അല്ലു അർജുൻ കോടികൾ സമ്പാദിച്ചതിങ്ങനെ, നിർമാതാവിനും സന്തോഷം, ഒരു ചർച്ചപോലുമില്ല

അല്ലു അര്‍ജുന്‍ | PTI
അല്ലു അര്‍ജുന്‍ | PTI

ആഗോളതലത്തിൽ വലിയൊരു സാമ്രാജ്യമാണ് തന്റെ സിനിമകളിലൂടെ അല്ലു അർജുൻ കെട്ടിപ്പടുത്തത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളാണ് അദ്ദേഹം. ദേശീയ പുരസ്കാര ജേതാവു കൂടിയായ അല്ലു അർജുന് പ്രതിഫലം വാങ്ങുന്നതിൽ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയാണ്. ഒരു നിശ്ചിത ഫീസ് നിശ്ചയിച്ച് അത് നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്ന ശീലമല്ല അല്ലു അർജുൻറേത്. പകരം, ലാഭവിഹിതം വാങ്ങുകയാണ്. അങ്ങനെ വരുമ്പോൾ നിർമ്മാതാക്കളുടെ കീശ കാലിയാവുകയുമില്ല, വരുമാനം നന്നായി വർധിപ്പിക്കുകയും ചെയ്യാമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

ബിഗ് സ്ക്രീനുകളിലെ അല്ലു അർജുന്റെ സാന്നിധ്യവും അഭിനയമികവും എപ്പോഴും അദ്ദേഹത്തിന്റെ സിനിമകളെ തിയേറ്ററുകളിൽ ഹൗസ്ഫുൾ ആക്കാറുണ്ട്. സാധാരണ നടന്മാർ ഒരു നിശ്ചിത പേയ്മെന്റ് സ്കീമിൽ നിർമ്മാതാക്കളുമായി സഹകരിക്കാറാണ് പതിവ്. സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചാലും ഇല്ലെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ നീക്കുപോക്കുകളുണ്ടാവില്ല.

എന്നാൽ, ഒരു രൂപയ്ക്ക് 30 പൈസ എന്ന നയമാണ് അല്ലു അർജുന്, നിർമ്മാതാക്കൾ അദ്ദേഹത്തിന്റെ സിനിമയിൽ നിന്ന് സമ്പാദിക്കുന്ന പണത്തിന്റെ 30 ശതമാനം (profit-sharing model) നടന് പ്രതിഫലമായി നൽകണമെന്ന രീതി. എത്രത്തോളം കാണികളെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ കഴിയുമോ അത്രത്തോളം പ്രോജക്റ്റിന് പണം ലഭിക്കും, കൂടാതെ കളക്ഷന്റെ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ കൈകളിലേക്കെത്തുകയും ചെയ്യും.

"അർജുൻ ആവശ്യപ്പെടുന്നത് സിനിമയുണ്ടാക്കുന്ന ഓരോ രൂപയ്ക്കും 30 പൈസയാണ്. സിനിമയ്ക്ക് 1000 കോടി രൂപ ലഭിക്കുകയാണെങ്കിൽ, 300 കോടി രൂപ അദ്ദേഹത്തിന് ലഭിക്കണം. അത് 500 കോടി രൂപയാണെങ്കിൽ അദ്ദേഹത്തിന് 150 കോടി രൂപയേ കിട്ടൂ. പക്ഷെ അർജുൻ അതിൽ സന്തുഷ്ടനാണ്"-അർജുന്റെ പേയ്മെന്റ് രീതിയെക്കുറിച്ച് പ്രശസ്ത നിർമ്മാതാവും കോളമിസ്റ്റുമായ ജി. ധനഞ്ജയൻ വെളിപ്പെടുത്തി.

പ്രതിഫലത്തെക്കുറിച്ച് അദ്ദേഹം നിർമ്മാതാക്കളുമായി ചർച്ചപോലും ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ധനഞ്ജയൻ, അല്ലു അർജുന്റെ ഈ മാതൃകയെ മികച്ചതായാണ് കാണുന്നത്. നിർമ്മാതാക്കൾക്ക് കടം വാങ്ങേണ്ടി വരുന്ന പണത്തിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ബഡ്ജറ്റ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.  

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Allu Arjun transitioned from fixed fees to a 30% profit-sharing model., This strategy aligns the actor's income directly with the box office success of his films., The model reduces the financial burden on producers by lowering initial interest costs., Industry experts view this as a sustainable and brilliant financial approach for 2026.