''ചാക്കോമാഷില് ഞാന്‍ എന്നെ കാണുന്നുണ്ട് ''- തിലകന്

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അഭിനയ ജീവിതം എന്ന പുസ്തകത്തില്‍ നിന്നും)
ചാക്കോമാഷിലുമുണ്ട് ഒരുതരം പെരുന്തച്ചന് കോംപ്ലക്സ്
ഗണിതശാസ്ത്രം മാത്രമാണ് ശരിയായ ശാസ്ത്രമെന്നും, താനാണ് ശരിയെന്നും വിശ്വസിക്കുന്ന കടുംവാശിക്കാരനായ പിതാവും ബാല്യത്തില്‍ത്തന്നെ പീഡിപ്പിക്കപ്പെട്ട് നിഷേധിയായി മാറിയ മകനും തമ്മിലുള്ള സംഘര്‍ഷമാണ് സ്ഫടികത്തിലെ പ്രമേയം. ജനപ്രിയസിനിമകളില്‍ മുന്‍നിരയിലേക്കു വന്ന സ്ഫടികത്തിലെ ചാക്കോമാഷും മകന് ആടുതോമയും മാത്രമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. തന്റെ പിതാവിന്റെ ജീവിതമാണ് ചാക്കോമാഷിലൂടെ പകര്ന്നാടിയതെന്ന് ഒരഭിമുഖത്തില്‍ തിലകന് പറയുന്നുണ്ട്. സംവിധായകന് ഭദ്രന് കഥ പറയുമ്പോള്‍ത്തന്നെ അച്ഛന്റെ മാനറിസങ്ങളും നോട്ടവും ചിരിക്കാത്ത മുഖവുമൊക്കെ കടന്നുപോയി. അച്ഛന്റെ നടത്തമാണ് തിലകന് ആദ്യമെടുത്തത്. അതിലൊരു കൂസലില്ലായ്മയുണ്ടായിരുന്നു. ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്നു കരുതുന്ന വ്യത്യസ്തമായ ഒരു പിതൃരൂപത്തെ പരിചരിക്കേണ്ടിവരുമ്പോഴുള്ള മുന്നൊരുക്കങ്ങളും ചാക്കോമാഷ് ജീവിക്കുന്ന സാമൂഹികാന്തരീക്ഷത്തിന്റെ സ്വഭാവങ്ങളും തിലകന് നന്നായി ഉള്‍ക്കൊണ്ടു. എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ച മകന് ആന്റി ഹീറോ ആയി വരുമ്പോഴുള്ള പിതാവിന്റെ സംഘര്‍ഷതലം, തിലകന് കൃത്യമായി ഉള്‍ക്കൊണ്ടു. മോഹന്‍ലാലിനു മികച്ച നടനുള്ള പുരസ്കാരം കിട്ടിയ കഥാപാത്രമാണ് ആടുതോമ. അതിനോടൊപ്പം നില്ക്കുന്ന കഥാപാത്രമായി തിലകന്റെ ചാക്കോമാഷ് മാറിയിട്ടുണ്ട്.
(ഗ്രന്ഥകാരന് നടത്തിയ അഭിമുഖം)
നടന് എന്ന നിലയില്‍ സ്ഫടികത്തിലെ ചാക്കോമാഷ് വ്യത്യസ്തമായ സങ്കല്‍പ്പമാണ്. സവിശേഷമായൊരു പിതൃഭാവന. അവിടെ അച്ഛനും ഗുരുവും ഒരാള്‍ തന്നെയാണ്. തന്റെ ഭാവനയിലൂടെ രൂപംകൊണ്ട മൂശയില്‍ത്തന്നെ മകന് വളരണമെന്ന് ആഗ്രഹിച്ചയാള്‍. അതിനെ തിരസ്കരിക്കുന്ന മകന് മറ്റു മൂല്യങ്ങള്‍ കണ്ടെത്തുന്നു. ഇതൊരു ദ്വന്ദ്വംതന്നെയല്ലേ?
അതെയതെ. ഒരര്‍ത്ഥത്തില്‍ ചാക്കോമാഷിന്റെ അപരരൂപം തന്നെയാണ് മകന്. ഒരാന്റി ഹീറോ. എന്നെ ഞാനതില്‍ കാണുന്നുണ്ട്. ഭദ്രന് ഒരു കഥ പറയാനുണ്ടെന്ന ആമുഖത്തോടെ ചാക്കോമാഷിന്റെ കഥ പറയുമ്പോള്‍ എന്റെ ഉള്ളില്‍ത്തന്നെ ആ കഥാപാത്രമുണ്ടായിരുന്നു. കഥ തുടരുംതോറും ഞാന്‍ കഥാപാത്രത്തെ ഭാവനയില്‍ കാണുന്നുണ്ട്. ഇതെടുത്താല്‍ ഗംഭീരമാവുമെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നപോലെ തോന്നി. ഇനി എന്റെ കാര്യംതന്നെ പറയാം. എല്ലാ പ്രതീക്ഷകളോടും കൂടിയാണ് അച്ഛന് എന്നെ വളര്‍ത്തിയത്. അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് പഠിക്കാന്‍ എനിക്കു കഴിഞ്ഞില്ല. പരുക്കനും സത്യസന്ധനുമായ അച്ഛന് നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പല സ്കൂളുകള്‍ മാറിയശേഷം എം.ഡി. സെമിനാരി സ്കൂളില്‍ പഠിച്ചുവളരാന്‍ അച്ഛന് വിട്ടു. ഞാനവിടെ വളഞ്ഞു. കോളേജിലും അതുതന്നെ സ്ഥിതി. പ്രശ്നങ്ങള്‍ നേരിടുന്നതിനു വേണ്ടിയാണോ ഞാന്‍ ജനിച്ചതെന്നു തോന്നും. സ്വാഭാവികമായും അച്ഛന് പ്രതീക്ഷിച്ച ലോകത്തിലേക്ക് ഉയരാന്‍ എനിക്കു കഴിഞ്ഞില്ല.
അച്ഛന് കടുത്ത ചിട്ടക്കാരനായിരുന്നു. സ്നേഹം ഒരിക്കലും പ്രകടിപ്പിച്ചില്ല. ഒരു കര്ശനക്കാരന്തന്നെ. അച്ഛന് കാണാന്‍ വേണ്ടി മാത്രം ഞാന്‍ വരച്ച ഒരു ചിത്രത്തെക്കുറിച്ചു മാത്രമാണ് 'കൊള്ളാം' എന്നു പറഞ്ഞത്. അച്ഛന്റെ നോട്ടംപോലും ശക്തമായിരുന്നു; ശിവന്റെ തൃക്കണ്ണുപോലെ. അച്ഛനു യാതൊരു സ്നേഹവുമില്ലെന്നാണ് ഞാന്‍ അവസാനംവരെ വിശ്വസിച്ചത്. അച്ഛനും ഞാനും തമ്മിലുള്ള സംഘര്‍ഷപൂര്‍ണ്ണമായ ബന്ധമാണ് ഞാന്‍ ചാക്കോമാഷിലൂടെ അവതരിപ്പിച്ചത്. അച്ഛന്റെ നടത്തവും മാനറിസങ്ങള്പോലും എനിക്ക് മനഃപാഠമായിരുന്നു.
ചാക്കോമാഷിന്റെ കാര്യത്തില്‍ പിന്നെയൊന്നും നോക്കേണ്ടിവന്നിട്ടില്ല. ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്നു പറയുന്ന കടുവയാണ് ചാക്കോമാഷ്. അതിലുമുണ്ട് ഒരുതരം പെരുന്തച്ചന് കോംപ്ലക്സ്. മകന്റെ പരീക്ഷണങ്ങള്‍ തന്റെ വിചാരഗതിയെ പരിഹസിക്കുകയാണെന്ന് ചാക്കോമാഷ് കരുതുന്നുണ്ട്. ഒടുവില്‍ മകന് വന്ന് ആശ്ലേഷിക്കുമ്പോള്‍, അച്ഛന്റെ ഉള്ളിലുള്ളത് സ്നേഹമാണെന്ന് തിരിച്ചറിയുന്നുണ്ട്. ആകാരത്തിലും ആന്തരികതയിലും ഉള്‍ക്കനമുള്ള ഒരു കഥാപാത്രമാണത്. ആ കഥാപാത്രത്തിന്റെ പുറംതൊണ്ടുതന്നെ മാത്തമാറ്റിക്സ് ഒഴികെയുള്ള എന്തിനോടുമുള്ള ക്രുദ്ധതയാണ്. ആ നടത്തത്തില്‍ ഞാന്‍ കൊണ്ടുവന്ന കൂസലില്ലായ്മ അച്ഛന്റെ നടത്തത്തിന്റെ പകര്‍പ്പുതന്നെയാണ്. ചില വൈവിദ്ധ്യങ്ങളും വ്യതിയാനങ്ങളും കൊണ്ടുവന്നിട്ടുമുണ്ട്. ചാക്കോമാസ്റ്ററുടെ സാമൂഹികവും മതപരവുമായ വ്യക്തിത്വത്തെക്കുറിച്ച് പഠിച്ചുതന്നെയാണ് ഞാന്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്.
സ്ഫടികത്തിലെ ലാലിന്റെ കഥാപാത്രത്തെ അതിശയിക്കണം എന്ന വിചാരം എപ്പോഴെങ്കിലും തോന്നിയിരുന്നില്ലേ?
ലാലുമായുള്ള എന്റെ കെമിസ്ട്രി എനിക്കെന്നപോലെ ലാലിനും ഗുണം ചെയ്തിട്ടുണ്ടാകും. കോമ്പിനേഷന്‍ സീനുകളില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. നല്ല നടന്മാരോടൊത്താകുമ്പോള് എന്റെ റേഞ്ചിനെക്കുറിച്ച് എനിക്ക് ആത്മവിശ്വാസം തോന്നാറുണ്ട്. ലാല്‍ നല്ല അഭിനേതാവാണ്. അതില്‍ ആര്‍ക്കും സംശയമില്ല. അങ്ങനെയുള്ള ഒരു നടനുമായുള്ള സീനുകളില്‍ മോശമാകരുത് എന്നൊരു ശാസന എന്റെയുള്ളില്‍നിന്ന് പുറപ്പെടാറുണ്ട്.
പത്മമരാജനോടുള്ള പൊരുത്തം
(ഗ്രന്ഥകാരന് നടത്തിയ അഭിമുഖം)
അഗാധമായൊരു നഷ്ടം, കൊച്ചുമകന്റെ മരണം, അന്തരംഗത്തില്‍ ഉണര്‍ത്തുന്ന ശോകത്തിന്റെ ലോകം, മൂന്നാംപക്കത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാനായി?
എന്റെ അഭിനയജീവിതത്തില്‍ വ്യത്യസ്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രമാണിത്. ഇതിനു സമാനമായ മറ്റൊരു കഥാപാത്രവുമില്ല. നടനെ സംബന്ധിച്ചിടത്തോളം ഒരര്‍ത്ഥത്തില്‍ അത് അനുഗ്രഹമാണ്. ഒരേ പാറ്റേണിലുള്ള കഥാപാത്രമാണെങ്കില്‍ നാം മറ്റൊരു മാതൃകയിലേക്കു തിരിയേണ്ടിവരും. ചിലര്‍ അതില്‍ത്തന്നെ വീഴുകയും ചെയ്യും. മൂന്നാംപക്കത്തിലെ മുത്തച്ഛന്, ആ സിനിമയിലെ മറ്റൊരു കഥാപാത്രമായ കടല്‍പോലെ വിക്ഷോഭങ്ങള്‍ ഉള്ളിലൊതുക്കിയ കഥാപാത്രമാണ്. സ്നേഹം ഒരു മിത്തായി മാറുന്ന കഥാപാത്രമാണിത്. മകന് നഷ്ടപ്പെട്ടുപോയ ഒരച്ഛന് കൊച്ചുമകനേയുള്ളൂ സ്നേഹിക്കാന്‍. അവന് കടലില്‍ പോയി മരിക്കുന്നു. തുടര്‍ന്നുള്ള വൈകാരികഭാവങ്ങള്‍ ഇന്‍ഡയറക്ടായി അവതരിപ്പിക്കണം. കടലുമായുള്ള മുത്തശ്ശന്റെ സംഭാഷണമാണ് അതില്‍ മുഖ്യം. കൊച്ചുമകനെ തിരിച്ചുതരണമെന്നാണ് അവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ കാതല്‍. അതിനുള്ള കാത്തിരിപ്പാണ്. എന്റെ കണ്ണുകളാണ് അതിനു കൂടുതല്‍ സഹായിച്ചത്. ശിവാജി ഗണേശന് കണ്ണു നന്നായി ഉപയോഗിക്കുന്ന നടനാണ്. ശിവാജിയുടെ പരാശക്തി ഒരമ്പതു തവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്. കണ്ണും മുഖവും ഞാന്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി.
കടല്‍ പ്രക്ഷോഭത്തോടെ സംസാരിക്കുമ്പോള്‍ മുത്തച്ഛന് ശാന്തനായാണ് സംസാരിക്കുന്നത്. അകമേ ചിത്രം മറ്റൊന്നല്ലേ?
ആലോചിക്കുമ്പോള്‍, അതെത്ര ശരിയാണ്. കടല്‍ അകമേ ശാന്തമാണ്. മുത്തശ്ശന്റെ മനസ്സാകെ ഇളകിമറിയുകയാണ്. ഒരുപക്ഷേ പത്മരാജന് അങ്ങനെയാവണം ചിന്തിച്ചിരിക്കുക. അയാള്‍ കാലുള്ള ഒരു സംവിധായകനാണ്. മറ്റുള്ളവര്‍ കാല പെറുക്കുമ്പോള്‍ (നെല്‍ച്ചെടിയുടെ കൊയ്ത്തിനു ശേഷമുള്ള കടകള്‍) പത്മരാജന് വിത്തിനെക്കുറിച്ചാണ് ചിന്തിച്ചിട്ടുള്ളത്. സംവിധായകനും നടനും തമ്മിലൊരു ഇരിപ്പുവശമുണ്ട്. പൊരുത്തമെന്നൊക്കെ പറയും. പത്മരാജനും സത്യനും ഫാസിലിനുമൊക്കെ ഇത്തരത്തില്‍ ഞാനുമായൊരു ആശയവിനിമയപ്പൊരുത്തമുണ്ടായിരുന്നു. അവര്‍ക്ക് എന്നെയറിയാം. എന്നില്‍നിന്ന് എന്താണ് കിട്ടുകയെന്നും അറിയാം. സംവിധായകനുമായി, അത്തരത്തിലൊരു ബന്ധമുണ്ടെങ്കില്‍ നടന് കഥാപാത്രത്തില്‍ കുറെക്കൂടി കേന്ദ്രീകരിക്കാന്‍ കഴിയും. നടന് കാണാത്ത ചില വിശദീകരണങ്ങള്‍ സംവിധായകനു പറയാനുണ്ടാകും.
കല്ലിനെ പ്രണയിച്ച തച്ചന്
പെരുന്തച്ചന് വലിയ തച്ചനാണ്. അതിന്റെ അഹന്തയും അഭിമാനവും അയാള്‍ക്കുണ്ട്. കല്ലിന്റെ ഹൃദയംപോലും അയാള്‍ക്കറിയാം. അതില്‍നിന്ന് അയാള്‍ ഒരു ശില്‍പ്പത്തിനു ജീവന് നല്‍കുകയാണ്. ആ ശില്‍പ്പത്തില്‍ അയാള്‍ ഭാവനാപൂര്‍ണ്ണമായ രതി അനുഭവിക്കുന്നുണ്ട്. അയാളില്‍ ഒരു ശില്‍പ്പിയും നിഗൂഢകാമനകള്ക്ക് വശപ്പെടുന്ന ഒരു മനുഷ്യനും ഒരച്ഛനുമുണ്ട്. തച്ചനും ശിലയും പുരുഷനും സ്ത്രീയുമാണ്. വിഗ്രഹം പൂര്‍ത്തിയായാല്‍ ഏതുനേരത്തായാലും അറിയിക്കണമെന്ന് തമ്പുരാട്ടി പറഞ്ഞിട്ടുണ്ട്. ആ ശില്‍പ്പത്തിന്റെ നിര്മ്മാണാവസ്ഥയില് അയാള്‍ ഭാവനാപൂര്‍ണ്ണമായ രതി അനുഭവിക്കുന്നു. വിഗ്രഹം പൂര്‍ത്തിയായപ്പോള്‍ അതറിയിക്കാന്‍ അയാള്‍ തിരഞ്ഞെടുത്തത് രാത്രിയാണ്. എന്നാല്‍ തമ്പുരാട്ടിയില്നിന്നുള്ള പ്രതികരണം കാമത്തെ പൂര്‍ണ്ണമായും ഊതിക്കെടുത്തുന്നതായിരുന്നു. അവിടെ പെരുന്തച്ചന് പരാജയപ്പെടുകയാണ്.
ഒരു മിത്തിക്കല്‍ കഥാപാത്രത്തെ ആവിഷ്കരിക്കേണ്ടിവരുമ്പോള്‍ ഒരു നടന് തന്റെ മാദ്ധ്യമഘടകങ്ങളെ സൂക്ഷ്മമായി ഒരുക്കേണ്ടതുണ്ട്. ശരീരവും ശബ്ദവുമാണ് നടന്റെ അഭിനയമാദ്ധ്യമം. തച്ചന്റെ കല്ലിനോടുള്ള പ്രണയം, മകന് തന്നെക്കാള്‍ വളര്‍ന്നതിലുള്ള അസൂയ, തന്നെക്കുറിച്ചുതന്നെയുള്ള ബോദ്ധ്യങ്ങള്‍, സാമൂഹികവ്യവസ്ഥയോടുള്ള പ്രതികരണങ്ങള്‍ എന്നിവയാണ് തിലകന് ഈ കഥാപാത്രത്തിലൂടെ പകര്‍ന്നത്. പെരുന്തച്ചന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായശേഷം എം.ടി. അവസാനം എഴുതിവെച്ചു തിലകനാണ് പെരുന്തച്ചന്.
പെരുന്തച്ചനിലെ തിലകന്റെ വേഷം കണ്ടിട്ട് ജൂറി ചെയര്മാന് നടന് അശോക് കുമാര്‍ വിസ്മയിച്ചുപോയി. പക്ഷേ, ഇന്ത്യയിലെ ഏറ്റവും മികച്ച നടനു കിട്ടേണ്ട അവാര്‍ഡ് അഗ്നിപഥില്‍ അഭിനയിച്ച അമിതാഭിനു നല്കി, തിലകനോട് നന്ദികേടു കാട്ടി. എം.ടിയുടെ പെരുന്തച്ചനായ രാമന് തിലകന് രൂപഭദ്രത പകര്‍ന്ന കഥാപാത്രം. ആ കഥാപാത്രത്തിനു തിലകന്, പ്രത്യേകമായൊരു ശാരീരികമാനവും നടത്തവും നോട്ടവും ശബ്ദനിയന്ത്രണവും ഒരാഢ്യപ്പൊരുത്തവും നല്കുന്നു. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കഥാപാത്രസങ്കല്പ്പത്തെ മറികടന്ന് നടന് തന്റെ കഥാപാത്രത്തിനിണങ്ങുന്ന അഭിനയോപാധികള് സ്വീകരിക്കുന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് പെരുന്തച്ചന്. ചലച്ചിത്രസംവിധായകര്ക്കും തിരക്കഥാകൃത്തുക്കള്‍ക്കും നടന്മാര്ക്കും വേണ്ടി തിലകന് ചെയ്തുവെച്ച അസുലഭമായ കഥാപാത്രപരിചരണം.
Content Highlights: write up on the important characters played by actor thilakan