ഉറക്കെ ചിരിക്കുന്ന, തുറന്ന് സംസാരിക്കുന്ന മലയാളത്തിലെ ആദ്യത്തെ റിബൽ സൂപ്പർസ്റ്റാർ

രജനീകാന്തും കമലഹാസനും ശിവാജി ഗണേശനുമെല്ലാം തകർത്താടുന്ന എൺപതുകളിലെ സിനിമാക്കാലം. ഒരുപകലിൽ അവകാശവാദങ്ങളേതുമില്ലാതെ ഒരുകൊച്ചുചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളിലേക്കെത്തി, 'ഒരുതലൈ രാഗം'. ചെറുതിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയ ചിത്രം കനൽത്തരി പോലെ പ്രധാന റിലീസിങ് സെന്ററുകളിലേക്ക് കത്തിപ്പടർന്നു. ചടുലൻ നൃത്തച്ചുവടുകളും ചുരുണ്ടമുടിയും ബെൽബോട്ടം പാന്റുമണിഞ്ഞ് സിനിമയിൽ ആടിത്തിമിർത്ത പുതുമുഖതാരത്തെ തമിഴ് രസികർ നെഞ്ചിലേറ്റി. സിനിമ സൂപ്പർഹിറ്റായി. രവീന്ദ്രൻ എന്ന താരത്തിന്റെ പിറവി അവിടെയായിരുന്നു.
'രാമലക്ഷ്മണൻ', 'സകലകലാവല്ലഭൻ', 'പൊയ്ക്കാൽ കുതിരൈ' അങ്ങനെ തുടർച്ചയായ ഹിറ്റുകൾ. 'മുടിമന്ന'ന്റെ ഇടിവെട്ട് ഡാൻസ് കാണാൻ പ്രേക്ഷകർ ഇടിച്ചുകയറി. നായകവേഷങ്ങൾക്കും വില്ലൻവേഷങ്ങൾക്കും അയാൾ പുതിയ സ്‌റ്റൈലും സ്വാഗും നൽകി. വിജയരഥത്തിന്റെ കലണ്ടറുകൾ മറിഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾത്തന്നെ രവീന്ദ്രൻ സിനിമയോട് വിട പറഞ്ഞു. ആടിത്തെളിയുമ്പോൾ ആട്ടം നിർത്തിയപോലെ.
പിന്നെ ബിൽഡിങ് ഡിസൈനറായി, സംവിധായകനായി, ഫെസ്റ്റിവൽ ഡയറക്ടറായി, ഇന്റീരിയർ ഡിസൈനറായി ... അങ്ങനെ ഒരുജീവിതത്തിൽ തന്നെ രവീന്ദ്രൻ പലജീവിതങ്ങൾ ജീവിച്ചു. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂൾ മൈതാനത്തിന് അരികിലുള്ള വീട്ടിൽ ചിരിച്ച മുഖത്തോടെ ആതിഥേയന്റെ വേഷത്തിൽ സ്വീകരിക്കുമ്പോഴും അയാളുടെ ശരീരഭാഷയ്ക്ക് സ്‌ക്രീനിലെ അതേ ചടുലതയുണ്ടായിരുന്നു. ഉറക്കെ ചിരിക്കുന്ന, തുറന്ന് സംസാരിക്കുന്ന മലയാളത്തിലെ ആദ്യത്തെ റിബൽ സൂപ്പർസ്റ്റാർ ജീവിതവഴിയിലെ കൗതുകങ്ങളെ ക്കുറിച്ച് സംസാരിക്കുന്നു.
എപ്പോഴും എങ്ങനെയാണ് ഇത്ര സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നത്?
ഐ ലിവ് ഇൻ പ്രസന്റ്, അതുകൊണ്ട് എപ്പോഴും എന്തെങ്കിലും കാര്യം ചെയ്തുകൊണ്ടിരിക്കും. കാര്യങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകുന്നത് കൊണ്ട് ഞാൻ ഹാപ്പിയായിരിക്കും. ഏത് കാര്യവും സന്തോഷത്തോടെ ചെയ്താൽ വിജയിക്കും എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. പിന്നെ വലിയ ടെൻഷനൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. ചിലപ്പോൾ എനിക്ക് ആഗ്രഹങ്ങൾ കുറവായത് കൊണ്ടാകാം. എപ്പോഴും ആഗ്രഹത്തിന് മുകളിലുള്ള കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. തുടക്കം തൊട്ട് എല്ലാം എന്നിലേക്ക് വന്ന് ചേരുകയായിരുന്നു.
ഞാൻ പഠിച്ച അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിസിറ്റിങ് പ്രൊഫസറായിരുന്നു പ്രമുഖ നിർമാതാവും നടിയുമായ പി.ഭാനുമതി. അവരാണ് എന്നെ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വിളിച്ചത്. അതൊരു തമിഴ്, തെലുഗ് ചിത്രമായിരുന്നു.
പിന്നാലെ 'ഒരുതലൈ രാഗം' എന്ന സിനിമ വന്നു. അതാണ് പ്രദർശനത്തിനെത്തിയ ആദ്യ ചിത്രം. ഇ.എം.ഇബ്രാഹിം നിർമിച്ച 'ഒരുതലൈ രാഗ'ത്തിന്റെ സംവിധാനം, ക്യാമറ തുടങ്ങി പ്രധാനമേഖലകളെല്ലാം കൈകാര്യം ചെയ്തത് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവരാണ്. തമിഴ്‌നാട്ടിലെ എ,ബി,സി,ഡി ക്ലാസ് തിയേറ്ററുകളിൽ 150 ദിവസം വീതം സിനിമ ഓടി. ചെന്നൈയിൽ 350 ദിവസം പ്രദർശിപ്പിച്ചു. അതോടെ ഞാൻ താരമായി. സിനിമയിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. അതുകൊണ്ടാകാം കരിയറിന്റെ ഉയരത്തിൽ നിൽക്കുന്ന സമയത്ത് പെട്ടെന്ന് അഭിനയം നിർത്താനും തോന്നിയത്. ഞാൻ വില്ലൻ വേഷം ചെയ്ത 'പപ്പയുടെ സ്വന്തം അപ്പൂസ്' മെഗാഹിറ്റ് ആയ സമയത്താണ് അഭിനയത്തിൽ നിന്ന് താൽക്കാലിക ഇടവേള എടുത്തത്. പിന്നീട് കോർപ്പറേറ്റ് ലോകത്തായിരുന്നു കുറേക്കാലം. വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നതും ആകസ്മികമായിട്ടായിരുന്നു. എല്ലാം ജീവിതത്തിന്റെ ഒഴുക്കിൽ അങ്ങനെ സംഭവിക്കുന്നതാണ്.
സിനിമാക്കമ്പം ചെറുപ്പത്തിലേ ഉണ്ടോ?
ജനിച്ചത് ഡൽഹിയിലാണ്. അമ്മ അവിടെ ഡോക്ടറായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോഴേ ഞാനൊരു എം.ജി.ആർ. ആരാധകനാണ്. ഇടിപ്പടങ്ങളോടായിരുന്നു പ്രിയം. ഇടികളുടെ എണ്ണം നോക്കിയാണ് പടം കാണാൻ പോകുക. അന്ന് സിനിമകൾ പരസ്യം ചെയ്തിരുന്നതും ഇടികളുടെ എണ്ണം വെച്ചാണ്. പിന്നീട് ക്യാമ്പസ് കാലത്ത് ആർട്ട് സിനിമകളുടെ വേലിയേറ്റമുണ്ടായി. അന്നാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും കേൾക്കുന്നത്. ആദ്യം പുണെയിലും പിന്നീട് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു.
സിനിമയിലേക്ക് വന്നപ്പോൾ വീട്ടുകാർക്ക് ചെറിയ എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ആദ്യ സിനിമയുടെ വിജയത്തോടെ അത് ഇല്ലാതായി. എല്ലാതരത്തിലുമുള്ള സിനിമകളുടെയും ഭാഗമാകാൻ ശ്രമിച്ചിട്ടുണ്ട്. സത്യജിത്ത് റേയുടെ ക്യാമറാമാനായ സുമന്ദ്റോയിക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. ഞാൻ സിനിമ എന്ന മാധ്യമത്തെയാണ് ഇഷ്ടപ്പെട്ടത്. അഭിനയിക്കുക, സിനിമ പഠിപ്പിക്കുക, കാണുക എന്നതെല്ലാം എനിക്ക് ഇഷ്ടമാണ്. സിനിമ കണ്ട് ഭ്രമം കയറി ഇതിലേക്ക് എത്തിപ്പെട്ടൊരാളാണ് ഞാൻ. ഇപ്പോഴും ഒരുദിവസം കുറഞ്ഞത് രണ്ട് സിനിമയെങ്കിലും കാണും. എല്ലാ ഫെസ്റ്റിവലുകളിലും പങ്കെടുക്കും. അതാണെന്റെ സന്തോഷം. ഐ ഈറ്റ് സിനിമ, ഡ്രിങ്ക് സിനിമ, സ്ലീപ് സിനിമ…
പോപ്പ് വെസ്റ്റേൺ മ്യൂസിക് ഫാൻ, പ്രത്യേക ഡ്രസ്സിങ് സ്റ്റൈൽ, ട്രെൻഡ് സെറ്ററായിരുന്നു...?
ചെറുപ്പംതൊട്ടേയുള്ള എന്റെ അഭിരുചിയാണത്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ പോപ്പ് വെസ്റ്റേൺ റോക്ക് മ്യൂസിക് കേട്ട് തുടങ്ങിയിരുന്നു. ആ കാലത്താണ് വുഡ് സ്‌റ്റോക്ക് മ്യൂസിക് ഫെസ്റ്റ് വരുന്നത്. ആ ഫെസ്റ്റിവലാണ് ലോകത്താകെയുള്ള കൗമാരക്കാരെയും യുവാക്കളെയും പോപ്പ് വെസ്റ്റേൺ മ്യൂസിക് ആരാധകരാക്കി മാറ്റിയത്. 'ബീറ്റിൽസ്', 'സന്താന', 'പിങ്ക് ഫ്‌ളോയ്ഡ്', 'ഡി പർപ്പിൾ', 'ലെഡ് സെപ്ലിൻ' തുടങ്ങിയ പ്രമുഖ ബാൻഡുകളുടെയെല്ലാം പാട്ടുകൾ എനിക്ക് ഹരമായി മാറി. ഹിപ്പീസ് ഇറങ്ങിയ സമയമായിരുന്നു അത്. അന്ന് കൊച്ചിയിൽ ഒരുപാട് മ്യൂസിക് ബാൻഡുകളുണ്ടായിരുന്നു. 'എലെറ്റേഴ്‌സ്', 'ഹൈജാക്കേഴ്‌സ്' തുടങ്ങിയവ. ഫൈൻ ആർട്‌സ് ഹാളിൽ അന്ന് മ്യൂസിക് റോക്ക്‌ഷോകൾ നടക്കും.
തൃപ്പൂണിത്തുറയിലെ ഞങ്ങളുടെ അയൽവാസിയായിരുന്നു കലാമണ്ഡലം കൃഷ്ണൻ നായർ. പുലർച്ചെ നാലുമണിക്ക് അദ്ദേഹം കൊട്ട് തുടങ്ങും. ആ കൊട്ട് കേട്ടാണ് ഞാൻ ഉറക്കമെഴുന്നേറ്റിരുന്നത്. നൃത്തത്തിന്റെയും കഥകളിയുടെയും ലോകത്താണ് ഞാൻ വളർന്നത്. ചെറുപ്പത്തിൽത്തന്നെ മനസ്സിൽ താളം രൂപപ്പെടുത്തുന്നതിൽ ആ ശബ്ദങ്ങളെല്ലാം സ്വാധീനം ചെലുത്തി. പിന്നെ ബിരുദ വിദ്യാർഥിയായി. പുണെയിൽ എത്തി. ഹോസ്റ്റലിൽ ഭൂരിഭാഗവും വിദേശത്തുനിന്നുള്ള വിദ്യാർഥികളായിരുന്നു. ഗോവൻസുമായിട്ട് നല്ല സൗഹൃദത്തിലായി. അന്ന് ഞാൻ ഡാൻസറായി ഒരു ബാൻഡിനൊപ്പം പരിപാടികൾ ചെയ്തു. ഡാനി എന്നൊരു നിക്ക് നെയിം പേരിനൊപ്പം ചേർത്തു. അതുപോലെ മദ്രാസിലേക്ക് വരുമ്പോൾ ഞാനൊരു ആഫ്രിക്കൻ ലുക്കിലായിരുന്നു. 'സന്താന' ബാൻഡിനോടുള്ള ആരാധനകൊണ്ടാണ് അഫ്രോ ലുക്കിൽ നടന്നത്. ആ കാലമാണ് എന്റെ ജീവിതത്തെ രൂപപ്പെടുത്തിയത്.
അന്ന് റിബലായിരുന്നോ..?
അതെ, എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ജീവിച്ചിരുന്നത്. അതിന് എനിക്ക് പ്രചോദനം നൽകിയത് പിങ്ക് ഫ്‌ളോയ്ഡിന്റെ 'ദി വാൾ' എന്ന മ്യൂസിക് ആൽബമാണ്. അതിലെ വരികൾ അത്രമാത്രം എന്നെ സ്വാധീനിച്ചു. പിന്നീട് പഠിക്കുമ്പോഴും സിനിമയിലെത്തിയപ്പോഴുമെല്ലാം ശരി എന്ന് തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി അടിയുണ്ടാക്കിയിട്ടുണ്ട്. ഇന്ന് അതെല്ലാം ചിന്തിക്കുമ്പോൾ എന്റെ പക്വത ഇല്ലായ്മമൂലം പറ്റിപ്പോയ കാര്യങ്ങളായാണ് തോന്നുന്നത്. പെട്ടെന്ന് താരപദവി കിട്ടിയതിന്റെ പ്രശ്‌നമായിരുന്നു.
മലയാളികൾക്ക് പൊതുവെ ആ കാലഘട്ടത്തിൽ ഉറക്കെ ചിരിക്കാൻ മടിയായിരുന്നു. എന്നാൽ ഞാൻ തുറന്ന് ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നൊരാളായിരുന്നു. തമിഴ്‌നാട്ടിൽ ഏറെക്കാലം ജീവിച്ചതിന്റെ സ്വാധീനമാകാം അത്. തമിഴർ തുറന്ന് സംസാരിക്കുകയും ചിരിക്കുകയും ചെയ്യും. മലയാളിക്കുള്ള ബലംപിടിത്തം അവർക്കില്ല.
മലയാളത്തിന് മുമ്പേ തമിഴിലാണ് രവീന്ദ്രൻ സ്റ്റാറായത് ?
ഞാൻ തമിഴ് സിനിമയിലൂടെയാണ് വന്നത്. അവിടെ വൻവിജയങ്ങൾ നേടിയതിനാൽ എന്നെയൊരു തമിഴ് നടനായാണ് പിന്നീട് എല്ലാവരും കണ്ടത്. അന്ന് ഇന്ത്യയിലെ തന്നെ വലിയ നിർമാണക്കമ്പനികളായ എ.വി.എം, ദേവർ ഫിലിംസ്, വിജയവാഹിനി തുടങ്ങിയവരോടൊപ്പമാണ് ഞാൻ സിനിമകൾ ചെയ്തത്. ഐ.വി.ശശി, ഹരിഹരൻ, കെ.ബാലചന്ദർ, എസ്.പി.മുത്തുരാമൻ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം സിനിമ ചെയ്യാനായി. ഐ.വി. ശശിയുടെ പടത്തിലൂടെയാണ് ഞാൻ മലയാളത്തിലേക്ക് വന്നത്.
പിന്നീട് 'മദ്രാസിലെ മോൻ' എന്ന പടം ഇറങ്ങി വലിയ ഹിറ്റായി മാറി. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു അത്. മദ്രാസിലെ മോൻ എന്ന് അറിയപ്പെട്ട റെനി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം പിരിഞ്ഞ് മാസങ്ങൾക്കകമാണ് കരിക്കിൻ വില്ല കൊലപാതകക്കേസിൽ അവനെ അറസ്റ്റ് ചെയ്ത വാർത്ത കേൾക്കുന്നത്. ആ കഥാപാത്രമായി എനിക്ക് തന്നെ പിന്നീട് സിനിമയിൽ അഭിനയിക്കാൻ പറ്റി എന്നത് യാദൃശ്ചികതയാവാം. ആ സിനിമ ഇറങ്ങി ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ കഥ ജനം അറിഞ്ഞത്.
'പപ്പയുടെ സ്വന്തം അപ്പൂസി'ലെ രുദ്രൻ എന്ന കഥാപാത്രം എങ്ങനെയാണ് ജീവിതത്തെ ബാധിച്ചത് ?
'പപ്പയുടെ സ്വന്തം അപ്പൂസ്' ഇറങ്ങി വലിയ ഹിറ്റായപ്പോൾ എന്റെ അമ്മയ്ക്ക് ഞാൻ അഭിനയം നിർത്തണമെന്നായിരുന്നു ആഗ്രഹം. കാരണം അമ്മയുടെ അടുത്ത് വരുന്ന രോഗികൾ പറഞ്ഞിരുന്നത് ''ഡോക്ടറെന്ത് പാവമാണ്, എന്നാൽ മോൻ എന്തൊരു ദുഷ്ടനാണെന്ന് അറിയോ. പപ്പയുടെ സ്വന്തം അപ്പൂസിൽ ആ പാവം കൊച്ചിനെ ചവിട്ടിയിട്ട്. ഓ കണ്ണിൽച്ചോരയില്ല.'' എല്ലാവരും ഇത് പറഞ്ഞപ്പോൾ അമ്മ എന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ട്. ''നീ ഈ സിനിമാ അഭിനയം ഒന്ന് നിർത്തുമോ..?'' എന്ന് ചോദിച്ചു. ഇപ്പോഴും എന്നെ കാണുമ്പോൾ പഴയ പല സ്ത്രീകളും ആ സിനിമയിൽ കൊച്ചിനെ ചവിട്ടിയ കാര്യമാണ് പറയുന്നത്. നമ്മുടെ അഭിനയത്തിന്റെയും സിനിമയുടെയും വിജയമാണെങ്കിലും ആൾക്കാരുടെ മനസ്സിൽ ഞാനൊരു ക്രൂരനായി മാറി.
സംവിധാന വഴിയിലും ചില പരീക്ഷണങ്ങൾക്ക് മുതിർന്നിട്ടുണ്ട്?രണ്ടുസിനിമകൾ ഞാൻ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിരുന്നു. എൽ.ടി.ടി.ഇ. യും ശ്രീലങ്കൻ, തമിഴ് രാഷ്ട്രീയവുമൊക്കെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കൽ സിനിമയായിരുന്നു ഒന്ന്. അതിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. അപ്പോഴാണ് രാജീവ് ഗാന്ധി വധം നടന്നതും അതേ തുടർന്ന് എൽ.ടി.ടി. ഇ യെ നിരോധിച്ചതും. അതോടെ ആ സിനിമ നിർത്തിവെക്കേണ്ടിവന്നു. ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനം അടിസ്ഥാനമാക്കിയുള്ളതായിരുന്നു രണ്ടാമത്തെ സിനിമ. അദ്ദേഹത്തിനൊപ്പം ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിച്ച സന്യാസി ആ കഥകൾ ആൽമരത്തിന്റെ ചുവടെ ധ്യാനത്തിലിരുന്ന് പറയുന്ന രീതിയിലായിരുന്നു ചിത്രീകരണം. അവരുടെ അനുമതിയോടെയാണ് എല്ലാം ചെയ്തത്. സിനിമയുടെ അവസാനം ടിബറ്റൻ വിദ്യാർഥികളുടെ ഒരുപാട്ടും ഞാനുൾപ്പെടുത്തി. എന്നാൽ അത് ചൈനീസ് സർക്കാരിനെതിരാണെന്നും അത് ഗവൺമെന്ററിഞ്ഞാൽ പ്രശ്‌നമാകുമെന്നും പറഞ്ഞ് തിയോസഫിക്കൽ സൊസൈറ്റിക്കാരെ ആരോ ഭയപ്പെടുത്തി. തിയോസഫിക്കൽ സൊസൈറ്റി എനിക്കെതിരെ കേസ് കൊടുത്തു. അനുവാദം കൂടാതെ ആയിരം വർഷം പഴക്കമുള്ള ആൽമരത്തിനടുത്ത് ചെന്ന് ഷൂട്ട് ചെയ്തു എന്നായിരുന്നു കേസ്. അതോടെ ആ സിനിമ പുറത്തിറക്കാൻ പറ്റിയില്ല.
അന്ന് അഭിനയം നിർത്താനുള്ള തീരുമാനത്തിന് പിന്നിൽ എന്തായിരുന്നു?
കോർപ്പറേറ്റ് ലോകത്തോടുള്ള ഭ്രമം തന്നെയായിരുന്നു. ടാറ്റയുടെയും ബിർലയുടെയും കേരളത്തിലെ വിതരണക്കാരായിരുന്നു ഞങ്ങളുടെ കമ്പനി. കേരളത്തിലെ നിർമാണ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. യു.സി. കോളേജ് സ്‌റ്റേഡിയം, കണ്ണമാലി, കോതാട് പള്ളി, തുഞ്ചൻപറമ്പിലെ കൂത്തമ്പലം, ബി.പി.സി.എൽ പെട്രോൾ ബങ്കുകളുടെ നവീകരണം, ഗൾഫാർ കൺവെൻഷൻ സെന്റർ തുടങ്ങി ശ്രദ്ധേയ വർക്കുകളിലൂടെ സ്റ്റീൽ സ്ട്രക്ചർ ഡിസൈനിങ്ങിൽ പുതിയ ഉണർവ് ഉണ്ടാക്കാനായി. ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൺവീനറായും പ്രവർത്തിച്ചു. ആ കാലത്ത് അമേരിക്കയിൽ പോയി കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്തു.
കോർപ്പറേറ്റ് രംഗത്ത് ഞാൻ വിഷ്വലിന്റെ സാധ്യതകൾ ഉപയോഗിച്ചിരുന്നു. അതുവരെ കാണാത്ത രീതിയിലാണ് പരസ്യങ്ങൾ ചെയ്തത്. ഞാൻ സ്റ്റീൽ വിറ്റത് മഹാഭാരത കഥകാണിച്ചാണ്. ആനയെ ഇറക്കിയാണ് സിമന്റ് വിറ്റത്. പള്ളിപണിയുന്ന സമയത്ത് അച്ചൻമാരുടെ അഭ്യർഥനപ്രകാരം അവിടങ്ങളിലെ കുട്ടികളെ ബൈബിൾ ഡ്രാമ പഠിപ്പിച്ചിട്ടുണ്ട്. സിനിമയിലൂടെയും കലയിലൂടെയുമാണ് ഞാൻ ലോകത്തെ മനസ്സിലാക്കിയത്. അതുകൊണ്ടാണ് ദൃശ്യഭാഷാസാക്ഷരത എന്നൊരു പ്രോജക്ട് എനിക്ക് ലോഞ്ച് ചെയ്യാൻ പറ്റിയത്.
എന്താണ് ദൃശ്യഭാഷാ സാക്ഷരത?
വർത്തമാന ഭാഷയുടെ സഹായമില്ലാതെ ദൃശ്യങ്ങളിലൂടെ തന്നെ നമുക്ക് എല്ലാകാര്യങ്ങളും കമ്യൂണിക്കേറ്റ് ചെയ്യാനാവും. ദൃശ്യഭാഷാ സാക്ഷരത എന്ന വാക്ക് ഞാൻ കോയിൻ ചെയ്തതാണ്. 2011 ൽ തുഞ്ചൻ കോളേജിലാണ് പ്രോജക്ട് ലോഞ്ച് ചെയ്തത്. ശേഷം അറബ് നാടുകളിൽ അതുമായി ബന്ധപ്പെട്ട സെമിനാറുകൾ നടത്തിവരുന്നു. അതിനിടയിലാണ് കൊച്ചി ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറാകാനുള്ള അവസരം ലഭിച്ചത്. അത് നല്ല രീതിയിൽ നടത്താൻ സാധിച്ചു. പിന്നീട് 2014-ൽ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ നേതൃത്വം എന്നെ ഏൽപ്പിച്ചു. അന്നുതൊട്ട് മോഹൻലാലാണ് മേളയുടെ ചെയർമാൻ. 'വിഷ്വൽ ലിറ്ററസി ഫോർ ഓട്ടിസ്റ്റിക്‌സ്' എന്ന പേരിൽ മോഹൻലാലിന്റെ നേതൃത്വത്തിൽ പുതിയൊരു പ്രോഗ്രാം കൊച്ചി മെട്രോയുടെ പേരിൽ ഞങ്ങൾ ലോഞ്ച് ചെയ്തു. ഓട്ടിസ്റ്റിക് കുട്ടികളെ എങ്ങനെ ദൃശ്യഭാഷാ പ്രതിഭകളാക്കി മാറ്റാം എന്നതിനാണ് ശ്രമിക്കുന്നത്.
പുതിയ സിനിമകൾ, പദ്ധതികൾ..?
പുതിയ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ദൃശ്യഭാഷാ സാക്ഷരത എന്ന പ്രോജക്ടിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിക്കോൺ മിഡിൽ ഈസ്റ്റാണ് ഞങ്ങൾക്കാവശ്യമായ സാങ്കേതിക സഹായമെല്ലാം നൽകുന്നത്. അവരാണ് ഇമേജ് പാർട്ണർ. സൗജന്യമായി കേരളത്തിന്റെ വിവിധയിടങ്ങളിൽ വർക്ക്‌ഷോപ്പുകൾ നടത്തുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Raveendran reflects on his rise to fame in 1980s Tamil and Malayalam cinema., Discusses his transition to corporate design, construction, and building diverse careers., Introduces his pioneering 'Visual Literacy' project supported by Nikon Middle East.