ബോളിവുഡ് ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയാൻ യാമി ഗൗതം തീരുമാനിച്ചു; കാരണമിതാണ്

തുടക്കകാലത്ത് ഏറെ കഷ്ടപ്പെട്ട താരമാണ് യാമി ഗൗതം. വിക്കി ഡോണർ, സർക്കാർ 3, ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്, ധൂം ധാം, ആർട്ടിക്കിൾ 370, ഹഖ് എന്നീ ചിത്രങ്ങളിലൂടെയാണ് അവർ ബോളിവുഡിൽ സ്ഥാനമുറപ്പിച്ചത്. ആർട്ടിക്കിൾ 370 എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ഈ വർഷം അവർ നേടിയിരുന്നു.
'ഉറി: ദ സർജിക്കൽ സ്‌ട്രൈക്കി'ലൂടെയാണ് അവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതിനുമുമ്പ് ബോളിവുഡിൽ കടുത്ത വിവേചനമാണ് അവർ നേരിട്ടത്. പലരും അവരെ അകറ്റിനിർത്തി. താനൊരിക്കൽ സിനിമ വിടാൻ തീരുമാനിച്ചിരുന്നുവെന്ന് പറയുകയാണ് യാമി.
'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നുവതെന്നും താരം വെളിപ്പെടുത്തുന്നു. 2012-ൽ 'വിക്കി ഡോണർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതിന് ശേഷം വർഷങ്ങളോളം കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. മികച്ച വേഷങ്ങൾ ലഭിക്കാത്തതിലുള്ള നിരാശമൂലം അഭിനയം ഉപേക്ഷിച്ച് ഹിമാചൽ പ്രദേശിലെ തന്റെ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതായും യാമി വ്യക്തമാക്കി.
തന്റെ ആദ്യ ചിത്രം വിജയിച്ചിട്ടും, സിനിമാരംഗത്തേക്കുള്ള തന്റെ കടന്നുവരവ് പലരും 'അസാധാരണമായ' ഒന്നായാണ് കണ്ടത്. ഈ കാഴ്ചപ്പാട് തന്റെ കരിയറിനെ ബാധിച്ചിരുന്നുവെന്നും അവർ സമ്മതിച്ചു. നല്ലൊരു അവസരത്തിനായി വർഷങ്ങളോളം കാത്തിരുന്ന യാമി അഭിനയരംഗം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നപ്പോഴാണ് 2019-ൽ 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' എന്ന ചിത്രം ലഭിക്കുന്നത്. ആ ചിത്രം അവരുടെ കരിയറിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
ഫിലിംഫെയറിനോട് സംസാരിക്കവെയാണ് തന്റെ അനുഭവങ്ങൾ അവർ പങ്കുവെച്ചത്. ''ഉറി', 'ബാല' എന്നീ ചിത്രങ്ങൾ വരുന്നതിന് തൊട്ടുമുമ്പ്, സിനിമാരംഗം പൂർണ്ണമായും ഉപേക്ഷിക്കാൻ ഞാൻ മനസ്സുകൊണ്ട് തയ്യാറെടുത്തിരുന്നു. ഹിമാചലിലേക്ക് മടങ്ങാമെന്ന് ഞാൻ കരുതി. അവിടെ ഞങ്ങൾക്ക് കൃഷിഭൂമിയുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു ജീവിതം തുടങ്ങുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. എന്റെ മാതാപിതാക്കൾ വലിയ പിന്തുണയാണ് നൽകിയത്. 'വീട്ടിലേക്ക് മടങ്ങിവരൂ' എന്ന് അവർ പറഞ്ഞു. കൗതുകകരമെന്നു പറയട്ടെ, ഭയം കാരണം സിനിമാരംഗത്ത് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് നിർത്തിയ നിമിഷം എല്ലാം മാറിമറിഞ്ഞു. 'ഉറി' സംഭവിച്ചു, 'ബാല' സംഭവിച്ചു. ജീവിതം ഒറ്റരാത്രികൊണ്ട് എന്നപോലെ മാറി''. ഉറി, ധുരന്ധർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ആദിത്യ ധർ ആണ് യാമിയുടെ ജീവിതപങ്കാളി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yami Gautam faced severe discrimination and lack of opportunities after her debut. She seriously considered quitting acting to pursue farming in Himachal Pradesh. The 2019 film URI: The Surgical Strike became the turning point in her career.