിനിമകൾ എന്നെ സംബന്ധിച്ച് അല്പം പ്രാധാന്യമുള്ളതാണ്. ഈ സിനിമകളിലൂടെയാണ് മറ്റ് സിനിമകൾ എന്നെ തേടിയെത്തിയത്. എഴുത്തുകാരൻ ആദർശിലൂടെയാണ് നെയ്മർ സിനിമയിലേക്ക് വിളിക്കുന്നത്. പിന്നീട് പന്ത്രണ്ട്, പെറ്റ് ഡിറ്റക്ടീവ്, ആട് 3, പേട്രിയറ്റ് എന്നീ സിനിമകൾ ചെയ്തു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അണലി എന്ന സീരീസിലും അഭിനയിച്ചിട്ടുണ്ട്. അതിന്റെറിലീസ്ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ കഥാപാത്രമായിരുന്നു അതിലേത്. രണ്ടുമൂന്ന് ഘട്ടങ്ങളുള്ള ഓഡിഷനിലൂടെയാണ് ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. ഞാൻ പങ്കെടുത്തതിലെ ഏറ്റവും വലിയ ഓഡിഷൻ അതായിരുന്നു. 'അണലി'യിൽ പ്രവർത്തിച്ചതിന്റെ ഭാഗമായാണ് മിഥുൻ ചേട്ടൻ എന്നെ ‘ആട് 3’യിലേക്ക് വിളിക്കുന്നത്.
ഏറ്റവും വലിയ സ്വപ്നം?
സിനിമ മാത്രമാണ് ഒരേയൊരു സ്വപ്നം. മറ്റൊന്നിനോടും ഇത്രയധികം ആഗ്രഹം തോന്നിയിട്ടില്ല.
അഭിനയം നൽകുന്ന സംതൃപ്തി?
ഞാൻ സൈക്കോളജിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.എങ്കിലും സിനിമയല്ലാത്തൊരു പ്രൊഫഷൻ എനിക്ക് ചിന്തിക്കാനാവില്ല.ഞാൻ ഇതുവരെ ചെയ്തവയെല്ലാം വളരെ ചെറിയ വേഷങ്ങളായിരുന്നു. എന്നാൽ അതിൽപോലും എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. കുട്ടിക്കാലത്തേ സിനിമയായിരുന്നുലക്ഷ്യം. സിനിമയിലെ ഒരു രംഗത്തിലൂടെയെങ്കിലും ആ ലക്ഷ്യം സാധിക്കുന്നത് പോലും എന്നെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഫലപ്രാപ്തിയാണ്.എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്ന കാര്യം സിനിമയാണ്. ഇതല്ലെങ്കിൽ മറ്റെന്ത് എന്ന് ചോദിച്ചാൽ എനിക്കൊരു ഉത്തരമില്ല.
ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ, കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ?അങ്ങനെയൊന്നില്ല. എന്നിലെ അഭിനേത്രിയെ മികച്ചതാക്കാണമെങ്കിൽ പുതുമയുള്ള കഥാപാത്രങ്ങൾ ലഭിക്കണം. അതിലൂടെയേ എനിക്ക് എന്റെ കഴിവുകൾ തിരിച്ചറിയാനാകൂ.
മമ്മൂക്കയ്ക്കൊപ്പംഅഭിനയിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഒരു രംഗമേയുള്ളൂവെങ്കിലും ആ ആഗ്രഹം 'പേട്രിയറ്റി'ലൂടെ സാധിച്ചു. ലാലേട്ടൻ, ഉർവശി മാം, ബേസിൽ ജോസഫ്... എന്നിവരോടൊപ്പമൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overcoming years of rejection and struggle to establish a career in Malayalam cinema., Early beginnings as a child actor and television presenter., Key roles in notable films like Bheeshma Parvam, Bougainvillea, and Analie., The pivotal role of family support in pursuing acting dreams., Commitment to continuous learning and working with renowned directors.