'ദീപികയ്‌ക്കൊപ്പം അഭിനയിക്കാൻ എനിക്ക് സമ്മതമായിരുന്നില്ല, മേഘ്‌ന പ്രേരിപ്പിച്ചു'

ദീപിക പദുകോൺ, വിക്രാന്ത് മാസി | Instagram
ദീപിക പദുകോൺ, വിക്രാന്ത് മാസി | Instagram

ഒരേയൊരു ചിത്രത്തിലേ താരങ്ങളായ വിക്രാന്ത് മാസിയും ദീപിക പദുകോണും ഒരുമിച്ചിട്ടുള്ളൂ. 2020-ൽ പുറത്തിറങ്ങിയ 'ഛപാക്' (Chhapaak) എന്ന ചിത്രത്തിലാണത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് 'ഛപാക്'. അതിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച ആളായിട്ടാണ് ദീപിക എത്തിയത്. മേഘ്‌ന ഗുൽസർ സംവിധാനം ചെയ്ത ചിത്രം 35 കോടിക്കാണ് നിർമിച്ചത്. പക്ഷേ ചിത്രം കാര്യമായി കളക്ട് ചെയ്തില്ല.

ആ സിനിമയിൽ താൻ എത്തിയതിനെക്കുറിച്ച് പറയുകയാണ് വിക്രാന്ത് ഇപ്പോൾ. ദീപികയ്‌ക്കൊപ്പം ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല സംഭവങ്ങളിലൊന്ന് എന്നും അദ്ദേഹം പറയുന്നു. സ്‌ക്രീനിൽ താനും ദീപികയും തമ്മിലുള്ള ജോഡി യോജിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നതിനാൽ, തുടക്കത്തിൽ ഈ വേഷം സ്വീകരിക്കുന്നതിൽ തനിക്ക് ആശങ്കയുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സംവിധായിക മേഘ്ന ഗുൽസറാണ് ഈ അവസരം പ്രയോജനപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം.

മേഘ്‌ന ഗുൽസർ തനിക്ക് ഈ അവസരം തന്നപ്പോൾ താനെങ്ങനെയാണ് അതിനോട് പ്രതികരിച്ചതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

''മേഘ്‌ന ഈ റോളിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു, ദീപിക വലിയൊരു താരമാണ്. അവർക്ക് എന്നെപ്പോലെ തന്നെ ഉയരവുമുണ്ട്. ഞങ്ങൾ ഒരുമിച്ച് കാണാൻ അത്ര നന്നായിരിക്കില്ല' എന്ന്. എന്നിട്ടും മേഘ്‌ന ഗുൽസർ എന്നെ ആ പ്രോജക്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചു. 'നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാൻ നന്നായിരിക്കും. ആ വേഷം നിങ്ങൾ തന്നെ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ അതിനായി ചില നിബന്ധനകളുണ്ട്' എന്ന് അവർ പറഞ്ഞു. അന്ന് ഞാൻ ഏതാണ്ട് പിന്മാറാൻ വരെ ഒരുങ്ങിയതാണ്. എന്നിൽ വലിയ വിശ്വാസമർപ്പിച്ച ഒട്ടേറെപ്പേരുണ്ട്. അങ്ങനെയാണ് ആ കഥാപാത്രം അവതരിപ്പിക്കാൻ തയ്യാറായത്''. യാർ ജിഗ്രി, തലാഖോം മേം ഏക് എന്നിവയാണ് വിക്രാന്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vikrant Massey initially doubted his on-screen chemistry with Deepika Padukone. Director Meghna Gulzar played a key role in convincing Massey to accept the role in Chhapaak.